Tuesday, August 27, 2019

✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 ചിങ്ങം 11 (27/08/2019) ചൊവ്വ_

*അധ്യായം 16, ഭാഗം 1 - നരക ഗതി*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*അപ്പോൾ പരീക്ഷിത്ത് ചോദിച്ചു, നരകമെന്നു പറഞ്ഞാലെന്താണ്? ശ്രീശുകൻ, കപിലവാസുദേവൻ അമ്മയോടു പറഞ്ഞ ആ വാക്യത്തിലേക്ക് ശ്രദ്ധയാകർഷിച്ചു. നരകം, സ്വർഗം ഇതൊക്കെ നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടിയാണ്. ദുരിതാനുഭവങ്ങളെ, പീഡകളെ നാം നരകം എന്നു വിശേഷിപ്പിക്കുന്നു. ഹൃദയത്തിനും, മനസ്സിനും ശാന്തി പകരുന്ന അനുഭൂതികളെ നാം സ്വർഗം എന്ന വാക്കുകൊണ്ട് വ്യവഹരിക്കുന്നു എന്നേയുള്ളൂ. പുണ്യകർമങ്ങൾ ചെയ്ത ആളുകൾ സ്വർഗീയാനുഭൂതി ആസ്വദിക്കുന്നു. പാപകർമങ്ങൾ ചെയ്തവർ ദുരിതങ്ങൾ അനുഭവിക്കുന്നു. ശാരീരികവും, മാനസികവും, ബുദ്ധിപരവുമായി എന്തെല്ലാം ദുരിതങ്ങളുണ്ട്. ആശുപത്രിയിൽ ചെന്നുനോക്കിയാൽ കാണാം, എത്ര വാർഡുകളാണ്. ക്ലേശങ്ങൾക്ക് ചികിത്സ എന്നാണ് വെയ്പ്പ്. പക്ഷേ ആ ചികിത്സപോലും ക്ലേശമായി അനുഭവപ്പെട്ടാലോ? വെട്ടുന്നു, കീറുന്നു, മുറിയ്ക്കുന്നു, ഉള്ള ബോധംപോലും കെടുത്തുന്നു, മൂക്കിൽക്കൂടി കുഴൽ തിരുകുന്നു. ആഹാരം അതിൽക്കൂടി കൊടുക്കുന്നു. ശ്വാസോച്ഛ്വാസത്തിന് പ്രത്യേക ഓക്സിജൻ മാസ്ക് മുഖത്ത് വെയ്ക്കുന്നു. ഇതിനെല്ലാം ഈശ്വരൻ തന്നെ തന്ന ഇന്ദ്രിയങ്ങൾ നമുക്കുണ്ട്. പക്ഷേ അതൊന്നും വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഈ കൃത്രിമമായ ഉപാധികളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇങ്ങിനെ ദൈവം തന്ന സൗകര്യങ്ങൾ, സൗജന്യങ്ങൾ നാം നിഷ്പ്രയോജനമാക്കുമ്പോഴാണ്‌ ഇതുപോലുള്ള ദുരിതങ്ങൾക്ക് നാം വിധേയരായിത്തീരുന്നത്*

*ഭാരതത്തിൽ വ്യാസൻ പാപത്തിനും പുണ്യത്തിനും വളരെ ലളിതമായ നിർവചനങ്ങൾ നൽകിയിട്ടുണ്ട്. "പരോപകാരഃ പുണ്യായ, പാപായ പരപീഡനം." അവനവനും സമൂഹത്തിനും പ്രയോജനപ്രദമായ പ്രവർത്തികളാണ് പുണ്യകർമങ്ങൾ. ഏവർക്കും നിഷ്പ്രയോജനമായവ പാപങ്ങളും. മറ്റൊരുകാര്യം, അറിഞ്ഞുകൊണ്ടു തെറ്റു ചെയ്യുമ്പോഴേ അത് പാപമാകൂ. അറിയാതെ പറ്റുന്ന അബദ്ധങ്ങളെ പാപം എന്നു പറയുകവയ്യ. തെറ്റുപറ്റുക മനുഷ്യസ്വഭാവമാണ്. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്നതും അങ്ങിനെതന്നെ. അങ്ങിനെ ചെയ്യുമ്പോഴേ ദുരിതം അനുഭവിക്കേണ്ടി വരുന്നുള്ളൂ. അതുകൊണ്ടാണ് മൈത്രേയൻ വിദുരനോട് പറഞ്ഞത്, രണ്ടുകൂട്ടരേ ലോകത്തിൽ സുഖം അനുഭവിക്കുന്നുള്ളൂ എന്ന്. പരമവൈജ്ഞാനികന്മാർ പാപം ചെയ്യില്ല. അവർക്ക് ശരിയും തെറ്റും പൂർണമായും വിവേചിച്ചറിയുവാനുള്ള കഴിവുണ്ട്. ആ വിവേചനബുദ്ധിയുപയോഗിച്ച് അവർ ചെയ്യേണ്ടതേ ചെയ്യൂ. സ്വന്തം മനഃസ്സാക്ഷിയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായേ അവർ പ്രവർത്തിക്കൂ. അത്തരമാളുകൾക്ക് ജീവിതത്തിൽ ദുരിതം അനുഭവിക്കേണ്ടി വരില്ല*

*അതുപോലെ തന്നെ മരമണ്ടൂസന്മാർക്കും ശരിയും തെറ്റും അറിയില്ല. കുട്ടികൾക്ക് പാപവും നരകവും ഇല്ല എന്നാണ് പറയാറ്. കാരണം അവർ നിഷ്കളങ്കരാണ്. അവരുടെ മനസ്സിൽ പാപചിന്തകളേ ഇല്ല. മറ്റു ജന്തുക്കൾക്കുപോലും ശാരീരിക മാനസിക പീഡകൾ മനുഷ്യരെപ്പോലെ അനുഭവിക്കേണ്ടി വരുന്നില്ല. ഇത്രയേറെ ആസ്പത്രികൾ അവർക്കു വേണ്ടി ഇല്ലല്ലോ. മനുഷ്യരേക്കാൾ എത്രയോ കോടിക്കണക്കിന് ഇരട്ടി ജന്തുവൈചിത്ര്യങ്ങൾ ഉണ്ടെന്നാണ് ഭാഗവതത്തിൽ സൂചിപ്പിക്കുന്നത്. അതിൽ മനുഷ്യൻ എന്ന ജീവിക്കു മാത്രമേ ഇതുപോലുള്ള ക്ലേശങ്ങൾ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അനുഭവിക്കേണ്ടി വരുന്നുള്ളൂ. മറ്റു ജീവികളൊക്കെ വന്നു, ജീവിച്ചു, പോയി - അത്രയേയുള്ളൂ.*

              ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*


             💙💙💙

 _ഉണ്ണികൃഷ്ണൻ കൈതാരം_

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*

No comments: