Sunday, December 24, 2017

വന്ദ്യേഹം യതി ശാര്‍ദ്ദൂലം നിര്‍മ്മലാനന്ദ സദ്ഗുരും
കേരളോദ്ധാരകം ധീരം ഭ്രാന്താലയഭിഷഗ്വരം
കഴിഞ്ഞ കൊല്ലമാദ്യം നവോത്ഥാനം കേരളത്തില്‍ എന്ന വിഷയം ആസ്പദമാക്കി, ഒരു സംഘം ചരിത്രവിദ്യാര്‍ത്ഥികള്‍ പാലക്കാട് ചിന്മയ മിഷന്‍ ഹാളില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചിദാനന്ദപുരി സ്വാമികള്‍ വിദ്യാര്‍ത്ഥികളോട് ചോദിക്കുകയുണ്ടായി, നിങ്ങള്‍ നിര്‍മ്മലാനന്ദസ്വാമികളെപ്പറ്റിയും അദ്ദേഹം കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെപറ്റിയും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിലെ നവോത്ഥാനത്തെപറ്റി നിങ്ങള്‍ എന്തുചര്‍ച്ചയാണ് നടത്താന്‍പോകുന്നത്? മുതിര്‍ന്ന ചരിത്രവിദ്യാര്‍ത്ഥികള്‍ക്കോ മത-ആത്മീയരംഗത്തുള്ളവര്‍ക്കോ നിര്‍മ്മലാനന്ദസ്വാമികളെക്കുറിച്ച് സാമാന്യ അറിവുപോലുമില്ലെന്ന ദുഃഖസത്യത്തിലേക്കാണ് ഈ ചോദ്യം വിരല്‍ചൂണ്ടിയത്. സ്വാമിജിയെ തമസ്‌കരിക്കാന്‍ ബോധപൂര്‍വ്വം പലശ്രമങ്ങളുമുണ്ടായിരിക്കാം.
രാമകൃഷ്ണഭക്തന്മാര്‍ക്കിടയില്‍ തുളസീമഹാരാജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നിര്‍മ്മലാനന്ദസ്വാമികള്‍ ആരായിരുന്നു? അദ്ദേഹം ശ്രീരാമകൃഷ്ണദേവന്റെ സംന്യാസി ശിഷ്യരില്‍ പ്രമുഖനും അവിടുത്തെ സന്ദേശാവാഹകനും കേരളത്തിലെ രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപക മാര്‍ഗ്ഗദര്‍ശിയുമായിരുന്നുവെന്ന് സ്വാമിജിയെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം. ഇന്ന് രാമകൃഷ്ണ സന്ദേശം കേരളത്തില്‍ സുപരിചിതമെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് സ്വാമിജിയുടെ കാല്‍നൂറ്റാണ്ടിലേറെ നീണ്ട സ്തുത്യര്‍ഹസേവനത്തോടാണ്. രാമകൃഷ്ണ ശിഷ്യന്മാര്‍ ഓരോരുത്തരായി കര്‍മ്മരംഗത്തുനിന്നും വിടവാങ്ങിയപ്പോഴും തന്റെ പ്രായാധിക്യത്തേയും അനാരോഗ്യത്തേയും പ്രതികൂല സാഹചര്യങ്ങളേയും വകവെക്കാതെ, മനസ്സുപതറാതെ, കാലിടറാതെ കേരളത്തിലെ വിദൂര ഗ്രാമങ്ങളില്‍കൂടി രാമകൃഷ്ണസന്ദേശമെത്തിക്കാന്‍ സ്വാമിജി ചെയ്തത് ഭഗീരഥപ്രയത്‌നം തന്നെയായിരുന്നു.
സ്വാമിജിയുടെ പ്രഥമ കേരളസന്ദര്‍ശനാവസരത്തില്‍(1911)ല്‍ രാമകൃഷ്ണപ്രസ്ഥാനത്തെ മുന്നില്‍കണ്ട് ഇവിടെ ഒരു പ്രവര്‍ത്തനവുമുണ്ടായിരുന്നില്ല. എന്നാല്‍ സ്വാമിജിയുടെ മഹാസമാധിവര്‍ഷമായ 1938 ആവുമ്പോഴേക്കും സ്വാമിജി നമ്മെ ഏല്‍പ്പിച്ചത് 16 രാമകൃഷ്ണാശ്രമങ്ങളും 32 സംന്യാസിമാരേയും അതിലധികം ആശ്രമാന്തേവാസികളേയുമാണ്. ഓരോ ആശ്രമത്തിനുചുറ്റുമെന്നോണം അനേകം ഗൃഹസ്ഥശിഷ്യരേയും ആരാധക ആനുയായികളുമുണ്ടായിരുന്നു. കൂടാതെ സന്ദേശപ്രചരണത്തിനായി പ്രവര്‍ത്തനക്ഷമമായ പ്രബുദ്ധകേരളം എന്ന മാസികയേയും പ്രസിദ്ധീകരണത്തേയുമാണ്. ഇതുകാണിക്കുന്നത് സ്വാമിജി കേരളത്തിലെ രാമകൃഷ്ണക്ഷേത്രത്തിന്റെ ഉറപ്പേറിയ അടിത്തറ മുതല്‍ തിളങ്ങുന്ന താഴികക്കുടം വരെയുള്ളതെല്ലാറ്റിനേയും നിര്‍മ്മിക്കുകയും വളര്‍ത്തിവലുതാക്കുകയും ചെയ്തുവെന്നാണ്.
സ്വാമിജി ഭക്തജനഹൃദയങ്ങളില്‍കൂടി രാമകൃഷ്ണ പ്രതിഷ്ഠ നടത്തിയെന്നതിന് തെളിവ് 1963 വരെയെങ്കിലും (വിവേകാനന്ദ നിര്‍മ്മലാനന്ദ ശതാബ്ദി) കേരളത്തിലെ രാമകൃഷ്ണപ്രസ്ഥാനം ബംഗാളിനുതൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണെന്ന രാമകൃഷ്ണസംഘത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടാണ്.
ഒരു നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന ജാതിഭ്രാന്ത്, തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ താണജാതിക്കാര്‍ക്ക് ക്ഷേത്രത്തിനടുത്തുകൂടിപോലും പ്രവേശനമില്ലായ്മ തുടങ്ങിയവ മനുഷ്യനും ഈശ്വരനും എതിരായിരുന്നുവെന്നുപറയാം. അതിനെതിരെ മഹാത്മാഗാന്ധിയടക്കം പലരും രംഗത്തെത്തിയത് സത്യാഗ്രഹം, നിയമലംഘനം, ഘോഷയാത്ര, മുദ്രാവാക്യം, പ്രചരണബഹളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു. എന്നാല്‍ സ്വാമിജി ജാതിരാക്ഷസന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചത് ഇവയുടെ സഹായം കൂടാതെ ശാന്തമായും നിശ്ശബ്ദമായും രാമകൃഷ്ണസന്ദേശത്തെ ആശ്രമങ്ങളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടായിരുന്നു.
ഭക്തന്മാര്‍ക്കിടയില്‍ ഭക്തന്മാര്‍ എന്ന ഒരൊറ്റ ജാതിയേയുള്ളൂ. മറ്റു വേര്‍തിരിവുകളൊന്നുമില്ല എന്ന രാമകൃഷ്ണ സൂക്തത്തെയാണ് നിര്‍മ്മലാനന്ദസ്വാമി കേരളത്തില്‍, താന്‍ സ്ഥാപിച്ച ആദ്യത്തെ ആശ്രമമായ ഹരിപ്പാട് ബ്രഹ്മാനന്ദാശ്രമം മുതല്‍ എല്ലാ ആശ്രമങ്ങളിലും നീക്കുപോക്കില്ലാതെ നടപ്പാക്കിയത്. ദേഹശുദ്ധിവരുത്തി ഈശ്വരദര്‍ശനത്തിനായി ആശ്രമത്തിലെത്തുന്ന അന്തണന്‍ മുതല്‍ അന്ത്യജന്‍ വരെ എല്ലാവര്‍ക്കും അന്യമതസ്ഥര്‍ക്കുംകൂടി പൂജാമുറിയുടെ അടുത്തുവരെ ചെല്ലാനുള്ള അനുവാദമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഉച്ചനീചഭാവങ്ങളും വെച്ചുപൊറുപ്പിക്കില്ലായിരുന്നു.
ആശ്രമത്തില്‍ പ്രസാദം കഴിക്കുക, ഭക്ഷണം കഴിക്കുക ഭക്തന്മാരെല്ലാവരും ഒരുമിച്ചിരുന്നായിരുന്നു. ഇതിനെ പന്തിഭോജനമെന്നു വിളിക്കാമെങ്കില്‍ ഇതിനെതിരായുണ്ടായ മേല്‍ജാതിക്കാരുടെ പ്രതിഷേധവും എതിര്‍പ്പും എന്നെന്നേയ്ക്കുമായി ഇല്ലാതാവാനുള്ള കാരണം സ്വാമിജിയുടെ ധീരവും സമയോചിതവുമായ ഇടപെടല്‍-സ്വാമിജി സ്വയം കീഴ്ജാതിക്കാരുടെ എച്ചിലുകള്‍ എടുത്തുമാറ്റാന്‍ തുനിഞ്ഞതായിരുന്നു, 1913 ലെ രാമകൃഷ്ണജയന്തി ആഘോഷവേളയില്‍. ഇതെത്തുടര്‍ന്ന് ആശ്രമങ്ങളില്‍ പന്തിഭോജനം സര്‍വ്വസാധാരണമായിത്തീര്‍ന്നു. നവോത്ഥാന നായകന്മാരും, സമുദായ പരിഷ്‌കര്‍ത്താക്കളും, ചരിത്രകാരന്മാരും ഇതിനെ നിസ്സാരവത്ക്കരിക്കുന്നെങ്കിലും, സ്വാമിജിയുടെ ഈ നടപടികളാണ് ക്ഷേത്ര പ്രവേശന വിളംബരത്തിനും ജാതിനിര്‍മ്മാര്‍ജ്ജനത്തിനും വഴിയൊരുക്കിയത് എന്നതാണ് ചരിത്രസത്യം.
ജാതിഭാന്ത്രിനേക്കാള്‍ ക്രൂരവും പ്രാകൃതവുമായി നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന ഒരു വ്യവസ്ഥയായിരുന്നു സ്മാര്‍ത്തവിചാരം. യാഥാസ്ഥിതികത്വം ഭ്രഷ്ടുകല്‍പ്പിച്ച സ്വസമുദായാംഗങ്ങളെ നിരപരാധികളായ അവരുടെ അടുത്ത ബന്ധുക്കളോടൊപ്പം അവരുടെ കുടുംബങ്ങളില്‍ നിന്നും പുറത്താക്കുക മാത്രമല്ല, കൊച്ചി രാജ്യത്തുനിന്നു നാടുകടത്തിയിരുന്നു. ആഢ്യന്‍ നമ്പൂതിരിമാര്‍ അവരോട് പെരുമാറിയിരുന്നത് കീഴ്ജാതിക്കാരോടു കാണിച്ചിരുന്ന തീണ്ടല്‍-തൊടീല്‍ രീതിയിലേക്കാള്‍ മോശമായ വിധത്തിലായിരുന്നു. അവരുമായി ഒരു വിധത്തിലുള്ള ബന്ധവും അനുവദിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, അവര്‍ക്ക് മറ്റു നമ്പൂതിരിമാരെപ്പോലെ അമ്പലങ്ങളില്‍ പ്രവേശിച്ച് ഈശ്വരദര്‍ശനം നടത്താനും അനുവാദമില്ലായിരുന്നു.
അവരെങ്ങാനും അമ്പലക്കുളത്തില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തിയെന്നറിഞ്ഞാല്‍, അവിടെ പുണ്യാഹം തളിച്ച് ശുദ്ധമാക്കുന്ന പതിവുകൂടിയുണ്ടായിരുന്നു. ഇങ്ങനെ നാടുംവീടും വിടേണ്ടിവന്നവരും ഈ വിധം അപമാനിതരുമായ ഒരു സംഘം നമ്പൂതിരി കുടുംബങ്ങള്‍ ഒറ്റപ്പാലത്തുനിന്നു ഏതാണ്ട് മൂന്നു കിലോമീറ്റര്‍ തെക്കു കിഴക്കുള്ള എറക്കോട്ടിരി എന്ന തനിനാട്ടിന്‍പുറത്ത് (ഇന്നത്തെ ശ്രീരാമകൃഷ്ണനഗര്‍) കുടിയേറിപാര്‍ത്തിരുന്നു. അവരുടെ ഭീതിരോദനത്തിന്റെ പ്രതിധ്വനിയെന്നോണം ഉയര്‍ന്നുവന്നതാണ് അവിടെ സ്വാമിജി സ്ഥാപിച്ച ശ്രീരാമകൃഷ്ണനിരഞ്ജന ശ്രമം.
എന്നാല്‍, സ്വാമിജി ഒരിക്കലും ഒരു സമുദായ പരിഷ്‌കര്‍ത്താവായിരുന്നില്ല, എപ്പോഴും രാമകൃഷ്ണശിഷ്യനായ ആത്മീയ ഗുരുവായിരുന്നിട്ടേയുള്ളൂ. ദരിദ്രനാരായണപൂജ എന്ന (ആത്മീയ) സേവാസാധനയായിട്ടാണ് സ്വാമിജി ഇതിനെ കണ്ടിട്ടുള്ളതും. അങ്ങനെ കാണാന്‍ ശിഷ്യ-ഭക്തസമൂഹത്തെ ഉപദേശിച്ചതും.
സമൂഹ നന്മ എന്നത് രാമകൃഷ്ണസന്ദേശം നടപ്പാക്കിയതിന്റെ ഉപോല്‍പ്പന്നം മാത്രമായിരുന്നു. സ്വാമിജിയെപ്പോലെ രാമകൃഷ്ണ സന്ദേശം ഇത്രയേറെക്കാലം ഇത്രയധികം സ്ഥലങ്ങളില്‍ ഇത്രയധികം ഭക്തഹൃദയങ്ങളിലെത്തിച്ച മറ്റൊരു രാമകൃഷ്ണസംന്യാസിശിഷ്യന്‍ വേറെയില്ല. എങ്കിലും കേരളമായിരുന്നു സ്വാമിജിയുടെ മുഖ്യയജ്ഞഭൂമിയും യജ്ഞസമാപനഭൂമിയും. ”എന്റെ ഹൃദയം കേരളത്തിലാണ്. അവിടെയാണെന്റെ സ്ഥാനം”. എന്ന സ്വാമിജിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കികൊണ്ട് തന്റെ അന്ത്യവിശ്രമത്തിന് സ്വാമിജി തിരഞ്ഞെടുത്ത സ്ഥലം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒറ്റപ്പാലം രാമകൃഷ്ണാശ്രമത്തിനടുത്ത് കൂടി ഒഴുക്കുന്ന ഭാരതപ്പുഴയുടെ തീരമാണ്. വിന്ധ്യനും തെക്ക് തന്റെ നിത്യ സാന്നിധ്യം കൊണ്ട് ഭക്താനുഗ്രഹം ചെയ്യുന്ന ഈ പ്രദേശത്തെ തീര്‍ത്ഥീകരിക്കുന്ന ഒരേയൊരു രാമകൃഷ്ണ ശിഷ്യനും നിര്‍മ്മാലനന്ദസ്വാമികളാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശം രാമകൃഷ്ണഭക്തന്മാരുടെ തീര്‍ത്ഥസ്ഥാനവും മുക്തിദ്വാരവുമായി പ്രശോഭിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news758336#ixzz52E90qgZC

No comments: