Tuesday, September 12, 2017

മനുഷ്യന്റെ ബഹുമുഖമായ ആഗ്രഹങ്ങള്‍ പരബ്രഹ്മത്തിന്റെ ആഗ്രഹങ്ങളുടെ പ്രതിബിംബമാണെന്നു മനസ്സിലാക്കുന്നവര്‍, അവയെ ഉപേക്ഷിക്കാതെ ഭഗവത്സേവനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധ വയ്ക്കും. പണ്ട് സപ്തര്‍ഷികളും മനുക്കളുമൊക്കെ ദൈവദത്തമായ ആഗ്രഹങ്ങളെല്ലാം ഭഗവദ്‌സേവനത്തിനായുപയോഗിച്ചു.
ഈ പ്രശസ്തരായ പൂര്‍വികരെ അനുകരിക്കാന്‍ ഇന്ന് ആരെങ്കിലും തയ്യാറാണെങ്കില്‍ അവര്‍ ഒരിക്കലും ആഗ്രഹങ്ങളെ ഐഹികമായും ആധ്യാത്മിക പുരോഗതിക്കു തടസ്സമായും കാണുകയില്ല. രമണമഹര്‍ഷി നമ്മോട് ആഗ്രഹങ്ങളെ നിഷേധിക്കാന്‍ പറയുന്നെങ്കില്‍ സര്‍വംഖല്വിദം ബ്രഹ്മ എന്ന വേദവാക്യം അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു, എന്നു വേണം കരുതാന്‍.
എല്ലാത്തരം ആഗ്രഹങ്ങളും വികാരങ്ങളും സ്വഭാവേന ബ്രഹ്മമാണെന്നു മനസ്സിലാക്കിയവരും അതിന്റെഫലമായി അവയെ ഭഗവത്സേവനത്തിലേര്‍പ്പെടുത്തുന്നവരുമായ വ്യക്തികളെ സമ്പൂര്‍ണാത്മാക്കളായി കരുതണം.
അവര്‍ അജ്ഞതയില്‍നിന്നു പൂര്‍ണ വിമുക്തരാണ്. ഇത്തരം ആത്മസാക്ഷാത്കാരം നേടിയവരും ഉന്നതരും ആനന്ദപൂര്‍ണരുമായ ഭക്തന്മാര്‍, അവരുടെ അവബോധത്തെ അജ്ഞതയുടെ ഒരുതരിക്കുപോലും സ്വാധീനിക്കാനാവാത്ത വിധത്തില്‍ ശുദ്ധീകരിക്കുന്നു. കാരണം, ഭഗവാന്‍ തന്നെയാണ് അവരുടെ ഹൃദയങ്ങളിലെ അജ്ഞതയെ നശിപ്പിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news283442#ixzz4sS0yHXQY

No comments: