അധ്യാസം
'അധ്യാസം' അഥവാ 'അധ്യാരോപം' എന്നത് അദ്വൈതവേദാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കല്പനയാണ്. ശങ്കരാചാര്യര്‍ അധ്യാസത്തിനു നല്കുന്ന നിര്‍വചനം ഇതാണ്: 'അതല്ലാത്തതില്‍ അതിന്റെ ബുദ്ധി' (അധ്യാസോ നാമ അതസ്മിന്‍ തദ് ബുദ്ധിഃ). സര്‍പ്പമല്ലാത്ത കയറില്‍ സര്‍പ്പത്വം എപ്രകാരം ആരോപിക്കുന്നുവോ അതുപോലെ യഥാര്‍ഥമായ ഒന്നില്‍ യഥാര്‍ഥമല്ലാത്ത ഒന്നിനെ ആരോപിക്കലാണ് അധ്യാരോപം. ഭ്രമം അധ്യാസത്തിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ്. ചിപ്പിയെക്കണ്ട് ഇതു വെള്ളിയാണ് എന്നു നാം ഭ്രമിക്കാറുണ്ട്. ഇത് വെള്ളിയാകുന്നു (ഇദം രജതം) എന്ന പ്രമേയത്തില്‍ ഇത് (ഇദം) എന്നതിന് ഇന്ദ്രിയാനുഭവിക യാഥാര്‍ഥ്യമുണ്ട്: കാരണം അത് ചിപ്പിയെ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ രജതത്തിന് പ്രാതീതീകമായ യാഥാര്‍ഥ്യമേയുള്ളു; എന്തുകൊണ്ടെന്നാല്‍ മുന്‍പിലുള്ള വസ്തു രജതമല്ല, രജതത്വം അതില്‍ ആരോപിക്കപ്പെടുന്നുണ്ട് എന്നു മാത്രം. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. ശുക്തിയെ നിഷേധിച്ചാല്‍ ശുക്തിയുമില്ല രജതവുമില്ല; രജതത്തെ നിഷേധിച്ചാലാകട്ടെ ശുക്തി പിന്നെയും അവശേഷിക്കുന്നു. അതുകൊണ്ടാണ് ശുക്തിയെ രജതാവഭാസത്തിന്റെ അധിഷ്ഠാനമായി കണക്കാക്കുന്നത്. ഇതുതന്നെയാണ് പ്രപഞ്ചാവഭാസത്തിന്റെയും നില. പ്രപഞ്ചാവഭാസത്തിന്റെ അധിഷ്ഠാനം ബ്രഹ്മമാകുന്നു. ബ്രഹ്മത്തെ നിഷേധിച്ചാല്‍ പിന്നെ ബ്രഹ്മവുമില്ല പ്രപഞ്ചവുമില്ല. നേരേ മറിച്ച് പ്രപഞ്ചത്തെ നിഷേധിച്ചാലാകട്ടെ, അദ്വിതീയമായ മൌലിക ബ്രഹ്മം മാത്രം അവശേഷിക്കുന്നു.
മേല്‍ കൊടുത്ത വിവരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട്. അധ്യാസം അനുഭവപ്പെടുന്ന അവസരങ്ങളിലെല്ലാം സത്തയുടെ രണ്ടു വ്യത്യസ്ത തലങ്ങളെ വേര്‍തിരിച്ചറിയുക സാധ്യമല്ല. അതുകൊണ്ട് അധ്യാസത്തിന്റെ ഹേതു അവിദ്യയാണെന്ന് വന്നുചേരുന്നു. അവിദ്യ രണ്ടു വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒന്നാമതായി യഥാര്‍ഥ വസ്തുവിനെ മറച്ചു വയ്ക്കുന്നു. രണ്ടാമതായി മറ്റൊരു വസ്തുവിനെ തത്സ്ഥാനത്ത് പ്രകാശിപ്പിക്കുന്നു. ആദ്യത്തെ പ്രവര്‍ത്തനത്തെ ആവരണം എന്നും രണ്ടാമത്തേതിനെ വിക്ഷേപം എന്നും വിളിക്കുന്നു. ശുക്തി ഇരിക്കുന്നേടത്ത് രജതത്തിന്റെ പ്രതീതി വേണമെങ്കില്‍ ശുക്തിയെ ദൃഷ്ടിക്ക് അഗോചരമാക്കുകയും രജതത്തെ തത്സ്ഥാനത്ത് പ്രകാശിപ്പിക്കുകയും വേണം.
അധ്യാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് അഹംപദാര്‍ഥം. അഹംപദാര്‍ഥത്തെ അദ്വൈതി, സാക്ഷിയും അന്തഃകരണവുംകൂടി കലര്‍ന്ന ഒന്നായിട്ടാണ് സങ്കല്പിക്കുന്നത്. 'ഞാന്‍ തടിച്ചവനാകുന്നു', 'ഞാന്‍ കുരുടനാകുന്നു' എന്നെല്ലാം പറയുമ്പോള്‍ തടിപ്പ് ശരീരത്തിന്റെയും കാഴ്ചയില്ലായ്മ കണ്ണിന്റെയും പ്രത്യേകതകളാണെങ്കിലും അവയോട് ആത്മാവ് ബന്ധപ്പെടുന്നു. അതുകൊണ്ട് ശരീരവും സാക്ഷിയും തമ്മിലും ഇന്ദ്രിയങ്ങളും സാക്ഷിയും തമ്മിലും ഒരു കൂടിക്കലര്‍ത്തല്‍ അറിയാതെതന്നെ നടക്കുന്നു. ഈ കൂടിക്കലര്‍ത്തലിനു കാരണം അതിലുള്‍പ്പെട്ട വസ്തുക്കളുടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അജ്ഞതയാണ്. അതുകൊണ്ട് അത് അധ്യാസമാണ്.
No comments:
Post a Comment