Thursday, July 18, 2019

പിതാവിന്റെ ആജ്ഞയനുസരിക്കാന്‍ വേണ്ടി ശ്രീരാമന്‍ വനവാസത്തിനു പോകുവാന്‍ നിശ്ചയിച്ച സാഹചര്യം. ഈ വിവരമറിഞ്ഞ പുരവാസികള്‍ അത്യന്തം സങ്കടപ്പെടുന്നു. ശ്രീരാമനെ അവര്‍ ജീവനു തുല്യമാണ് സ്‌നേഹിച്ചിരുന്നത്. ശ്രീരാമന്റെ വനവാസനിശ്ചയം തെല്ലൊന്നുമല്ല അവരെ വിഷമിപ്പിച്ചത്. ചരല്‍ക്കല്ലുകളും മുള്ളുകളും നിറഞ്ഞ് ദുര്‍ഘടമായ കാട്ടുവഴിയിലൂടെ മൃദുലമായ പാദങ്ങളെക്കൊണ്ട്  സഞ്ചരിക്കാന്‍ കല്‍പ്പിച്ച ദശരഥ രാജാവിന്റെ മനസ്സ് കഠിനമാണെന്നുപോലും അവര്‍ പരസ്പരം പറയുകയുണ്ടായി. 
ഇങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ വാമദേവ മഹര്‍ഷി രാമാവതാരരഹസ്യം സന്തോഷപൂര്‍വ്വം അവര്‍ക്കു പറഞ്ഞുകൊടുത്തു. 
അസുരന്മാരുടെ ഭാരം സഹിക്ക വയ്യാതെ ഭൂമീദേവി ഉഴലുകയാണ്. അവരെ ഇല്ലാതാക്കിയാലേ അതില്‍നിന്നും ശമനം ഉണ്ടാവാന്‍ സാധിക്കൂ എന്ന് എല്ലാവര്‍ക്കുമറിയാം. അതിനനുസരിച്ച് അസുരകുലത്തില്‍ അതിശക്തനായ രാവണനെ നിഗ്രഹിക്കുക എന്നത് അനിവാര്യമായിരുന്നു. 
രാവണ്‍ തികച്ചും അധര്‍മ്മിയായിരുന്നു. സാത്വികരായ ബ്രാഹ്മണരെ പല വിധേനയും ദ്വേഷിക്കുന്നവനായിരുന്നു രാവണന്‍. രാവണനെ നേരിടാന്‍ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. ആ കൃത്യനിര്‍വ്വഹണത്തിന് ഒരു അവതാരം തന്നെ വേïിവന്നു. 
അസുരകുലമൊക്കെ നശിപ്പിച്ച് ഭൂമീദേവിയുടെ ഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭൂമിയില്‍ ദശരഥപുത്രനായ് ശ്രീരാമന്‍ അവതരിച്ചു. തന്റെ അവതാരോദ്ദേശ്യം കൃത്യമായി നിര്‍വ്വഹിക്കുകയും ചെയ്തു. ഇങ്ങനെ പല ഉദ്ദേശ്യങ്ങള്‍ക്കായിട്ടായിരുന്നു ഭഗവാന്‍ പല രൂപത്തില്‍ പല യുഗങ്ങളില്‍ അവതരിച്ചത്. ആ അവതാരമെല്ലാം ഉദ്ദേശം നിര്‍വ്വഹിച്ച് നിരോഭവിക്കുകയും ചെയ്തു. 
അതുകൊണ്ട് രാമനെച്ചൊല്ലി സങ്കടപ്പെടാനില്ലെന്നും അവതാരകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടാണ് വനവാസത്തിനു പോകുന്നതെന്നും വാമദേവന്‍ രാമാവതാരരഹസ്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ട്  പുരവാസികളോടു പറഞ്ഞു. അത് അദ്ധ്യാത്മരാമായണത്തില്‍ (അയോദ്ധ്യാ കാണ്ഡത്തില്‍) എഴുത്തച്ഛന്‍ ആഖ്യാനം ചെയ്തത് ഇപ്രകാരമാണ്. 
'ധാത്രിയിലിപ്പോള്‍ ദശരഥപുത്രനായ് 
ധാത്രീസുതവരനായ് 
പിറന്നീടിനാന്‍
രാത്രിഞ്ചരകുലമൊക്കെ 
നശിപ്പിച്ചു
ധാത്രീഭാരം തീര്‍ത്തു 
ധര്‍മ്മത്തെ രക്ഷിപ്പാന്‍
രാമരഹസ്യമീവണ്ണമരുള്‍ചെയ്തു
വാമദേവന്‍ വിരമിച്ചോ
രനന്തരം 
വാമദേവവചനാമൃതെ   സേവിച്ചു
രാമനെ നാരായണനെന്ന
റിഞ്ഞുടന്‍
പൗരജനം പരമാനന്ദ
മായൊരു
വാരാന്നിധിയില്‍ മുഴുകിനാനേവരും'
TK. Ravindran.

No comments: