ജ്ഞാനസമ്പാദനത്തിനു നാം സാധര്‍മ്മ്യകല്‍പനയെ ഉപയോഗിക്കുന്നു. സാധര്‍മ്മ്യകല്‍്പന നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി നാം വസ്തുസ്ഥിതികളെ സൂക്ഷിച്ചുനോക്കിക്കാണുന്നു: പിന്നെ അവയ്ക്കു സാധര്‍മ്മ്യം കല്‍പിക്കുന്നു: അനന്തരം അതില്‍നിന്ന് അവയുടെ തത്ത്വങ്ങളെ അനുമാനിക്കുന്നു.
ഇങ്ങനെ ജ്ഞാനം സമ്പാദിക്കേണ്ടത് മനസ്സിനെ-മനുഷ്യന്റെ ആന്തരപ്രകൃതിയെ, വിചാരത്തെ-പറ്റിയാണെങ്കില്‍ ആദ്യമേ മനസ്സിനുള്ളില്‍ നടക്കുന്ന സംഗതികളെ നിരീക്ഷിക്കാന്‍ ശക്തിയുണ്ടാകുന്നതുവരെ സാദ്ധ്യമേയല്ല. ബാഹ്യവസ്തുതകളെ നിരീക്ഷിക്കുന്നത് ഇതിലെത്രയോ എളുപ്പം: അതിന്നായി അനേകം ഉപകരണങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പക്ഷേ അന്തര്‍ലോകത്തിലേക്ക് ഉപകരണമൊന്നുമില്ല. ശരിയായ ശാസ്ത്രം വേണമെങ്കില്‍ നിരീക്ഷണം കൂടിയേ കഴിയൂ.
വസ്തുവിവേചനം ശരിക്കില്ലാതെ ഒരു ശാസ്ത്രത്തിനും വിലയില്ല. വെറും പൊള്ളവാദം മാത്രമാണിത്. അതുകൊണ്ടാണ് ആദികാലം മുതല്‍ മനഃശാസ്ത്രജ്ഞന്മാരൊക്കെ വഴക്കടിച്ചുവന്നിട്ടുള്ളത്. ചുരുക്കം ചിലരേ കലഹിക്കാതുള്ളു. അവര്‍ നിരീക്ഷണത്തിനുള്ള ഉപായം കണ്ടുപിടിച്ചവരാണ്.
രാജയോഗശാസ്ത്രം ഒന്നാമതു ചെയ്യുന്നതു മനഃസ്ഥിതികളെ നിരീക്ഷിക്കാന്‍ നമുക്ക് അങ്ങനെയൊരു വഴിയുണ്ടാക്കിത്തരികയാകുന്നു. അതിനുള്ള ഉപകരണം മനസ്സുതന്നെ. മനസ്സിനെ ഏകാഗ്രമാക്കുവാനുള്ള ശക്തിയെ വേണ്ടുംവണ്ണം നയിച്ച്, അന്തര്‍ലോകത്തിലേക്കു തിരിച്ചുവിട്ടാല്‍ അതു മനസ്സിന്റെ എല്ലാ അംശങ്ങളെയും വിശകലനം ചെയ്ത സംഗതികള്‍ തെളിയിച്ചുതരും. മനസ്സിന്റെ ശക്തികള്‍ ചിതറിപ്പോയ പ്രകാശരശ്മികള്‍പോലെയാണ്. അവയെ ഏകാഗ്രമാക്കി ഒരു വസ്തുവിലേക്കു തിരിച്ചാല്‍ ആ വസ്തുവിനെ പ്രകാശിപ്പിക്കും. ഇതൊന്നു മാത്രമാണ് നമുക്ക് അറിവിനുള്ള വഴി. അന്തര്‍ബഹിര്‍ലോകങ്ങളിലേക്ക് ഏവരും ഇതുതന്നെയാണുപയോഗിക്കുന്നത്.
എന്നാല്‍ ഭൗതികശാസ്ത്രജ്ഞന്‍ ബാഹ്യലോകത്തിലേക്കു പ്രയോഗിക്കുന്ന അതേ സൂക്ഷ്മനിരീക്ഷണശക്തി മനഃശാസ്ത്രജ്ഞന്‍ അന്തര്‍ലോകത്തിലേക്കു തിരിക്കേണ്ടിയിരിക്കുന്നു. അതിനു വളരെയേറെ പരിചയവും വേണം. കുട്ടിക്കാലംമുതല്‍ നമ്മെ അഭ്യസിപ്പിച്ചിട്ടുള്ളത് ബാഹ്യവസ്തുക്കളില്‍ ശ്രദ്ധപതിപ്പിക്കാനാണ്. ഒരു കാലത്തും അന്തരംഗനിരീക്ഷണത്തിനല്ല. തന്നിമിത്തം അന്തരംഗനിരീക്ഷണത്തിനുള്ള ശക്തി നമ്മളില്‍ അധികംപേര്‍ക്കും നഷ്ടപ്രായമായിരിക്കയാണ്. മനസ്സിനെ അകത്തേക്കു തിരിച്ചുനിര്‍ത്തിയതുപോലാക്കി, അതു പുറത്തുപോകുന്നതിനെ തടഞ്ഞ്, അതിന്റെ സ്വഭാവജ്ഞാനവും തത്ത്വവിവേചനവും അതിനുതന്നെ സാധിക്കത്തക്കവണ്ണം അതിന്റെ സര്‍വ്വശക്തികളും ഏകാഗ്രമാക്കി, അതില്‍ത്തന്നെ നിക്ഷേപിക്കുക ഏറ്റവും ദുഷ്‌കരമാകുന്നു. എങ്കിലും ഈ വിഷയത്തില്‍ ശാസ്ത്രീയമെന്നു പറയാവുന്ന ഏതൊരന്വേഷണത്തിനും ഇതേ വഴിയുള്ളു.
അങ്ങനെയുള്ള അറിവുകൊണ്ട് ഉപയോഗമെന്ത്? ഒന്നാമത്, അറിവിന്റെ ഏറ്റവും വലിയ പ്രതിഫലം അറിവുതന്നെ: രണ്ടാമത്, അതിനു പ്രയോജനമുണ്ടുതാനും – അതു നമ്മുടെ സര്‍വ്വദുഃഖങ്ങളേയും നശിപ്പിക്കും. മനുഷ്യന്‍ സ്വന്തം മനസ്തത്വ വിവേചനം ചെയ്ത് അനശ്വരമായ ഒരു വസ്തുവിനെ – സ്വതവേ നിത്യശുദ്ധപരിപൂര്‍ണ്ണമായ ഒരു വസ്തുവിനെ -മുഖത്തോടുമുഖമെന്നപോലെ ദര്‍ശിച്ചാല്‍പ്പിന്നെ അയാള്‍ക്കു ദുഃഖമില്ല, സുഖഹാനിയില്ല.
സര്‍വ്വദുഃഖങ്ങള്‍ക്കും കാരണം ഭയം, അസംതൃപ്തമായ ആഗ്രഹം, ആണ്. തനിക്കു നാശമില്ലെന്നു മനുഷ്യന്‍ കണ്ടറിയും: പിന്നെ അയാള്‍ക്കു മരണ ഭയം ഉണ്ടാകയില്ല. താന്‍ പരിപൂര്‍ണ്ണനാണെന്നു കണ്ടാല്‍പ്പിന്നെ മിഥ്യാകാമങ്ങളൊന്നും ഉണ്ടാകയില്ല. ഈ രണ്ടു കാരണങ്ങളുടെയും അഭാവത്തില്‍ പിന്നെ ദുഃഖമില്ല: പരിപൂര്‍ണ്ണാനന്ദമുണ്ടാകും: ഈ ശരീരത്തിലിരിക്കെത്തന്നെ പരമാനന്ദമുണ്ടാകും.
സര്‍വ്വദുഃഖങ്ങള്‍ക്കും കാരണം ഭയം, അസംതൃപ്തമായ ആഗ്രഹം, ആണ്. തനിക്കു നാശമില്ലെന്നു മനുഷ്യന്‍ കണ്ടറിയും: പിന്നെ അയാള്‍ക്കു മരണ ഭയം ഉണ്ടാകയില്ല. താന്‍ പരിപൂര്‍ണ്ണനാണെന്നു കണ്ടാല്‍പ്പിന്നെ മിഥ്യാകാമങ്ങളൊന്നും ഉണ്ടാകയില്ല. ഈ രണ്ടു കാരണങ്ങളുടെയും അഭാവത്തില്‍ പിന്നെ ദുഃഖമില്ല: പരിപൂര്‍ണ്ണാനന്ദമുണ്ടാകും: ഈ ശരീരത്തിലിരിക്കെത്തന്നെ പരമാനന്ദമുണ്ടാകും.
ഈ ജ്ഞാനപ്രാപ്തിക്ക് ഒരു മാര്‍ഗ്ഗമേ ഉള്ളു. അത് ഏകാഗ്രതയാണ്. ദ്രവ്യതത്ത്വപരീക്ഷകന്‍ പരീക്ഷണശാലയിലിരുന്നു തന്റെ മനഃശക്തികളെ മുഴുവന്‍ ഒരു കേന്ദ്രത്തില്‍ ഏകാഗ്രമാക്കിവെച്ച്, താന്‍ ഏതു വസ്തുക്കളുടെ തത്ത്വമന്വേഷിക്കുന്നുവോ അതുകള്‍ക്കുനേരെ തൊടുക്കുന്നു: അങ്ങനെ അവയുടെ രഹസ്യം കണ്ടുപിടിക്കുന്നു. അതുപോലെ ജ്യോതിശാസ്ത്രജ്ഞന്‍ സ്വമനഃശക്തികളെ ഏകാഗ്രമാക്കി ദൂരദര്‍ശിനിയില്‍ക്കൂടെ ആകാശത്തിലേക്കു തിരിച്ചുവിടുന്നു: അപ്പോള്‍ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും അവയുടെ രഹസ്യങ്ങള്‍ അയാള്‍ക്കു വിട്ടുകൊടുക്കുന്നു. ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന വിഷയത്തില്‍ എനിക്ക് എന്റെ വിചാരങ്ങളെ എത്രയധികം ഏകാഗ്രമാക്കുവാന്‍ സാധിക്കുമോ, അത്രയധികം ആ വിഷയം പ്രകാശിപ്പിക്കുവാനും സാധിക്കും. ഇതു കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് എത്രയധികം നിങ്ങളുടെ വിചാരങ്ങളെ ഏകാഗ്രമാക്കു വാന്‍ സാധിക്കുമോ അത്രയും കൂടുതല്‍ വ്യക്തമായി ഞാന്‍ പറയുന്നതു ഗ്രഹിക്കാനും സാധിക്കും.
(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്)
ജന്മഭൂമി: http://www.janmabhumidaily.com/news709945#ixzz4tXtkzAiV
No comments:
Post a Comment