Thursday, September 01, 2016

ഭാരതജനതയെ കശ്മീരം മുതല്‍ കന്യാകുമാരി വരെ ഓരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. രണ്ടും കാവ്യങ്ങളാണ്. രാമായണത്തില്‍ ഇരുപത്തിനാലായിരത്തില്‍പ്പരം ശ്ലോകങ്ങളാണെങ്കില്‍ ഭാരതത്തില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുണ്ട്. “”ഭക്ത്യാ ഭാഗവതം ജ്ഞേയം, യുക്ത്യാ ജ്ഞേയം ച ഭാരതം, ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം ബുധൈഃ” എന്നാണ് അഭിമതം. ഭക്തികൊണ്ട് ഭാഗവതത്തെ അറിയണം. യുക്തി കൊണ്ട് ഭാരതത്തെ അറിയണം. ഭക്തി കൊണ്ടും യുക്തികൊണ്ടും വിഭക്തികൊണ്ടും രാമായണത്തെ അറിയണം എന്ന് സാരം.
ആദികവി വാല്മികീയാണ് രാമായണത്തിന്‍റെ കര്‍ത്താവ്. ഇദ്ദേഹം ജന്മനാ രത്നാകരന്‍ എന്നു പേരായ ബ്രാഹ്മണനായിരുന്നു. സാഹചര്യത്താല്‍ കൊള്ളക്കാരനായി. ഒരിക്കല്‍ നാരദമുനിയെ കണ്ട അവസരത്തില്‍ അദ്ദേഹത്തിന്‍റെ ഉപദേശത്താല്‍ മഹര്‍ഷിയായിത്തീര്‍ന്നു. വല്മീകം എന്നാല്‍ ചിതല്‍പ്പുറ്റ്. തപസ്സ് ചെയ്ത് ചിതല്‍പ്പുറ്റില്‍ നിന്ന് വന്നവനായതിനാലാണ് വാല്മീകി എന്ന പേര് ലഭിച്ചത്. ഒരു സന്ദര്‍ഭത്തില്‍ മഹര്‍ഷി തമസാ നദീതീരത്തുകൂടി നടക്കുമ്പോള്‍ ഒരു വേടന്‍ വൃക്ഷക്കൊമ്പിലിരുന്ന് ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ അമ്പെയ്തു കൊല്ലുന്നതു കണ്ടു. വാല്മീകിയുടെ ശോകവും ക്രോധവും ഉണര്‍ന്നു. “”മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീ കാമമോഹിതം” എന്ന് മുനി വേടനെ ശപിച്ചു. കാമത്തിലേര്‍പ്പെട്ടിരുന്ന ഇണപ്പക്ഷികളിലൊന്നിനെ കൊന്ന നിനക്ക് മോക്ഷം കിട്ടാതെ പോകട്ടെ എന്നര്‍ഥം. ഇതു കേട്ട ബ്രഹ്മാവ് ഈ രൂപത്തില്‍ രാമായണം രചിക്കുവാന്‍ വാല്മീകിയെ പ്രേരിപ്പിച്ചുവത്രേ. അതാണ് രാമായണം.
അയനം എന്നാല്‍ സഞ്ചാരം. സീതയെ അന്വേഷിച്ചുകൊണ്ടുള്ള രാമന്‍റെ യാത്രയാണ് രാമായണം. ഏത് അവസ്ഥാവിശേഷങ്ങളിലും നിലനില്‍ക്കുന്ന രമണീയത്വമാണ് മാധുര്യം. രാമായണ കാവ്യത്തിന് ഈ സവിശേഷതയുണ്ട്. ഇത്രയധികം പാഠഭേദങ്ങളും രചനകളും ഉണ്ടായിട്ടുള്ള കൃതി വേറെയില്ല. വാല്മീകി രാമായണം, അധ്യാത്മ രാമായണം, ഗായത്രീ രാമായണം, അത്ഭുതരാമായണം, ബാലരാമായണം എന്നിവയാണ് രാമായണപഞ്ചകങ്ങള്‍. വേറെയും രാമായണങ്ങളുണ്ട്. ബല്‍ജിയംകാരനായ ഫാ. കാമില്‍ ബുല്‍ക്കെ എന്ന പണ്ഡിതന്‍ (1909-1982) രാമകഥയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ പ്രയാഗ സര്‍വകലാശാലയില്‍നിന്ന് എംഫില്‍ എടുത്തു. ഇന്ത്യയിലും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും അനന്തവും വിചിത്രവുമായി പരന്നു കിടക്കുന്ന രാമായണ സാഹിത്യ പ്രപഞ്ചത്തെപറ്റിയുള്ള അറിവ് ഈ പ്രബന്ധത്തില്‍നിന്ന് ലഭിക്കുന്നുണ്ട്.
കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത് അധ്യാത്മ രാമായണത്തിനാണ്. കര്‍ത്താവ് ആരെന്നറിയില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് പരിഭാഷകന്‍. അമ്പലപ്പുഴ രാജാവായിരുന്ന പൂരാടം പിറന്ന ദേവനാരായണന് അധ്യാത്മരാമായണം തെലുങ്ക് കൃതി ലഭിക്കുകയും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രേരണയാല്‍ എഴുത്തച്ഛനെ വരുത്തി അദ്ദേഹത്തെക്കൊണ്ട് രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. സംസ്കൃതവും തെലുങ്കും എഴുത്തച്ഛന് വശമായിരുന്നു.
കേരളത്തില്‍ കര്‍ക്കടക മാസത്തിലാണ് രാമായണ പാരായണം. ഒന്നാംതീയതി മുതല്‍ മുപ്പത്തൊന്നാംതീയതി വരെ. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ കാണ്ഡങ്ങള്‍ വായിക്കുന്നു. മഴക്കാലമായതുകൊണ്ട് ജനസാമാന്യത്തിന് സമയവും ലഭിക്കും. ഭക്തിയാണ് രാമായണത്തിന്‍റെ കേന്ദ്രബിന്ദു. മാതൃവാത്സല്യം, പിതൃവാത്സല്യം, പുത്രവാത്സല്യം, കടപ്പാട്, ബന്ധങ്ങള്‍, ബന്ധനങ്ങള്‍, സാഹോദര്യം, കുടുംബബന്ധം, ശൈഥില്യം, ത്യാഗം, സഹനം, പ്രതികാരം, പ്രകൃതി തുടങ്ങിയവയെല്ലാം രാമായണത്തില്‍ പ്രതിഫലിക്കുന്നു. ആദര്‍ശാത്മകമായ ഒരു ജീവിതസന്ദേശമാണ് രാമായണം നല്‍കുന്നത്. ദുഷ്ടനായ രാവണനിലെ നന്മപോലും സ്വീകരിക്കാവുന്നതാണ്. സുന്ദരനും സാമഗാന പ്രവീണനുമായിരുന്നു രാവണന്‍. രാമന് സീത മാത്രമേ ഭാര്യയായുള്ളൂ. സീതയ്ക്ക് രാമന്‍ മാത്രമേ ഭര്‍ത്താവായുള്ളൂ. അധ്യാത്മ രാമായണത്തില്‍ സുമിത്ര പുത്രനായ ലക്ഷ്മണനോടു പറയുന്ന “”മാം വിദ്ധി ജനകാത്മജാം” (എന്നെപ്പോലെ സീതയെയും കരുതണം) എന്ന വാക്യം തന്നെയാണ് രാമായണത്തിന്‍റെ കാതല്‍. അതാണ് ഭാരതീയ സംസ്കാരം; സങ്കല്പം, ജീവിത കര്‍മം. ജീവിത പ്രതിസന്ധികള്‍ക്കെല്ലാം ഉത്തരം രാമായണത്തിലുണ്ട്.
ഭക്തിയും യുക്തിയും വിഭക്തിയും ശുദ്ധമലയാളവും സമ്മേളിക്കുന്ന രാമായണം വായിച്ചിട്ടാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ “”നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കേ ശരണം” എന്നു പ്രസ്താവിച്ചത്.raja sreekumar varma.