ഒരു വിത്തിൽ വലിയ ഒരു മരം ഒളിഞ്ഞിരിക്കുന്നു. അതുപോലെ സൂക്ഷ്മശരീരമെന്ന മനസ്സിന്റെ ഒരു എക്സ്റ്റൻഷൻ മാത്രമാണ് സ്ഥൂലമെന്ന ഈ ബാഹ്യശരീരം; അതായത് സൂക്ഷ്മംതന്നെയാണ് സ്ഥൂലമായിക്കാണപ്പെടുന്നത്. ഒന്നായ ഒരു സംഗതിയെ രണ്ടായിക്കാണുന്നതാണ് അബദ്ധം.
"വിത്തിൽനിന്നും മരം വന്നോ, മരത്തിൽ നിന്നും വിത്തുവന്നോ"; "ആദ്യം കൊഴിയുണ്ടായോ അതോ മുട്ടയോ"... എന്നൊക്കെയുള്ള ചോദ്യങ്ങൾ അബദ്ധമാണെന്നും മനസ്സിലായില്ലേ! മരം ഉപയോഗിച്ച് വാതിൽ, ജനൽ, മേശ, കസേര തുടങ്ങിയ പലവിധ വീട്ടുസാമഗ്രികൾ പണിയുമ്പോഴും അവ മരംതന്നെയാണ്; മനസ്സ് പലതിനെ പലപേരിട്ടുവിളിക്കുമ്പോൾ അവയിൽ സ്വാഭാവികമായും വ്യത്യാസം തോന്നപ്പെടുന്നു എന്നുമാത്രം. ഉള്ളത് മരം മാത്രം! നാമരൂപങ്ങൾ തൽക്കാലത്തേക്കുള്ളതുമാത്രമാണ്; സത്യമല്ല!
മനസ്സ് എന്ന സൂക്ഷ്മശരീരം അതിന്റെ പൂർവ്വ വാസനകൾക്കനുസരിച്ച് സ്ഥൂലമായ ഒരു ശരീരമുണ്ടാക്കി; അതിനു മനസ്സിന് മാത്രമാണ് ഉത്തരവാദിത്തം എന്നും അറിയണം. അതിനാൽ ഈ ബാഹ്യ ശരീരത്തിനുണ്ടായേക്കാവുന്ന വൈകല്യങ്ങളെക്കുറിച്ചോ, സൗന്ദര്യമില്ലായ്മയെക്കുറിച്ചോ ദുഃഖിച്ചിട്ടോ പരിഭവിച്ചിട്ടോ എന്തുകാര്യം!
എല്ലാം ഏകവും അദ്വയവുമായ ഒരു പരമസത്യത്തിലേക്കു നയിക്കപ്പെടാത്തിടത്തോളം കാലം മനുഷ്യമനസ്സ് ദ്വൈതബുദ്ധിയിൽ രമിച്ചുകൊണ്ടേയിരിക്കും. എന്നിട്ട് അവയെച്ചൊല്ലി തർക്കിക്കുകയും വൃഥാ ജന്മം പാഴാക്കുകയും ചെയ്യും. കാരണം മനസ്സ് എന്നതുതന്നെ ദ്വൈതബുദ്ധി, അഥവാ വേറിട്ട ചിന്തയാണല്ലോ. സത്യത്തിലേക്ക് കടക്കേണമോ; തീർച്ചയായും അജ്ഞാനജന്യമായ മനസ്സിന്റെ പിടിയിൽനിന്നും മുക്തമായേ പറ്റൂ.
No comments:
Post a Comment