മോക്ഷം എന്നു പറയുന്നത് അലൗകികമായ ലോകത്തുള്ള സുഖവാസമെന്നാണ് പലരുടെയും വിശ്വാസം. ഭാരതത്തിന്റെ ചിരപുരാതനമായ സങ്കല്പങ്ങളും ആശയവാദങ്ങളും ദര്‍ശനങ്ങളും നാമ്പെടുത്തിട്ടുള്ള വൈദിക സാഹിത്യത്തിലേക്കിറങ്ങിച്ചെന്നാല്‍ മോക്ഷമെന്നത് അറിവിലൂടെയുള്ള സ്വാതന്ത്ര്യമാണെന്ന് ബോധ്യമാകും.
വൈദിക സാഹിത്യത്തിന്റെ മറപിടിച്ചു കൊണ്ട് ധാരാളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും തുടരുന്ന നാടുകൂടിയാണ് നമ്മുടേത്. പുതിയ രൂപത്തിലും ഭാവത്തിലും ജനമനസ്സില്‍ ഇത്തരം വിശ്വാസങ്ങള്‍ ഉറച്ചുകൊണ്ടുമിരിക്കുന്നു. പൗരോഹിത്യ കര്‍മ കലാപങ്ങളിലും പാപ- പുണ്യ – മോക്ഷ സിദ്ധാന്തങ്ങളിലും മതിമറന്ന് നമ്മുടെ ജനത ഇന്ന് അന്ധവിശ്വാസത്തിന്റെ പഴയ ഭൂമികയിലേക്ക് മടങ്ങിപ്പോകുകയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവേദങ്ങളെ സംബന്ധിച്ചുള്ള പല വിവാദങ്ങളും ഇന്നും തര്‍ക്കങ്ങളെ അതിജീവിച്ചിട്ടില്ല.
നമ്മുടെ പൈതൃകത്തിന്റെ സ്മാരകശിലകളാണെന്നുള്ള അവബോധത്തിലാണ് വേദങ്ങളെ സമീപിക്കേണ്ടത്. മുമ്പ് ഉപരിവര്‍ഗമാണ് വേദങ്ങള്‍ കൈക്കലാക്കി വച്ചിരുന്നതെങ്കില്‍ ഇന്നത് മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കു കൂടി പ്രാപ്യമായിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേദം ഇന്നും മനസ്സിലായിട്ടല്ല. വേദങ്ങളുടെ ലളിതവും സത്യസന്ധവുമായ വ്യാഖ്യാനം ലഭ്യമല്ലാത്തതിനാല്‍. ഇക്കാരണം കൊണ്ടുതന്നെ വേദപണ്ഡിതര്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നവണ്ണം വേദസൂക്തങ്ങളെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെട്ടുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.
കാളിദാസന്‍ പറഞ്ഞതുപോലെ ഗഹനമായ വേദങ്ങള്‍ ഹിമാലയം പോലെ നില്‍ക്കുമ്പോള്‍ പൂര്‍വസൂരികള്‍ പ്രകാശിപ്പിച്ച വഴികളാണ് നമുക്ക് ഉള്‍വിളക്കുകളായിരിക്കുന്നത്. വേദങ്ങളെ പറ്റിയുള്ള അറിവില്ലായ്മയാണ് സമൂഹത്തെ അന്ധതയിലേക്ക് നയിക്കുന്നതിനുള്ള മുഖ്യ കാരണം.
ബഹുജനങ്ങള്‍ വേദങ്ങളെയോ അതിന്റെ നേരിട്ടുള്ള പരിഭാഷകളോ വായിക്കുന്നില്ല എന്നു മാത്രമല്ല, അവയെപ്പറ്റി അതിലെ വാക്യങ്ങളെ പ്രാമാണികമാക്കിയുള്ള മറ്റുള്ളവരുടെ സ്വയം കല്‍പ്പിതമായ ആശയങ്ങളാണ് ജനഹൃദയണ്ടളിലെത്തുന്നത്. നഗ്‌നമായ ഒരു സത്തയുണ്ട് മനുഷ്യജീവിതത്തിന്.
ആ സത്തയെ അല്ലെ കില്‍ അതിന്റെ വ്യാപകപ്രസാധനങ്ങളെയാണ് വേദം ലക്ഷ്യമാക്കുന്നത്. ലോകവും മനുഷ്യനും പ്രകൃതിയും മനുഷ്യനും കര്‍മ്മവും മനുഷ്യനും എന്നിങ്ങനെ വിവിധ തലങ്ങളില്‍ വേദം മനുഷ്യപ്പെരുളിനെ വ്യാഖ്യാനിച്ചു. ഒരു എഴുത്തുകാരന്റെ വിവിധ സൃഷ്ടികള്‍ പോല ബ്രഹ്മത്തിന്റെ വിവിധ പ്രകാരങ്ങളാണ് മനുഷ്യര്‍ എന്ന പ്രമാണമാണ് വേദങ്ങള്‍ സ്വീകരിച്ചത്. കാലങ്ങള്‍ ഈ ഭൂമിയില്‍ മാറിമറിഞ്ഞു പിരിയുമ്പോഴും ആ കാലങ്ങള്‍ അതതിന്റെ ഭൗമികതയില്‍ പല വിജയങ്ങളും സാധ്യതകളും നേടുമ്പോഴും പിടിതരാതെ നില്‍ക്കുന്ന ഒരവൃക്ത തന്നെയാണ് മനുഷ്യന്‍. പെണ്ണും ആണും ഉള്‍പ്പെടുന്ന ആ അവസ്ഥയുടെ സത്ത അന്വേഷിക്കുന്നവര്‍ എന്നുമുണ്ട്. അതൊരു തുടര്‍ച്ചയാണ്. വാചസ്പതിര്‍ വാചം ന : സ്വദതു (വാക്പതിയായ അങ്ങ് ഞങ്ങളെ രക്ഷിച്ചാലും) എന്ന വേദപ്രാര്‍ത്ഥന അറിവിനെ തിരിച്ചറിവാക്കി മാറ്റുന്ന വിദ്യയാണ് അതീതത്തിനോട് അഭ്യര്‍ത്ഥിക്കുന്നത്.ആദിമവേദമായ ഋഗ്വേദത്തിന്റെ നിര്‍മ്മാണകാലത്തെപ്പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായമാണുള്ളത്.
ബി.സി രണ്ടായിരമാണ്ടാണ് ഋഗ്വേദസൂക്തങ്ങളുടെ ഉല്‍ഭവകാലമെന്ന് പാശ്ചാത്യ പണ്ഡിതമാരുടെ വാദത്തിന് ബദലായി കാലം അഞ്ഞൂറാമാണ്ടിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണെന്ന് യുക്തിപൂര്‍വം സ്ഥാപിക്കാന്‍ ലോകമാന്യ ബാലഗംഗാധര തിലകന്‍ പരിശ്രമിച്ചിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്ന ഒരു ജനസമൂഹത്തെയാണ് ഋഗ്വേദത്തില്‍ കാണാന്‍ കഴിയുന്നത്. മനുഷ്യര്‍ അയോയുഗത്തിലെത്തിയ കാലമായിരുന്നു അത്. ‘ഈ കുതിരയുടെ കാലുകള്‍ ഇരുമ്പു കൊണ്ടുള്ളവയാണ് ‘ എന്ന ഋഗ്വേദത്തിലെ 163.9 ലെ പരാമര്‍ശം ഇതിനെ സാധൂകരിക്കുന്നതാണ്. ഇപ്രകാരം ഇരുമ്പിനെയും സ്വര്‍ണ്ണത്തെയും പറ്റിയുള്ള നിരവധി മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്.
കൃഷിയായിരുന്നു സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. കുലാധിപത്യം മുതല്‍ രാജാധിപത്യം വരെയുള്ള ഭരണവ്യവസ്ഥ ഋഗ്വേദം പ്രതിനിധാനം ചെയ്യുന്നതായി കാണാം.ഋഗ്വേദത്തില്‍ പ്രതിപാദിക്കപ്പെടുന്ന എല്ലാ ദേവതകളെയും രണ്ടാമത്തെ വേദമായ യജുര്‍വേദത്തില്‍ കാണാമെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. ഋഗ്വേദത്തിലെ രുദ്രന്‍ എന്ന ദേവത യജുര്‍വേദത്തില്‍ ശങ്കരനായും ശിവനായും വളര്‍ച്ച പ്രാപിക്കുന്നുണ്ട്. പ്രജാപതി എന്ന ദേവതയ്ക്കും യജുര്‍വേദം വളരെയധികം പ്രാധാന്യം നല്‍കുന്നു. വിഷ്ണുവിനും യജ്ഞത്തിനും അഭേദ്യബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നത് യജുര്‍വേദമാണ്. ദേവാസുര പ്രസ്താവവും നാഗപൂജയുടെ ഉത്പ്പത്തിയും യജുര്‍വേദത്തിലാണുള്ളത്. യജ്ഞ സ്തുതിപരമായ ഈ വേദം ദേവതകള്‍ യജ്ഞക്രിയകളാല്‍ ബന്ധിക്കപ്പെട്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.സാമവേദത്തെയും അഥര്‍വവേദത്തെയും കുറിച്ചുള്ള ലഘു വിവരണം മുമ്പ് നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടുമാവര്‍ത്തിക്കുന്നില്ല.
ചുരുക്കത്തില്‍, വേദങ്ങളുടെ മഹത്വവല്‍ക്കരണം മാത്രമല്ല നാമിന്ന് നടത്തേണ്ടത്. എല്ലാത്തരം ഭേദവിചാരങ്ങളെയും അതിക്രമിക്കുന്ന അവയുടെ അന്ത:സത്തയെക്കുറിച്ചുള്ള അന്വേഷണമാണ്. എങ്കില്‍ മാത്രമേ നമ്മുടെ കലയും സാഹിത്യവും ജ്ഞാനവും ബോധവും പ്രയോഗവും വര്‍ത്തമാനനിബിഡമായ സ്ഥാപിതത്വങ്ങളില്‍ നിന്നും വാശികളില്‍ നിന്നും പൊളളത്തരങ്ങളില്‍ നിന്നും കൃത്രിമോത്സവങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെടൂ.
ജന്മഭൂമി: http://www.janmabhumidaily.com/news706103#ixzz4sylq4bV7
No comments:
Post a Comment