Sunday, November 12, 2017

നാരായണീയത്തിന്റെ ശില്‍പമെന്താണ്? ആദ്യമായും അവസാനമായും ഇതൊരു കാവ്യമാണ്. മഹാകാവ്യലക്ഷണം നാരായണീയത്തിലാരോപിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. പ്രഖ്യാതമായ കഥയും ഉദാത്തനായകചരിതവും രസവിശ്രാന്തിയുമൊക്കെയാണ് നാരായണീയത്തെ മഹാകാവ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാഹ്യശില്‍പവിചാരത്തില്‍ നാരായണീയത്തെ മഹാകാവ്യമായി കാണരുത്. ആന്തരഘടനയിലുള്ള മഹത്തായ കവിതയാണ്. നാരായണീയം ഒരു സ്‌ത്രോത്രകാവ്യമാകുന്നു.
എന്താണ് സ്‌ത്രോത്രകാവ്യം? സ്തുതിയുടെ ഛന്ദോബന്ധിതമായ കവിഞ്ഞൊഴുകല്‍ തന്നെ സ്‌തോത്രകാവ്യം. സ്തുതിക്കു പ്രേരകം ഭക്തിയാണ്. ഭക്തിയാവട്ടെ രതിയുടെ സര്‍വ്വോത്കൃഷ്ടമായ പരിണാമവും. സാത്വികനും ഭക്തനും പണ്ഡിതനുമായ ഒരു കവിയുടെ ഇഷ്ടദേവതാരാധനയിലെ ഉത്കൃഷ്ടമായ രതി ഉദാത്തമായ സ്‌തോത്രമാകും. കവിയുടെ ഹൃദയേശ്വരന്‍ ശ്രീകൃഷ്ണനാണ്. ഭാഗവതത്തിലെ കൃഷ്ണചൈതന്യത്തെ കേരളത്തിലെ ഒരു ക്ഷേത്രത്തിലേക്ക് ആവാഹിക്കാനുരുവിട്ട മന്ത്രങ്ങളുടെ ഛന്ദസ്‌കൃതരൂപമാണ് നാരായണീയം.
പ്രഖ്യാതമായ കൃഷ്ണഗാഥ സ്വാനുഭൂതിയുടെ ദീപ്തിവിതാനത്തോടെ മേല്‍പുത്തൂര്‍ പാടുന്നു. ക്രിയാവിചിത്രമായ ഭാഗവതത്തെ പുനഃസംവിധാനം ചെയ്യുമ്പോള്‍ ഭക്തിക്ക് അപചയമുണ്ടാവാന്‍ പാടില്ലല്ലോ. സ്‌ത്രോത്രകാവ്യങ്ങളുടെ ലക്ഷ്യപ്രഖ്യാപനം തന്നെ ഭക്തിയുടെ സാര്‍വ്വത്രികതയാണ്. ആയിരത്തിമുപ്പത്തിയാറ് ശ്ലോകങ്ങളെയും ഭാവവിച്ഛിത്തി കൂടാതെ ഭക്തിയുടെ ഹരിണ്മയസൂത്രത്താല്‍ ബന്ധിക്കുക എന്നത് ക്ലിഷ്ടസാധ്യമാണുതാനും. ഔചിത്യഭംഗം കൂടാതെ ഭക്തിയെ പാരമ്യത്തിലെത്തിക്കാനുള്ള ദര്‍ശനപരമായ വ്യഥയ്ക്ക് പിന്നിലുള്ള ഭക്തി ഒരു രസമല്ല എന്ന ചിന്തയാണ്. ഭാരതീയ അലങ്കാര ശാസ്ത്രങ്ങളില്‍ ഭക്തിരസമല്ല തന്നെ. നാരായണീയ വ്യാഖ്യാതക്കളൊക്കെയും അംഗിരസം തേടി അലഞ്ഞിട്ടുണ്ട്. ഒരു സ്‌ത്രോത്ര കാവ്യത്തില്‍ ഈവ്വിധമൊരു രസചിന്തയ്ക്ക് ഉപപത്തിയുണ്ടോ?
ക്രി.വ. 1587 ല്‍ നാരായണീയ രചന പൂര്‍ത്തിയായതായി തെളിവുകളുണ്ട്. ഇരുപത്തിയേഴു വയസ്സു പ്രായമുള്ളകവി ഒരു ദിവസം പത്തു ശ്ലോകം വീതം നൂറു ദിവസമെടുത്ത് ഗുരുവായൂരില്‍ ഭജനമിരുന്ന് പറഞ്ഞുകൊടുത്തുവെന്നും ഒരൈതിഹ്യം. മേല്‍പുത്തൂരിന്റെ കവിതാഗംഗയില്‍ സംസ്‌കൃത പണ്ഡിതന്മാര്‍ക്കു മാത്രമേ നിമജ്ജനം ചെയ്യാനും നിര്‍വൃതി നേടാനും കഴിയൂ എന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇതൊരു കോട്ടമല്ല നേട്ടം തന്നെയാണ്.
ഭക്തിയും ജ്ഞാനവും ലയലീനതയോടൊഴുകിയ നാരായണീയത്തെ വേദമെന്നും വിശേഷിപ്പിച്ചിരിക്കുന്നു. ആത്മവൈശിഷ്ട്യത്തിന്റെ ദീപ്തിവിതാനമായ ഈ സ്‌തോത്രകാവ്യം കേരളം സംസ്‌കൃത സാഹിത്യത്തിനു നല്‍കിയിരിക്കുന്ന ക്ലാസിക് കാവ്യമാണ്. മേല്‍പുത്തൂരിന്റെ വാക്കുകള്‍ പറക്കുന്നില്ലെന്ന് ഒരു ദോഷം ഒരു നിരൂപകന്‍ കണ്ടെത്തിയിട്ടുണ്ട്. (ഡോ. പി. വി. വേലായുധന്‍പിള്ള) വാക്കുകള്‍ പറക്കാതെ പോയത് ഗുരുപവനപുരേശന്റെ വിഗ്രഹം ഇളകാതുറച്ചുപോയതുകൊണ്ടാണ്.
മേല്‍പുത്തൂരിനെയും പൂന്താനത്തേയും ഒപ്പം നിര്‍ത്തിയുള്ള പഠനങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ഉള്ളൂരിന്റെ ഈ താരതമ്യം രസകരമാണ്. മേല്‍പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന പഞ്ചവര്‍ണക്കിളിയുമാണ്. ഒന്ന് ഒരു ഭാസുരമായ ജ്യോതിര്‍ഗോളം, മറ്റൊന്ന് സുരഭിലമായ ഒരു പേലവസുമം. ഒന്നിന്റഎ സൂക്തി പടഹധ്വനി, മറ്റേതു വീണാക്വാണം.
നാരായണീയത്തിന് അനുകരണങ്ങളേറെയുണ്ടായിട്ടുണ്ട്. ഏറെ ശ്രദ്ധേയം സ്വാതിതിരുനാളിന്റെ ഭക്തിമഞ്ജരിയാണ്. കവിത്വം, പാണ്ഡിത്യം, ഭക്തി ഇവയുടെ കാര്യത്തില്‍ സ്വാതിതിരുനാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നാരായണീയം ശബ്ദാര്‍ത്ഥതലങ്ങളില്‍, ഭാവ സംസ്‌കാര മേഖലകളില്‍ ഒരു ക്ലാസിക്ക് കൃതി തന്നെ. സ്‌തോത്ര കാവ്യ പ്രസ്ഥാനത്തിലെ എക്കാലത്തെയും ക്ലാസിക്. സ്ഥൂലവ്യാഖ്യാനത്തില്‍ നാരായണീയം ഭക്തിയുടെ പ്രബോധഘൃതമാണ്. സൗന്ദര്യനിരീക്ഷണത്തില്‍ കാവ്യത്തിന്റെ രസാമൃതമാണ്. ദാര്‍ശനികതലത്തില്‍ നാരായണീയം അദ്വൈതത്തിന്റെ സാരവും.
സാന്ദ്രാനന്ദാവബോധത്തില്‍ മിഴിതുറന്ന് ആയുരാരോഗ്യ സൗഖ്യത്തില്‍ മൊഴിയുറയുന്ന മേല്‍പുത്തൂരിന്റെ നാരായണീയം ശ്രുതി ഒടുങ്ങാത്ത ശ്രീകൃഷ്ണ സങ്കീര്‍ത്തനമാകുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news736165#ixzz4yHKs2iQk

No comments: