Thursday, November 09, 2017

ഗൃഹസ്ഥന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രവൃത്തിമാര്‍ഗ്ഗത്തിലാണോ നിവൃത്തിമാര്‍ഗ്ഗത്തിലാണോ എന്ന് ധര്‍മ്മതത്ത്വത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷിച്ചു നോക്കാം. കുടുംബപ്രശ്നങ്ങളില്‍ ഇടപെടുന്നവര്‍ക്കും അകപ്പെട്ടവര്‍ക്കും പരിഹാരത്തിനുള്ള വഴി കണ്ടെത്താന്‍ അതു ഉപകരിച്ചേയ്ക്കാം.
ഒരാള്‍ അയാളുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘത്തില്‍ നമ്മെ സമീപിക്കുമ്പോള്‍ എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്?
വന്നയാളിന്‍റെ പ്രായം നോക്കണം, അയാളുടെ നിലവിലുള്ള ധര്‍മ്മം എന്താണെന്നു നോക്കണം. ആ ധര്‍മ്മത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകണം നിര്‍ദ്ദേശം നല്‍കുന്നയാളുടെ മറുപടി. ആ നിര്‍ദ്ദേശം അവരെ രക്ഷിക്കും. അവരെ ആശ്രയിച്ചു നില്‍ക്കുന്നവരെയും രക്ഷിക്കും. വിദ്യാര്‍ത്ഥിയാണെങ്കില്‍ അവരുടെ പ്രശ്നങ്ങളെല്ലാം വിദ്യാഭ്യാസത്തിന് തടസ്സം ആകാതെ നോക്കണം എന്നുള്ള രീതിയില്‍ അവതരിപ്പിച്ച് മറ്റ് പ്രശ്നങ്ങളെല്ലാം രണ്ടാംതരമായി മാറണം. സ്വന്തം സുഖതാല്പര്യങ്ങളെ എല്ലാം ത്യജിച്ചുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥി നന്നായി പഠിക്കുന്നത്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നമാണെങ്കില്‍ അവരോട് പറയാനുള്ളത് അവരുടെ കുട്ടികള്‍ക്കു വേണ്ടി ജീവിക്കു എന്നാണ്. ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ വിട്ടിട്ട് മറ്റൊരു പെണ്ണിന്‍റെ പുറകേ പോകുമ്പോള്‍ അയാള്‍ തന്‍റെ കുഞ്ഞിനെ വിട്ടാണ് പോയത്. അതു പോലെ തന്നെ ഭാര്യ മറ്റൊരു പുരുഷന്‍റെ പുറകേ പോകുമ്പോഴും അവള്‍ തന്‍റെ കുഞ്ഞിനെ വിട്ടാണ് പോയത്. അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുന്നത് ഭാര്യയായാലും ഭര്‍ത്താവായാലും അവര്‍ സ്വധര്‍മ്മത്തെ ആണ് തിരിച്ചറിയേണ്ടത്. പഠിച്ചിട്ടു വീട്ടിലേയ്ക്കു വരുന്ന മക്കള്‍ക്ക് എന്തെല്ലാം സന്തോഷ വര്‍ത്തമാനങ്ങള്‍ പറയുവാന്‍ ഉണ്ടാകും. എന്തെല്ലാം നേട്ടങ്ങളെ കുറിച്ച് പറയുവാന്‍ ഉണ്ടാകും. അവര്‍ക്ക് എന്തെല്ലാം പ്രശ്നങ്ങള്‍ പറയുവാന്‍ കാണും. ആ സമയത്ത് വീട്ടില്‍ അമ്മയും അച്ഛനും വിഷാദത്തില്‍ ഇരുന്നാലോ? കുട്ടികള്‍ക്ക് കൊടുക്കണം അച്ഛനമ്മമാരുടെ സമയം. അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയവും ശ്രദ്ധയും ഉണ്ടാകണം. അല്ലെങ്കില്‍ അവര്‍ അതിനു വേണ്ടി മറ്റൊരു വ്യക്തിയെ സമീപിക്കും. അവിടെ അവര്‍ക്ക് വഴിപിഴച്ചേയ്ക്കാം. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വാശിയും വൈരാഗ്യവും കാണിക്കാന്‍ നിന്നാല്‍ മക്കള്‍ അവരുടെ വഴിക്കു പോകും. അച്ഛന്‍ അച്ഛന്‍റെ ധര്‍മ്മം മറന്നു നടന്നാല്‍ കുഞ്ഞിന്‍റെ അടുത്ത ആശ്രയം അമ്മയാണ്. അമ്മ അമ്മയുടെ ധര്‍മ്മം മറന്നാല്‍ കുഞ്ഞിന്‍റെ അടുത്ത ആശ്രയം അച്ഛനാണ്. രണ്ടാളും ധര്‍മ്മം വിട്ട് സ്വന്തം സുഖങ്ങള്‍ അന്വേഷിച്ചു പോയാല്‍ കുട്ടികള്‍ പുറത്തുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. അത് മനസ്സിലാക്കണം എന്നു മാത്രം. തള്ളക്കോഴി കുഞ്ഞിനെ വിരിയിക്കുവാനും വിരിഞ്ഞു കഴിഞ്ഞ് അവയെ വളര്‍ത്തുവാനും എന്തുമാത്രം ത്യാഗം ചെയ്യുന്നുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവ നേരെ ഭക്ഷണം പോലും കഴിക്കില്ല, കിട്ടുന്നതെല്ലാം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കും....
കുടുംബജീവിതം നയിക്കുന്നവര്‍ ഈ ത്യാഗം അറിയേണ്ടതാണ്. ത്യാഗത്തിലൂടെ മാത്രമേ ധര്‍മ്മം അനുഷ്ഠിക്കാന്‍ സാധിക്കുകയുള്ളു. എന്നുള്ളതുകൊണ്ട് സ്വന്തം സുഖങ്ങളെ ത്യജിക്കേണ്ട സമയത്ത് ത്യജിക്കണം. സ്വന്തം സുഖത്തെ കുറിച്ചുള്ള ചിന്ത സ്വധര്‍മ്മാനുഷ്ഠാനത്തിനു വേണ്ടി ത്യജിക്കാന്‍ കഴിയുമ്പോഴാണ് ഒരാളിന്‍റെ ജീവിതം മഹത്തരമാകുന്നത്. അത് വിദ്യാര്‍ത്ഥികളാണെങ്കിലും അച്ഛനമ്മമാരാണെങ്കിലും ഭരണകര്‍ത്താക്കളാണെങ്കിലും അദ്ധ്യാപകരാണെങ്കിലും ഡോക്ടറാണെങ്കിലും അദ്ധ്യാത്മിക ആചാര്യന്മാരാണെങ്കിലും....................................
സ്വാമിവിവേകാനന്ദന്‍ കര്‍മ്മയോഗത്തെ കുറിച്ച് പറയുമ്പോള്‍ പ്രവൃത്തിയെയും നിവൃത്തിയെയും കുറിച്ചു വിശദീകരിക്കുന്നുണ്ട്. വൈകാരികതയുടെ അടിസ്ഥാനത്തിലല്ല ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം. പ്രവൃത്തിമാര്‍ഗ്ഗം എന്നു പറയുന്നതില്‍ എല്ലാ കര്‍മ്മങ്ങളും സ്വന്തം അഹത്തെയും ശരീരത്തെയും സുഖിപ്പിക്കാന്‍ വേണ്ടിയാകുന്നു. നിവൃത്തിമാര്‍ഗ്ഗം എന്നു പറയുന്നത് ഒന്നും സ്വന്തം സുഖത്തിനു വേണ്ടി അല്ല ചെയ്യുന്നത്. സ്വാമികള്‍ പറയുന്നത് ഇങ്ങനെയാണ്- "പ്രവൃത്തിയും നിവൃത്തിയും രണ്ടും കര്‍മ്മമാര്‍ഗ്ഗം തന്നെ. ഒന്ന് സത് കര്‍മ്മവും മറ്റേത് അസത് കര്‍മ്മവും. നിവൃത്തിമാര്‍ഗ്ഗമാണ് എല്ലാ സദാചാരത്തിനും എല്ലാ ധര്‍മ്മത്തിനും അടിസ്ഥാനം. നിവൃത്തിയുടെ പരിപൂര്‍ണ്ണഭാവമാണ് പൂര്‍ണ്ണമായ അഭിമാനനി
ര്‍മ്മാര്‍ജ്ജനം. ശരീരവും ബുദ്ധിയും സര്‍വ്വവും മറ്റൊരു ജീവിക്കായി ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത "
സ്വന്തം സുഖങ്ങള്‍ക്കു വേണ്ടി പ്രവൃത്തിമാര്‍ഗ്ഗം പോകുന്നതിനേക്കാള്‍ മഹത്തരം അപരന്‍റെ സുഖത്തിനു വേണ്ടി നിവൃത്തിമാര്‍ഗ്ഗം പോകുന്നതാണ്. ഇത് ഗൃഹസ്ഥര്‍ വളരെ ആഴത്തില്‍ ചിന്തിച്ച് മനസ്സില്‍ ഉറപ്പിക്കേണ്ടുന്ന ധര്‍മ്മതത്ത്വമാണ്. കുടുംബപ്രശ്നങ്ങളെല്ലാം ഇവിടെ അവസാനിക്കും. പ്രശ്നങ്ങള്‍ അവശേഷിച്ചാലും നാം നമ്മുടെ ധര്‍മ്മാനുഷ്ഠാനത്തിലേയ്ക്ക് പൂര്‍വ്വാധികം കരുത്തോടുകൂടി പോകുന്നതായിരിക്കും.
നോക്കൂ നമ്മുടെ ആചാര്യഗ്രന്ഥങ്ങളൊന്നും അവരുടെ പേരിനോ ധനത്തിനോ വേണ്ടി എഴുതപ്പെട്ടവയല്ല. അവ ലോകധര്‍മ്മത്തിനായി അവരുടെ നിവൃത്തിമാര്‍ഗ്ഗത്തില്‍ നിന്നുള്ള കര്‍മ്മത്തില്‍ നിന്ന് ഉണ്ടായവയാണ്....krishnakumar

No comments: