Saturday, September 23, 2017

കളമെഴുത്തിന്റെ ഐതിഹ്യം*
പണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു. ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.
ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്.

No comments: