Saturday, September 16, 2017

ഇന്ന് പല വീടുകളിലും പ്രകൃതിയുടെ അതിമനോഹരമായ ചിത്രങ്ങള്‍ ചുമരുകളില്‍ തൂക്കിയിടുന്നത് കാണാം. ഇതിന്റെ അര്‍ത്ഥം ആ വീട്ടുകാര്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണല്ലൊ. എന്നിട്ടും അവര്‍ മുറ്റത്ത് നില്‍ക്കുന്ന വൃക്ഷം വെട്ടിമാറ്റുന്നു, അന്ധവിശ്വാസത്തെ അകറ്റാനുള്ള ബദ്ധപ്പാടില്‍ കാവുകള്‍ വെട്ടിനശിപ്പിക്കുന്നു, കുളങ്ങള്‍ മൂടുന്നു. ഇങ്ങനെ നമ്മുടെ പ്രകൃതിസ്‌നേഹവും പ്രകൃതി സംരക്ഷണവും കേവലം ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
നമ്മുടെ നിലനില്‍പ്പുതന്നെ പ്രകൃതിയുടെ സംരക്ഷണത്തിലൂടെയാണെന്ന സത്യം നമ്മള്‍ മറക്കുന്നു. ജലാശയങ്ങള്‍ വറ്റിവരളുമ്പോഴും ദാഹജലത്തിനുകൂടി ദൗര്‍ലഭ്യം അനുഭവിക്കുമ്പോഴും പ്രകൃതിസംരക്ഷണവും ഭൂമിയിലെ ജലലഭ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ ജലസമ്പത്തിനെ രക്ഷിക്കാനാവു. അതുപോലെ തിരിച്ചും.
ഇന്നു ഭൂമിയിലെ ജലം വറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ വെള്ളം കുറയുമെന്ന് പണ്ട് സ്വപ്‌നത്തില്‍ പോലും ആരും കരുതിയിട്ടുണ്ടാവില്ല. എന്നാലും ജലം പാഴാക്കാതിരിക്കാന്‍ അന്നുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. വെള്ളമില്ലെങ്കില്‍ ജീവനില്ല, ജീവിതവും ഇല്ല എന്ന് അവര്‍ക്കറിയാമായിരുന്നു.
അന്നൊക്കെ എല്ലാ വീടുകളിലും കിണ്ടിയില്‍ വെള്ളം നിറച്ചുവയ്ക്കും. കിണ്ടിയില്‍നിന്ന് ഒഴിച്ചാണ് കൈ കഴുകുകയും മറ്റും ചെയ്തിരുന്നത്. അങ്ങനെ വെള്ളം ആവശ്യത്തിന് മാത്രമെ ചെലവാക്കുകയുള്ളു. എന്നാല്‍ ഇന്നു പലരും ഉപയോഗം കഴിഞ്ഞ് ടാപ്പ് ശരിയായി അടയ്ക്കാന്‍ പോലും ശ്രദ്ധിക്കാറില്ല.
അമ്മയുടെ കുട്ടിക്കാലം ഓര്‍മ്മവരുന്നു. അന്നു ഞങ്ങളുടെ ഗ്രാമത്തില്‍ ആയിരം വീടിനും കൂടി ഒരു പൈപ്പേയുള്ളൂ. രാവിലെ വെള്ളത്തിന് ചെന്നാല്‍ രാത്രിവരെ കാത്തുനിന്നാലെ ഒരു കുടം വെള്ളം കിട്ടുകയുള്ളൂ. ചിലപ്പോള്‍ കിട്ടുകയേ ഇല്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് ഇപ്പോഴും യാത്രയ്ക്കിടയില്‍ വഴിയരികില്‍ എവിടെയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു കണ്ടാല്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോകുന്നതുപോലെ വിഷമം തോന്നും.
ഉടനെതന്നെ വണ്ടി നിര്‍ത്തിയിട്ട്, വെള്ളം പോകുന്നതു തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു നോക്കും. വെള്ളത്തിന്റെ വില ചെറുപ്പത്തിലേ അറിഞ്ഞതുകൊണ്ടാണ് അമ്മയ്ക്ക് ആ ഭാവം വന്നത്. അത്തരത്തിലുള്ള ഒരു ഭാവം നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമാണ്.
അടുത്ത കാലത്തായി പല സംസ്ഥാനങ്ങളിലും മഴവെള്ളം സംഭരിക്കുന്നത് നിര്‍ബ്ബന്ധമാക്കിയുള്ള നിയമം വന്നിട്ടുണ്ട്. മഴവെള്ളം നല്ലത് തന്നെയാണ്, പക്ഷെ ഫാക്ടറികളിലെയും വാഹനങ്ങളുടെയും പുകയും മറ്റുമാലിന്യങ്ങളും മൂലം ഇന്ന് അന്തരീക്ഷവും മലിനമാണ്. ആ മാലിന്യം മഴവെള്ളത്തെയും ബാധിക്കും.
അതുകൊണ്ട് ടാങ്കില്‍ സംഭരിക്കുന്ന മഴവെള്ളം കുളത്തിലെ വെള്ളം പോലെ ശുദ്ധമാകണമെന്നില്ല. വീടിനോടുചേര്‍ന്ന് അര സെന്റ് സ്ഥലത്ത് കുളം വച്ചാല്‍ മഴവെള്ളമെല്ലാം ആ കുളത്തില്‍ ചെന്ന് വീഴും. കുളത്തിലെ പായലും, മീനും മറ്റും അഴുക്കിനെ ഇല്ലാതാക്കി വെള്ളത്തെ ശുദ്ധീകരിക്കുന്നു. കൂടാതെ മണ്ണും മരത്തിന്റെ വേരുകളും വെള്ളത്തെ അരിച്ച് ശുദ്ധമാക്കുന്നു. ഇപ്പോള്‍ നമ്മള്‍ ഫില്‍റ്റര്‍ വാങ്ങി വെള്ളം ശുദ്ധീകരിക്കുകയാണ്.
എന്നാല്‍ കുളത്തിലെ വെള്ളം കൃത്രിമ മാര്‍ഗ്ഗങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ മണ്ണില്‍ നിന്നും അരിച്ച് വരുന്ന വെള്ളമാണ്. കിണറ്റിലെ വെള്ളവും ഉള്ളില്‍നിന്നുതന്നെ അരിച്ച് വരുന്നതാണ്. പണ്ടുള്ളവര്‍ നെല്ലിമരത്തിന്റെ തടി കിണറിന്റെ അടിത്തട്ടില്‍ ഇടാറുണ്ട്. നെല്ലിയ്ക്ക് ഔഷധഗുണമുള്ളതുകൊണ്ട് കുളത്തിലെയും കിണറ്റിലെയും വെള്ളം ടാപ്പുവെള്ളത്തെ അപേക്ഷിച്ച് ശുദ്ധമായിരിക്കും.
ഇന്നു കേരളത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരുഭാഗം കടലിലേയ്ക്കാഴുകി നഷ്ടപ്പെടുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും അഞ്ച് സെന്റ് സ്ഥലമെങ്കിലും ഉള്ളവര്‍ അര സെന്റോ, കാല്‍ സെന്റോ സ്ഥലം കുളത്തിനായി മാറ്റിവെയ്ക്കണം. സ്ഥലമില്ലാത്തവര്‍ വീടിനോടുചേര്‍ന്ന് മഴവെള്ളം സംഭരിക്കാനുള്ള ടാങ്ക് നിര്‍മ്മിക്കണം.
എല്ലാ വീടുകളോടും ചേര്‍ന്ന് ചെറിയൊരു കാവ് വേണം. അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ കുറച്ച് വൃക്ഷങ്ങള്‍ അടുത്തടുത്ത് വെയ്ക്കണം. പൂര്‍വ്വികര്‍ നമുക്കു പകര്‍ന്നുതന്ന ഇത്തരം നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കു സാധിക്കട്ടെ.
ജലമില്ലെങ്കില്‍ നമുക്ക് ജീവിതമില്ല. ആ സത്യം മനസ്സിലാക്കി ജലാശയങ്ങള്‍ പരമാവധി സംരക്ഷിക്കാനും, ജലം പാഴാകാതിരിക്കാനും നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ടാപ്പ് തുറന്നു ജലം ഉപയോഗിക്കുമ്പോള്‍ എത്രയും കുറച്ച് ഉപയോഗിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണം. എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജലമെന്ന നിധി സംരക്ഷിക്കാനും അതുവഴി ഭൂമിയില്‍ മനുഷ്യരാശിയുടെ നിലനില്‍പ് ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂ.


ജന്മഭൂമി: http://www.janmabhumidaily.com/news705673#ixzz4stA9tdTa

No comments: