Thursday, September 01, 2016

ഭക്തിയും, യുക്തിയും സമന്വയിച്ച ഒരു മഹാത്ഭുതമാണ് ശ്രീനാരായണ ഗുരു തന്‍റെ തൃക്കരങ്ങളാല്‍ ചെയ്തു വെച്ചത്. നെയ്യാറിന്‍റെ ശങ്കരന്‍ കുഴിയില്‍ ശങ്കരന്‍റെ സാന്നിദ്ധ്യം രാത്രിയുടെ മദ്ധ്യമയാമത്തില്‍ കണ്ടെത്തുവാനുള്ള സമയധദൈര്‍ക്യം ഒരു മനുഷ്യ പ്രാണന്‍റെ തുടിപ്പുകള്‍ വിട്ടുപോകുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം ഗുരു ജലത്തിനടിയിലായിരുന്നു. ഭക്തജനങ്ങളുടെ പഞ്ചാക്ഷരി മന്ത്രജപം ഗുരുദേവന്‍റെ നെയ്യാറിന്‍റെ ഹൃദയഭാഗത്തുള്ള ആ തിരോദ്ധാന സമയത്തില്‍ ആര്‍ത്തരോദനമായി മാറിക്കൊണ്ടിരിക്കെ ഒരു പയര്‍ മണിയുടെ ആകൃതിയിലുള്ള ശിലാഖണ്ടവുമായി സാക്ഷാല്‍ തിരുവവതാരം ഉയര്‍ന്നുപൊങ്ങി. മാറ്റത്തിന്‍റെ മണിമണ്ഡപമായി ഒരു പ്രതിഷ്ഠാ മുഹൂര്‍ത്തം സമാഗതമാകുന്നു. വെറും കുരുത്തോലകളാല്‍, അലങ്കൃതമായ, താന്ത്രികമായ യാതൊരുവിധ ചടങ്ങുകളുടെയും അകബടിയില്ലാതെ എന്നാല്‍ കാലം കരുതിവച്ച കരുത്തും ചൈതന്യവും സമഞ്ച്സിപ്പിച്ച ഊര്‍ജ്ജ പ്രവാഹത്തില്‍ ഒരു കല്ല് മറ്റൊരു കല്ലിലേക്ക് ഉരുതി ചേര്‍ന്ന അപൂര്‍വ്വനിമിഷം. ഇത് മഹാത്ഭുതങ്ങളില്‍ ഏറ്റവും വലുത് ഇവിടെ നാം കാണുന്നത് ശ്രീനാരായണ ഗുരുവിന്‍റെ ദൈവീക ഭാവത്തിന്‍റെ പ്രത്യക്ഷ പ്രതീകം.
അരുവിപ്പുറം പ്രതിഷ്ഠയുടെ യുക്തി അത് കാലദേശാതീതമായി സമാധാനത്തിന്‍റെ സന്ദേശവുമായി ജ്വലിച്ചുയര്‍ന്നു നില്‍ക്കുന്നു. ഒരു പക്ഷേ യുഗധര്‍മ്മം പുലര്‍ന്നു വീഴുവാന്‍ ഗുരുവിന്‍റെ മനസ്സില്‍ വിതുബിനിന്ന വാക്കുകളാവാം. പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു മുബായി മിഴിനീരില്‍ കഴുകിയെടുത്തത്. ഏതാണ്ട് മൂന്നു മണിക്കൂറുകളോളം ആ ശിലാഖണ്ഡ‍ം നെഞ്ചോടു ചേര്‍ത്ത് മിഴിനീരില്‍ അഭിഷേകം ചെയ്യുബോള്‍ ഗുരു ഉച്ചരിച്ച സൂക്തവാക്യം, അതാണ് ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്നത്.
വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമായി ചരിത്രത്താളുകളില്‍ ഇടം പിടിച്ച അരുവിപ്പുറം പ്രതിഷ്ഠ. പരിഷ്കാരത്തിന്‍റെയും, പരിവര്‍ത്തനത്തിന്‍റെയും വന്‍ പ്രഭയുമായി കാലമുള്ള കാലത്തോളം കാവലായി നില്‍ക്കും. പക്ഷേ, കാലം വിസ്മയിപ്പിക്കുന്ന ഒരു ചോദ്യം അവശേഷിക്കുന്നു. സാധാരണ അഷ്ടബന്ധമിട്ടുറപ്പിക്കുന്ന പ്രതിഷ്ഠാ ബിംബങ്ങള്‍ പോലും 12 വര്‍ഷം കഴിയുബോള്‍ പുനഃപ്രതിഷ്ഠയ്ക്ക് വിധേയമാക്കേണ്ടി വരും. എന്നാല്‍ അരുവിപ്പുറം പ്രതിഷ്ഠയുടെ 100-)മത് വാര്‍ഷികത്തില്‍ ആരാദ്ധ്യനായ പരവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ വിഫലമായ ഒരു പുനഃപ്രതിഠാ ശ്രമം നടത്തുകയുണ്ടായി. പ്രതിഷ്ഠാ ബിംബവും പ്രതിഷ്ഠാ പീഠവും ഉരുകിച്ചേര്‍ന്ന ഗുരുവിന്‍റെ കരവൈഭവവിസ്മയം, അതിപ്പോഴും അങ്ങനെ നില്‍ക്കുന്നു.
അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്തും ആ മഹനീയ കര്‍മ്മത്തിന്‍റെ താത്വികതയിലേക്ക് മാത്രം വിരല്‍ ചൂണ്ടാതെ ഒരവതാര ധര്‍മ്മത്തിന്‍റെ അത്ഭുത അവതാരിക കൂടി നാം ആലോചനാമൃതമാക്കണം. manojayamstories