Monday, August 26, 2019

ഭദ്രമാകണം ജീവിതം

Monday 26 August 2019 3:00 am IST

ജീവിതത്തില്‍ ഭദ്രത കൈവരിക്കുക എന്നതുകൊണ്ട് എന്താണ് നാം അര്‍ഥമാക്കുന്നത്? ഒരിക്കലെങ്കിലും എന്റെ ജീവിതത്തില്‍ ഭദ്രത ഉണ്ടാകണേ
എന്ന് പ്രാര്‍ഥിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. വേദങ്ങളില്‍ അനേകമന്ത്രങ്ങളില്‍ ഭദ്രത നേടുന്നതിനുള്ള വഴികള്‍
ഉപദേശിക്കുന്നുണ്ട്. അപൗരുഷേയമായ വേദങ്ങളില്‍ നമുക്ക് നല്‍കുന്ന ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിച്ചാല്‍ അതൊരു വലിയവഴിത്തിരിവായിരിക്കും. കാരണം എത്രയോ ആളുകള്‍ ഇന്ന് ജീവിതത്തില്‍ കൃത്യമായ ഉപദേശങ്ങള്‍ കിട്ടാതെ നട്ടംതിരിയുന്നുണ്ട്. ചിലരെങ്കിലും ഇനി ഒരു പ്രതീക്ഷയുമില്ലെന്നു കരുതി ജീവിതം ഹോമിക്കുന്നവരുമുണ്ട്. ജീവിതത്തില്‍ ഭദ്രത കൈവരുത്താന്‍ ഋഗ്വേദത്തിലും യജുര്‍വേദത്തിലും നല്‍കുന്ന ഗംഭീരമായ ഒരു മന്ത്രം നമുക്കൊന്ന് കാണാം:
''ഓം വിശ്വാനി ദേവ സവിതര്ദുരിതാനി പരാ സുവ
യദ്ഭദ്രം തന്ന ആ സുവ.''
(ഋഗ്വേദം 5.82.5, യജുര്‍വേദം 30.3)
പദം പിരിച്ചുള്ള അര്‍ഥം:
(ദേവ സവിതഃ=) ദിവ്യഗുണങ്ങളോടുകൂടിയ അല്ലയോ സവിതാവേ, (വിശ്വാനി ദുരിതാനി=) സമസ്ത ദുരിതങ്ങളും (പരാ സുവ=) ദൂരെ അകറ്റി, (യദ് ഭദ്രം=) യാതൊന്നാണോ ഭദ്രമായുള്ളത്, (തത്=) അത് (നഃ=) ഞങ്ങള്‍ക്ക് (ആ സുവ=) പ്രാപ്തമാക്കിയാലും.
അല്ലയോ സവിതാവേ, സമസ്ത ദുരിതങ്ങളും എന്നില്‍നിന്ന് അകറ്റി, ഭദ്രമായതിനെ നല്‍കിയാലും എന്ന് ഈ മന്ത്രത്തിന് അര്‍ഥം പറയാം.
ഈ മന്ത്രത്തില്‍ പ്രാര്‍ഥന വൈദികപ്രസിദ്ധി നേടിയ സവിത എന്ന ദേവതയോടാണ്. ഉല്പാദിപ്പിക്കാനും പ്രേരിപ്പിക്കാനും ശക്തിയുള്ളവനാണ് സവിതാ ദേവത. സര്‍ജനം ചെയ്യുകയും സഞ്ചാലനം ചെയ്യിപ്പിക്കുകയും ചെയ്യുന്ന പരമാത്മാവ് സവിതാദേവതയാണ്. സൗരമണ്ഡലത്തിനെ സര്‍ജനം ചെയ്യിക്കുന്ന സൂര്യന്‍ സവിതാദേവതയാണ്. നമ്മുടെ ഈ ദേഹത്തെ ഉല്പാദിപ്പിക്കുകയും സഞ്ചാലനം
ചെയ്യുകയും ചെയ്യുന്ന ആത്മാവ് സവിതാവാണ്. ശിഷ്യന്മാരുടെ ജീവിതത്തെ നിര്‍മിക്കുന്ന പ്രേരകനാകയാല്‍ ആചാര്യനും സവിതാവു തന്നെ. ഈ മന്ത്രത്തില്‍ സവിതാവ് പരമാത്മാവാണ്.

നോക്കൂ, ഈ മന്ത്രത്തില്‍ രണ്ടു വാക്കുകളുണ്ട്. ഒന്ന് ദുരിതം മറ്റൊന്ന് ഭദ്രം. ദുരിതമെന്ന വാക്കിന് എന്താണ് അര്‍ഥം? ദുഃസ്ഥിതിയാണ് ദുരിതം. അമംഗളകാരിയാണത്. അശുഭവും നികൃഷ്ടവുമായ അഭദ്രതയാണ് ദുരിതം. ഭദ്രതയോ നേര്‍വിപരീതം. ശുഭവും മംഗളകരവും ശക്തിപ്രദവുമായതെല്ലാം ഭദ്രതയാകുന്നു. ദുഃസ്ഥിതിയില്‍ എത്തുന്ന ഏതൊരാളും അഭദ്രതയിലാണ് ഉള്ളത്. ദാരിദ്ര്യംകൊണ്ടായാലും അനാരോഗ്യംകൊണ്ടായാലും, എന്തിന്, തകര്‍ന്ന കുടുംബമായാലും അതെല്ലാം ദുരിതമാണ്. ദുരിതം ദുരിതത്തെ മാത്രം പ്രസവിക്കുന്നു. എന്നാല്‍
ഒരിക്കല്‍ നാം ദുരിതത്തില്‍നിന്ന് മോചിതനായി ശക്തിയുടെ ലോകത്ത് എത്തിച്ചേര്‍ന്നാല്‍ അതോടെ ഭദ്രത കൈവരിക്കാന്‍ തുടങ്ങുകയായി.
ഇവിടെ വേദമന്ത്രത്തില്‍ കൃത്യമായ ഉപദേശം നല്‍കുന്നു. ദുരിതങ്ങളെ അകറ്റി ഭദ്രതയെ പ്രാപിക്കുമാറാകട്ടെ എന്ന്. അതിന് ആരുടെ സഹായം വേണമെന്നതാണ് അടുത്ത ചോദ്യം. നമ്മുടെ എല്ലാം ഉള്ളില്‍ സുസ്പന്ദിതമായിരിക്കുന്ന അന്തരാത്മാവുണ്ടല്ലോ, അതിന്റെ പ്രേരണ ആ ഭദ്രതാപ്രാപ്തിക്ക് വേണം. അതിന് ദുരിതത്തെ ത്യജിക്കാനുള്ള മനസ്സുവേണം. എന്നും പരാതിമാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ദോഷൈകദൃക്കാകാതിരിക്കണം. നല്ലതു കാണാനും കേള്‍ക്കാനും  മനസ്സുവേണം. ശുഭചിന്തകള്‍കൊണ്ട് മനസ്സ് നിറയ്ക്കാന്‍ സാധിക്കണം. ജീവിതത്തില്‍ ഇനിയും പ്രത്യാശയ്ക്ക് വകയുണ്ടെന്ന് മനസ്സിലാക്കി ഈ ജീവിതത്തില്‍ തനിക്ക് ഊന്നുവടിയായി പരമാത്മാവ്
പരിലസിക്കുന്നുണ്ടെന്ന സുബോധം നമ്മില്‍ ഉദിക്കണം. അതിന് വേദോപാസന ചെയ്യണം. അപ്പോള്‍ ഭദ്രപ്രാപ്തി പതുക്കെ കൈവരും. ജീവിതം വിജയത്തെ വരിക്കുകയും ചെയ്യും

No comments: