ഭഗവദ്ഗീതയാണ് അദ്വൈതവേദാന്തത്തിന്റെ മൂന്നാമത്തെ പ്രകാശനഗ്രന്ഥം. ഉപനിഷത്തുകളുടെ സാരസര്‍വസ്വമാണ് ഗീത എന്നു വിശ്വസിക്കപ്പെട്ടുവരുന്നു. ഗീതയില്‍ ധാരാളം ഉപനിഷദ്വവചനങ്ങള്‍ അനുസ്മൃതങ്ങളായിരിക്കുന്നു. എന്നാല്‍ അത് ഒരു തനി വേദാന്തഗ്രന്ഥമാണെന്ന് പറയുക സാധ്യമല്ല. എന്തെന്നാല്‍ ഭാഗവതത്തില്‍ പ്രതിപാദിച്ച തരത്തിലുള്ള ഈശ്വരവാദത്തിന് അതില്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ട്. കൂടാതെ സാംഖ്യസിദ്ധാന്തങ്ങളും (തനി ക്ളാസിക്കല്‍ സാംഖ്യമല്ല) കാണാം. ഇങ്ങനെ പല മതങ്ങളും ദര്‍ശനങ്ങളും ഗീതയില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കിലും അധികാരിഭേദം (ഒരേ സത്യത്തെ എല്ലാവര്ക്കും ഒരുപോലെ മനസ്സിലാക്കുവാനുള്ളശേഷി ഇല്ല എന്ന ആശയമാണ് അധികാരിഭേദം എന്ന തത്ത്വത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്) അനുസരിച്ച് ഗീതയെ നോക്കിക്കാണുന്ന പക്ഷം ഗീതോപദേശത്തില്‍ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് ബോധ്യമാകും. ഇതുതന്നെയാണ് ശങ്കരാചാര്യരും സ്വന്തം പ്രസ്ഥാനത്തിലൂടെ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഗീത അദ്വൈതത്തെയാണ് ഉപദേശിക്കുന്നത് എന്ന് ശങ്കരാചാര്യര്‍ പറയുമ്പോള്‍ അതില്‍ അപാകതയില്ല.
No comments:
Post a Comment