Tuesday, September 12, 2017

ലോകം ശ്രദ്ധിച്ച വാക്കുകളായിരുന്നു സ്വാമിവിവേകാനന്ദന്റെ 1893 ലെ ചിക്കാഗോ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. അന്നുവരെ ഇങ്ങനെ ഹൃദയത്തില്‍ തൊട്ടവാക്കുകള്‍ ആര്‍ക്കും കേള്‍ക്കാനായിരുന്നില്ല എന്നല്ല, അനുഭവിക്കാനുമായിരുന്നില്ല. അതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അതേപോലെ ലോകം ശ്രദ്ധിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നുണ്ടായത്.
യുവാക്കളിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് അന്ന് വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കില്‍, അതേ യുവാക്കളാണ് നവലോകം കെട്ടിപ്പടുക്കാന്‍ ക്രിയാത്മകമായി രംഗത്തിറങ്ങേണ്ടതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
ആധുനികകാലത്തെ കന്മഷങ്ങകള്‍ക്കെതിരെ പോരാടാന്‍ തയാറാവുമ്പോള്‍ പരിസരം അങ്ങേയറ്റം ശുചിയായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വന്ദേമാതരം ആലപിക്കാന്‍ അര്‍ഹത രാജ്യം ശുചിയാക്കുന്നവര്‍ക്കു മാത്രമാണെന്ന് നരേന്ദ്രമോദി അടിവരയിട്ടു പറയുകയുണ്ടായി. പ്രധാനമന്ത്രിയുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗം തന്നെയായിരുന്നു ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനിലുണ്ടായത്. ഹര്‍ഷാരവങ്ങളോടെ അത് ഹൃദയത്തില്‍ സ്വീകരിച്ച യുവാക്കള്‍ക്ക് കിട്ടിയ ഊര്‍ജം അളവറ്റതാണ്.
തങ്ങളുടെ ലക്ഷ്യമെന്തെന്ന് സ്വയം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായി എന്നതുമാത്രമല്ല ആ പ്രസംഗത്തെ ദീപ്തമാക്കുന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നിവയെക്കുറിച്ചൊക്കെ ശരിയായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ യുവജനങ്ങള്‍ക്കായി.
ദൈവത്തിലേക്കുയരാന്‍ വേണ്ടത് കേവലം മന്ത്രോച്ചാരണങ്ങള്‍ മാത്രമല്ലെന്ന് വിവേകാനന്ദന്റെ ദര്‍ശനങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് മോദി പറഞ്ഞു. പൂജയും മറ്റ് ആചാരങ്ങളും വഴി ദൈവത്തിലേക്കെത്താന്‍ കഴിയില്ല. അതേസമയം സ്‌നേഹപൂര്‍വം ജനങ്ങളെ സേവിച്ചാല്‍ എളുപ്പം അതിന് കഴിയും.
നരസേവയാണ് യഥാര്‍ത്ഥ നാരായണ സേവയെന്ന് അനേകം ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ദേവാലയം പണിയുന്നതിനു മുന്‍പ് ശൗചാലയം നിര്‍മിക്കുകയാണ് വേണ്ടതെന്ന പ്രായോഗികതയിലേക്കും മോദി യുജവനങ്ങളുടെ ശ്രദ്ധക്ഷണിച്ചു. വാസ്തവത്തില്‍ നമുക്ക് വന്ദേമാതരം ചൊല്ലാന്‍ അര്‍ഹതവേണമെങ്കില്‍ രാജ്യം ശുചിത്വത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്ന് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞു.
രാജ്യത്തെ ഏകതയും അഖണ്ഡതയും വാക്കുകളിലൂടെ മാത്രം വരേണ്ടതല്ല. കോളജുകളിലും മറ്റും വിവിധ സംസംസ്ഥാനങ്ങളുടെ പ്രധാന ഉത്സവങ്ങള്‍ അതതിന്റെ ഭാവശുദ്ധിയോടെയും വസ്ത്രധാരണത്തോടെയും ആഘോഷിക്കണം. അങ്ങനെ നമ്മുടെ മാതൃഭൂമിയുടെ മക്കള്‍ ഒറ്റക്കെട്ടാണെന്ന ബോധം പരുവപ്പെടണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ യുവജനങ്ങളെ കര്‍മോത്സുകരാക്കുന്നതരത്തില്‍ ഒരു പ്രഭാഷണം നടത്തുന്നത്. ആത്മാര്‍ത്ഥതയും സമര്‍പ്പണവും ഇഴകിച്ചേര്‍ന്ന മോദിയുടെ പ്രസംഗം അവര്‍അതിന്റെ യഥാര്‍ഥ വികാരത്തോടെ ഉള്‍ക്കൊള്ളുകയും ചെയ്തു.
എല്ലാ സമയത്തെയുംപോലെ ഇത്തവണയും തല്‍പരകക്ഷികളായ ശക്തികള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തിലെ യുവജനങ്ങള്‍ക്ക് കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കിയില്ല. കോളജുകളില്‍ പ്രസ്തുത പ്രസംഗം കേള്‍പ്പിക്കണമെന്ന ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ നിര്‍ദ്ദേശം രാഷ്ട്രീയ ദൃഷ്ടലാക്കിന്റെ ചൂണ്ടക്കൊളുത്തിലാക്കി.
ചില കോളജുകളില്‍ കുറച്ചുസമയം അതിന് സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഫാസിസ്റ്റ് മനോഗതിയുള്ള രാഷ്ട്രീയ സംഘടനകളുടെ കുട്ടിപ്പട്ടാളങ്ങള്‍ ഇടയ്ക്കുവച്ച് തടഞ്ഞു. എങ്കിലും അക്രമത്തിലേക്കും അരക്ഷിതത്വത്തിലേക്കും യുവജനങ്ങളെ തള്ളിവിടാന്‍ അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ഇടിമുഴക്കമായാണ് നരേന്ദ്രമോദിയുടെ പ്രസംഗം പ്രകമ്പനം കൊണ്ടത്.
യുവജനങ്ങള്‍ അത് ആത്മാര്‍ത്ഥതയോടെ സ്വീകരിച്ചതുതന്നെ അതിന് തെളിവ്. രാജ്യത്തിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരു പ്രധാനമന്ത്രി ഭാരതത്തതിന്റെ സര്‍വസ്വവുമാവുന്നതെങ്ങനെയെന്ന് ഓരോ സംഭവങ്ങളിലൂടെയും ഇവിടുത്തെ ജനത അനുഭവിച്ചറിയുകയാണ്. അത് അറിയുന്നതുകൊണ്ടാണ് അജണ്ടാധിഷ്ഠിത രാഷ്ട്രീയ നേതൃത്വം ഇതിനൊക്കെ തടയിടുന്ന സമീപനം സ്വീകരിക്കുന്നതും; ഫലമില്ലെന്നറിഞ്ഞിട്ടുകൂടി.


ജന്മഭൂമി: http://www.janmabhumidaily.com/news703280#ixzz4sVkFbNIW

No comments: