Sunday, September 24, 2017

തന്ത്ര-യോഗ ശാസ്ത്രപ്രകാരം ദേവിക്ക് നാല് പ്രകടിത ഭാവങ്ങളുണ്ട്. തന്ത്രം, മന്ത്രം, യന്ത്രം, പ്രതിമകള്‍ എന്നിവയിലൂടെ ദേവി പ്രത്യക്ഷഭാവത്തില്‍ പ്രകടിതമാകുന്നു. കുണ്ഡലിനിയോഗശാസ്ത്രം ദേവിയുടെ താന്ത്രിക ഭാവത്തെ പ്രത്യക്ഷമാക്കുന്നു. അക്ഷര-ശബ്ദ പ്രയോഗത്തിലൂടെ ഉപാസ്യദേവതയുടെ സൂക്ഷ്മരൂപം പ്രത്യക്ഷമാക്കപ്പെടുന്നു. ബൃഹത് ഗാന്ധര്‍വ്വതന്ത്രത്തില്‍ പരമേശ്വരന്‍, പാര്‍വ്വതീദേവിയോടു പറയുന്നു.
ശൃണു ദേവീ വിവക്ഷ്യാമി
ബീജാനാം ദേവരൂപതാം
മന്ത്രോച്ചാരേണ മാത്രേണ
ദേവരൂപം പ്രജായതേ.
അല്ലയോ ദേവീ, ബീജങ്ങളുടെ (ബീജാക്ഷരങ്ങളുടെ) ദേവതാ രൂപങ്ങളെപ്പറ്റി പറയാം കേട്ടുകൊള്‍ക. കേവലം മന്ത്രോച്ചാരണങ്ങള്‍കൊണ്ട് ദേവതയുടെ രൂപം പ്രത്യക്ഷമാകുന്നതാണ്.
മൂന്നാമതായി ‘യന്ത്ര’ഭാവമാണ്. ഇത് രേഖകള്‍, ബിന്ദുക്കള്‍, കോണുകള്‍, രേഖപ്പെടുത്തപ്പെടുന്ന അക്ഷരങ്ങള്‍ എന്നിവ ചേര്‍ന്നുള്ള തകിടുകള്‍ (ഏലസ്സ്- ശരീരത്തില്‍ അണിയുന്നവ) വരയ്ക്കപ്പെടുന്ന പടങ്ങള്‍, കോലങ്ങള്‍ മുതലായവയാണ്. ഇതിന് ഏറ്റവും മെച്ചമായ ഉദാഹരണം ശ്രീചക്രംതന്നെയാണ്. ഇനിയുള്ള നാലാമത്തേത് പ്രതിമകളാണ്. ഇവ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍, പ്രതീകാത്മക ശിവലിംഗങ്ങള്‍, ശിലയിലുള്ള കണ്ണാടി (ദേവിക്ക്) പ്രതിഷ്ഠകള്‍ മുതലായവയും, പൂജാകര്‍മ്മങ്ങളിലൂടെ സാന്നിധ്യപ്പെടുന്ന ദേവതാ ഭാവങ്ങളും, ബഹിര്‍ഗമിക്കുന്ന ശക്തിചൈതന്യങ്ങളുമാണ്.
ദേവതാ ഉപാസനയുടെ ആദ്യപടിയാണ് ക്ഷേത്രങ്ങള്‍. ”പ്രതിമാ അല്ല ബുദ്ധീനാം” എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രസങ്കല്‍പ്പങ്ങളില്‍നിന്നും ആധ്യാത്മികമായ ഉയര്‍ച്ചയുടെ ജപം, ധ്യാനം, മനനം, ലയം തുടങ്ങിയ ഉപരിയപരിയായുള്ള ഉപാസനാ രീതികളിലേക്ക് ഭക്തന്മാര്‍ തിരിയാന്‍ ബാധ്യസ്ഥരാണ്. ദേവ്യുപാസനക്കുതകുന്ന അനേകം ജപസൂക്തങ്ങള്‍ വേദങ്ങളിലും ഉപനിഷത്തുകളിലും കാണാന്‍ കഴിയും. ഗായന്ത്രിമന്ത്രം ഏറ്റവും പ്രധാനമായ ഒരു ദേവ്യുപാസനാ മന്ത്രമാണ്. ദേവിയെ സൂര്യനില്‍ ദര്‍ശിച്ചുകൊണ്ടുള്ളതും, പൗര്‍ണമി നാളില്‍ ച്രന്ദനില്‍ ദര്‍ശിച്ചുകൊണ്ടുള്ള  പ്രാര്‍ത്ഥന, ജപ, ധ്യാനങ്ങള്‍ സര്‍വ്വോത്തമമാണ്.ശിവത്വമാകുന്ന ബ്രഹ്മത്തില്‍ ആദ്യമായുണ്ടാകുന്ന പ്രവര്‍ത്തനമാണ് ശക്തിയായ ദേവിയെന്ന് കണ്ടുകഴിഞ്ഞു.
ഏകമായ ബ്രഹ്മത്തിന്റെ ശബ്ദപരമായ ബീജാക്ഷരവും മൂലമന്ത്രാക്ഷരവുമാണ് ഓം എന്ന പ്രണവമന്ത്രം. ഒന്നായ ബ്രഹ്മശിവത്വത്തെ രണ്ടായി കണ്ടുകഴിഞ്ഞപ്പോഴത്തെ ശിവ-ശക്തി ഭാവത്തിന്റെ മൂലമന്ത്രമായ ബീജമന്ത്രമാണ് രാമ മന്ത്രമെന്ന ദ്വയാക്ഷരീ മന്ത്രം. പാര്‍വ്വതി ദേവി പറയുന്നു, ഇപ്രകാരം, പരമേശ്വരനെപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന രാമമന്ത്രത്തിന്റെ പൊരുളാണ് രാമായണത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഓംകാരത്തില്‍ നിന്നും പ്രാണന്‍, മഹത്, അഹം, അഹങ്കാരം, ആകാശം, മുതലായ പഞ്ചഭൂതങ്ങള്‍, പഞ്ചപ്രാണന്മാര്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍ മുതലായവ രൂപപ്പെടുകയും പ്രപഞ്ചസൃഷ്ടിയുണ്ടാവുകയും ദേവി സ്വയം വൃഷ്ടിയും സമഷ്ടിയുമായി വ്യാപരിച്ചിരിക്കുകയുമാണ്. സമഷ്ടിയായ പ്രപഞ്ചവും വ്യഷ്ടിയായ വ്യക്തിയും പരസ്പര പൂരകങ്ങളാണ്.
പ്രപഞ്ചത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനുഷ്യരിലും തദ്വാരാ സമൂഹത്തിലേയും ചിന്താപരവും പ്രവര്‍ത്തിപരവുമായ വ്യതിയാനങ്ങള്‍ പ്രകൃതിയിലും സ്വാധീനം ചെലുത്തുന്നതാണ്.മനുഷ്യസമൂഹത്തിന്റെ വികാര-വിചാര-സംസ്‌കാര- പ്രവൃത്തിപരമായ മോശവും അധാര്‍മ്മികവുമായ ധാരകള്‍ പ്രകൃതിയുടെ ക്ഷോഭത്തിന് ഇടയാക്കുന്നതാണ്. ഇതേപോലെ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, യുദ്ധങ്ങള്‍ മുതലായവയെ ക്ഷണിച്ചുവരുത്തുന്നതുമാണ്. ഇതൊക്കെയും പ്രകൃതിദേവിയുടെ വികാരഭാഗമാണ്. മനുഷ്യര്‍ അപേക്ഷിച്ചാല്‍( ഉപാസിച്ചാല്‍) ദേവി തന്നെ ഇതിന് പരിഹാരവും നേടിത്തരുന്നതാണ്. ദേവീമാഹാത്മ്യത്തിലൂടെ ഈ തത്വം വെളിപ്പെടുത്തുകയും സര്‍വ്വരക്ഷ വാഗ്ദാനം ചെയ്യുകയുമാണ്.
അനാവൃഷ്ടിമൂലം പ്രാണികള്‍ക്ക് ആഹാരത്തിന് നിവൃത്തിയില്ലാതെ പട്ടിണിമൂലം കഷ്ടപ്പെടുമ്പോള്‍ ഞാന്‍ ശാകംഭരീ ദേവിയായി അവതരിച്ച് സ്വന്തം ശരീരത്തില്‍ നിന്നും സസ്യങ്ങള്‍ സൃഷ്ടിച്ച് പ്രാണിരക്ഷ നടത്തുന്നതാണെന്ന് ഉറപ്പുനല്‍കുന്നു( ശ്ലോകം-ഏഴ്).പ്രകൃതിക്ക് പ്രത്യക്ഷത്തിലുള്ള ‘വിരാട്, ആന്തരിക തലത്തിലുള്ള ‘ഹിരണ്യഗര്‍ഭന്‍’, അതിസൂക്ഷ്മത്തിലുള്ള ‘ പരാ’ എന്നീ മൂന്നുതലങ്ങളുണ്ട്. ഇതേപോലെ പ്രകൃതിയുടെ ഉയര്‍ന്ന സൃഷ്ടിയായ മനുഷ്യനിലും വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്ന് മൂന്ന് തലങ്ങളുണ്ട്. പ്രകൃതി മായാരൂപത്തില്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്നതിനുപരി മനുഷ്യന്റെ സൂക്ഷ്മ ശരീരത്തിലും അധിവസിക്കുന്നു. യോഗശാസ്ത്രം ഈ രഹസ്യത്തെ അനാവരണം ചെയ്യുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news710432#ixzz4tdqkUDpu

No comments: