Monday, September 11, 2017

പ്രപഞ്ചത്തില്‍ വസ്തുക്കളെ-ദുര്‍ഗന്ധത്തെയും ജീര്‍ണതയെയും ശുദ്ധീകരിക്കുന്ന സാധനങ്ങളുണ്ട്. അവയില്‍ പരിപൂര്‍ണ ശുദ്ധീകരണം നടത്തുന്നത് പവനനാണ് -വായുവാണ്. അതുപോലെ ഏറ്റവും വേഗമുള്ളതും കാറ്റിനാണ്. അതിനാല്‍ വായു, ശ്രീകൃഷ്ണഭഗവാന്റെ വിശേഷവിഭൂതിയാണ്.)
ശസ്ത്രഭൃതാം രാമഃ അഹം (39)
ആയുധമെടുത്ത് യുദ്ധക്കളത്തില്‍ ശൗര്യവീര്യങ്ങളോടെ അടരാടുന്നവര്‍ പൗരാണികകാലത്തു ധാരാളമുണ്ടായിരുന്നു. അവരില്‍ ശ്രീരാമനും പരശുരാമനും ഉത്കൃഷ്ടന്മാരാണ്. മാത്രമല്ല, രണ്ടുപേരും ശ്രീകൃഷ്ണഭഗവാന്റെ അവതാരരൂപികളുമാണ്. വിഭൂതികള്‍ മാത്രമല്ല, ഞാന്‍ തന്നെയാണ് എന്ന് ഭഗവാന്‍ പറയുന്നു.
ഝഷാണാം മകരശ്ച അസ്മി (40)
ജലാശയങ്ങളില്‍ വിവിധതരം മത്സ്യങ്ങള്‍-ഝഷങ്ങള്‍-നീന്തിക്കളിക്കുന്നത് കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നത്, ഭഗവാന്റെ ചൈതന്യാംശം അവയില്‍ കുടികൊള്ളുന്നതുകൊണ്ടാണ്. അവയില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ മത്സ്യം-മകരം എന്ന മത്സ്യമാണ്. അത് ഭഗവാന്റെ വിഭൂതിയുമാണ്. ‘മകരമത്സ്യം’ എന്നതിന് സ്രാവ് എന്ന് ഒരു ഭാഷാ വ്യാഖ്യാനത്തില്‍ എഴുതിയതായി കണ്ടു. ശരിയാണോ എന്നറിയുന്നില്ല. ഏതായാലും ശ്രീകൃഷ്ണ ഭഗവാന്റെ കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള്‍ മകരമത്സ്യത്തിന്റെ ആകൃതിയിലാണെന്ന വസ്തുത നാം മറക്കരുത്.
സ്രോതസാം ജാഹ്നവി അസ്മി (41)
തടാകങ്ങളിലും കുളങ്ങളിലും കിണറുകളിലും ജലം ഒഴുകുന്നില്ല. ഇന്നലെ നാം കണ്ട ജലം തന്നെയാണ് ഇന്ന് കാണുന്നത്. നദികളില്‍ ജലം പ്രവഹിക്കുകയാണ്. ഒരുനിമിഷം മുമ്പ് കണ്ട ജലബിന്ദുക്കളല്ല നാം ഇപ്പോള്‍ കാണുന്നത്. അതുകൊണ്ടാണ് നദീസ്‌നാനം ശ്രേഷ്ഠമെന്ന് പറയാന്‍ കാരണം. നദികളില്‍ വച്ച് ഗംഗാ നദി ഏറ്റവും ശ്രേഷ്ഠമാണ്. നദികള്‍ ദേഹത്തിന്റെ ബാഹ്യമായ മാലിന്യം മാത്രം നശിപ്പിക്കുന്നു. ഗംഗാജലം ആത്മീയ പ്രഭാവം രോമകൂപങ്ങളിലൂടെ അകത്ത്- മനസ്സില്‍ പ്രവേശിച്ച് രാഗം, ദ്വേഷം മുതലായ മാലിന്യങ്ങളും നശിപ്പിക്കുന്നു. അതിനാല്‍ ഭഗവാന്റെ വിശേഷ വിഭൂതിയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news702713#ixzz4sQ1JLVdI

No comments: