ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ആത്മമിത്രങ്ങള്‍
സപ്തംബര്‍ 11 ന് ചട്ടമ്പിസ്വാമികളെക്കുറിച്ച് ജന്മഭൂമിയില്‍ വന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെ ആ രണ്ട് മഹാത്മാക്കളും ജീവിച്ചിരുന്ന കാലം മുതല്‍ക്കുതന്നെ വിവാദങ്ങള്‍ ആരംഭിച്ചിട്ടുള്ളതാണ്. നിഷ്പക്ഷമതികളായ സജ്ജനങ്ങള്‍ അന്ന് അതൊരു ആത്മസാഹോദര്യ ബന്ധമായിട്ടാണ് വിലിയിരുത്തിപ്പോന്നിട്ടുള്ളത്.
ചട്ടമ്പിസ്വാമികളും ഗുരുദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്‍. ആര്‍. കൃഷ്ണന്‍ വക്കീല്‍ എം.എന്‍.സി. ഇങ്ങനെ പറയുന്നു. ‘അവര്‍ തമ്മില്‍ ആത്മമിത്രങ്ങളാണെന്ന് ഒരു കൂട്ടരും, അതല്ല ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണ് ശ്രീനാരായണഗുരുദേവന്‍ എന്ന് വേറൊരു കൂട്ടരും അതല്ല ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനാണ് ചട്ടമ്പിസ്വാമികള്‍ എന്ന് ഇനിയൊരു കൂട്ടരും അവര്‍ തമ്മില്‍ പരസ്പര ഗുരുശിഷ്യന്‍മാരാണെന്ന് ഇനിയൊരു കൂട്ടരും വാദിച്ചിരുന്നു’. (ശതാബ്ദി സ്മാരക ഗ്രന്ഥം 1954 കാണുക). ചട്ടമ്പിസ്വാമികളും ഗുരുദേവനും തമ്മില്‍ കാണുമ്പോള്‍ ചട്ടമ്പിസ്വാമികള്‍ക്ക് സംസ്‌കൃതത്തില്‍ നല്ല വശമില്ലായിരുന്നുവെന്നും സംസ്‌കൃതഭാഷയിലെ സംശയങ്ങള്‍ തീര്‍ത്ത് കൊടുത്ത് മാഘം തുടങ്ങിയ ഉപരിഗ്രന്ഥങ്ങള്‍ പഠിപ്പിച്ചത് ഗുരുദേവനാണെന്നും കൃഷ്ണന്‍ വക്കീല്‍ അഭിപ്രായപ്പെടുന്നു. ഈ വാദം ഉയര്‍ത്തി കാണിച്ച് ശ്രീനാരായണ ഗുരുദേവനിലാണ് ഗുരുപ്പട്ടമെന്ന് സ്ഥാപിക്കുവാന്‍ ഗുരുദേവ ശിഷ്യന്‍മാര്‍ ശ്രമിച്ചിട്ടില്ല. അവര്‍തമ്മില്‍ ആത്മമിത്രങ്ങളാണെന്ന സത്യമാണ് ശ്രീനാരായണ ശിഷ്യലോകം അംഗീകരിച്ചുപോരുന്നത്.
ലേഖനത്തിലെ ഗുരുശിഷ്യഭാഗം തെറ്റാണെന്ന് ആര്‍ക്കും മനസ്സിലാകും. കുറിപ്പില്‍ പറയുന്നത് ഗുരുവും സ്വാമികളും കണ്ടുമുട്ടിയത് വാമനപുരത്തിനടുത്തുള്ള അഃണിയൂര്‍ ക്ഷേത്രത്തില്‍ വെച്ചാണെന്ന്. അണിയൂര്‍ ക്ഷേത്രം വാമനപുരത്തല്ല ചെമ്പഴന്തിക്കടുത്താണ്. ഗുരുവും സ്വാമികളും കണ്ടുമുട്ടിയത് ഇരുവരുടേയും ആത്മമിത്രമായ പേട്ടയില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ വച്ചാണെന്നത് ഗുരുദേവ ചരിത്രങ്ങളിലെല്ലാം കാണാം. അണിയൂര്‍ ക്ഷേത്രം ഒരു സവര്‍ണ്ണ ക്ഷേത്രമാണ്. ഐത്താചാരം നിലനിന്നിരുന്ന 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ സവര്‍ണ്ണ ക്ഷേത്രമായ അണിയൂര്‍ ക്ഷേത്രത്തില്‍ പോയി ചട്ടമ്പിസ്വാമികളെ കണ്ടു എന്നു പറയുന്നതിലെ വിരോധാഭാസവും നാം തിരിച്ചറിയേണ്ടതാണ്.
ഗുരുദേവന് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചുകൊടുത്തത് തൈക്കാട്ട് അയ്യാവു സ്വാമിയാണെന്ന് അതിനു ദൃക്‌സാക്ഷിയായ അയ്യാവുസ്വാമികളുടെ പുത്രന്‍ ലോകനാഥപ്പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമികളെ ഏഴ് വര്‍ഷം പരീക്ഷിച്ചതിന് ശേഷമാണ് ബാലസുബ്രഹ്മണ്യമന്ത്രം അയ്യാവുസ്വാമികള്‍ ഉപദേശിച്ചുകൊടുത്തതെന്നും ലോകനാഥപ്പണിക്കരുടെ കുറിപ്പില്‍ പറയുന്നു.
ചട്ടമ്പിസ്വാമിയും ഗുരുദേവനും കണ്ടുമുട്ടുമ്പോള്‍ രണ്ടു പേരും സാധകരാണ്. ചട്ടമ്പിസ്വാമി ഗുരുദേവനെ അയ്യാവു സ്വാമിയുടെ അടുക്കല്‍ യോഗവിദ്യാപരിശീലനത്തിന് കൂട്ടിക്കൊണ്ടുപോയി. പഠനം കഴിഞ്ഞ് ചട്ടമ്പിസ്വാമികള്‍ തമിഴ്‌നാട്ടിലെ സ്വാമിനാഥദേശികന്റെയടുത്തും മരുത്വാമലയിലെ ആത്മാനന്ദ സ്വാമികളുടെ അടുത്തും ഉപരിപഠനത്തിനായി പോയി. ഗുരുദേവനുമായി പരിചയപ്പെടുന്ന കാലത്ത് ചട്ടമ്പിസ്വാമികള്‍ സിദ്ധപുരുഷനായി കഴിഞ്ഞിരുന്നില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. പിന്നെ എങ്ങനെ ചട്ടമ്പിസ്വാമികള്‍ ഗുരുവിന് ഉപദേശം നല്‍കും. രണ്ട്‌പേരും തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുളളൂവെന്നും നാം അറിയണം.
ചട്ടമ്പിസ്വാമികള്‍ക്കും ഗുരുദേവനും തമ്മില്‍ ആത്മമിത്രഭാവമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവരുടെ ജീവിതം തന്നെ തെളിവ്. ചട്ടമ്പിസ്വാമി പിന്‍തുടര്‍ന്നത് ശ്രീശങ്കരന്റെ ദശനാമി സമുദായത്തിലെ തീര്‍ത്ഥ പരമ്പരയാണ്. ചട്ടമ്പിസ്വാമിയുടെ മുഴുവന്‍ പേര് വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്. പ്രധാന ശിഷ്യന്‍മാര്‍ നീലകണ്ഠതീര്‍ത്ഥരും തീര്‍ത്ഥപാദ പരമഹംസരും. എന്നാല്‍ നാരായണന്‍ നാരായണഗുരുവായതേയുള്ളൂ. തീര്‍ത്ഥപാദനായില്ല. ഗുരുശിഷ്യബന്ധം സര്‍വ്വസാധാരണമെന്ന വണ്ണം വിവേകാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണമഠം സ്ഥാപിച്ച് വെളിപ്പെടുത്തി. ശിഷ്യന്‍മാര്‍ ഗുരുവിന്റെ പേരില്‍ മഠവും പ്രസ്ഥാനവും സ്ഥാപിക്കുന്നു.
ഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നുവെങ്കില്‍ ശിവഗിരി മഠം, ശ്രീനാരായണ ധര്‍മ്മപരിപാലന യോഗവും ശ്രീനാരായണധര്‍മ്മസംഘവും സ്ഥാപിക്കുമായിരുന്നില്ല. മറിച്ച് ചട്ടമ്പിസ്വാമി മഠവും ഒരു ചട്ടമ്പിസ്വാമി പരമ്പരയും സ്ഥാപിക്കുമായിരുന്നു. മറിച്ച് ഗുരുദേവനെ കേന്ദ്രീകരിച്ചുള്ള ഒരു പരമ്പര രൂപപ്പെടുത്തുകയും ആ പരമ്പരയ്ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയുമാണ് ഗുരുദേവന്‍ ചെയ്തത്. ചട്ടമ്പിസ്വാമി ഗുരുദേവന്റെ ഗുരുവായിരുന്നുവെങ്കില്‍ അത് അവിടന്ന് ശിഷ്യന്‍മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news703759#ixzz4scMzsn6X
No comments:
Post a Comment