പരിസ്ഥിതി സംരക്ഷണം എന്ന് പറയുമ്പോൾ പൊതുവേ നാം ആഗോളതാപനത്തെക്കുറിച്ചും ഓസോൺ പാളികളിലെ വിള്ളലിനെക്കുറിച്ചും അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കാൻ താത്പര്യപ്പെടാറുള്ളത്.
എന്നാൽ ഇന്ന് നമുക്ക് നമ്മുടെ കൊച്ചുകേരളത്തിലെ ഏകദേശം ഏഴു ലക്ഷം ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്ന ഒരു പ്രകൃതിദത്തമായ തടാകത്തെക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളേക്കുറിച്ചും സംസാരിക്കാം .
ശാസ്താംകോട്ട കായൽ , കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം . കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . ശാസ്താംകോട്ട , മൈനാകപ്പള്ളി ,പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകൾ ഈ തടാകത്തിനു അതിരിടുന്നു . 373 ഹെക്ടർ വിസ്തൃതിയുള്ളതും 2240 ലക്ഷം ഘനമീറ്റർ ശുദ്ധജല ശേഷിയുള്ളുതുമായ ഈ തടാകത്തിന്റെ പേര് അതിനു കൈവന്നത് ഇതിനുള്ളിൽ മൂന്നു വശവും തടാകത്താൽ ചുറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശാസ്താ ക്ഷേത്രം മൂലമാണ് . വളരെ ജനസാന്ദ്രമായ ഒരു പ്രദേശമാണിത് .1970 ൽ 4.5 ചതുരശ്ര കി. മി. വിസ്തൃതി ഉണ്ടായിരുന്ന ഈ തടാകത്തിന് ഇന്ന് 2.5 ചതുരശ്ര കി. മി. മാത്രമാണ് വിസ്തൃതി. 2010 ൽ 15.67 മീറ്റർ ആഴമുണ്ടായിരുന്നത് ഇന്നിപ്പോൾ 11.90 മീറ്റർ ആയി കുറഞ്ഞിരിക്കുന്നു. ഒരു വലിയ പ്രദേശത്ത് ശരാശരി 6.53 മീറ്റർ മാത്രമാണ് ആഴം. അവസാനത്തെ കണക്കനുസരിച്ച് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 50 ഏക്കർ ഇതിന്റെ വിസ്തൃതിയിലും 30% ആഴത്തിലും ഉള്ള കുറവു രേഖപ്പെടുതിയിരിക്കുന്നു .
സമുദ്രജലനിരപ്പിൽ നിന്നും ഏകദേശം 33 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പ്രധാന ജലശ്രോതസ്സ് മഴവെള്ളവും ഭൂനിരപ്പിൽ നിന്നും ഏകദേശം നാല് മീറ്റർ താഴെയായി ഉള്ള ജലപ്രവാഹവുമാണ്. പ്രധാന നദികളിലെ ഒന്നിലെയും ജലം ഈ തടാകത്തിൽ പ്രത്യക്ഷമായി വന്നു ചേരുന്നില്ല എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ് . എന്നാൽ കല്ലടയാറ്റിലെ ജലം അന്തർധാരയായി ഇതിൽ എത്തിച്ചേരുന്നു
ഈ തടാകത്തിനു സ്വന്തമായുള്ള പ്രകൃതിദത്തമായ ശുദ്ധീകരണസംവിധാനം മറ്റൊരിടത്തും ദർശിക്കാവുന്നതല്ല . ഇതിന്റെ കാര്യകാരണങ്ങൾ പൂർണമായും ഇതുവരെ വെളിപ്പെട്ടിട്ടുമില്ല . കല്ലടയാറ്റിൽ നിന്നും ഭൂമിക്കടിയിൽക്കൂടി വന്നു ചേരുന്ന ജലം മണ്ണിന്റെ പ്രത്യേകതകൾ അനുസരിച്ച് അരിച്ചെടുക്കപ്പെടുകയും ധാതുക്കൾ കലർത്തപ്പെടുകയും ചെയ്യുന്നു. കൂടാതെ മാലിന്യങ്ങളെ തീരത്തേക്ക് പുറന്തള്ളാനുള്ള ഈ ജലാശയാതിന്റെ കഴിവ് മലയിടുക്കുകളിലൂടെ വരുന്ന കാറ്റുമൂലമുള്ള തിരയിളക്കമാണെന്ന് കരുതപ്പെടുന്നു. ഇവിടെ നിന്നുമെടുക്കുന്ന വെള്ളം കൊല്ലം നഗരം , ചവറ, കുന്നത്തൂർ .കരുനാഗപ്പള്ളി എന്നിവടങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. എന്നാൽ മുൻ കാലഘട്ടങ്ങളിൽ നേരിട്ട് കുടിവെള്ളമായി ഉപയോഗിക്കാമായിരുന്ന വെള്ളം ഇന്ന് ആലം , ക്ലോറിൻ ,കാൽഷ്യം എന്നിവ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഉപയോഗിക്കുക. ആശങ്കാജനകമായ മറ്റൊരു കാര്യം കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം രീതിയിൽ 30 - 260 / 100 മി. ലി. എന്നതിൽ നിന്നും 400 - 1100 / 100 മി. ലി. എന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു എന്നതാണ്. ഇത് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ജനസംഖ്യയിലുണ്ടായ വർദ്ധനവും, കൃഷിക്കായി തടാകത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും, വരുംകാലത്തേക്കുറിച്ചു ചിന്തയില്ലാതുള്ള മനുഷ്യരുടെ പ്രവൃത്തികളും മലിനീകരണത്തിന് ഇടയായി .മണ്ണൊലിപ്പും ,ഗാർഹിക , കാർഷിക, വ്യവസായ മാലിന്യങ്ങളുമെല്ലാം ഇതിന് ആക്കം കൂട്ടി . ഉപയോഗിച്ചു മിച്ചം വരുന്ന മലിന ജലം വീണ്ടും യാതൊരു ശുദ്ധീകരണവും കൂടാതെ തിരിച്ചു തടാകത്തിലേക്ക് ഒഴുക്കി വിടുന്നതും മലിനീകരണത്തിന് കാരണമാകുന്നു
മണ്ണെടുപ്പ് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ഭാഗത്ത് . കർശനമായ സർക്കാർ നിയന്ത്രണങ്ങൽ ഉണ്ടെന്നാണ് വയ്പ്പ് . എങ്കിലും ഇത് നിർബാധം തുടരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . ചില സ്ഥലങ്ങളിൽ 40 മീറ്റർ വരെ ആഴമുള്ള ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടത്രേ . ഇവ കാരണം തടാകത്തിൽ ഒരുപോലെ നിറഞ്ഞു കിടക്കേണ്ട ജലം ഈ ഗർത്തങ്ങളിൽ കേന്ദ്രീകരിച്ച് ഇളക്കമില്ലാതെ സ്ഥായിയായി കിടക്കുന്നു . ഇതുകാരണം ജലത്തിൽ വായൂമിശ്രണം സംഭവിക്കുന്നില്ല . കെട്ടിക്കിടക്കുന്ന ജലം ജലജന്യരോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയകളെയും വൈറസുകളേയും ഉത്പാദിപ്പിക്കുന്നു .
മാലിന്യങ്ങളുടെ അതിപ്രസരം ജലത്തെ ജീവയോഗ്യമല്ലാതാക്കുന്നു ഇതുമൂലം തടാകത്തിലെ മത്സ്യസമ്പത്തിനു നാശം സംഭവിക്കുകയും ചെയ്യുന്നു . മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന ധാരാളം പേർക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നു . കുടിവെള്ളത്തിന്റെ നിലവാരം കുറയുന്നു . ജലജന്യരോഗങ്ങൾ പെരുകുന്നു.
ഡോ. സി. വി.ആനന്ദബോസ് , നീലാ ഗംഗാധരൻ എന്നിവർ ജില്ലാകളക്ടർമാരായിരുന്ന 1985 മുതൽ 1988 വരെയുള്ള കാലഘട്ടത്തിൽ തടാകസംരക്ഷണത്തിനായി വളരെയേറെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു . ശുചീകരണവും തടാകത്തിന്റെ അതിരുകളിൽ കല്ലുകെട്ടിത്തിരിക്കുക തുടങ്ങിയ പ്രവൃത്തികളും. പിന്നീട് അവയൊന്നും തുടർന്നു കണ്ടില്ല.
തടാകതീരത്തെ കൈയ്യേറ്റക്കാർക്ക് രാഷ്ട്രീയപിന്തുണ ഉണ്ടായിരുന്നതുമൂലം പ്രകൃതിസമ്പത്ത് വിറ്റ്കാശാക്കാൻ പലരും മത്സരിച്ചു . ചെറുകിട കൈയ്യേറ്റക്കാർ മുതൽ ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാതാക്കളും റിസോർട്ട് മുതലാളിമാരും വരെ അതിൽ ഭാഗഭാക്കായി. ചെറുകിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിച്ചാണെങ്കിലും മുൻകൈ എടുത്തപ്പോൾ വൻകിടക്കാർ രാഷ്ട്രീയനേതൃത്വങ്ങളുടെ പിന്തുണയോടെ നിർബാധം തങ്ങളുടെ പ്രവൃത്തികൾ തുടർന്നു.
സർവ്വം സഹയാണ് ഭൂമിയെങ്കിലും പ്രകൃതിയുടെ സ്വതസിദ്ധമായ ചലനത്തെ പ്രതിരോധിക്കാൻ എന്നൊക്കെ മനുഷ്യർ ശ്രമിച്ചിട്ടുണ്ടോ , അന്നൊക്കെ അവന് പ്രകൃതി തന്നാലാവുന്ന ഭാഷയിൽ മറുപടിയും കൊടുത്തിട്ടുണ്ട് . അങ്ങനെയൊരു പ്രതികരണം ഉണ്ടായാൽ അത് താങ്ങുവാൻ ഉള്ള കെൽപ് ഒരുപക്ഷേ നമുക്ക് ഉണ്ടായി എന്നു വരില്ല . അതുകൊണ്ട് നമുക്ക് നമ്മുടെ കുടിവെള്ളത്തെക്കുറിച്ചെങ്കിലും ബോധാവാന്മാരാകാം . ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത് വെള്ളത്തിനുവേണ്ടിയാകുമെന്നു പറയപ്പെടുന്നു . അങ്ങനെയെങ്കിൽ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മുടെ ഈ ജലസംഭരണിയെ എങ്ങിനെ നിലനിർത്താം എന്ന് ആലോചിക്കാൻ നാം തുനിഞ്ഞിറങ്ങേണ്ടിയിരിക്കുന്നു .
സർക്കാരുകൾക്ക് അവരുടെ ഉത്തരവാദിത്വമുണ്ട് . ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്രകണ്ട് ഫലവത്താകുമെന്ന സംശയം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു . 2010 സെപ്റ്റംബറിൽ ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി കേരളസർക്കാർ പ്രഖ്യാപിച്ചു . പക്ഷെ ഈ പ്രഖ്യാപനമല്ലാതെ പിന്നീട് കാര്യമായ പ്രവർത്തനങ്ങൾ ഒന്നും കണ്ടില്ല . കൂടാതെ സംരക്ഷിത മേഖലയിലെ നിയമങ്ങൾ ഒന്നും പൂർണരൂപത്തിൽ പാലിക്കപ്പെട്ടുകണ്ടുമില്ല .
സര്ക്കാരിന്റെ പ്രവർത്തനം കൂടാതെ ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും അവനവന്റെ കടമ കൂടി ചെയ്യേണ്ടതുണ്ട് .
സര്ക്കാരിന്റെ പ്രവർത്തനം കൂടാതെ ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും അവനവന്റെ കടമ കൂടി ചെയ്യേണ്ടതുണ്ട് .
ഇനി നമുക്ക് വ്യക്തിപരമായും സർക്കാർ തലത്തിലും ഇക്കാര്യത്തിൽ എന്തു ചെയ്യാം എന്നു ചിന്തിക്കാം
1) ഈ തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് മരങ്ങൾ നടുകയും അതുവഴി മണ്ണൊലിപ്പ് ഒഴിവാക്കുകയും ചെയ്യാം . ചെറിയ ചെടികളും നെൽകൃഷിയുമൊക്കെ വിരുദ്ധഫലം ചെയ്യുമെന്ന് ഓർക്കുക . കാരണം ജലനിരപ്പുയരുമ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ ചീഞ്ഞ് വീണ്ടും വെള്ളം വൃത്തികേടാകുകയേയുള്ളൂ .
2) ആരോഗ്യ ശുചിത്വം, ഗാർഹിക മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും കാർഷിക മാലിന്യങ്ങളും (രാസ വളം , കീടനാശിനി മുതലായവ ) തടാകത്തിലേക്ക് ഒഴുക്കുന്നത് തടയുക .
3) മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുക . തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്ന രീതിയും മറ്റും ഒഴിവാക്കിയേ പറ്റൂ .
4) മണ്ണെടുപ്പിനേ സംബന്ധിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക .
5) പൊതുജനങ്ങളെ , കുറഞ്ഞപക്ഷം കുടിവെള്ളത്തിനായി ആശ്രയിക്കുന്നവരെയെങ്കിലും ഈ തടാകത്തെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയേപ്പറ്റി ബോധവാൻമാരാക്കുക .
ഇതൊക്കെ വാദത്തിനു വേണ്ടി പറയാമെങ്കിലും ആത്മാർത്ഥമായ ശ്രമമുണ്ടായാൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂ . വരും തലമുറക്ക് വേണ്ടിയെങ്കിലും ഇതൊക്കെ നാം ചെയ്തേ പറ്റൂ . അല്ലെങ്കിൽ എന്നെങ്കിലും ചരിത്രത്താളുകളിൽ " ഇവിടെ ശാസ്താംകോട്ടക്കായൽ എന്ന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതിചെയ്തിരുന്നു" എന്ന് നമ്മുടെ വരും തലമുറ വായിക്കേണ്ടി വരും .taliyolasuperseries