സംഗീതം ഭാരതത്തില്‍ വെറും ഒരു കലാരൂപമായിട്ടല്ല ഗണിക്കപ്പെട്ടിട്ടുള്ളത്. ഒരു ശാസ്ത്രമായിയിട്ടാണ്, ആത്മ പ്രവാഹമായിട്ടാണ്, നിര്‍മല ഭക്തിയുടെ ബഹീര്‍ സ്പുരണമായിട്ടാണ്.ഭാരതമൊഴിച്ചു നിര്‍ത്തി, ലോകത്തെമ്പാടുമുള്ള സംഗീതം നാം പരിശോധിച്ചാല്‍ ഒരു കലാരൂപം എന്നതില്‍ക്കവിഞ്ഞ് മറ്റൊരു തലത്തില്‍ സംഗീതത്തെ അവരാരും തന്നെ സമീപിച്ചതായിക്കാണുന്നില്ല.
ഭാരതത്തില്‍ വേദകാലഘട്ടത്തിനു മുന്‍പുതന്നെ സംഗീത ശാസ്ത്രത്തില്‍ ആഴത്തിലുള്ള പഠനനങ്ങളും ഗവേഷണങ്ങളും നടന്നിരുന്നതായി തന്ത്രാഗമങ്ങളും, നാരദ സ്മൃതി, ഗര്‍ഗ്ഗസംഹിത എന്നിവ പോലയുള്ള പൌരണിക ഗ്രന്ഥങ്ങള്‍ ഉദ്ദ്ഘോഷിക്കുന്നു. പാശ്ചാത്യ നാടുകളില്‍ നിന്നും അവിടുത്തെ സംഗീത പ്രതിഭകള്‍ ഭാരതത്തില്‍ വന്ന് ഗുരുകുല സമ്പ്രദായത്തില്‍ സംഗീതം അഭ്യസിക്കയും സംഗീതോപസകരായി മാറുകയും ചെയ്യുന്ന കാഴ്ച ആസേതുഹിമാചലം സുലഭമാണ്. സാരംഗദേവന്‍റെ സംഗീത രത്നാകരം പോലെയുള്ള താരതമ്യേന ആധുനികമായ ഗ്രന്ഥങ്ങള്‍ തുടങ്ങുന്നതു തന്നെ പ്രപഞ്ച ഉല്‍പ്പത്തിക്ക് കാരണമായ നാദത്തെ വിശദീകരിച്ചു കൊണ്ടാണ്. ആവിശദീകരണം ജനിതക വിജ്ഞാനത്തിനപ്പുറം, പ്രജോല്പ്പ്തിയില്‍ക്കൂടിക്കട്ന്നു, ശ്രുതി സ്വര താള ക്രമത്തിലേക്ക് എത്തുന്നു. വേദങ്ങള്‍ തന്നെ ലക്ഷണ പ്രകാരം മൂന്നായി തിരിച്ചിരിക്കുന്നതില്‍ ഒരു ലക്ഷണം ഗാനലക്ഷണം ആണ്. മറ്റു രണ്ടു ലക്ഷണങ്ങള്‍ ഗദ്യ, പദ്യങ്ങളാണ്, സാമ വേദത്തിന്‍റെ ഉപവേദം തന്നെ ഗന്ധര്‍വ വേദമാണ്. എന്നുവച്ചാല്‍ സംഗീതം വൈദികവും ദൈവീകവും ആണെന്നു സാരം. മഴ പെയ്യിക്കുവാനും , പാറയെപ്പോലും ,അലിയിക്കുവാനും, കാര്‍ഷിക വിളകളെ ഉത്തേജിപ്പിക്കുവാനും ,രോഗ ചികിത്സയക്കും സംഗീതത്തിനുള്ള കഴിവ് ആയിരത്താണ്ടുകള്‍ക്ക് മുന്‍പേ തെളിയിച്ചിട്ടുള്ളതാണ്. ഇന്ന് പാശ്ചാത്യ നാടുകളില്‍ ഭാരതീയ സംഗീതത്തില്‍ വളരെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ നാം ചെയ്യുന്നതോ ഇത്രയും പൌരാണികതയുള്ള ഇത്രയും ശാസ്ത്രീയതയുള്ള സംഗീതത്തെ എങ്ങനെ പാശ്ചാത്യവല്‍ക്കരിക്കാം , എങ്ങനെ വികലമാക്കാം എന്ന് ഗവേഷണം നടത്തുകയാണ്. ഒരു കാലത്ത് കലകളുടെ നെറുകയില്‍ വിരാചിച്ചിരുന്ന ശുദ്ധ സംഗീതത്തിന്‍റെ അവസ്ഥ ഇന്ന് വളരെ ശോചനീയമാണ്, സംഗീതജ്ഞരുടെ അവസ്ഥയും മറ്റൊന്നല്ല. നമ്മുടെ ചലച്ചിത്ര രംഗം വളരെക്കാലം ശുദ്ധ സംഗീതത്തെ കൊണ്ട് സമ്പുഷ്ടമായിരുന്നു. ചലച്ചിത്ര ഗാനശാഖ സംഗീത ലോകത്തെ ആചാര്യന്മാരും കവികളും ഒന്നിച്ചുചേര്‍ന്ന് നിര്‍വഹിച്ചിരുന്ന ഒരു യജ്ഞം തന്നെ ആയിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, രാഘവന്‍ മാസ്റ്റര്‍, ദേവരാജന്‍മാസ്റ്റര്‍,ബാബുരാജ്.അര്‍ജുനന്‍മാസ്റ്റര്‍,എം.എസ്.വിശ്വനാഥന്‍, കെ.ജെ.ജോയ്, കണ്ണൂര്‍ രാജന്‍ , രാവീന്ദ്രന്‍, ജോണ്‍സണ്‍, ഇളയരാജാ, ഇങ്ങനെ പറഞ്ഞാല്‍ ഒടുങ്ങാത്ത സംഗീതജ്ഞരുടെ ഒരു പരമ്പര തന്നെ നമ്മുടെ ഗാന ശാഖകളെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പി. ഭാസ്കരന്‍ മാസ്റ്റര്‍. ഓ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, യുസഫ് അലി കേചേരി, , കാവാലം നാരായണപ്പണിക്കര്‍, ഗിരിഷ് പുത്തന്‍ചേരി തുടങ്ങി വയലാര്‍ ശരച്ചന്ദ്ര വര്‍മയില്‍ എത്തിനില്‍ക്കുന്ന. മഹാ പ്രതിഭകളായ കവികള്‍ ഒരുക്കിയ മാധുര്യ മൂറുന്ന കാവ്യ വിരുന്നിനു സുഗന്ധം കൂടി ചൊരിഞ്ഞവര്‍ ആയിരുന്നു നമ്മുടെ സംഗീത ഉപസകരായ ആചാര്യന്മാര്‍. അന്നത്തെ ചലച്ചിത്ര സംവിധായകര്‍ കവിതയേയൂം, സാഹിത്യത്തെയും ,സംഗിതത്തെയും ,തന്‍റെ കഥാപാത്രങ്ങളെയും വേണ്ടും വിധത്തില്‍ അഭ്ര പാളിയില്‍ കോര്‍ത്തിണക്കി സുന്ദരമായ ഒരു പുഷ്പ ഹാരം പോലെയാണ് പ്രേക്ഷകനു മുന്‍പില്‍ സമര്‍പ്പിച്ചിരുന്നത്. ഇന്നതിനു പകരം വിലക്ഷ്ണങ്ങളായ വരികളും, വികൃതങ്ങളായ ശബ്ദ വിന്യാസങ്ങളും ആധുനിക സംഗീത ഉപകരണങ്ങളുടെ ചേര്‍ച്ചയില്ലാത്ത ഉപയോഗവും കൊണ്ട് മലീമസമാണ് നമ്മുടെ സംഗീത രംഗം. പരമമായ ദുഃഖം ചില സംഗീത വികൃതികള്‍ വളരെ മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളെ അപസ്മാര രോഗികളെ പ്പോലെ ഗോഷ്ടികാണിച്ചലറി പ്പാടുകയും, ഭ്രാന്തമായ പിന്നണിഒരുക്കി ഒരു തലമുറയുടെ മുഴുവന്‍ ആരാധ്യമായിരുന്ന ഗാനങ്ങളെ രോഗാതുരമാക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍. അവനവന്‍റെ സൃഷ്ടി ഏതുവിധവും ചെയ്യുവാന്‍ ഏവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാരായ ആചാര്യന്‍മാര്‍ ലോകത്തിനു സംഭാവനചെയ്ത അമൂല്യങ്ങളായ സംഗീതത്തെ വ്കൃതമാക്കുവാന്‍ ആരാണിവര്‍ക്ക് അനുവാദം കൊടുത്തത്. ഇത് തടയെണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു..
സംഗീതത്തിന്‍റെ ഉപയോഗ ക്രമം തന്നെ ശിക്ഷാ ശാസ്ത്രം അനുസരിച്ചാണ്.
പദങ്ങളുടെ ഉച്ചാരണം വികലമാകാന്‍ പാടില്ല എന്ന് നമ്മുടെ ആചാര്യന്മാര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. കാരണം വികലമായ ഉച്ചാരണം ഭാഷയെ വികലമാക്കും എന്ന് മാത്രമല്ല, ദുരര്‍ത്ഥങ്ങള്‍ സൂചിപ്പിക്കപ്പെടുകയും ത്ന്മൂലമ് ധര്‍മച്യുതിവരുകയും ചെയ്യുമെന്നവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ആറു വേദാങ്ങളില്‍ പ്രധമമാണ് ശിക്ഷ ശാസ്ത്രം. വേദാംങ്ങള്‍ ശ്ക്ഷാ, കല്പം, വ്യാകരണം, നിരുക്തം,ചന്ദസ്,ജ്യോതിഷം എന്നീ ക്രമത്തിലാണ് വരുന്നത്. ഇന്ന് ഭാഷയെ സ്നേഹിക്കുന്നവര്‍ വിരളമാണ്, ഉദാഹരണമായിപ്പറഞ്ഞാല്‍ മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടെങ്കിലും, മലയാളനാട്ടുകരായ നമ്മുടെ സഹജീവികളില്‍ പലരും ഇന്നു മാതൃഭാഷയെ മോശമായ്ക്കരുതുകയും
സ്വന്തം കുഞ്ഞുങ്ങളെപ്പോലും മാതൃഭാഷ ഉപയോഗിക്കാന്‍ അനുവദിക്കാത്തവരുമായിട്ടുണ്ട്. പലരും എന്‍റെ കുട്ടിയോട് മലയാളത്തില്‍ ഒന്നും പറയരുത്,കുട്ടിക്ക് ഇംഗ്ലീഷ് മാത്രമേ അറിയാവൂ എന്ന് ഗൂഡമായ ഒരഭിമാനത്തോടെ ഈ ലേഖകനോടുതന്നെ പറഞ്ഞിട്ടുണ്ട്. ഒരു അധ്യാപകനെന്ന നിലയില്‍ പലപ്പോഴും അത് തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക്ന്നോട് വിരോധം തോന്നിയിട്ടുമുണ്ട്. ഇത് സാന്ദര്‍ഭികമായി സൂചിപ്പിചെന്നു മാത്രം. ശുദ്ധമായ ഉച്ചാരണത്തോടെ ശ്രുതി ഭംഗം വരാതെ വേണം ആലാപനം നടത്തുവാന്‍. എങ്കിലേ അത് മനസ്സിനെയും ആത്മാവിനെയും രജ്ഞ്ജിപ്പിക്കയുള്ളൂ. നമ്മുടെ സംഗീതത്തില്‍ ശബ്ദ സൌകുമാര്യത്തിന് വലിയസ്ഥാനമാണ് കല്പ്പിചിരുന്നത്. അനേക ജന്മങ്ങളിലെ പുണ്യം കൊണ്ട് മാത്രമാണ് അനുഗ്രഹീതമായ മാധുര്യമുള്ള ഒരു ശബ്ദം ലഭിക്കയുള്ളു. ഇന്ന് പലഗായകരുടെയും ശബ്ദം കേട്ടാല്‍ അവര്‍ക്ക് കഭക്കെട്ടുണ്ടോ എന്ന് തോന്നി പ്പോകും. മറ്റൊരു രീതിയില്‍ പ്പറഞ്ഞാല്‍ ഒച്ച അടച്ച രീതിയിലുള്ള ശബ്ദം ഉണ്ടെങ്കിലേ സിനിമയില്‍ പാടാന്‍ അവസരം കിട്ടു എന്ന നിലയില്‍ ആയി കാര്യം. ആണിന്‍റെയും പെണ്ണിന്‍റെയും ശബ്ദം കേട്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത പോലയായി. സ്ത്രീ പുരുഷന്മാരുടെ ഒരു യുഗ്മഗാനം കേട്ടാല്‍ രണ്ടു സ്ത്രീകള്‍ തെരുവില്‍ വഴക്ക് കൂടുകയാണെന്ന്തോന്നും. ഈശ്വരാധീനം കൊണ്ട് പ്രശസ്ത ഗായകരായ മുഹമ്മദ് റാഫിയും, ഏശുദാസും, ജയച്ചന്ദ്രന്നും എസ്. ജാനകിയും, പി. സുശീലയും, മാധുരിയും മറ്റും കുറെ വര്ഷം
മുന്‍പാണ് ജനിച്ചത്. അതുകൊണ്ടവര്‍ക്ക് പാടാനും ജനത്തിനെ ആനന്ദിപ്പിക്കുവാനും അവസരം ലഭിച്ചു. അവര്‍ ഈ കലഘട്ടത്തില്‍ ജനിച്ചിരുന്നെങ്കില്‍ ജീവിതം തന്നെ കഷ്ടമായേനെ. വികലമായതെന്തും അത്യന്ത്യാധുനികം ന്യൂ ജനറേഷന്‍ എന്നൊക്കെ ചെല്ലപ്പേരുവിളിച്ചു വിപണനം നടത്തുന്നത് ഇന്ന് മാധ്യമങ്ങളില്‍ പ്പോലും ഒരു സ്വഭാവമായിട്ടുണ്ട്. ഇത് അപഹാസ്യമാണ്. മാധ്യമങ്ങള്‍ സംസ്കാരത്തിന്‍റെ പ്രചാരകരാവണം. ഇനിയെങ്കിലും നമ്മുടെ സംഗീത പൈതൃകത്തെ കാത്ത്സുക്ഷിക്കണം.
സംഗീത ശാസ്ത്രമഹിമ പുരാണങ്ങളില്‍
ശ്രീകൃഷ്ണന്‍ രധാസമേതനായി ഗോപികമാരുമൊത്തു വൃന്ദാവനത്തില്‍ രാസലീല ആടിയിരുന്ന ഒരു ദിനം ഗോപികമാര്‍ക്ക് ഗര്‍വ്തോന്നി കാരണം ശ്രീകൃഷ്ണന്‍ ഞങ്ങളുടെ സ്വന്തം എന്ന ഒരു അഹംകാരം. കൃഷ്ണന്‍ അവരുടെ അഹന്ത നശിപ്പിക്കുവാന്‍ രാധയേയും കൂട്ടി അവിടനിന്നും അന്തര്‍ധാനംചെയ്തു. ചന്ദനമരങ്ങള്‍ സുഗന്ധം പൊഴിക്കുന്ന രോഹിത പര്‍വതത്തില്‍ അവര്‍ എത്തി. അവിടെ ശ്രീകൃഷ്ണനില്‍ മനസുറപ്പിച്ചു തപസ്സു ചെയ്യുന്ന ഒരു മുനിയെ അവര്‍ കണ്ടു. കൃഷ്ണന്‍ തപസനെ വിളിച്ചുണര്‍ത്തി. മുനി തൊഴു കൈകളോടെ രാധാ സമേതനായ കൃഷ്ണനെവലം വച്ച് സായൂജ്യം നേടുകയും ശരീരം ഉപേക്ഷിക്കുകയും ചെയ്തു. മുനിയുടെ ശരീരം അലിഞ്ഞു ഒരു നദിയായി ഒലിച്ചു പോകുന്നത് കണ്ടു രാധ അത്ഭുതത്തോടെ കൃഷ്ണനെ നോക്കി. കൃഷ്ണന്‍പറഞ്ഞു ഇതൊരു അത്ഭുതമല്ല. പണ്ട് നാരദന്‍റെ സംഗീതം കേട്ട് ഞാനും ഇതുപോലെ അലിഞ്ഞു പോയിടുണ്ട്. രാധ ആകഥ കേള്‍ക്കുവാന്‍ ഉത്സാഹം കാണിച്ചപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു. പണ്ട് ബ്രഹ്മ പുത്രനായ നരടനോട് പിതാവ് പറഞ്ഞു പുത്രാ! നീ ഇങ്ങനെ പാട്ടും പാടി നടക്കാതെ സൃഷ്ടിയില്‍ എന്നെ സഹായിക്കു. നാരദന്‍ പറഞ്ഞു അച്ഛന്‍റെ ഈ സൃഷ്ടി ആണ് ലോകത്തിലെ എല്ലാ ദുഖത്തിനും കാരണം. ഇത് മതിയാക്കി എന്നെ പോലെ ഭഗവാന്‍റെ നാമം പാടി സ്തുതിക്കു. ഇതുകേട്ട ബ്രഹ്മാവ് നാരദനെ നീ പാട്ടും പാടി ലോകം ചുറ്റുന്ന ഒരുഗന്ധര്‍വനായി തീരട്ടെ എന്ന് ശപിച്ചു. അങ്ങിനെ ഒരിക്കല്‍ ദേവസഭയില്‍ സംഗീതം അവതരിപ്പിച്ച നാരദന് ദേവാംഗനകളുടെ നൃത്തം കണ്ടു ഭ്രമിച്ചു ശ്രുതി ഭംഗംവന്നു....
കോപിഷ്ഠനായ ബ്ര്‍ഹാമദേവന്‍ നാരദനെ വീണ്ടും ശപിച്ചു. ഇത്തവണ ശാപം ഇപ്രകാരമായിരുന്നു. നീ ഭൂമിയില്‍ ഒരു ശൂദ്രനായി പിറക്കട്ടെ. അങ്ങനെ നാരദന്‍ ഭൂമിയില്‍ ശൂദ്രനായി പിറന്നെങ്കിലും പൂര്‍വ ജന്മ വാസനയാല്‍ വീണ്ടും ഗാനമാലപിച്ചു നടന്നു. അങ്ങനെ അദ്ദേഹം ഒരിക്കല്‍ വേദ പുരിയിലെത്തി. അവിടെ ദേവതുല്യരായ അനേക സ്ത്രീ പുരുഷന്മാരെ അദ്ദേഹം കണ്ടു. അതിസുന്ദരന്‍മാരെങ്കിലും എല്ലാവര്ക്കും അംഗഭംഗം ഉള്ളതായിക്കണ്ട് നാരദന്‍ അവരോടു ചോദിച്ചു. നിങ്ങള്‍ ആരാണ് എന്താണ് ഈ അങ്ങഭംഗത്തിന് കാരണം. എന്നെ ക്കൊണ്ട് എന്തങ്കിലും സഹായം ചെയ്യുവാന്‍ കഴിയുമോ എന്ന് നോക്കാം. അപ്പോള്‍ അവര്‍ പറഞ്ഞു ബ്രഹ്മ പുത്രനായ നാരദന്‍ എന്ന് പേരായ ഒരാള്‍ രാഗം താളം ശ്രുതി ഇവ ഇല്ലാതെ ഗാനാലാപനം നടത്തി ലോകം ചുറ്റുന്നുണ്ട്.
ഞങ്ങള്‍ രാഗദേവതകളാണ്. ഇയാള്‍ കാരണമാണ് ഞങ്ങള്‍ക്ക് ഈ ഗതി വന്നത്. നാരദന്‍ അവരോടു പറഞ്ഞു നിങ്ങള്‍ പറഞ്ഞ ആ നാരദാനാണ് ഞാന്‍. ശ്രുതിഭംഗമില്ലാതെ ഗാനം ആലപിക്കുവാന്‍ ഞാന്‍ ആരില്‍നിന്നാണ് സംഗീത അഭ്യസിക്കെണ്ടുന്നത്? അവര്‍ പറഞ്ഞു വാഗ്ദേവതായായ സരസ്വതിയില്‍ നിന്നും അങ്ങേക്ക് സംഗീതം അഭ്യസിക്കാം. അങ്ങനെ അനേകവര്‍ഷം നാരദന്‍ സരസ്വതി പ്രീതിക്കായി തപസ്സുചെയ്തു. അങ്ങനെ സരസ്വതിയില്‍ നിന്നും നേരിട്ട് സംഗീതം പഠിച്ചു. ഒരുനാള്‍ തുംബുരു എന്ന ശിഷ്യനുമോത്ത് ഗോലോകതെത്തി എന്‍റെ മുന്നില്‍ സംഗീതം ആലപിച്ചു. ആ സംഗീതത്തില്‍ ഞാന്‍ അലിഞ്ഞു പയി അതിനെ ആണ് ബ്രഹ്മചലം എന്ന് പറയുന്നത്. സംഗീതത്തിനെ മഹിമ കേട്ട് രാധ അത്ഭുതത്തോടെ കൃഷ്ണന്‍റെ മാറിലേക്ക് ചാഞ്ഞു. ഇതനുസാരിച്ചു നോക്കിയാല്‍. ഇന്നത്തെ ഗായകര്‍ കാരണം സംഗീത ദേവതക്കു പോലും അംഗഭംഗം സംഭവിച്ചിട്ടുണ്ടാകും. പിന്നെ രാഗങ്ങളുടെ കാര്യം പറയണോ?
വേദകാല സംഗീത ചരിതം അല്പം കൂടി
പണ്ട് മിഥിലാധീശനായ ബഹുലശ്വന്‍ എന്നാ പരമ ഭകതനായ മഹാരാജാവ് നാരദ മുനിയെ വേണ്ട പോലെ ഉപചരിച്ച ശേഷം ചോദിച്ചു. സംഗീതത്തിന്‍റെ വൈദിക ബന്ധം എന്താണ്? വേദനഗരിയില്‍ എങ്ങനെയാണ് അതുപയോഗിചിരുന്നത്? രാഗങ്ങള്‍ എത്രയാണ്?..
താളങ്ങള്‍’ഏവയാണ്? പ്രധാന രാഗങ്ങള്‍ ഏതോക്കെയാണ്. നാരദന്‍ പറഞ്ഞു. മഹാരാജന്‍ വേദപുരിയില്‍ വിശ്വാവസു, തുംബുരു, സുദര്‍ശനന്‍,ചിത്രരധന്‍, എന്നിവരും ഞാനും വീണ വേണു മൃദംഗ ദുന്ദുഭി താളങ്ങളോടെ ഹൃസ്വ , ദീര്‍ഘ,പ്ലുത ഉദാത്താനുദാത്താദി സ്വരങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നു. വേദങ്ങള്‍ സാനുനാസികമായും നിരന് നാസികമായും അവിടെ ഘോഷിക്കപ്പെടുന്നു. മൂര്‍ത്തിമത്തായ അഷ്ട താളങ്ങളും, സപ്ത സ്വരങ്ങളും, ഗ്രാമത്രയങ്ങളും, ഭൈരവം, മേഘമല്ലാരം, ദീപകം, മാലകോശം, ശ്രീരാഗം, ഹിന്ദോളംഎന്നെ ആറു രാഗങ്ങളും അവാരുടെ അഞ്ചു പത്നികളും എട്ടു പുത്രന്‍മാരും അവിടെ വിരാജിക്കുന്നു. ഭൈരവരാഗം കീരിയുടെ നിറത്തിലും,മാളകം തത്തയുടെ നിറത്തിലും, മേഹമാല്ലരം മയിലിന്‍റെ നിറത്തിലും, ദീപകം സ്വര്‍ണ നിറത്തിലും, ശ്രീരാഗം അരുണവര്‍ണത്തിലും അവിടെ വിരാജിക്കുന്നു
ബഹുലശ്വന്‍ചോദിച്ചു,മഹരഷെ! താളങ്ങള്‍,സ്വരങ്ങള്‍, ഗ്രാമങ്ങള്‍, നൃത്തങ്ങള്‍ മുതലായവയുടെ ഭേദങ്ങളും പേരുകളും പറഞ്ഞു തന്നാലും. നാരദന്‍ പറഞ്ഞു: രൂപകം, ച്ഞ്ചരീകം,പരമം, വിരാടം,കമഠം, മല്ലകം, ല്‍ധടി, ജ്ജുടാ എന്നിങ്ങനെ താളങ്ങള്‍ എട്ട്. നിഷാദം, ഋഷഭം, ഗാന്ധാരം, ഷഡ്ജം, മധ്യമം, ധൈവതം, പഞ്ചമം എന്നിങ്ങനെ സ്വരങ്ങള്‍ ഏഴാണ് ഉള്ളത്.മാധുര്യം, ഗാന്ധാരം, ധൌവ്യം, എന്നിങ്ങനെ മൂന്നു സ്വരഗ്രാമങ്ങളും രാസം ,താണ്‍ഡവം,നാട്യം, ഗാന്ധര്‍വം, കൈന്നരം, വൈദ്യാധരം, ഗൌഹ്യകം, അക്രൂരസം, ഹവം, ഭാവം , അനുഭാവം, എന്നിങ്ങനെ നൃത്തങ്ങളും, സരിഗമ പധനി എന്നിങ്ങനെ സ്വരഗമ്യങ്ങളായ പദങ്ങളും ആണുള്ളത്.
കാല ദേശങ്ങള്‍ക്കനുസരിച്ച് സ്വരത്തില്‍ വരുന്ന മിശ്രതകൊണ്ട് രാഗങ്ങള്‍ക്ക് അന്‍പത്താറുകോടി ഭേദങ്ങളുണ്ട്. അവയുടെ അന്തര്‍ഭേദങ്ങള്‍ അനന്തമാണ്. ഈ പരാമര്‍ശങ്ങള്‍ ഇങ്ങനെ നീളുന്നു വിസ്താര ഭയത്താല്‍ ചുരുക്കുകയാണ്. ഏതാണ്ട് ഇതില്‍നിന്നുതന്നെ ഭാരതീയ സംഗീത ശാസ്ത്രം
എത്ര ഔന്നത്യമുള്ളതാണ് എന്ന് മനസിലാക്കാം. സംഭാവനകളൊന്നും സംഗീതത്തിനു നല്‍കിയില്ലെങ്കിലും ഉള്ളത് ദയവായി നശിപ്പിക്കാതിരിക്കുക. ഇനിയെമ്കിലും നമ്മുടെ സംഗീതത്തെ നമുക്ക് ഉപാസിക്കാം ഭക്തിപൂര്‍വ്വം.Prof.anada
No comments:
Post a Comment