Friday, September 22, 2017

ബാദരായണന്റെ ബ്രഹ്മസൂത്രം അഥവാ വേദാന്തസൂത്രം അദ്വൈതവാദത്തിന്റെ സമര്‍ഥമായ ഒരു സംഗ്രഹമാണ്. അല്പാക്ഷരങ്ങളും അതുകൊണ്ടുതന്നെ വിവിധ വ്യാഖ്യാനങ്ങള്‍ക്ക് വിധേയങ്ങളുമായ 555 സൂത്രങ്ങളാണ് അതിലുള്ളത്. ആ ഗ്രന്ഥത്തെ ആസ്പദമാക്കി വിവിധ വേദാന്തമതങ്ങള്‍ ഉണ്ടായി. അവയില്‍ പ്രധാനം ശങ്കരന്റെ അദ്വൈതവും രാമാനുജന്റെ വിശിഷ്ടാദ്വൈതവും മാധ്വന്റെ ദ്വൈതവും നിംബാര്‍ക്കന്റെ ഭേദാഭേദവാദവും വല്ലഭന്റെ ശുദ്ധാദ്വൈതവാദവും ആണ്. ഈ അഞ്ച് ആചാര്യന്‍മാരും തങ്ങളുടെ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ക്ക് സാധൂകരണം കണ്ടെത്തുന്നത് ബ്രഹ്മസൂത്രത്തിലാണ്. അവര്‍ രചിച്ച ബ്രഹ്മസൂത്രഭാഷ്യങ്ങള്‍ അവരുടെ സിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം ആധികാരിക ഗ്രന്ഥങ്ങളുമാണ്. എന്നാല്‍ അവയില്‍വച്ച് ഏറ്റവും പ്രധാനമായത് ശങ്കരാചാര്യരുടെ ഭാഷ്യമാണ്. ബ്രഹ്മം നിര്‍ഗുണമാണെന്നും ഈശ്വരന്‍ മായയോടു കൂടിയതാണെന്നും പ്രപഞ്ചം മിഥ്യയാണെന്നും ജീവന്‍ സോപാധികമാണെന്നും ബ്രഹ്മജ്ഞാനമാണ് മോക്ഷസാധനമെന്നും മറ്റുമുള്ള അദ്വൈതസിദ്ധാന്തങ്ങളെയെല്ലാം ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തില്‍ കണ്ടെത്തുന്നുണ്ട്.

No comments: