നമ്മുടെ മുജ്ജന്മങ്ങളിലെ അനുഭവങ്ങളൊന്നുംതന്നെ നമുക്കു ഓര്മ്മയില്ലാത്തതെന്താണ് എന്ന ചോദ്യം കൂടെക്കൂടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രജ്ഞ എന്നതു ചിത്തസാഗരത്തിന്റെ ഉപരിതലം മാത്രമാണെന്നും സുഖകരമോ ദുഃഖകരമോ ആയി നമുക്കുണ്ടായിട്ടുള്ള എല്ലാ അനുഭൂതികളും അതിന്റെ അഗാധതലങ്ങളിലാണ് സഞ്ചയിക്കപ്പെട്ടിട്ടുള്ളതെന്നുമാകുന്നു ഇതിനു പറയാനുള്ള സമാധാനം. സ്ഥിരമായി നില്ക്കുന്ന ഒന്നിനെ കണ്ടെത്തുവാനാണ് മനുഷ്യാത്മാവ് അഭിലഷിക്കുന്നത്. മനസ്സും ശരീരവും മാത്രമല്ല, പ്രകൃതിയിലുള്ള സകലപ്രതിഭാസങ്ങളും നിരന്തരമായി ഒരു പരിവര്ത്തനാവസ്ഥയിലാണ്. എന്നാല്‍ നമ്മുടെ ആത്മാവിന്റെ പരമോന്നതമായ അഭിലാഷം മാറ്റമില്ലാത്ത ഒന്നിനെ, ചിരസ്ഥായിയായ പൂര്‍ണ്ണതയിലെത്തിയ ഒന്നിനെ, കണ്ടെത്തുകയെന്നുള്ളതാണ്. ആനന്ത്യത്തെപ്രതിയുള്ള മനുഷ്യാത്മാവിന്റെ അഭിലാഷമാണിത്. നമ്മുടെ സാന്മാര്ഗ്ഗികവും മേധാപരവുമായ വികാസം എത്രകണ്ടു സൂക്ഷ്മത പ്രാപിച്ചിട്ടുണ്ടോ, അവികാര്യമായ ആ നിത്യത്വത്തെ പ്രാപിക്കാനുള്ള നമ്മുടെ അഭിവാഞ്ഛയും അത്രകണ്ടു ശക്തിമത്തായിരിക്കും.
No comments:
Post a Comment