ജ്ഞാനിയുടെ ഇച്ഛയ്ക്ക് തടസ്സങ്ങളില്ല
ഈ ലോകത്തില്‍ തന്നെ ആത്മാനുഭൂതിയും സത്യകാമങ്ങളും നേടി ദേഹം വെടിയുന്നവര്‍, സാര്ഭൌമാനായ രാജാവ് സകല സ്ഥലത്തും സ്വാതന്ത്ര്യമായിരിക്കുന്നതുപോലെ എല്ലാ ലോകങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കുന്നു എന്നതിനെ വിവരിക്കുകയാണ് ഇനി. ജ്ഞാനികള്‍ സത്യ സങ്കല്പ•ാരായതിനാല് ആഗ്രഹിക്കുമ്പോള്‍ തന്നെ ഏതു ലോകത്തെയും നേടും. അവിടത്തെ ഭോഗങ്ങളും നേടി കാമചാരനായിത്തീരുന്നു.
സ യദി പിതൃലോക കാമോ ഭവതി .........
ആത്മസാക്ഷാത്കാരം നേടിയവര്‍ പിതൃലോകത്തെ ആഗ്രഹി
ക്കുന്നുവെങ്കില്‍ അയാളുടെ സങ്കല്പം കൊണ്ടു പിതൃക്കള്‍ അയാളോട് ചേരുന്നു. പിതൃലോകത്താല് സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.
അഥ യദി മാതൃലോക കാമോ ഭവതി........
മാതൃലോകങ്ങളെ ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സങ്കല്പംകൊണ്ടു മാതാക്കള്‍ അയാളോട് ചേരുന്നു. മാതൃലോകത്താല് സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.മാതാക്കള്‍ എന്ന് പറഞ്ഞത് മുന്‍പ് ഉണ്ടായവരും സുഖത്തിനു കാരണമായവരുമാണ്.
ഭ്രാതൃ ലോകത്തെ ആഗ്രഹിക്കുന്നവര്‍ സങ്കല്പം കൊണ്ടു ഭ്രാതാക്കളോട് (സഹോദരന്മാരോട്) ചേര്‍ന്നും സ്വസൃ ലോകമാഗ്രഹിക്കുന്നവര് സഹോദരിമാരോടു ചേര്‍ന്നും സഖിലോകത്തെ ആഗ്രഹിക്കുന്നവര്‍ കൂട്ടുകാരോട് ചേര്‍ന്നും ഗന്ധമാല്യ ലോകങ്ങളെ ആഗ്രഹിക്കുന്നവര്സുഗന്ധ ദ്രവ്യങ്ങളോടും മാലകളോടുംചേര്ന്നും അന്നപാനലോകങ്ങളെ ആഗ്രഹിക്കുന്നവര്‍ തിന്നാനും കുടിക്കാനുമുള്ള വസ്തുക്കളോടും ചേര്‍ന്നും ഗീതവാദിത്ര ലോകങ്ങളെ ആഗ്രഹിക്കുന്നവര്‍ ഗീതംവാദ്യം എന്നിവയോടു ചേര്‍ന്നും സ്ത്രീ ലോകത്തെ ആഗ്രഹിക്കുന്നവര്‍ സ്ത്രീകളോട് ചേര്‍ന്നും സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.
യം യമന്തമഭികാമോ ഭവതി, യം കാമം കാമയതേ, സോ/സ്യ സങ്കല്‍പ്പാദേവ സമുത്തിഷ് ഠതി, തേന സമ്പന്നോ മഹീയതേ.
ആത്മസാക്ഷാത്കാരം നേടിയ ആള് ഏതേത് ലോകത്തെ ആഗ്രഹിക്കുന്നുവോ അവയെല്ലാം അയാളുടെ സങ്കല്പം കൊണ്ടു തന്നെ അയാളോട് ചേരുന്നു. അതിനാല്‍ സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.ഒരു ജ്ഞാനിയുടെ ഇച്ഛയ്ക്ക് ഒരിക്കലും തടസ്സമുണ്ടാകില്ല. വിശുദ്ധ സത്വന്മാരായതിനാല് ഈശ്വരനെപ്പോലെ ഇവരും സത്യസങ്കല്പന്മാരാകുന്നു. ഈ പറഞ്ഞ ആത്മധ്യാനം സാധിക്കുന്നതിനു വേണ്ട സാധനകളെ അനുഷ് ഠിക്കുന്നതിന് സാധകരെ ഉത്സാഹിപ്പിക്കനായി ശ്രുതി വീണ്ടും പറയുന്നു.
ത ഇമേ സത്യാ: കാമാ അനൃതാപിധാനാസ്തേഷാം.......
അങ്ങനെയുള്ള സത്യങ്ങളായ കാമങ്ങള്‍ അനൃതമായ ആവരണത്തോടു കൂടിയതാണ്.അവ സത്യങ്ങള്‍ തന്നെയെങ്കിലും അനൃതം കാരണം മറയ്ക്കപ്പെടുന്നു.അതിനാല്‍ ആരെങ്കിലും മരിച്ചുപോയാല്‍ അയാളെ വീണ്ടും കാണാന്‍ സാധിക്കുന്നില്ല. തന്നില്‍ തന്നേയുള്ള സത്യകാമങ്ങളെ അജ്ഞാനം മറച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ ലൌകിക വിഷയങ്ങളില്‍ ആസക്തരായി കഴിഞ്ഞു കൂടുന്നു.ആത്മജ്ഞാനം ഇല്ലാത്തവരൂടെ കാമങ്ങള്‍ സത്യമാകില്ല.
No comments:
Post a Comment