മനസ്സിനെ ഒരു തടാകത്തോടുപമിക്കാം. അതിലുണ്ടാകുന്ന ഓരോ കല്ലോലവും അടങ്ങുന്നതോടുകൂടി തീരെ നശിച്ചുപോകാതെ, മേലില്‍ വീണ്ടും ആവിര്‍ഭവിക്കാനുള്ള സാധ്യതയോടുകൂടി ഒരു അടയാളം മനസ്സില്‍ അവശേഷിപ്പിക്കുന്നു. തരംഗത്തിന്റെ പുനരാവിര്‍ഭാവ സാധ്യതയോടുകൂടിയ ഈ അടയാളത്തെയാണ് 'സംസ്കാരം' എന്നു പറയുന്നത്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തിന്റെ ഓരോ ചലനവും നമ്മുടെ ഓരോ വിചാരവും ഇത്തരം മുദ്രകള്‍ നമ്മുടെ ചിത്തത്തില്‍ നിക്ഷേപി
ക്കുന്നുണ്ട്. ഈ മുദ്രകള്‍ ചിത്തത്തിന്റെ ഉപരിതലത്തില്‍ തെളിഞ്ഞുകാണാതിരിക്കുമ്പോഴും, അധസ്തലങ്ങളില്‍ കിടന്ന്, നാം അറിയാതെതന്നെ പ്രവര്‍ത്തിക്കാന്‍ തക്ക കെല്പുള്ളവയാണ്. ചിത്തത്തിലുള് ള ഈ മുദ്രകളുടെ (സംസ്കാരങ്ങളുടെ) ആകത്തുകയാണ്, ഓരോ നിമിഷത്തിലും നാം എങ്ങനെയുള്ളവരാകുന്നു എന്നു നിര്‍ണയിക്കുന്നത്. എന്റെ കഴിഞ്ഞുപോയ ജീവിതത്തിലുണ്ടായിട്ടുള്ള സര്‍വസംസ്കാരങ്ങളുടേയും പരിണിത ഫലമാകുന്നു ഈ നിമിഷത്തിലെ 'ഞാന്‍'. വാസ്തവത്തില്‍ ഇതിനെയാണ് സ്വഭാവം എന്നു പറയുന്നത്.
ഓരോരുത്തന്റേയും സ്വഭാവത്തെ നിര്‍ണയിക്കുന്നത് അവനവന്റെ സംസ്കാരങ്ങളുടെ സമാഹാരമാകുന്നു. നല്ല സംസ്കാരങ്ങള്‍ക്കാണ് പ്രാബല്യമെങ്കില്‍ സ്വഭാവം നല്ലതായിരിക്കും. ചീത്തയ്ക്കാണെങ്കില്‍ സ്വഭാവവും ചീത്തയായിരിക്കും.
ഒരാള്‍ നിരന്തരം ചീത്തവാക്കുകള്‍ കേള്‍ക്കുകയും ചീത്തക്കാര്യങ്ങള്‍ ചിന്തിക്കുകയും ചീത്തപ്രവൃത്തികള്‍ ചെയ്യുകയുമാണെങ്കില്‍ അയാളുടെ മനസ്സ് ചീത്ത സംസ്കാരങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും. ആ സംസ്കാരങ്ങള്‍ അയാള്‍ അറിയാതെതന്നെ അയാളുടെ വിചാരങ്ങളേയും പ്രവൃത്തികളേയും ബാധിക്കും. വാസ്തവത്തില്‍ ആ ദുഃസംസ്കാരങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും . അവയുടെ പരിണിതഫലം ചീത്തയായിരിക്കും. അങ്ങനെ അയാള്‍ ചീത്ത മനുഷ്യനായിരിക്കും.
അതില്‍നിന്നൊഴിയാന്‍ അയാള്‍ക്കു കഴിയുന്നില്ല. ഈ ദുഃസംസ്കാരങ്ങളുടെ ആകെത്തുക ദുഷ്കര്‍മങ്ങള്‍ ചെയ്യാനുള്ള വലിയ പ്രേരണാശക്തി അയാളില്‍ ഉളവാക്കും. അയാള്‍ തന്റെ സംസ്കാരങ്ങളുടെ കൈയില്‍ ഒരു യന്ത്രം പോലെയായിരിക്കും. അവ അയാളെക്കൊണ്ട് ദുഷ്കര്‍മങ്ങള്‍ ബലാല് ചെയ്യിക്കും. ഇതുപോലെതന്നെ ഒരാള്‍ സദ്വിചാരങ്ങളില്‍ മുഴുകുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കയും ചെയ്യുന്നുവെങ്കില്‍ ആ സംസ്കാരങ്ങളുടെ ആകെത്തുക നല്ലതായിരിക്കയും, അയാള്‍ അവ ഇച്ഛിച്ചില്ലെങ്കില്‍ക്കൂടി ബലാല് നന്മ പ്രവര്‍ത്തിപ്പിക്കുന്നു.
അപ്രതിരോധ്യമായ ഒരു സദ്വാസനാബലം തന്നില്‍ ഉണ്ടാകത്തക്കവിധം അത്രയധികം സദ്കര്‍മങ്ങള്‍ ചെയ്യുകയും അത്രയധികം സദ്വിചാരങ്ങളില്‍ മുഴുകുകയും ചെയ്തിട്ടുള്ള ഒരു മനുഷ്യന്, നന്മ ചെയ്യണമെന്നിച്ഛയില്ലെങ്കിലും, ഒരു സമയം തിന്മ ചെയ്യണമെന്നു തോന്നിയാല്‍ക്കൂടി, ആ സദ്വാസനകളുടെ സമാഹാരമായ അയാളുടെ മനസ്സ്അതിനനുവദിക്കുന് നതല്ല. വാസനകള്‍ അയാളെ പിന്തിരിപ്പിക്കും. അയാള്‍ സദ്വാസനകള്‍ക്കു പൂര്‍ണമായും അധീനനായിരിക്കും. ഈ സ്ഥിതിയിലെത്തുമ്പോള്‍ ഒരുവന്റെ സദ്സ്വഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചു എന്നു പറയാം.
No comments:
Post a Comment