Tuesday, August 27, 2019

വീട്ടിലൊരു കുഞ്ഞു പിറക്കുന്നതോടെ  'അധ്യാപന' ത്തിനുള്ള തയ്യാറെടുപ്പിലാകും വീട്ടുകാര്‍. അതല്ല വേണ്ടത്. യഥാര്‍ഥത്തിലത് പഠിക്കാനുള്ള സമയമാണ്.  നിങ്ങളുടെ കുഞ്ഞിനെ നോക്കൂ. നിങ്ങളേക്കാളേറെ സന്തുഷ്ടനാണവന്‍. അവനെ വളരെ കുറച്ചു കാര്യങ്ങളേ  പഠിപ്പിക്കേണ്ടതുള്ളൂ. അതിജീവനതന്ത്രങ്ങളാണത്. 
നിങ്ങളെക്കാളേറെ നിങ്ങളെ അറിയാവുന്നത് അവനാണ്. മനസ്സില്‍ സ്വയം ഉണ്ടാവുന്ന മാറ്റങ്ങളും സ്വാധീനങ്ങളും മാത്രമേ നിങ്ങള്‍ക്കറിയാനാവൂ. അനുഭവപരമായി വിശകലനം ചെയ്താല്‍ നിങ്ങളേക്കാളേറെ നിങ്ങളെ അറിയാവുന്നത് കുഞ്ഞിനാകും. നിങ്ങളിലെ ജീവോര്‍ജങ്ങള്‍ എങ്ങനെയെന്ന് മനസ്സിലാക്കുന്നത് അവനാണ്. അതുകൊണ്ട് കുഞ്ഞിനെ പഠിപ്പിക്കാനൊരുങ്ങുകയല്ല വേണ്ടത്. പഠിക്കാനാണ്. കുഞ്ഞിന് വളരാനുള്ള അന്തരീക്ഷമാണ്് നിങ്ങള്‍ നല്‍കേണ്ടത്. സ്‌നേഹത്തിന്റെയും പരിചരണത്തിന്റേയും പിന്തുണയുടേയും അന്തരീക്ഷം. നല്ലൊരു പൂന്തോട്ടം വളര്‍ത്തുന്നതിന് സമാനമാണത്. പൂക്കളും പഴങ്ങളും പറിക്കാനല്ല പൂന്തോട്ടം. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ അന്തരീക്ഷം നല്‍കുക. എല്ലാം തഴച്ചു വളരട്ടെ. 
എന്റെ കുട്ടികള്‍ എന്നെപ്പോലെ വളരണമെന്ന് ശഠിക്കരുത്. ജീവന്റെ ഭാഗമായതിനാലാണ് നിങ്ങളങ്ങനെ ചിന്തിക്കുന്നത്. അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാതാവുമ്പോള്‍ തങ്ങളുടെ കുട്ടികള്‍  എവിടെ നിന്നു വന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങളുടെ അടുത്ത തലമുറ വളരേണ്ടത് നിങ്ങളെപ്പോലെയല്ല. നിങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങള്‍ അവര്‍ക്ക് പ്രായോഗികമാക്കാന്‍ പറ്റണം. 
കുഞ്ഞിന് മാതാപിതാക്കളുടെ ആവശ്യമേയില്ല എന്ന തരത്തില്‍ അവരെ വളര്‍ത്തുക. സ്‌നേഹം എപ്പോഴുമൊരു വിമോചന പ്രക്രിയയാവണം. അല്ലാതെ കൂട്ടിലിടുന്ന വിധത്തിലാവരുത്. കുട്ടികള്‍ ഒരു നിശ്ചിത പ്രായമെത്തിയാല്‍  അവരിലൂടെ നിങ്ങള്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുന്നു. .അവരിലൂടെ നിങ്ങള്‍ ജീവിക്കാനാഗ്രഹിക്കുന്നു. നിങ്ങളെപ്പോലെയാവണമെന്ന് തോന്നുന്നത് അതുകൊണ്ടാണ്. അതല്ല വണ്ടത്. അവര്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്ഥരാകട്ടെ. 
 കുഞ്ഞ് ജനിക്കുമ്പോള്‍ അവന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് വളരട്ടെ. അതിന് അനുവദിക്കുക. നമ്മുടെ ധര്‍മവും സദാചാരവും ആശയങ്ങളും ഒന്നും അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുത്. ബുദ്ധിവികാസത്തിലൂടെ സ്വയം വളര്‍ച്ചക്കുള്ള രീതി അവന്‍ അവലംബിക്കട്ടെ. മനുഷ്യനായി വളരട്ടെ. കുടുംബത്തോടും സമ്പത്തിനോടും മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ അവന്റേതായ രീതിയില്‍ ജീവിതം പടുത്തുയര്‍ത്തട്ടെ. 
അതേസമയം അവനെ സ്വാധീനിക്കുന്ന പല ശക്തികളുമുണ്ടാകും സമൂഹത്തില്‍. വിദ്യാഭ്യാസം, തെരുവീഥികളില്‍ കണ്ടെത്തുന്ന ചങ്ങാതിമാര്‍... അങ്ങനെ പലതും. തെരുവുകളും അവിടെയുള്ളവരുമായുള്ള സമ്പര്‍ക്കവും ചങ്ങാത്തവും ഒഴിവാക്കാനാവില്ല. എങ്കിലും നിങ്ങള്‍ക്കവനെ സഹായിക്കാനും പിന്തുണയ്ക്കാനുമാകും. അതില്‍ നിന്നെല്ലാം   പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍  അവന്‍ ചെറുക്കും. കാരണം ബാല്യത്തില്‍ വീട്ടിലെ അന്തരീക്ഷത്തേക്കാള്‍ ആകര്‍ഷകമായിരിക്കും പുറത്തുള്ള ലോകം. 
തെരുവുകളിലെ തിന്മകള്‍ക്ക്  ആഗോളസ്വഭാവമാണുള്ളത്. മദ്യം, മയക്കുമരുന്ന്, അപകടം, മരണം തുടങ്ങി പലതരം വൈകൃതങ്ങള്‍. കുഞ്ഞിന് സ്വയം പഠിക്കാനായി  തെരുവിലേക്ക് ഇറക്കി വിടണമെന്നല്ല. നിങ്ങള്‍ അതെല്ലാം മനസ്സിലാക്കിയിരിക്കണം. എല്ലാം ബുദ്ധിപരമായി നോക്കിക്കാണാന്‍ അവനെ സഹായിക്കുക. നമ്മുടെ സദാചാര മൂല്യങ്ങളും ധര്‍മങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനായെന്നു വരില്ല. അപ്പോഴാണ് പുറത്തുള്ള കാര്യങ്ങള്‍ അവനെ സ്വാധീനിക്കുന്നത്. വീട്ടിലെ പാരതന്ത്ര്യമാണ് തെരുവിലെ സ്വാതന്ത്ര്യത്തിലേക്ക് അവന്റെ ശ്രദ്ധ തിരിക്കുന്നത്. 
വീട്ടിലെ അന്തരീക്ഷം എപ്പോഴും അവനെ പിന്തുണയ്ക്കുന്നതാവണം. ബുദ്ധി വികാസത്തിന് പ്രോത്സാഹിപ്പിക്കുന്നതാകണം. അപ്പോള്‍ പുറത്തുള്ള ലോകത്തേക്കാള്‍ അവന് പ്രിയം വീടായിരിക്കും. ലോകത്തിലെ തിന്മകളുമായി സമ്പര്‍ക്കം പുലര്‍ത്തില്ല.
sadguru

No comments: