Monday, September 11, 2017

ഭാരതീയമായ വിജ്ഞാനശാഖകളുടെയെല്ലാം പ്രഭവസ്ഥാനമാണ് വേദങ്ങള്‍. മാനവ ജനതയുടെ പ്രാചീനവും അതിബ്രഹത്തുമായ വാങ്മയമാണത്. ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലയായും അറിവിന്റെ ഉറവിടമായും വേദത്തെ കണക്കാക്കുന്നു. ഉത്കൃഷ്ടങ്ങളായ നിത്യസത്യങ്ങളെക്കുറിച്ച് വേദ ങ്ങള്‍ സംസാരിക്കുന്നു. ധ്യാനലീനരായ ഋഷികള്‍ ദര്‍ശിച്ചതും സൂക്ഷ്മതത്ത്വങ്ങളുള്‍ക്കൊള്ളുന്നവയുമാണ് വൈദികസൂക്തങ്ങള്‍. മന്ത്ര ദ്രഷ്ടാക്കളായ ഋഷിമാര്‍, ജീവിതത്തെ വിവിധ തലങ്ങളിലൂടെ കാണാനുള്ള ഹൃദയവിശാലതയുള്ളവരായിരുന്നു. പുരുഷ നിര്‍മിതമല്ലാത്തതിനാല്‍ അപൗരുഷേയവും ആവിര്‍ഭാവകാലം അജ്ഞാതമായതുകൊണ്ട് അനാദിയും കേട്ടുപഠിച്ച് വന്നതിനാല്‍ ശ്രുതിയും ഗുരുവിന്റെ ഉച്ചാരണം കേട്ട് പഠിക്കുന്നതിനാല്‍ ആമ്‌നായവുമായി വേദമന്ത്രങ്ങള്‍.
അറിയുക എന്നര്‍ത്ഥമുള്ള വിദ് ധാതുവില്‍ നിന്ന് വേദശബ്ദവും, കേള്‍ക്കുക എന്നര്‍ത്ഥമുള്ള ശ്രു ധാതുവില്‍ നിന്ന് ശ്രുതി എന്ന പദവും അഭ്യസിക്കുക എന്നര്‍ഥമുള്ള ന് മാ ധാതുവില്‍ നിന്ന് ആമ് നായ പദവും സിദ്ധിക്കുന്നു. അറിവ് എന്നാണ് വേദം എന്ന പദത്തിനര്‍ത്ഥം. സനാതനധര്‍മരൂപമായ അര്‍ഥം അഥവാ ആശയം വേദനം ചെയ്യുന്നതിനാല്‍ വേദം എന്ന വാക്ക് ഉചിതം തന്നെ.
പലവിധത്തിലുള്ള ചിന്താപദ്ധതികളുടെയും ,ബഹുമുഖവും അനന്തവുമായ വിജ്ഞാനത്തിന്റേയും വ്യത്യസ്തങ്ങളായ കല്പനകളുടെയും മൂല േസ്രാതസ്സുകളും പ്രതിഫലനങ്ങളുമാണ് വേദമന്ത്രങ്ങള്‍. ജീവിതത്തെ തനതായ പൂര്‍ണതയോടും സവിശേഷതകളോടും വൈവിധ്യങ്ങളോടും കൂടി ദര്‍ശിക്കാന്‍ വേദര്‍ഷികള്‍ ശ്രമിച്ചു. ജീവിതാഭിവ്യദ്ധിക്ക് വിവിധ ദേവതകളെ സ്തുതിച്ച് പ്രീതിപ്പെടുത്തുന്ന രീതിയാണ് വൈദികസൂക്തങ്ങളില്‍ നാം കാണുന്നത്.
ധനധാന്യാദികള്‍, കായിക ബലം, പുത്രപൗത്രാദികള്‍, ദീര്‍ഘായുസ്സ്, കീര്‍ത്തി തുടങ്ങിയ സുഖാനുഭവങ്ങള്‍ ലഭിക്കാനായി ഇഷ്ടദേവന്മാരോടുള്ള പ്രാര്‍ഥനയാണ് വേദമന്ത്രങ്ങളധികവും. ദൈനംദിന ജീവിതം സുഖപ്രദമാക്കുന്നതിനു വേണ്ടി പ്രക്യതി ശക്തികളോടുള്ള പ്രാര്‍ഥനയായും , ദ്യശ്യശ്രവ്യ കാവ്യങ്ങളുടെ പ്രാഗ്രൂപമായും വേദമന്ത്രങ്ങളെ കണക്കാക്കാം.
സാഹിത്യം, മതം, തത്ത്വചിന്ത, ദര്‍ശനം, ലൗകികജീവിതം തുടങ്ങി അനേക വിഷയങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാര്‍മികവും ആത്മീയവുമായ ചിന്തകളുടെ സമാഹാരങ്ങളായ വേദങ്ങള്‍, ബ്രഹ്മചര്യം, മുതലായ നാല് ആശ്രമങ്ങളിലനുഷ്ഠിക്കേണ്ടുന്ന ജീവിതചര്യകളെക്കുറിച്ച് പ്രതിപാദിക്കുന്നു. വേദതത്വങ്ങളെ പല വീക്ഷണകോണിലൂടെയും കാണാമെന്നത് സൂക്തങ്ങളുടെ ബഹുമുഖത്വവും ബഹുസ്വരതയും സൂചിപ്പിക്കുന്നു. വിഭിന്നങ്ങളായ വ്യാഖ്യാനങ്ങള്‍ വൈദികസൂക്തങ്ങള്‍ക്ക് കൈവരാനും ഇത് കാരണമായി. ലൗകികം, യാജ്ഞികം, ആധ്യാത്മികം എന്നീ വിവിധ മേഖലകളെ ആധാരമാക്കി വേദമന്ത്രങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ ലഭിക്കുന്നു. വിഭിന്ന തലങ്ങളിലൂന്നിക്കൊണ്ടുള്ള ഇത്തരം വ്യാഖ്യാന പദ്ധതികളാണ് നിത്യനൂതനങ്ങളായി വേദങ്ങളെ കാലാന്തരങ്ങളോളം നിലനിര്‍ത്തുന്നത്..
സംഗീതശാസ്ത്രം ഉടലെടുത്തത് സാമവേദത്തില്‍ നിന്നാണെന്ന് പ്രാചീനരായ ആചാര്യന്മാര്‍ വെളിപ്പെടുത്തുന്നുണ്ട്. സാമദ്യോ ഗീതമേവച എന്ന് നാട്യശാസ്ത്രക്കാരനും സാമവേദാത് സ്വരോ ജാത: സ്വരേഭ്യ ഗ്രാമസംഭവ: എന്ന് ബ്യഹദ്ദേശിയില്‍ മതംഗ നും സാമവേദാദിദം ഗീതം സംജഗ്രാഹ പിതാമഹ: എന്ന് സംഗീതരത്‌നാകരത്തില്‍ ശാര്‍ങ്ഗദേവനും സപ്തസ്വരാ സ്തു ഗീയന്തേ സാമഭിര്‍സാമഗൈര്‍ബുധൈ: എന്ന് മാണ്ഡൂക്യശിക്ഷയും പ്രതിപാദിക്കുന്നു.
ദുഃഖനിവാരണവും മാനസികോല്ലാസദായകത്വവുമാണല്ലോ ഏതുതരം ഗാന ശ്രവണത്തിന്റെയും അനന്തരഫലങ്ങള്‍. യാഗം അനുഷ്ഠിക്കുമ്പോള്‍ സാമ മന്ത്രം ഗാനരൂപേണ ചൊല്ലുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. വളരെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതും അനേകം ചടങ്ങുകള്‍ ഇടതടവില്ലാതെ അനുഷ്ഠിക്കേണ്ടി വരുന്നതുമായ സന്ദര്‍ഭങ്ങളില്‍ മാനസികമായ പിരിമുറുക്കം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം അസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഔഷധം കൂടിയായിത്തീരും ഗാനരൂപേണ ചൊല്ലുന്ന സാമമന്ത്രങ്ങള്‍ എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. കൂടുതല്‍ ചിട്ടപ്പെടുത്തിയ സ്വരനിര്‍ണയവും സാമവേദത്തിനുണ്ട്.
ഋക്ക് ഗാനാത്മകമാക്കുമ്പോള്‍ ആര്‍ച്ചികം, ഗാഥികം, സാമികം, സ്വരാന്തരം, ഔഡവം, ഷാഡവം എന്നിങ്ങനെ വിവിധ ഗാനരീതികളില്‍ വേദോച്ചാരണം നടത്താറുണ്ട്. ഒരു സ്വരത്തില്‍ എല്ലാ അക്ഷരവും ചൊല്ലുന്നത് ആര്‍ച്ചികം. രണ്ടുസ്വരങ്ങള്‍ ഉപയോഗിച്ച് ചൊല്ലുന്ന രീതി ഗാഥികം. മൂന്നു സ്വരങ്ങളെക്കൊണ്ട് ചൊല്ലുന്നത് സാമികം. സംഗീതദൃഷ്ട്യാ നോക്കുമ്പോള്‍ സപ്തസ്വരങ്ങളിലെ നി, സ, രി എന്നീ സ്ഥാനങ്ങളിലാണ് ഈ സ്വരങ്ങളുടെ നില്‍പ്. നാലുസ്വരങ്ങള്‍ ഉപയോഗിച്ച് ചൊല്ലുന്ന രീതി സാരാന്തകം. അഞ്ച് സ്വരങ്ങള്‍ ഉപയോഗിക്കുന്ന രീതി ഔഡവം. ആറ് സ്വരങ്ങളുപയോഗിച്ച് ചൊല്ലുന്ന രീതി ഷാഡവം എന്നിങ്ങനെ അറിയപ്പെടുന്നു.
പ്രഥമം, ദ്വിതീയം, തൃതീയം, ചതുര്‍ഥം, മന്ദ്രം, ക്രുഷ്ടം, അതിസ്വാര്യം, എന്നിവയാണ് സാമഗാനാലാപനത്തിനുപയോഗിക്കുന്ന സ്വരങ്ങള്‍. സാമഗന്മാര്‍ പ്രഥമമെന്നു പറയുന്നത് ശാസ്ത്രീയസംഗീതത്തിലെ മധ്യമ സ്വരമാണ്. ദ്വിതീയം ഗാന്ധാരത്തിനും ത്യതീയം ഋഷഭത്തിനും ചതുര്‍ഥം ഷഡ്ജത്തിനും പഞ്ചമം ധൈവതത്തിനും ഷഡ്ജം നിഷാദത്തിനും സപ്തമം പഞ്ചമത്തിനും സമാനമാണ്. പ്രയോഗതലത്തില്‍ ഈ താരതമ്യം പൂര്‍ണമായി യോജിക്കുന്നില്ലെങ്കിലും ശാസ്ത്രീയസംഗീതത്തിലെ പല അംശങ്ങളും സാമഗാനത്തിലുള്ളതായിക്കാണാം.
സാമഗാനാലാപനം
ഓരോ സാമഗാനവും തുടങ്ങുന്ന സ്വരത്തിന് വ്യവസ്ഥയുണ്ട്. ഇടയില്‍ മാറുന്ന രീതിയും കാണാം. ശാസ്ത്രീയ സംഗീതത്തിലെ ഗമകപ്രയോഗം പോലെ ഒരു സ്വരത്തില്‍ പാടുമ്പോള്‍ , ആ സ്വരത്തിന് ഇളക്കം വരുത്തുന്ന സമ്പ്രദായവും ഉണ്ട്. ഇപ്രകാരം സ്വരങ്ങളില്‍ മാറ്റം വരുത്തുന്ന രീതികള്‍, പ്രത്യുത്ക്രമം, അതിക്രമം, കര്‍ഷണം, നമനം എന്നിങ്ങനെയുള്ള സാങ്കേതിക സംജ്ഞകളാല്‍ അറിയപ്പെടുന്നു.. സാമവേദം ചൊല്ലുമ്പോള്‍ കൈപ്പടം മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും വശങ്ങളിലേക്കും ചലിപ്പിച്ച് സ്വരസ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന രീതിയാണ് കേരളത്തിലെ നമ്പൂതിരിമാര്‍ അനുവര്‍ത്തിക്കുന്നത്. കൈവിരലുകള്‍ ഉപയോഗിച്ച് സ്വരസ്ഥാനങ്ങളും മാത്രകളും കാണിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. തള്ളവിരല്‍, മറ്റു വിരലുകളുടെ വിവിധ ഭാഗങ്ങളില്‍ തൊടുവിച്ചാണ് ഇത് ചെയ്യുന്നത്. ഈ മുദ്ര കാട്ടലിന് ഗാത്ര വീണ എന്നു പേര് പറയും. ‘നാരദീയ ശിക്ഷ’യില്‍ ഇതിനെക്കുറിച്ച് നിര്‍വചനമുണ്ട്.
എല്ലാ വിരലുകളും വിടര്‍ത്തി അവയില്‍ പ്രഥമം തുടങ്ങിയ സ്വരങ്ങളെ സ്ഥാപിക്കണം. തള്ളവിരല്‍ മറ്റു വിരലുകളില്‍ സ്പര്‍ശിച്ചാണ് സ്വരം കാണിക്കേണ്ടത്. മറ്റു വിരലുകള്‍ തള്ളവിരലില്‍ സ്പര്‍ശിച്ചല്ല. ഇപ്രകാരമുള്ള സ്വരനിര്‍ണയത്തില്‍ തള്ളവിരലഗ്രം’ കൊണ്ട് വിരലുകളുടെ കടഭാഗത്തല്ല, മറിച്ച് മധ്യപര്‍വത്തിലാണ്. സ്പര്‍ശിക്കേണ്ടത് എന്ന് ‘നാരദീയ ശിക്ഷ’ വ്യക്തമാക്കുന്നു. ഈ നിയമം എല്ലായിടത്തും ബാധകമല്ല എന്നും പറയുന്നു.
സപ്തസ്വരങ്ങളുടെ സ്ഥാനം നിര്‍ണയിക്കുമ്പോള്‍ തള്ളവിരലിന്റെ തുമ്പത്ത് ക്രുഷ്ട സ്വരവും , തള്ളവിരലിന്റെ മധ്യഭാഗത്ത് പ്രഥമസ്വരവും സമ്മേളിക്കുന്നു. ചൂണ്ടാണിവിരലിന്റെ മധ്യം ഗാന്ധാര സ്വരത്തിന്റെയും , പെരുവിരലിന്റെ മധ്യം ഋഷഭത്തിന്റെയും മോതിരവിരലിന്റ മധ്യഭാഗം ഷഡ്ജത്തിന്റെയും സ്ഥാനമാകുന്നു.
ഒരു ഋക്ക് ഗാനാത്മകമായി ചൊല്ലുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഏറെയാണ്. വികാരം, വിശ്ശേഷണം, വികര്‍ഷണം, അഭ്യാസം, വിരാമം, സ്‌തോഭം, ലോപം, ആഗമം എന്നിങ്ങനെ ഈ മാറ്റങ്ങള്‍ അറിയപ്പെടുന്നു. ഉദാഹരണത്തിന്,
അഗ്‌ന ആയാഹി വീതയേ,
ഗൃണാനോ ഹവ്യദാതയേ,
നിഹോതാ സത്സി ബര്‍ഹിഷി.
എന്ന ഋക്കിലെ പദങ്ങള്‍ക്ക് ഇതനുസരിച്ച് വരുന്ന മാറ്റവും മൂന്ന് സാമഭേദവും ശ്രദ്ധിച്ചാല്‍ മതിയാവും. വാക്കുകളുടെ അര്‍ഥത്തിന് ഈ ഘട്ടത്തില്‍ പ്രാധാന്യമില്ല.



ജന്മഭൂമി: http://www.janmabhumidaily.com/news702731#ixzz4sQ1WGVzw

No comments: