Thursday, August 01, 2019



ദക്ഷിണാമൂർത്തി സ്തോത്രം-66

ഒരു വിത്തിൽ നിന്നും ഒരു വൃക്ഷം. ആ വൃക്ഷത്തിൽ നിന്നും അനേകം വിത്തുകൾ. ഓരോ വിത്തിൽ നിന്നും ഓരോ വൃക്ഷം. പിന്നേയും ഒരു വൃക്ഷത്തിൽ നിന്നും അനേക ലക്ഷം വിത്തുകൾ. ആയിരം പരമ്പര കഴിഞ്ഞ് ഒരു വിത്തെടുത്താലും ആദ്യത്തെ വിത്തിൽ എന്ത് പവർ ഉണ്ടായിരുന്നോ അതിപ്പോഴും ഉണ്ട്. 

ചെറിയ ചെറിയ ബാക്ടീരിയകൾ ഉണ്ട്. നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാതെ അനേകം പ്രാണികൾ. ചിലത് ജനിച്ച് കഴിയുമ്പോൾ സ്വയം വിഘടിച്ച് രണ്ടായി മാറാറുണ്ട്.ചിലതിനെ ലാബുകളിൽ രണ്ടായിട്ട് മുറിക്കും. അപ്പോൾ ഒരു ജീവി രണ്ട് ജീവികൾ ആകും. ഇവിടെ രണ്ടും പൂർണ്ണം തന്നെ. ചൈതന്യം അത്ഭുത കാരണമാണ്. ചൈതന്യത്തിൽ നിന്ന് എന്തൊക്കെ തന്നെ ഉണ്ടായാലും ചൈതന്യം പൂർണ്ണമായി തന്നെ നിൽക്കുന്നു. അതിന്റെ സിദ്ധാന്തമെന്താണ്? ചൈതന്യത്തിൽ നിന്ന് വാസ്തവത്തിൽ ഒന്നും ഉണ്ടാകുന്നതേയില്ല. എങ്ങനെ ഉണ്ടാകും? ഉണ്ടാകുന്ന പോലെ ഒരു ഭ്രമം അത്രേയുള്ളു. ഒന്നും സൃഷ്ടിക്കപ്പെടുന്നത് തന്നെയില്ല.

ന നിരോധോ നച ഉത്പത്തിഹി ന ബന്ധോ ന ച സാധകഃ ന മുമുക്ഷുഹു നവേയ് മുക്തഃ ഇത്യേഷാ പരമാർത്ഥത 

ഒന്നും ഉണ്ടാകുന്നില്ല, ഒന്നും ലയിക്കുന്നില്ല ചൈതന്യം സദാ പൂർണ്ണമായിട്ട് തന്നെയിരിക്കുന്നു. എന്നാൽ പുറമേയ്ക്ക് നോക്കുമ്പോൾ കാര്യവും കാരണവും. അതു വച്ച് പ്രകൃതി നമുക്കൊരു കളിപ്പാട്ടം ഉണ്ടാക്കി തന്നിരിക്കുന്നു. എല്ലാത്തിനും നാം കാര്യ കാരണങ്ങൾ ചിന്തിച്ച് കൊണ്ടിരിക്കും. ചിലരുടെ ബുദ്ധിക്ക് ഇത് തന്നെ പണി. ഇതെങ്ങനെയുണ്ടായി? മായ ഈ ചോദ്യം നമ്മെ കൊണ്ട് ചോദിപ്പിക്കുന്നു. 

ഒരിക്കൽ ഒരു ഭക്തൻ ചോദിച്ചു രമണ മഹർഷിയോട് " ഭഗവാനേ ഈ ലോകം എങ്ങനെയുണ്ടായി?" അപ്പോൾ മഹർഷി തിരിച്ച് ചോദിക്കുകയുണ്ടായി. ഈ ലോകം ആർക്കാണ് ഉണ്ടായിട്ടുള്ളത്?  അല്ലാ ഭാവാനേ ഈ ലോകം ഞാൻ കാണുന്നുണ്ടല്ലോ. അതെ, നീ ഈ ചോദ്യം ചോദിക്കാൻ വേണ്ടി തന്നെയാണ് നിന്റെ മുന്നിൽ ഈ ലോകം നിൽക്കുന്നത്. എങ്ങനെയുണ്ടായി എന്ന ഈ ചോദ്യം ആത്മ സാക്ഷാത്കാരത്തിന് തടസ്സമായി നിൽക്കുന്നു. നമ്മുടെ ജിജ്ഞാസയെ ഉണർത്താൻ, പുറത്തേയ്ക്ക് കൊണ്ടു വരാൻ ഈ ചോദ്യം ഉപകരിക്കുന്നു. 

അപ്പോൾ വിശ്വം എങ്ങനെ കാണപ്പെടുന്നു?  കാര്യകാരണതയാ സ്വസ്വാമിസംബംധതഃ
അനേക വിധത്തിലുള്ള സംബന്ധമായി. എന്താ സംബന്ധം? ഞാൻ- എന്റെ യജമാനൻ, ശിഷ്യൻ-ഗുരു, അച്ഛൻ-മകൻ ഇതിന്റെയൊക്കെ പുറകിൽ അഹങ്കാരമാണ് . ഞാനൊരു വ്യക്തിയാണ് എന്ന് ധരിച്ചിട്ടാണല്ലോ മറ്റുള്ളവരുമായി സംബന്ധപ്പെടുന്നത്. 

ന മാതാ പിതാവാ ന ദേവാ ന ലോകാഹ ന വേദാ ന യജ്ഞാ ന തീർത്ഥം ഭ്രുവന്തി സുഷുപ്ത്വോ നിരസ്താദി ശൂന്യാത്മ ഗത്വാ തദൈ ഗോവശിഷ്ട ശിവ കേവലോഹം

എനിക്ക് അച്ഛനില്ല, അമ്മയില്ല, ഞാനാരുടേയും അച്ഛനോ അമ്മയോ അല്ല. എല്ലാം നിഷേധിച്ച് കഴിഞ്ഞാൽ തള്ളാൻ കഴിയാതെ അവശേഷിക്കുന്ന ശുദ്ധമായ ശിവമാണ് ഞാൻ, പ്രജ്ഞയാണ് ഞാൻ, ആത്മാവാണ് ഞാൻ .ആ ശുദ്ധ പ്രജ്ഞയിൽ അഥവാ ബ്രഹ്മത്തിൽ ഈ ഭേദങ്ങളൊന്നും കാണാനില്ല. എല്ലാ ഭേദങ്ങളും അസത് പ്രതീയതേ, അസത്താണ് , സത്യമല്ല.

ശിഷ്യചാര്യതയാ തഥൈവ പിതൃ പുത്രാദ്യാത്മനാ ഭേദതഃ |
എല്ലാ ഭേദങ്ങളും സ്വപ്നം പോലെയാണ്, വാസ്തവമല്ല. ഇവിടെ എന്തുണ്ട്? ഏകമേവ അദ്വതീയം രണ്ടില്ലാത്തതായ ആത്മ വസ്തു പരമാർത്ഥ സത്യം മാത്രമേയുള്ളു. 

Nochurji🙏🙏
Malini dipu 

No comments: