Wednesday, September 13, 2017

യാഗങ്ങളും യജ്ഞങ്ങളുമായി ബന്ധപ്പെട്ട വൈദീക ആചാരങ്ങള്‍ അനവധിയാണ്. വേദം അറിയുന്നവര്‍ സ്വയം അനുഷ്ഠിക്കേണ്ടതും തത് വൈദികനെ ആശ്രയിച്ച് കര്‍മ്മങ്ങള്‍ നടത്തിക്കുന്നവര്‍ ചെയ്യേണ്ടതുമായ കര്‍മ്മങ്ങളാണ് ശ്രൗതസൂത്രത്തിലുള്ളത്. ഗൃഹസ്ഥന്‍ തന്റെ വീട്ടില്‍ ചണ്ഡികാഹോമം, വാസ്തുബലി തുടങ്ങിയ യാഗവുമായി ബന്ധപ്പെട്ട കര്‍മ്മഭാഗങ്ങളുള്ള ഗുഹ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുവെങ്കില്‍ അതിലെ ചടങ്ങുകളും ആചാരങ്ങളും ശ്രൗതസൂത്രാധിഷ്ഠിതമാണ്.
ഇതുമായി ബന്ധപ്പെട്ട എല്ലാ ആചാരാനുഷ്ഠാനങ്ങള്‍ക്കും ആധാരമായ ഗ്രന്ഥങ്ങള്‍ ബ്രാഹ്മണങ്ങളിലും ശ്രൗതസൂത്രങ്ങളിലും വരുന്നു. എന്നാല്‍ ശ്രൗതസൂത്രത്തിലെ വിവരണങ്ങളാകട്ടെ ബ്രാഹ്മണഗ്രന്ഥങ്ങളേക്കാള്‍ വ്യക്തവും മനസ്സിലാക്കുവാന്‍ എളുപ്പവുമാണ്. ബ്രാഹ്മണങ്ങളേക്കാള്‍ നൂതന സംസ്‌കൃതഭാഷയാണ് ശ്രൗതത്തിലുള്ളത്. അതത് വൈദിക ശാഖയില്‍പ്പെടുന്നവര്‍ അനുഷ്ഠിക്കേണ്ട യാഗങ്ങളിലെ ആചാരക്രമങ്ങള്‍, അതത് വൈദികശാഖകളുടെ അനുശാസകരായ ഋഷിവര്യന്മാര്‍ തന്നെ രചിച്ചിട്ടുണ്ട്. ആശ്വലായനം, സാഖ്യായനം കൗഷീതകി ശ്രൗതസൂത്രങ്ങള്‍ ഋഗ്വേദീയ യാഗകര്‍മ്മങ്ങളുടെ ആചാരങ്ങള്‍ വിവരിക്കുന്നു.
ബൗധായനം, കാത്യായനം, ഭരദ്വാജം, ആപസ്തംബം, സത്യാഷാഡം, വൈഖാനസം, വാധൂലം, മാനവം, കാഠകം, മശകം, ക്ഷുദ്രം തുടങ്ങിയ ശ്രൗതങ്ങളാണ് യജുര്‍വേദത്തിലെ വ്യത്യസ്ത ഉപശാഖകളുടെ അനുശാസകര്‍ പാലിക്കേണ്ട യാഗകര്‍മ്മങ്ങളിലെ ആചാരാനുഷ്ഠാന വിവരണങ്ങള്‍ നല്‍കുന്നത.് ജൈമിനീയം, ലാട്യായനീയം, ദ്രാഹ്യായണം, നിദാനം എന്നീ ശ്രൗത സൂത്രങ്ങള്‍ സാമവേദീയവും വൈതാന ശ്രൗതസൂത്രം അഥര്‍വവേദീയവുമാണ്.
ശ്രൗതസൂത്രത്തിന്റെ ഭാഗമായി വിവരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് സുല്‍ബസൂത്രങ്ങള്‍. യജ്ഞകര്‍മ്മത്തിന്റെ അവിഭാജ്യഘടകമായ യജ്ഞശാലയുടെയും യജ്ഞകുണ്ഡങ്ങളുടെയും നിര്‍മാണം നടത്തുവാനുള്ള ജ്യോമട്രിക് ഗണിത വിവരണങ്ങളാണ് സുല്‍ബസൂത്രങ്ങളിലടങ്ങിയിരിക്കുന്നത്. പ്രധാനമായും നാല് സുല്‍ബസൂത്രങ്ങളാണുള്ളത്. ബൗധായനസുല്‍ബം, അപസ്തബം, കാത്യായനം, മാനവം. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ സുല്‍ബസൂത്രങ്ങളുടെ അടിസ്ഥാനത്തിലാണ്, യജ്ഞശാലകളും യജ്ഞകുണ്ഡങ്ങളും നിര്‍മിക്കുന്നത്. ഇവയുടെ ആകൃതി, വലുപ്പം, അളവുകള്‍, നിര്‍മാണരീതി, നിര്‍മാണവസ്തുക്കളായ ഇഷ്ടികകളുടെ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്ക് അടിസ്ഥാനം സുല്‍ബസൂത്രങ്ങളാണ്.
സുല്‍ബസൂത്രത്തില്‍, ആധുനിക ജ്യോമട്രിയിലെ വൃത്ത-ത്രികോണ-സമചതുര-ചതുര-ചതുരശ്ര രൂപങ്ങളുടേയും ഇഷ്ടികനിര്‍മാണ വിദ്യയുടെയും നിയമങ്ങളും ആചാരങ്ങളും വിവരിക്കുന്നു. ഇന്നും ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുന്ന ഹവനകര്‍മ്മങ്ങളുടെ അഗ്നികുണ്ഡ നിര്‍മ്മാണ നിയമങ്ങള്‍ സുല്‍ബസൂത്രത്തിലുള്ളതാണ്. സുല്‍ബസൂത്രത്തില്‍ രാഷ്ട്രാഭിവൃദ്ധിക്കായി നടത്തുന്ന യജ്ഞത്തിന് (യാഗത്തിന്) രഥചക്രത്തിന്റെ ആകൃതിയിലുള്ള അഗ്നികുണ്ഡമാണ് നിര്‍മിക്കേണ്ടതെന്ന് വിവരിക്കുന്നു. (രഥ ചക്രചിതം ചിന്വീത) രഥചക്രാകൃതിയില്‍ നിന്നാണ് അശോകചക്രവര്‍ത്തി ചക്രം സ്വീകരിച്ചത്. പിന്നീടത് ഭാരതത്തിന്റെ ധ്വജത്തിലും സ്ഥാനം പിടിച്ചു.
ഓരോ കാര്യലാഭത്തിനുമുള്ള (ധനസമൃദ്ധി, പുത്രകാമേഷ്ടി, പ്രജാസമൃദ്ധി, മോക്ഷലബ്ധി) യാഗത്തിന് വ്യത്യസ്ത തരത്തിലുള്ള അഗ്നികുണ്ഡമാണാവശ്യം. അവയുടെ ഗണിതവും തത്സംബന്ധ ആചാരവും സുല്‍ബസൂത്രാടിസ്ഥാനത്തിലുള്ളതാണ്. കഴുകന്റെയും പാത്രത്തിന്റെയും അര്‍ധചക്രത്തിന്റെയും ചക്രാന്തര്‍ഗത ചതുരശ്രത്തിന്റെയും ആകൃതിയിലും രൂപത്തിലും യജ്ഞകുണ്ഡങ്ങള്‍ നിര്‍മിച്ചിരുന്നു. ഇവയെല്ലാം വിവിധ ജ്യോമെട്രിക് സുല്‍ബസുത്രഗ്രന്ഥങ്ങളില്‍ വരുന്നത്. (പൈതഗോറസ് തിയറം കണ്ടുപിടിച്ച് ഉദാഹരണസഹിതം വിവരിച്ചത് ആദ്യം ബൗദ്ധായനനാണെന്ന് ഓര്‍ക്കുമല്ലോ)
യാഗയജ്ഞഭാഗങ്ങള്‍ കൂടാതെ ചില ഗൃഹ്യകര്‍മ്മവിവരണങ്ങളും അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും ചില ശ്രൗത സൂത്രങ്ങളില്‍ കാണുന്നുണ്ട്.
യാഗാരംഭത്തിനു മുന്‍പ് ഗൃഹസ്ഥനായ യജ്ഞമാനനും യജമാനപത്‌നിയും അനുശാസിക്കേണ്ടവയാണ് ഈ ഗൃഹ്യാചാരങ്ങള്‍ ഗൃഹസ്ഥനായ രാജാവോ നാട്ടുപ്രമാണിയോ യാഗം നടത്തുമ്പോള്‍ അനുശാസിക്കേണ്ടതായ ഗൃഹ്യഭാഗങ്ങളാണിവ.


ജന്മഭൂമി: http://www.janmabhumidaily.com/news703720#ixzz4scMGg9se

No comments: