ശ്രീമദ് ഭാഗവതം 217*
ഭഗവാനപി വിശ്വാത്മാ ഭക്താനാം അഭയങ്കര:
ആവിവേശാം അംശഭാഗേന മന ആനകദുന്ദുഭേ:
സ ബിഭ്രത് പൗരുഷം ധാമ ഭ്രാജമാനോ യഥാ രവി:
ദുരാസദോ അതിദുർദ്ധർഷോ ഭൂതാനാം സംബഭൂവ:
തതോ ജഗന്മംഗള അച്യുതാംശം സമാഹിതം ശൂരസുതേന ദേവീ
ദധാര സർവ്വാത്മകമാം അത്മഭൂതം കാഷ്ഠാ യഥാഽഽനന്ദകരം മനസ്ത:
ഭഗവാന്റെ അവതാരത്തിനുള്ള ഏർപ്പാടുകളാണ്. ഒരു കുടത്തിനകത്ത് വിളക്ക് വെച്ച് കുടത്തിൽ അനേകം ദ്വാരങ്ങൾ ഉണ്ടെങ്കിൽ ആ ദ്വാരങ്ങളിലൂടെയൊക്കെ ഈ വിളക്കിന്റെ പ്രകാശം വീശുന്നത് പോലെ ഭഗവാനാകുന്ന വിളക്ക് വസുദേവരുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. മനസ്സിലേക്ക് പ്രവേശിച്ചു. ആ പ്രകാശം ഏറ്റ് വസുദേവർ തേജസ്വി ആയിട്ട് മാറി. ആ ജയിലിലെ ദ്വാരപാലകന്മാർ പോലും ഉള്ളിലേക്ക് നോക്കാൻ ഭയപ്പെട്ടുപോയി അത്രേ. ഉജ്ജ്വലമായ ആ തേജസ്സിൽ അവര് അങ്ങനെ മാറി നിന്നു പോയി!
ആ സമയം ദേവകി വളരെ ഭക്തിയോടുകൂടെ വസുദേവരെ സമീപിച്ചു. വസുദേവർ പ്രിയത്തോടുകൂടെ ദേവകിയെ ഒന്നു നോക്കി. ജ്ഞാനികളുടെ കടാക്ഷത്താൽ പക്വമായ ഒരു ജീവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം (ചിത്ശക്തി) പ്രവഹിക്കുന്നത് പോലെ, വസുദേവരിൽ നിന്നും ദേവകിയുടെ ഹൃദയത്തിലേക്ക്, ഗർഭത്തിലേക്ക് ഭഗവാന്റെ തേജസ്സ് പ്രവഹിച്ചു.
തതോ ജഗന്മംഗള അച്യുതാംശം സമാഹിതം ശൂരസുതേന ദേവീ
ചക്ഷുർദീക്ഷ! ആ ദർശനത്തിൽ തന്നെ ആ പ്രേമഭാവത്തോടെയുള്ള ആ വീക്ഷണത്തിൽ തന്നെ (അനുഭൂതിമാന്റെ അനുഭൂതി ആ പ്രേമഭാവത്തിനെ വാഹനമായി വെച്ച് കൊണ്ട് കാണുന്ന ആളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് പോലെ) വസുദേവരുടെ ഹൃദയത്തിലുള്ള കൃഷ്ണതേജസ്സ് ദേവകിയുടെ ഗർഭത്തിലേക്ക് പ്രവേശിച്ചു.
കാഷ്ഠാ യഥാഽഽനന്ദകരം മനസ്ത:
ആകാശത്തിൽ ചന്ദ്രൻ എന്ന വണ്ണം കൃഷ്ണചന്ദ്രൻ ദേവകിയുടെ ഗർഭത്തിൽ സ്പർശിച്ചു.
ദേവകിയുടെ തേജസ്സ് കണ്ട് കംസനും ആശ്ചര്യപ്പെട്ടു!!
ഇവളുടെ ഉള്ളിൽ ഹരി പ്രവേശിച്ചിരിക്കണു! കംസൻ ആരാണ്? മഹാത്മാ. എത്രയോ കാലമായി ധ്യാനം ആണിപ്പോൾ!! കൃഷ്ണധ്യാനം ആണ്. ഭയം കൊണ്ട് ധ്യാനിച്ച് ധ്യാനിച്ച്,
ആസീന: സംവിശംൻ തിഷ്ഠൻ ഭൂജ്ഞാന: പര്യടൻ മഹീം
ചിന്തയാനോ ഹൃഷീകേശമപശ്യത് തന്മയം ജഗത്.
ഇരിക്കുമ്പഴും നടക്കുമ്പോഴും ഉണ്ണുമ്പോഴും ഒക്കെ ചിന്തയാനോ ഹൃഷീകേശം. ഭഗവാനെ ധ്യാനിച്ചു കൊണ്ട് അനുസന്ധാനം ചെയ്തു കൊണ്ടേ ഇരിക്കാണ് കംസൻ. ഈ സമയം ദേവതകളൊക്കെ ആകാശത്തില് വന്നു ഭഗവാനെ സ്തുതിച്ചു
സത്യവ്രതം സത്യപരം ത്രിസത്യം
സത്യസ്യ യോനിം നിഹിതം ച സത്യേ
സത്യസ്യ സത്യം ഋതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ:
ഹേ പ്രഭോ! എപ്പോ ധർമ്മത്തിന് ഗ്ലാനി ണ്ടാകുന്നുവോ അധർമ്മം കൂടുന്നുവോ അപ്പോഴൊക്കെ ഞാൻ അവതരിക്കും എന്ന് പറഞ്ഞ ആ വ്രതത്തിനെ പരിപാലനം ചെയ്യാനായിട്ടാണ് അവിടുന്ന് വന്നിരിക്കുന്നത്.
സത്യവ്രതം സത്യപരം
സത്യം കൊണ്ട് അറിയപ്പെടേണ്ട വസ്തു ആണ് അവിടുന്ന്. പ്രാതിഭാസികം, വ്യാവഹാരികം, പാരമാർത്ഥികം എന്ന മൂന്ന് സത്യത്തിനും ആധാരമായിട്ടുള്ളത് കൊണ്ട്,
ത്രിസത്യം സത്യസ്യ യോനിം
*സത്യസ്യ സത്യം ഋതസത്യനേത്രം*
പ്രപഞ്ചാകാരത്തിൽ അതായത് താത്കാലികമായി ധർമ്മനിഷ്ഠക്കനുസരിച്ച് നില്ക്കുന്ന ഒരു പ്രപഞ്ചവും അകമേക്ക് സദാ മാറാതെ നില്ക്കുന്ന ശാശ്വത വസ്തുവും ഭഗവാന്റെ രണ്ടു കണ്ണുകൾ ആണത്രേ(ഋതം, സത്യം).
ഋതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ:
അങ്ങനെയുള്ള അവിടുത്തേയ്ക്ക് ശരണാഗതി ചെയ്യുന്നു എന്ന് പറഞ്ഞ് ദേവതകളൊക്കെ ഭഗവാനെ സ്തുതിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*l
Lakshmi prasad
No comments:
Post a Comment