ഒരു ദിവസം കുളി കഴിഞ്ഞ് കണ്ണൻ ഓടി വന്നു അമ്മയുടെ കഴുത്തിന്നു പുറകിൽ തല ഒളിപ്പിച്ച് അമ്മയോട് പ്രിയത്തോടെ ചോദിച്ചു.രാവിലെ തന്നെ അമ്മയിതെന്താ എന്തെല്ലാo ആണ് ഒരുക്കിയിരിക്കുന്നത് എന്നെ പുറപ്പെടുവിക്കാൻ. കുളിച്ച് വരുന്ന പരബ്രഹ്മത്തെ ആ സൌന്ദര്യ ധാമത്തെ അമ്മ യശോദ ആദ്യം ഒരു പട്ടുകോണകം ഉടുപ്പിച്ചു. ഒരു പീതാംബരപട്ടു ചൂറ്റി അഴിഞ്ഞു പോവാതിരിക്കാൻ സ്വർണത്തിന്റെ ഒരു കിങ്കിണിയിൽ കെട്ടി മുറുക്കി. കാലിൽ കങ്കണങ്ങളും കൈകളിൽ തള വളകളും അണിയിച്ചു. നീണ്ടു ചുരുണ്ടു മുടി ചേർത്തുകെട്ടി അതിൽ ചെറിയ ഒരു പീലിക്കിരീടവും ചാർത്തി. കാതിൽ നല്ല മകരകുണ്ഡലങ്ങൾ അണിയിച്ചു.കഴുത്തിൽ സുവർണ്ണമാലകൾ ചാർത്തി.തോൾ വള അണിയിച്ചു. തിരുനെറ്റിയിൽ കസ്തൂരി തിലകം തൊടുവിച്ച് .ആ അമ്മ കണ്ണന്റെ വിശാല നേത്രങ്ങളിൽ നീട്ടി കരിമഷി എഴുതി. കയ്യിൽ പൊന്നോടക്കുഴൽ കൊടുത്തു. കണ്ണനെ മധുരമായി പുറപ്പെടുവിച്ചു.ഉണ്ണിയെ കണ്ണു തട്ടാതിരിക്കാൻ കവിളിൽ ഒരു കറുത്ത പൊട്ടും ഇട്ടു.മുരളിയും കയ്യിലെടുത്ത് നിൽക്കുന്ന കണ്ണനെ കണ്ട് ആ അമ്മയുടെ മനസ്സുനിറഞ്ഞു. കുസൃതി കണ്ണൻ കയ്യിൽ നിന്നും തെന്നി പുറത്തെ അങ്കണത്തിലേക്കോടി. അവിടെ ചെന്നുവേണ്ട പോലെ അമ്മ കാൺകേ മണ്ണിൽ കളിച്ചു.. ശരീരത്തിൽ നിറയെ മണ്ണും ചേറുമായി ( വ്റജരജവുമായി) കണ്ണൻ ഓടി വീണ്ടും പ്രിയത്തോടെ അമ്മയുടെ അരികിൽ വന്നു നിന്നു പറഞ്ഞു. കണ്ടോ കണ്ടോ അമ്മേ ഏട്ടനതാ തന്റെ വടിയെടുത്ത് എന്റെ പിന്നാലെ വരുന്നു. താൻ മണ്ണിൽ കളിച്ചതിനാ. അമ്മേ ഇപ്പോൾ എന്നെ കാണാൻ എങ്ങിനെയുണ്ട്? ആ അമ്മയ്ക്കും ദേഷ്യം വന്നു. കാരണം കണ്ണന്റെ കയ്യിലും മെയ്യിലും എല്ലാം ചെളി. രാവിലെ തന്നെ മറ്റു പണികകളെല്ലാം മാറ്റി വച്ചാണ് ഇത്രയും പാടുപെട്ടു കണ്ണനെ പുറപ്പെടുവിച്ചത്. പുറത്തു ഗോപിമാർ കണ്ണനെ ഒരു നോക്കു കാണാൻ വന്നു നിൽക്കാൻ തുടങ്ങിയിട്ടു നേരമേറെയായി.ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണിവൻ മണ്ണിൽ കളിച്ചു വരുന്നത്. ഇതെന്തു പണിയാണ് .മുജ്ജന്മത്തിലിവനെന്താ വല്ല പന്നിയോ മറ്റോ ആയിരുന്നോ? ഇങ്ങിനെ മണ്ണിൽ കുട്ടിക്കരണം മറിയാൻ. കണ്ണൻ വീണ്ടും മണ്ണിലേക്കോടാൻ തുടങ്ങിയപ്പേlൾ അമ്മയ്ക്ക് ദേഷ്യം വന്നു. മാതാവായ യശോദ ഒരു വടിയുമെടുത്ത് കണ്ണന്റെ പിന്നാലെ ഓടി. കണ്ണനും കുസൃതി കാണിച്ച് പിടികൊടുക്കാതെ ഓടി .കണ്ണൻ ആലോചിച്ചു. ഈ അമ്മയ്ക്ക് എല്ലാം അറിയാം. എങ്ങിനെ ഇവർക്കു മനസ്സിലായി ഞാൻ കഴിഞ്ഞ ജന്മത്തിൽ പന്നിയായി രൂപമെടുത്ത് വരാഹാവതാരം ആടിയെന്ന് .എന്നാൽആ അമ്മയിതാ തന്റെ നിജസ്വരൂപത്തെ അറിയാതെ തന്റെ പിന്നാലെ ഓടുന്നു.അമ്മ കണ്ണനെ പിടിക്കാനായി ആഞ്ഞു.കണ്ണൻ വീണ്ടും ഓടി. അമ്മ പിന്നാലെ ഓടി ക്ഷീണിച്ച് ഒരിടത്തിരുന്നു. കുറെശ്ശേ കോപം അധികമായി .കണ്ണുകലങ്ങി.കോപം കൊണ്ടും ദുഃഖം കൊണ്ടും കണ്ണുനീർ അണിഞ്ഞു .തന്റെ ഓരോ ഗുണവും ആ കണ്ണുനീരിൽ കഴുകി കളയുന്ന പോലെ തോന്നി. അമ്മയുടെ വിഷമം കണ്ട് സഹിക്കാനാവാതെ ആ കുസൃതിക്കണ്ണൻ ഓടി അമ്മയുടെ അരികിൽ വന്നു നിന്നു.അമ്മയുടെ സാരിത്തുമ്പെടുത്ത് കണ്ണിൽ നിന്നും വരുന്ന ആ കണ്ണുനീർ തുടച്ചു .അമ്മേ എന്താ ഇത്? കരയുകയാണോ? അയ്യേ അരുത് അമ്മക്ക് കാണാൻ വേണ്ടിയല്ലെ ഞാനീ കളികൾ കളിക്കുന്നത്. ഞാനെത്രയും വേഗം ഗോപസ്ത്രീകളുടെ അടുത്തു പോയി വരാം.എന്നാൽ അവർ എത്രത്തോളം എന്നെ നോക്കുമെന്നറിയില്ല. പിന്നെ ഇത്ര നന്നായി പുറപ്പെടുവിച്ചാൽ എന്നെ വല്ല വൃദ്ധന്മാരും സ്ത്രീകളും ഇവിടെ നിന്നും എവിടെക്കെങ്കിലും എടുത്തു കൊണ്ടു പോവും. അവരുടെ ദൃഷ്ടി വരാതിരിക്കാനാണാനിടയ്ക്കിടെ മണ്ണിൽ കളിച്ചു വരുന്നത്. കണ്ണന്റെ കൊഞ്ചിക്കൊഞ്ചിക്കൊണ്ടുള്ള ഈ വർത്തമാനം കേട്ട ആ അമ്മയുടെ ഹൃദയത്തിൽ പ്രേമം നിറഞ്ഞു .തന്റെ മകനെ മാറോട് ചേർത്തു തലയിൽ ചുംബിച്ചു.കണ്ണനെ വേണ്ടാത്തവരുടെ ദൃഷ്ടികളിൽ നിന്നെല്ലാം മാറ്റി നിർത്തി. തന്റെ മകനെ ആരുടേയും ദൃഷ്ടിയിൽപ്പെടാതിരിക്കാൻ ഹൃദയത്തിലേറ്റി തിരുനെറ്റിയിൽ വീണ്ടും വീണ്ടും ചുംബിച്ചു.
*ജയ് കൃഷ്ണ*
*ജയ് കൃഷ്ണ*
No comments:
Post a Comment