Thursday, September 01, 2016


ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും വികാസത്തിനനുസരിച്ചു നമ്മുടെ ജീവിതത്തിന്‍റെ വേഗതയും സ്വാഭാവികമായും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വേഗതയ്ക്കനുസരിച്ച് നീങ്ങാന്‍ കഴിയാത്തവര്‍ ക്രമേണ സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതൊന്നും തനിക്കു ലഭിക്കുന്നില്ലയെന്ന പരാതിയും, അസൂയയും ആയി ജീവിക്കുന്ന അവരില്‍ ക്രമേണ വിശ്വാസമില്ലായ്മയും ശത്രുതാമനോഭാവവും ഉടലെടുക്കുന്നു. ജീവിതത്തില്‍ വിഷാദത്തിന് അടിമപ്പെട്ട്, എന്നെ ആരും സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലയെന്ന പരാതിയുമായി കഴിയുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറ്റാരെയും സ്നേഹിക്കുന്നില്ലയെന്നതാണ് വസ്തുത.
എന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാനസികവൈകല്യങ്ങളില്‍ ഒന്നാണ് അഹന്ത നിറഞ്ഞ മനസ്സ്. താനാണ് ഏറ്റവും സമര്‍ത്ഥന്‍, അതിനാല്‍ എല്ലാപേരും തന്നെ ബഹുമാനിക്കണം എന്നതൊക്കെയായിരിക്കും ഇത്തരക്കാരുടെ ചിന്താഗതി. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ ബഹുമാനിക്കുന്നതിനോ അവരുടെ വികാരങ്ങള്‍ അംഗീകരിക്കുന്നതിനോ കഴിയില്ല, അതിനാല്‍ തന്നെ മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം പോലും അസാദ്ധ്യമായിരിക്കും. ഇത്തരത്തിലുള്ളവരുടെ കുടുംബബന്ധം കലുഷിതമായില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളൂ. തന്‍റെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ മറ്റൊരു വ്യക്തിയുടെയും സഹായം തനിക്കാവശ്യമില്ലായെന്ന ചിന്ത പലപ്പോഴും അവരെ പരാജയപ്പെടുത്തുന്നതായി കാണുന്നുണ്ട്. എന്നുമാത്രമല്ല, ഏതെങ്കിലും വിധത്തില്‍ വിജയിച്ചുനില്‍ക്കുന്നവര്‍ക്കുപോലും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നിഷിദ്ധമായിത്തീരുന്നു. സ്വന്തം ശക്തിയും ദൌര്‍ബല്യങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഈ അവസ്ഥയില്‍ നിന്നും വളരെ വേഗം രക്ഷപ്പെടാവുന്നതേയുള്ളൂ.
നമ്മുടെയൊക്കെ മനസ്സില്‍ സദാ നിഷേധചിന്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, അത് തന്നെയാണ് നമ്മെ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുക. ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകില്ല, എന്നെ ആര്‍ക്കും ഇഷ്ടമല്ല, ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റം, മറ്റുള്ളവരോടെല്ലാം സ്നേഹം, ജീവിതം ഒരിക്കലും സത്യസന്ധമല്ല, അഴിമതി മാത്രമാണ് എവിടെയും, എന്നെ സഹായിക്കാന്‍ ഈ ലോകത്ത് ആരുമില്ല ഏറ്റവും അവസാനം ഞാന്‍ ഒരു കഴിവുകെട്ടവനാണ്, എന്‍റെ ജീവിതം പരാജയമാണ്, ഞാനൊരു പരാജയമാണ് എന്ന ചിന്തയോടെ അത് പൂര്‍ണ്ണമാകുന്നു. ഈ നിഷേധചിന്തകള്‍ ഒഴിവാക്കുക മാത്രമാണ് ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വലിയ ദുരന്തത്തെ മറികടക്കാനുള്ള ഏകവഴി, അതിനുള്ള മാര്‍ഗ്ഗം സ്വയം അറിയുക എന്നതും.
അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്തവിധം ഊര്‍ജ്ജം നിറഞ്ഞതാണ്‌ നാം ഓരോരുത്തരുടെയും മനസ്സ്. അതിനാല്‍ തന്നെ ആദ്യമായി വേണ്ടത് സ്വന്തം കഴിവുകളെ അംഗീകരിക്കുകയെന്നതാണ്, നിങ്ങള്‍ സ്വയം അംഗീകരിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുവാന്‍ എന്ത് അധികാരമാണ് ഉള്ളത്. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്നെങ്കില്‍ തനിക്കും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുക. ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കാതിരിക്കുക. സ്വന്തം കഴിവുകളും ശക്തിയും ഉപയോഗിച്ച് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുക.
ന്യൂറോസയന്‍സിനെ ആധാരമാക്കിയാല്‍ മനസ്സിനു നാലവസ്ഥകള്‍ ഉണ്ടെന്നു പറയാം, മനസ്സിന്‍റെ ബോധമനസ്സ് പ്രവര്‍ത്തനനിരതമായിരിക്കുന്ന ഉണര്‍ന്നിരിക്കുമ്പോഴുള്ള ഒന്നാമത്തെ അവസ്ഥ. ഉണര്‍വിനും ഉറക്കത്തിനും ഇടയ്ക്കുള്ള അര്‍ദ്ധമയക്കത്തിന്റെതായ രണ്ടാമത്തെ അവസ്ഥയില്‍ ബോധമനസ്സും ഉപബോധമനസ്സും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. ഉറക്കത്തിന്റെതായ മൂന്നാമത്തെ അവസ്ഥയില്‍ ഉപബോധമനസ്സുമാത്രം പ്രവര്‍ത്തനനിരതമായിരിക്കും. അവസ്സാനത്തേത് പൂര്‍ണ്ണമായ അബോധാവസ്ഥയാണ്. ഇതില്‍ പറയുന്ന രണ്ടാമത്തെ അവസ്ഥയില്‍ ശുഭചിന്തകളും ജീവിതലക്ഷ്യങ്ങളും ഉപബോധമനസ്സിനെ ധരിപ്പിച്ചാല്‍ നാം മൂന്നാമത്തെ അവസ്ഥയിലേക്ക് കടക്കുന്നതോടെ നമ്മുടെ ഉപബോധമനസ്സ് ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അത് സഫലമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജവും ആരാഞ്ഞു പ്രവര്‍ത്തനനിരതമാകുകയും അടുത്തദിവസ്സം നാം ഒന്നാമത്തെ അവസ്ഥയില്‍ എത്തുമ്പോള്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജവും സംഭരിക്കുകയും ചെയ്തിരിക്കും. മനസ്സിനെ ഏകാഗ്രമാക്കുന്നതിലൂടെ നിഷേധചിന്തകളെ ഇല്ലായ്മ ചെയ്യുവാനും സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും കഴിയുമെന്നതാണ് വസ്തുത.sarga roy