Wednesday, July 24, 2019

ശരീരത്തിന്റെ രൂപാന്തരം ആത്മാവിനെ ബാധിക്കില്ല

Friday 19 July 2019 1:00 am IST
നൈകസ്മിന്നസംഭവാധികരണം
ആറാമത്തേതായ ഈ അധികരണത്തില്‍ നാല് സൂത്രങ്ങളുണ്ട്. ജൈന സിദ്ധാന്തങ്ങളെ നിഷേധിക്കുകയാണ് ഈ അധികരണത്തില്‍.
സൂത്രം  നൈകസ്മിന്നസംഭവാത്
ഒരു വസ്തുവില്‍ നാനാത്വം സംഭവിക്കാത്തതിനാല്‍. സത്യമായ ഒരു വസ്തുവില്‍ പരസ്പര വിരുദ്ധങ്ങളായ അനേക ധര്‍മ്മങ്ങള്‍ ഉണ്ടാകാന്‍ തരമില്ല. എന്തെന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്ന് തന്നെ കാരണം.
ജൈന സിദ്ധാന്തമനുസരിച്ച് ഒരു വസ്തു ഉണ്ടെന്നും ഇല്ലെന്നും പറയാം.
ഒരേ സമയം ഒരു വസ്തുവിന്റെ സത്തയേയും അസത്തേയും അംഗീകരിക്കുന്നവരാണ് അവര്‍. എന്നാല്‍ ഇതിനെ സൂത്രത്തില്‍ ഖണ്ഡിക്കുന്നു. ഒരു വസ്തുവില്‍ ഒരേ സമയം ഒരിക്കലും വിരുദ്ധധര്‍മ്മങ്ങള്‍ ഉണ്ടാവുകയില്ല
ഏഴ്തരം പദാര്‍ത്ഥങ്ങളും അഞ്ച് അസ്തികായങ്ങളുമുണ്ട് ജൈന ദര്‍ശനത്തില്‍ .ജീവന്‍, അജീവന്‍, ആസ്രവം, സംവരം, നിര്‍ജ്ജരം, ബന്ധം, മോക്ഷം എന്നിവയാണവ. അഞ്ച് അസ്തികയങ്ങള്‍ ജീവാസ്തി കായം, പുല്ഗലാസ്തികായം, ധര്‍മ്മാസ്തികായം, അധര്‍മ്മസ്തികായം, ആകാശാസ്തികായം എന്നിവയാന്ന്. ഈ പന്ത്രണ്ട് കൂട്ടത്തില്‍ ബാഹ്യവും ആഭ്യന്തരവുമായ എല്ലാ വസ്തുക്കളും അടങ്ങിയിരിക്കുന്നു. സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ തത്വങ്ങളും ഇതിലുള്‍പ്പെടും.
 ഇവയെ എല്ലാം നിരൂപിക്കാനായി 'സപ്തഭംഗീ' എന്ന ന്യായവുമുണ്ട്
1.സ്യാദസ്തി  ഉണ്ടാകാം
2. സ്യാ നാസ്തി ഇല്ലാതെയുമാകാം
3. സ്യാദസ്തി ച നാസ്തി ച  ഉണ്ടെന്നും ഇല്ലെന്നും വരാം
4. സ്യാദവക്തവ്യ : പറയാന്‍ കഴിയാത്തതാകാം
5. സ്യാദസ്തി ചാവക്തവ്യശ്ച  ഉണ്ടെന്നും പറയാന്‍ കഴിയാത്തതെന്നും വരാം
6. സ്യാന്നാസ്തി ചാവക്തവ്യശ്ച  ഇല്ലാത്തതും പറയാന്‍ കഴിയാത്തതുമാകാം
7. സ്യാദസ്തി ച നാസ്തി ചാവക്തവ്യശ്ച ഉള്ളതും  ഇല്ലാത്തതും പറയാന്‍ കഴിയാത്തതുമാകാം.
ഈ സപ്തഭംഗീ ന്യായത്തിലൂടെ പദാര്‍ത്ഥങ്ങളെ നോക്കിക്കാണാന്‍ ജൈനന്‍മാര്‍ ഉപദേശിക്കുന്നു.
ഇത് സമ്യക് ജ്ഞാനമല്ല. ഒരു വസ്തുവില്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള ധര്‍മ്മങ്ങള്‍ എങ്ങനെയുണ്ടാകും. തീചൂടുള്ളതും തണുത്തതും എന്ന് പറയുന്നതുപോലെയാകും. ഇതിന് സാംഗത്യമില്ല. ഒന്നിനും വേണ്ട പോലെ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാത്ത സപ്തഭംഗീ ന്യായം കൊണ്ട് നടക്കുന്ന അര്‍ഹന്‍മാരുടെ ഈ മതം ശ്രുതിയ്ക്ക് വിരുദ്ധമാണ്. ഇവരുടെ വാദങ്ങള്‍ ജല്പനങ്ങളാണ്. യാതൊരു കഴമ്പുമില്ല അവയില്‍. അതിനാല്‍ തന്നെ സ്വീകരിക്കാനാവില്ല.
സൂത്രം  ഏവം ചാത്മാ കാര്‍ത്സന്യം
ആത്മാവിന്റെ അപൂര്‍ണതയും ഇതേപോലെ അസംഗതമാണ്.ആത്മാവിന്റെ വലുപ്പം ശരീരത്തോട് തുല്യമാണ് എന്ന സിദ്ധാന്തവും ചേരാത്തതാണ്.
ജൈന സിദ്ധാന്തമനുസരിച്ച് ആത്മാവിന്റെ വലുപ്പം ശരീരത്തിന്റെ വലുപ്പത്തിന് തുല്യമാണെന്ന് പറയുന്നു. ഇതും സ്വീകാര്യമല്ല.
കര്‍മത്തിന്റെ പരിപാക മനുസരിച്ച് വിവിധ ജീവികളായി ജനിക്കേണ്ടി വരുമ്പോള്‍ ആത്മാവിന്റെ വലുപ്പവും മാറേണ്ടി വരും. ഇപ്പോള്‍ മനുഷ്യന്റെ ശരീര വലുപ്പമുള്ള ആത്മാവ് അടുത്ത ജന്മം ഉറുമ്പോ ആനയോ മറ്റോ ആയാല്‍ കുഴപ്പമാകും.എങ്ങനെ ആ മനുഷ്യ വലുപ്പമുള്ള ആത്മാവിന് വലുതാനോ ചെറുതാകാനോ കഴിയും?
അത് മാത്രമല്ല ജനിക്കുമ്പോള്‍ ഒരു ശിശുവായിരിക്കുന്നയാള്‍ വലുതാകുമ്പോള്‍ ആത്മാവും അതേ വലിപ്പത്തിലാകുമെന്ന മണ്ടത്തരവും ഇതിലുണ്ട്. ദിസവും ശരീരം വളരുന്നതിനനുസരിച്ച് ആത്മാവും വളരുന്നെന്ന് പറയേണ്ടി വരും.ശരീരത്തിന് അംഗഭംഗം വന്നാല്‍, കൈയോ കാലോ അറ്റുപോയാല്‍ അത് ആത്മാവിന്റെ വലുപ്പത്തേയും ബാധിക്കില്ലേ.
നിത്യവും നിര്‍വികാരവും നിര്‍വിശേഷവും എങ്ങും നിറഞ്ഞവനുമായ ആത്മാവിന്റെ സ്വരൂപത്തിന് ഇങ്ങനെ ഉപാധികള്‍ കല്പിക്കുന്നത് ഉചിതമല്ല. ആത്മസ്വരൂപത്തെപ്പറ്റിയുള്ള ജൈനരുടെ സിദ്ധാന്തം യുക്തിയ്ക്ക് നിരക്കാത്തതാണ്.ഇതിന് ഒരു തരത്തിലും വിശ്വസിക്കാനുമാകില്ല.

No comments: