Sunday, September 10, 2017

പരമാരാദ്ധ്യനായ ചട്ടമ്പി സ്വാമികള്‍.

തിരുവനന്തപുരത്തിനു സമീപമുള്ള കൊല്ലൂരില്‍ പുരാതന നായര്‍ കുടുംബത്തില്‍ 1029-ാമാണ്ട് ചിങ്ങമാസം 11-ാം തീയതി ഭരണി നാളിലാണ് ഭൂജാതനായത്.
ചട്ടമ്പിസ്വാമിയുടെ ജനനകാലത്ത് ആ കുടുംബം ദാരിദ്ര്യദേവതയുടെ കേളീരംഗമായിരുന്നു. അദ്ദേഹത്തെ ബാല്യകാലത്തില്‍ വേണ്ടവണ്ണം വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ആ കുടുംബത്തിനു കഴിവുണ്ടായിരുന്നില്ല. അതിനാല്‍ വിദ്യാരംഭം എന്ന ചടങ്ങുപോലും എട്ടുപത്തു വയസ്സാകുന്നതുവരെ നടത്തിയിരുന്നുമില്ല.
സമപ്രായക്കാരായ കുട്ടികള്‍ അടുത്തുള്ള കളരിയില്‍ പഠിക്കാന്‍ പോകുന്നത് അദ്ദേഹത്തിനു കാണാമായിരുന്നു. തനിക്കും എഴുത്തു പഠിക്കണമെന്ന വിചാരത്തോടെ ഒരു ദിവസം ഒരു കുട്ടിയുടെ ഓല വാങ്ങിച്ചുനോക്കി. അവനോടു ചോദിച്ച് ചില അക്ഷരങ്ങള്‍ മനസ്സിലാക്കി. അവര്‍ തമ്മിലുള്ള കളി അദ്ദേഹത്തെ കൂട്ടിവായിക്കാന്‍ പ്രാപ്തനാക്കിത്തീര്‍ത്തു.
അക്കാലത്തു പരപ്പന്‍കോട്ടുകാരനായ ഒരു പരദേശബ്രാഹ്മണന്‍ അടുത്തുള്ള കൊല്ലൂര്‍മഠത്തില്‍ സംസ്‌കൃതം പഠിപ്പിച്ചിരുന്നു. ആ മഠവുമായി സ്വാമികളുടെ കുടുംബം അടുപ്പത്തിലായിരുന്നതിനാല്‍ ദിവസവും അവിടെ പോകുക പതിവായിരുന്നു. കൂടാതെ ആ മഠത്തിലെ അന്തര്‍ജ്ജനങ്ങളുടെ വാത്സല്യവും ഔദാര്യവും ദാരിദ്ര്യപീഡിതനായ ആ ബാലനെ അങ്ങോട്ട് ആകര്‍ഷിക്കാതെയുമിരുന്നില്ല.
ഭക്ഷണം ശരിയായി ലഭിച്ചതുകൊണ്ടുമാത്രം അദ്ദേഹം തൃപ്തനായില്ല. ശാസ്ത്രികളുടെ അദ്ധ്യാപനരംഗത്തേക്കായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ചെറുപ്പത്തിലേ ചട്ടമ്പി സ്വാമികള്‍ക്ക് അനിതരസാധാരണമായ ബുദ്ധിവൈഭവമുണ്ടായിരുന്നു. ശാസ്ത്രികള്‍ ഇരിക്കുന്നതിനു സമീപമുള്ള ഒരു ഭിത്തിക്കു മറഞ്ഞുനിന്ന് അവിടെ പഠിപ്പിച്ചിരുന്ന കാവ്യങ്ങളെല്ലാം ഹൃദിസ്ഥമാക്കി.
ഏതാണ്ട് ഒരു വര്‍ഷക്കാലം ഇങ്ങനെ കഴിഞ്ഞതിനുശേഷമേ ശാസ്ത്രികള്‍, തനിക്ക് ഈ വിധം അസാമാന്യനായ ഒരു ശിഷ്യനുണ്ടെന്നു മനസ്സിലാക്കിയുള്ളൂ. ഒരു പ്രാവശ്യം കേട്ടാല്‍ എന്തും അതേപടി വിട്ടുപോകാതെ ധരിക്കുവാന്‍ കഴിയുമായിരുന്ന ബുദ്ധിവികാസം കണ്ട് സന്തുഷ്ടനായ ശാസ്ത്രികള്‍ കുറച്ചുകാലം കൊണ്ട് ആ ബാലനെ സംസ്‌കൃതഭാഷയിലെ മിക്ക കാവ്യങ്ങളും പഠിപ്പിച്ചു.
യോഗവേദാന്താദി ശാസ്ത്രപരിശീലനം
അക്കാലത്തൊരിക്കല്‍ കൊല്ലൂര്‍ ക്ഷേത്രസങ്കേതത്തില്‍ വെച്ച് അജ്ഞാതനാമാവായ ഒരു മഹാന്‍ ഇദ്ദേഹത്തിന് സുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചുകൊടുത്തു. ആ മന്ത്രോപാസന വൈരാഗ്യപൂര്‍വ്വം അനുഷ്ഠിച്ച് സിദ്ധിവരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്നു പേട്ടയില്‍ രാമന്‍ പിള്ള ആശാനെ സമീപിച്ച് അദ്ദേഹത്തില്‍ നിന്നും സംഗീതവും തമിഴിലെ പ്രാരംഭപാഠങ്ങളും പഠിച്ചു. എന്നാല്‍ സംസ്‌കൃതഭാഷയിലും മറ്റും സാമാന്യം വ്യുല്‍പത്തിയുണ്ടായിരുന്ന അദ്ദേഹത്തെ രാമന്‍ പിള്ള ആശാന്‍ കളരിയിലെ ചട്ടമ്പിയാക്കി നിശ്ചയിച്ചു. ഈ സ്ഥാനപ്പേരിനാലാണ് ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നത്.
മാതാപിതാക്കള്‍ അയ്യപ്പന്‍ എന്നായിരുന്നു പേരിട്ടത്. കുഞ്ഞന്‍ എന്ന ഓമനപ്പേരായിരുന്നു സാധാരണ വിളിച്ചുവന്നത്. അതാണു പില്‍ക്കാലത്തു കുഞ്ഞന്‍പിള്ളച്ചട്ടമ്പി എന്ന പ്രസിദ്ധനാമത്തിനു കാരണം. ജന്മനാ ഭക്തനായിരുന്ന അവിടുന്ന് രാമന്‍പിള്ള ആശാന്റെകൂടെ താമസിച്ച് പഠിച്ചിരുന്ന കാലത്ത് രാത്രിസമയങ്ങളില്‍ അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ചെന്നു ധ്യാനജപാദികളില്‍ മുഴുകി ഇരിക്കുന്നതു കണ്ടിട്ടുണ്ടെന്ന് ആശാന്‍തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അന്നു പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ഉത്സാഹത്തില്‍ ‘ജ്ഞാനപ്രജാഗരം’ എന്നൊരു സഭ നടന്നിരുന്നു. ആ സഭയിലെ പ്രധാന പ്രസംഗങ്ങള്‍ മതപരങ്ങളായ വിഷയങ്ങളെപ്പറ്റി ആയിരുന്നു. അവിടെവച്ചു സ്വാമികള്‍ക്കു തൈക്കാട്ട് അയ്യാവിനെ പരിചയപ്പെടാനും അദ്ദേഹത്തില്‍നിന്ന് തമിഴ് ഭാഷയിലുള്ള ചില ‘പാടലുകള്‍’ പഠിക്കാനും കഴിഞ്ഞു. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു സുബ്രഹ്മണ്യഭക്തനും ഹഠയോഗിയും ആയിരുന്നു.
ശ്രീ ആത്മാനന്ദസ്വാമികള്‍
തന്റെ സഞ്ചാര കാലത്തുതന്നെ ആത്മാനന്ദസ്വാമികളുമായി സഹവാസത്തിനു ഇടവന്നു. അദ്ദേഹത്തില്‍നിന്ന് അഗസ്ത്യസമ്പ്രദായത്തിലുള്ള യോഗപരിശീലനങ്ങള്‍ നേടി. ഈ ആത്മാനന്ദസ്വാമികള്‍, ചാന്നാന്‍വര്‍ഗ്ഗത്തില്‍ ‘കുമാരവേലു’ എന്ന് ആദ്യകാലത്തില്‍ അറിയപ്പെട്ടിരുന്നു. മഹാസിദ്ധനായിരുന്ന അദ്ദേഹം മരുത്വാമലയില്‍ വളരെക്കാലം ഇരുന്നു തപസ്സു ചെയ്തതായി കേട്ടിട്ടുണ്ട്. സ്വാമിതിരുവടികളാകട്ടെ, താനൊരു ഉന്നതവംശജനാണെന്നുള്ള അഭിമാനം ലേശവുമില്ലാതെയാണ് തന്റെ ഗുരുനാഥനായ ആത്മാനന്ദ സ്വാമികളെ ശുശ്രൂഷിച്ചിരുന്നത്. ഈ സ്വഭാവവിശേഷമായിരുന്നു ആത്മാനന്ദസ്വാമികളില്‍നിന്നു സകല യോഗ രഹസ്യങ്ങളും ഗ്രഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
അവധൂതഗുരുവും അത്മാനുഭൂതിയും
യോഗനിഷ്ഠ ലഭിച്ചതുകൊണ്ടും ശാസ്ത്രജ്ഞാനം സമ്പാദിച്ചതുകൊണ്ടും മാത്രം അദ്ദേഹം സംതൃപ്തനായില്ല. തനിക്കു ഏതോ ഒന്നിന്റെ കുറവുണ്ടെന്നുള്ള വിചാരം അവിടുത്തെ അലട്ടിക്കൊണ്ടിരുന്നു. നിരാശാവശനായി പരദേശത്തു കഴിച്ചുകൂട്ടുന്ന കാലത്ത് ബ്രഹ്മവിദ്വരീയനായ ഒരു അവധൂതശ്രേഷ്ഠനെ യാദൃച്ഛികമായി കണ്ടുമുട്ടാനിടയാകുകയും അദ്ദേഹത്തില്‍ നിന്നു ബ്രഹ്മാത്മൈക്യബോധകമായ ജ്ഞാനോപദേശം സിദ്ധിച്ച് ജീവന്മുക്തനായിത്തീരുകയും ചെയ്തു.
അനാചാരദൂരീകരണവും ഹിന്ദുധര്‍മ്മ പ്രചാരണവും
അവിടുത്തെ ശ്രദ്ധ ആദ്യമായി പതിഞ്ഞത്, ഹിന്ദു സമുദായത്തിലെ ദുരാചാരങ്ങള്‍ നാമാവശേഷമാക്കുന്നതിലായിരുന്നു. കേരളം ബ്രാഹ്മണര്‍ക്ക് അട്ടിപ്പേറായി കിട്ടിയിട്ടുള്ളതാണെന്നും ബ്രാഹ്മണേതരരായ സകലരും ആ ബ്രാഹ്മണരുടെ സുഖസൗകര്യാദികള്‍ക്കുള്ള വെറും ഉപകരണങ്ങളായി കഴിഞ്ഞു കൂടണമെന്നുമായിരുന്നു അന്നത്തെ വിശ്വാസം. ആ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍വേണ്ടി ‘ശാങ്കരസ്മൃതി’ എന്ന പേരിലും മറ്റും അനവധി കള്ളപ്രമാണങ്ങളും ബ്രാഹ്മണരില്‍ ആരോ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചിരുന്നു. ആവക വിശ്വാസങ്ങളുടെ വാസ്തവാവാസ്തവങ്ങള്‍ വേണ്ടവിധം അറിയുന്നതിനായി സ്വാമികള്‍ കേരളത്തിലെ പഴയ പലേ ഗ്രന്ഥപ്പുരകളും പരിശോധിച്ചുനോക്കി.
ശൂദ്രരെന്നു ബ്രാഹ്മണരാല്‍ അഭിസംബോധനം ചെയ്യപ്പെട്ടിരുന്ന നായന്മാര്‍ കേരളത്തിലെ സംസ്‌കാരസമ്പന്നന്മാരായ ആദിമനിവാസികളായിരുന്നു. കേരളം പരശുരാമന്‍ സൃഷ്ടിച്ച് ബ്രാഹ്മണര്‍ക്കു ദാനംചെയ്തതാണെന്നുമുള്ള കഥ വെറും കെട്ടുകഥയാണെന്നും കേരളത്തിന്റെ സര്‍വ്വവിധമായ ഭാഗധേയത്തിനും കാരണഭൂതന്മാര്‍ സാക്ഷാല്‍ നായന്മാര്‍തന്നെ ആയിരുന്നെന്നും, നമ്പൂതിരിമാര്‍തന്നെ ഒരു കാലത്തു നായര്‍ വംശജന്മാരായിരുന്നെന്നും പ്രാചീനഗ്രന്ഥപരമ്പരകളില്‍ നിന്ന് അവിടുത്തേയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ വാസ്തവത്തെ വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘പ്രാചീനമലയാളം’. അതിലെ ആശയം കേരളമൊട്ടുക്കു പ്രചരിപ്പിക്കാനും കഴിഞ്ഞു. വിപ്ലവകരമായ ആ ആശയവിശേഷം നായര്‍ സമുദായത്തെ പ്രബുദ്ധമാക്കിത്തീര്‍ത്തു.
‘ക്രിസ്തുമത നിരൂപണം’ എന്ന ഗ്രന്ഥം കൂടെ എഴുതുന്നതിനും അദ്ദേഹം പ്രേരിതനായി. ഹിന്ദുക്കളെ വൈദേശികമതാവലംബികളാക്കിത്തീര്‍ക്കാന്‍ ബദ്ധകങ്കണന്മാരായി പുറപ്പെട്ട ഒരുകൂട്ടമാളുകളുടെ ‘ മതാക്രമണം’ കേരളത്തേയും ബാധിച്ചിരുന്ന കാലത്തായിരുന്നു ആ ഗ്രന്ഥരചന. മതാന്ധന്മാര്‍ സകല കലകളുടേയും സംസ്‌കാരങ്ങളുടേയും കേളീരംഗമായി ശോഭിക്കുന്ന പുണ്യക്ഷേത്രങ്ങളുടെ പുരോഭാഗത്തില്‍ നിന്ന്, ‘പാപികളേ’ ! ‘വിഗ്രഹാരാധനക്കാരേ’ !! എന്ന് ഹിന്ദുക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, സുവിശേഷങ്ങള്‍ നടത്തുന്ന കാലമായിരുന്നു അത്. സാധുക്കളും അജ്ഞന്മാരുമായ പുലയര്‍, ചാന്നാര്‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായവ കൊടുത്തു മയക്കി ഭേദിപ്പിച്ചു സ്വമതമാര്‍ഗ്ഗത്തിലേര്‍പ്പെടുത്തി നരകമനുഭവിക്കുന്നത്’ അവിടുത്തേയ്ക്കു സഹ്യമായിരുന്നില്ല. അന്നൊരിക്കല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേയ്ക്കു സ്വാമികള്‍ പോകുമ്പോള്‍ വഴിയില്‍വെച്ച് ഒരു പാതിരി അദ്ദേഹത്തെത്തടഞ്ഞു നിര്‍ത്തി. ‘കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക! എങ്കിലേ രക്ഷയുള്ളൂ. ക്ഷേത്രത്തില്‍ പോകരുത്. അതു നരകക്കുഴിയാണ്.’ എന്നെല്ലാം അവിടുത്തോട് ഉപദേശിച്ചു. മതോന്മാദം പിടിച്ച ആ പാതിരിയുടെ ‘ഹാലിളക്കം’ കണ്ടു സര്‍വ്വമത രഹസ്യവേദിയായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ഒന്നു പുഞ്ചിരിതൂകിയതേയുള്ളൂ. ഈ സംഭവവും അവിടത്തേയ്ക്കു ആ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്‍കി.
ശ്രീചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും
അവിടുത്തെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ഇരുവരും ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. വാമനപുരത്തിനടുത്തുള്ള ‘അണിയൂര്‍’ ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.
അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനഃസ്വസ്ഥതയില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ ‘നീയാരാണെന്നു നിനക്കറിയാമോ?
രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്‌നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനായ പൊടിപ്പറമ്പില്‍ നാരായണപിള്ള യെ അറിയിച്ചു. അദ്ദേഹം ഒരു മഹാനെ കാണിച്ചുതരാം’ എന്നുപറഞ്ഞ് നാരായണ ഗുരുവിനെ കൂട്ടിക്കൊണ്ട് ചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു.
ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം അറിയാന്‍ കഴിഞ്ഞ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമികളുടെ സന്നിധിയില്‍ വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്. അങ്ങനെ കഴിഞ്ഞുവരവേ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമികള്‍ നാരായണഗുരു സ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. ‘ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.’ ഇതുകേട്ട ഉടന്‍തന്നെ ‘അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.’ എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. ‘വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ’, എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം’ എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു.
കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് ‘പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം’ എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.
പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത പക്ഷത്തിലെ ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമികള്‍ ഉപദേശിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്.
അദ്ദേഹത്തിനു നാരായണഗുരുവിനെ കൂടാതെ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, ശ്രീ ബാലസുബ്രഹ്മണ്യശിവം, ഐക്കരനാട്ടു രാമന്‍പിള്ള എന്നിവരും ശിഷ്യരായിട്ടുണ്ടായിരുന്നു.
ആശ്രമങ്ങള്‍
കീര്‍ത്തിയെ തൃണവല്‍ഗണിച്ചിരുന്ന സാക്ഷാല്‍ യതീശ്വരനായ ചട്ടമ്പിസ്വാമികളുടെ സ്മരണ നിലനിറുത്താന്‍ ഒരു സമുദായക്കാരും സംഘടിതമായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ അവിടുത്തെ അനുഗ്രഹപാത്രവും ലോകക്ഷേമൈകനിരതനുമായ കുമ്പളത്തു ശങ്കുപ്പിള്ള അവര്‍കളുടെ പരിശ്രമഫലമായി അവിടുത്തെ സമാധിസ്ഥലത്തു ‘ബാലഭട്ടാരകേശ്വരം’ എന്ന ഒരു പുണ്യക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അവിടെ നടത്തിവരുന്ന വിദ്യാലയാദികളും അവിടുത്തെ സ്മാരകങ്ങളാണ്. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമിതിരുവടികളാല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാഴൂര്‍ തീര്‍ത്ഥപാദാശ്രമവും എഴുമറ്റൂര്‍ പരമഭട്ടാരാശ്രമവും, അവിടുത്തെ പരമ്പരയെ നിലനിര്‍ത്തിപ്പോരുന്ന പുണ്യാശ്രമങ്ങളാണ്. അതുപോലെതന്നെ സമ്പത്ശ്രീമാനും പരമഭക്തനുമായിരുന്ന താഴത്തോട്ടത്തു വേലുപ്പിള്ള, തന്റെ ഗുരുനാഥനായ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ സമാധിസ്ഥലത്ത് (കരുനാഗപ്പള്ളിയില്‍) സ്ഥാപിച്ചിട്ടുള്ള ക്ഷേത്രവും തത്സംബന്ധമായി നടത്തിവരുന്ന സംസ്‌കൃത സ്‌കൂള്‍ മുതലായ ധര്‍മ്മസ്ഥാപനങ്ങളും ചട്ടമ്പിസ്വാമികളുടെ ആദര്‍ശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോരുന്നവയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news702214#ixzz4sLF4qZLA

No comments: