Friday, September 22, 2017

രോ തുറന്നു വച്ച ഒരു വെബ്‌ പേജിന്റെ വലതു ഭാഗത്തുണ്ടായിരുന്ന ഒരു ചിത്രം എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. മനസ്സ് പറഞ്ഞു - ഇതവരാണ് ... സുധാ മൂര്‍ത്തി! അമ്പതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന ആ സ്ത്രീയുടെ മനസ്സിന്റെ യുവത്വവും, അവര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന സദ്‌വൃത്തികളില്‍ കണ്ടെത്തുന്ന സംതൃപ്തിയും,ഹൃദയത്തില്‍ നിന്നുതിര്‍ന്നു വരുന്ന പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം. അവരുടെ പുസ്തകങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതാണ് അവരുടെ മനസിന്റെ യുവത്വവും ആത്മവിശ്വാസവും. ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ആ ഫോട്ടോ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് ആ മുഖത്ത് അവരുടെ പുസ്തകങ്ങളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞ ചില ലക്ഷണങ്ങള്‍ തെളിഞ്ഞു കണ്ടത് കൊണ്ടാകാം.



ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് സുധാ മൂര്‍ത്തി എന്നാ പേര് സുപരിചിതമാണ്. പക്ഷെ ഒരു വ്യക്തിയെന്ന നിലയില്‍ ഈ പേരിനു കോര്‍പ്പറേറ്റ് ലോകത്തിന് പുറത്താണ് കൂടുതല്‍ പ്രാധാന്യമെങ്കിലും അവിടെ അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന് സംശയം. പലരും ബഹുമാനത്തോടെ ആ പേര് പറയുന്നത് കേട്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു ഇന്‍ഫോസിസ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ കോ-ഫൗണ്ടര്‍ എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ ഭാര്യയെന്ന പദം അലങ്കരിക്കുന്ന സ്ത്രീക്ക് എന്തിനാണിത്ര പ്രാധാന്യം കൊടുക്കുന്നതെന്ന് - അവരുടെ തന്നെ ഒരു ആത്മകഥാ കുറിപ്പ് ഇന്റര്‍നെറ്റില്‍ കണ്ടെത്തും വരെ. സുധാ മൂര്‍ത്തിയെ കുറിച്ചറിയാന്‍ അവര്‍ തന്നെ എഴുതിയ ലേഖനങ്ങളും, പുസ്തകങ്ങളും വായിക്കേണ്ടി വന്നു എന്നതാണ് ഒരു ദു:ഖകരമായ സത്യം. സുധാ മൂര്‍ത്തിയുടെ പുസ്തകങ്ങളിലൂടെ ഞാന്‍ കണ്ട ഒരു രേഖാ ചിത്രം ഇവിടെ ഒന്ന് വരച്ചെടുക്കുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.


ഒരു മാതൃകാ അധ്യാപിക, എഴുത്ത്കാരി എന്നതിലുമുപരി അവര്‍ മറ്റു പലതുമാണ്. എന്‍. ആര്‍. എന്റെ "intellectual revolution പരമാവധി ഇന്ത്യയുടെ വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തണം" എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സ്വന്തം കരിയര്‍ ഒരു ഘട്ടത്തിലെങ്കിലും ഉപേക്ഷിച്ച സ്ത്രീ. പിന്നീട് ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കാന്‍ തന്നെക്കാള്‍ അനുയോജ്യയായ മറ്റൊരാള്‍ ഇല്ലെന്നു തെളിയിച്ച സ്ത്രീ. കുടുംബം, കരിയര്‍, വ്യക്തിത്വം, സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളില്‍ എല്ലാം ജയം മാത്രം വരിച്ച പ്രതിഭ. ഈ ജയങ്ങള്‍ക്ക് തുണയായത് അവരുടെ സ്വഭാവ സവിശേഷത തന്നെയെന്നു തീര്‍ത്തു പറയാം.


സുധാ മൂര്‍ത്തിയുടെ പുസ്തകങ്ങള്‍:
"How I taught my grand mother to read", The old man and his god, Wise and Otherwise, തുടങ്ങിയ അനുഭവക്കുറിപ്പുകളും ലേഖനങ്ങളും, Gently falls the Bakula, Mahashweta, Dollar Bahu തുടങ്ങിയ നോവലുകളാണ് സുധാ മൂര്‍ത്തിയുടെ പുസ്തകങ്ങള്‍. വളരെ ലളിതമായ ഇംഗ്ലീഷ് ഭാഷയിലാണ് ഇവയൊക്കെ രചിച്ചിരിക്കുന്നത്. മാതൃഭാഷയായ കന്നഡയിലും അവര്‍ എഴുതുന്നുണ്ട്. സാഹിത്യപരമായി, ഉയര്‍ന്ന നിലവാരത്തിലുള്ള പുസ്തകങ്ങളോടൊപ്പം കിടനില്‍ക്കാന്‍ കഴിയില്ലെങ്കിലും കാലിക പ്രസക്തവും, സാമൂഹിക പ്രസക്തവുമായ വിഷയങ്ങളാണ് അവരുടെ എഴുത്തിന് ആധാരം. ഇടക്കെങ്കിലും ശ്രദ്ധയില്‍ പെടുന്ന വെറും പരദൂഷണത്തിന്റെ നിലവാരം മാത്രം തോന്നിക്കുന്ന ലേഖനങ്ങളും, ആവര്‍ത്തന വിരസമായ ശൈലിയും കണ്ടില്ലെന്നു നടിക്കാവുന്നതേയുള്ളൂ. "ഞാന്‍ സത്യസന്ധനല്ല. സത്യസന്ധത എന്നൊന്നില്ല. സദാചാരത്തിലും എനിക്ക് വിശ്വാസമില്ല. അത്തരക്കാര്‍ കപട മനോഭാവക്കാരാണ്. ഞാന്‍ അത്തരക്കാരനല്ല. എന്റെ ഉള്ളിലെ അസത്യങ്ങളെ ഞാന്‍ തുറന്നു പറയുന്നു." എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും, നിലവിലുള്ള സദാചാരത്തെയും, സംസ്കാരത്തെയും വെല്ലുവിളിക്കുകയും ചെയ്യാന്‍ ചങ്കുറപ്പ് (?) കാണിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് എഴുത്തുകാര്‍ അല്ലെങ്കില്‍ ബുദ്ധി ജീവികള്‍ എന്ന് ഇന്നത്തെ സമൂഹത്തിനു തെറ്റായ ധാരണയുണ്ടെന്ന് തോന്നുന്നു. അത്തരം എഴുത്തുകാര്‍ക്ക് ഒരു കനത്ത വെല്ലുവിളിയും മാതൃകയുമാണ് സുധാമൂര്‍ത്തി. സ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇവരുടേത് പോലുള്ള പുസ്തകങ്ങള്‍ വായിച്ചു വളരണമെന്നാണ് എന്റെ അഭിപ്രായം.


Old Man and his God, Wise and Otherwise, How I taught my grand mother to readതുടങ്ങിയ പുസ്തകങ്ങളിലൂടെ സുധാ മൂര്‍ത്തിയെന്ന വ്യക്തിയെ നമുക്ക് കൂടുതല്‍ അടുത്തറിയാം. അവരുടെ ബാല്യവും, കൌമാരവും, യൌവ്വനവും, പ്രണയവും, മാതൃത്വവും, സാമൂഹ്യ പ്രവര്‍ത്തനവുമൊക്കെ ഒരു ഡയറിക്കുറിപ്പിലെന്ന പോലെ ഈ പുസ്തകങ്ങളിലൂടെ വായിച്ചെടുക്കാം. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, യാത്രകള്‍ക്കിടയിലും, കണ്ടു മുട്ടിയ പലതരം ആളുകളെ കുറിച്ച് പുസ്തകങ്ങളില്‍ അവര്‍ വിവരിച്ചിട്ടുണ്ട്. ചുറ്റും നടക്കുന്ന ചെറിയ അസത്യങ്ങള്‍ പോലും അവരെ അലട്ടുന്നു. ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ നല്‍കുന്ന സഹായങ്ങള്‍ മുതലെടുക്കാന്‍ ചിലര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍, അവ ലഭിച്ചവര്‍ ഒരല്‍പം പോലും നന്ദി കാണിക്കാതെ പോകുന്ന സന്ദര്‍ഭങ്ങള്‍, സഹായങ്ങള്‍ക്ക് അര്‍ഹാരായിട്ടും കൂടുതല്‍ അര്‍ഹരായവര്‍ക്ക് വഴിമാറി കൊടുത്തവര്‍ - തുടങ്ങിയവയെ കുറിച്ചാണ് കൂടുതലും എഴുതി കണ്ടത്. പല ലേഖനങ്ങളും നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നവയാണ്.


Mahaswetha, Gently falls the Bakula എന്നീ നോവലുകളില്‍ ഇന്നത്തെ സ്ത്രീയാണ് നായിക. വളരെ സാധാരണ കുടുംബത്തില്‍ നിന്ന് ‍സ്വപ്രയത്നം കൊണ്ട് വിദ്യാഭ്യാസം നേടിയ സ്ത്രീ. കുടുംബം കഴിഞ്ഞിട്ടേ അവള്‍ക്കു മറ്റൊന്നുള്ളൂ. എന്നിട്ടും അവരുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പുരുഷന്‍ അവള്‍ ആഗ്രഹിച്ച സ്നേഹമോ, പരിചരണമോ നല്‍കാന്‍ മറന്നു പോകുന്നു. കര്‍മ്മോത്സുകരായ പുരുഷന്മാര്‍ എല്ലാവരും ഇങ്ങനെയാണോ?പുരുഷന്‍ ഒരു നിര്‍വ്വികാര ജീവിയാണെന്ന് പലവട്ടം പറയാന്‍ തോന്നി. അതോ John Gray പറഞ്ഞ പോലെ "Men are from mars ഉം, women are from venus ഉം" ആയിപ്പോയത് കൊണ്ട് എനിക്ക് തോന്നിപ്പോയതാണോ ഇത്? കഥകളിലെ പല ഘട്ടങ്ങളിലും പുരുഷന്‍ സ്ത്രീ ആഗ്രഹിച്ച പരിചരണമോ സ്നേഹമോ നല്‍കിയിരുന്നെങ്കില്‍ അവരുടെ ജീവിതം മറ്റൊന്നായേനെ എന്ന് തോന്നി. സ്ത്രീ കഥാ പാത്രങ്ങള്‍ക്കാണ് പ്രാധാന്യമെങ്കിലും പുരുഷന്മാരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് "Gently falls the Bakula യും, Mahaswethaയും." മഹാശ്വേത എന്ന നോവല്‍ വായിച്ച ഒരു പുരുഷന്‍ വെള്ളപ്പാണ്ട് പിടിപെട്ട ഒരു സ്ത്രീക്ക് ജീവിതം കൊടുത്ത ഒരു അനുഭവകഥ കൂടി "Wise and otherwise" ഇല്‍ വായിച്ച ഒരോര്‍മ. "Gently falls the Bakula" കോര്‍പ്പറേറ്റ് ലോകത്തെ ഉയര്‍ച്ചയില്‍ കൈ വരുന്ന സമ്പന്നതയും, അധികാരവും കണ്ടു ഭ്രമിച്ചപ്പോള്‍ സ്വന്തം ഭാര്യയെ മറന്നു പോകുന്ന ഒരു ഭര്‍ത്താവിന്റെ കൂടി കഥയാണ്. ആ നോവലില്‍ എവിടെയൊക്കെയോ സുധാ മൂര്‍ത്തിയുടെ ആത്മാംശം ഉണ്ടെന്നു തോന്നി.

ധര്‍മശാസ്ത്രത്തെകുറിച്ച് ഒരു ഋഷി എഴുതിയ ഒരു പുസ്തകമുണ്ടാത്രേ. അതെഴുതാന്‍ ആരംഭിച്ച വേളയില്‍ ആ ഋഷിയെ പരിചരിച്ചു പോന്നത് അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവായിരുന്നു. ആ മാതാവിന്റെ കാലശേഷം, യുവതിയായ ഭാര്യയും. പുസ്തക രചനയുടെ അവസാനം ആ ഋഷി ലൌകീക ജീവിതം വെടിഞ്ഞു സന്യസത്തില്‍ പ്രവേശിക്കാമെന്നു തീരുമാനിച്ചിരുന്നു. അതിനായി ഒരുങ്ങവേയാണ് ഭാര്യ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്! അവളുടെ പേര് ചോദിച്ചറിഞ്ഞത് തന്നെ അന്നായിരുന്നു. തന്റെ യൌവ്വനം മുഴുവന്‍ ഒരു പരാതിയും പറയാതെ ഭര്‍ത്താവിനെ ശുശ്രൂഷിച്ച ആ ഭവതിയുടെ പേരായ "ഭാമതി" എന്നത് ആ ഋഷിപുസ്തകത്തിന്റെ ആദ്യ താളില്‍ എഴുതിച്ചേര്‍ത്തു എന്നതാണ് കഥ!
Bakula-ഇല്‍ ഈ കഥ ഒരു ഭാര്യ ഭര്‍തൃ സംഭാഷണം ആയി എഴുതി ചേര്‍ത്തിട്ടുണ്ട്. NRN തന്റെ ഏതെങ്കിലും ഒരു പുസ്തകത്തിന്‌ സുധാ മൂത്തിയുടെ പേര് ചേര്‍ത്ത് വച്ചാല്‍ അതില്‍ അതിശയിക്കാനായി ഒന്നും ഇല്ല!

സുധ മൂര്‍ത്തി - സ്ത്രീകള്‍ക്കൊരു മാതൃക:
ഇന്നത്തെ സ്ത്രീകള്‍ക്കൊരു ഉത്തമ മാതൃക തന്നെയാണ് സുധ മൂര്‍ത്തി. അന്നത്തെ തലമുറയില്‍ വിദ്യസമ്പന്നരായ സ്ത്രീകള്‍ കുറവായിരുന്നല്ലോ. സ്വന്തം കാലില്‍ നില്ക്കാന്‍ കെല്‍പ്പുള്ളവരും. ആ അവസ്ഥ മാറിത്തുടങ്ങിയപ്പോള്‍ കുടുംബ ബന്ധങ്ങള്‍ പലതും ശിഥിലമാകാന്‍ തുടങ്ങി. അല്ലാത്തിടങ്ങളില്‍ സ്ത്രീകള്‍ ഇരട്ടി ഭാരം ചുമക്കുന്നു. അല്ലെങ്കില്‍ അവരുടെ വ്യക്തിത്വം അടിയറ വച്ചു.

ഇന്ന് നിലവില്‍ നില്‍ക്കുന്ന സംസ്കാരത്തെ മുറുകെ പിടിച്ചു കൊണ്ട് പണത്തിനും പദവിക്കും നടുവില്‍ അവര്‍ ഒരു സാധാരണ മദ്ധ്യവര്‍ഗ്ഗ കുടുംബ ജീവിതം നയിച്ചു. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ കുട്ടികളെ സദാചാര ബോധത്തോടെ വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ഒരു ആഡംബര ജീവിതം നയിച്ചില്ല, പകരം
കുട്ടികള്‍ക്കൊരു മാതൃകയായി (മലയാളികളും കഴിഞ്ഞ തലമുറ വരെ ഇതേ ലാളിത്യത്തോടെയാണ് ജീവിച്ചത് എന്ന് ഓര്‍ത്തു പോകുന്നു!). സ്വന്തം വീടിലെ ടോയിലറ്റ് എന്‍. ആര്‍. എന്‍. കഴുകാകാറുണ്ടെന്ന് അവര്‍ തുറന്നെഴുതി! [http://nipun.charityfocus.org/inspire/infosys.html - ഈ സൈറ്റിന്റെ വിശ്വാസിയത എത്രയുണ്ടെന്ന് അറിയില്ല]

ഇന്‍ഫോസിസിന്റെ പ്രാരംഭ ഘട്ടത്തില്‍ അതിലൊരു സജീവ പങ്കാളിയായിരുന്നു സുധാ മൂര്‍ത്തി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ IISC ല്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുതാനന്തര ബിരുദം (M.Tech) നേടിയിട്ടുണ്ട് അവര്‍. എങ്കിലും കുടുംബത്തിന്റെ സംരക്ഷണാര്‍ത്ഥം ഇന്‍ഫോസിസിന്റെ വളര്‍ച്ചകളില്‍ നിന്നും മാറി നില്ക്കാന്‍ എന്‍. ആര്‍. എന്‍. ആവശ്യപ്പെടുകയായിരുന്നു. (വര്‍ക്ക്‌ ലൈഫ് ബാലന്‍സിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ഒരു കമ്പനിയുടെ തലപ്പത്തിരിക്കുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞപോള്‍, വര്‍ക്ക് ലൈഫ് ബാലന്‍സ് എന്ന സങ്കല്പം കോര്‍പ്പറേറ്റ് ലോകത്ത് എത്ര മാത്രം പ്രായോഗികമാണെന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്! അത് മറ്റൊരു ഘട്ടത്തിലാവാം.) ഇന്ന് പലസ്ത്രീകളും ഇത്തരം ഒരു ത്യാഗത്തിനു മുതിരാറില്ല. ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഭാഗം ആയില്ല എന്നത് കൊണ്ട് സുധാ മൂര്‍ത്തി കരിയര്‍ മുഴുവനായി ഉപേക്ഷിച്ചെന്ന് അര്‍ത്ഥമില്ല. അധ്യാപികയായും എഴുത്തുകാരിയായും സാമൂഹിക പ്രവര്‍ത്തകയായും അവര്‍ പ്രവര്‍ത്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇത്തരം മേഖലകളിലേക്ക് വരുന്നത് ആ മേഖലക്ക് തന്നെ മുതല്‍ക്കൂട്ട് ആണെന്ന് തിരിച്ചറിയാതെ സുധാമൂര്‍ത്തി സ്ത്രീകള്‍ക്ക് തെറ്റായ മാതൃകയാണ് കാണിക്കുന്നതെന്ന് പരിഹസിച്ചവരും ഉണ്ട്!!!

ഒരു പക്ഷെ ഇന്‍ഫോസിസ് എന്ന സോഫ്റ്റ്‌വെയര്‍ ഭീമന്റെ ഭാഗമയി അവര്‍ മാറിയിരുന്നെങ്കില്‍, മനുഷ്യന്റെ ക്രിയാത്മകതയെ വറ്റിക്കാന്‍ ശക്തിയുള്ള ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറിയേനെ അവര്‍. അവരുടെ എഴുത്തോ, സേവനമോ ഒന്നും ഒരുപക്ഷെ ഈ ലോകത്തിനു ലഭിക്കാതെ പോയേനെ. എന്നും കൂടെ കൊണ്ട് നടന്ന കര്‍മ ചടുലതയാകണം ഇന്നവരെ ഇന്‍ഫോസിസ് ഫൌണ്ടേഷന്റെ തലപ്പതെത്തിച്ചത്. അവിടെയും തന്റെ കര്‍മം അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു - ആശുപത്രികളില്‍, സ്കൂളുകളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍, കുഷ്ടരോഗികള്‍ക്ക് നടുവില്‍...

Wise and Otherwise എന്ന പുസ്തകത്തില്‍ Alfred Nobel-നേയും നോബല്‍ സമ്മാനത്തെയും സുധാ മൂര്‍ത്തി പ്രകീര്‍ത്തിക്കുന്നുണ്ട്. അവരെ തേടി പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു!

No comments: