Sunday, July 21, 2019

പുറത്തുനിന്ന് ആവേശിക്കുന്ന ശക്തിയും വികാരങ്ങളും ഒന്നും ആത്യന്തിക സത്യമല്ല. അതെല്ലാം പ്രപഞ്ചത്തിലെ പരിമിതങ്ങളായ ശക്തിവിശേഷങ്ങളും സുഖദുഃഖങ്ങളുമാകയാല്‍ ഒക്കെയും മാനസികമായ ആവേശം മാത്രമാണ്. ഈശ്വരന് ഒരിക്കലും നമ്മിലേയ്ക്ക് ആവേശിക്കാനാകില്ല! അങ്ങനെ  കരുതുന്നത് അജ്ഞതയാണ്. അനന്തവും സര്‍വവ്യാപിയുമായ ഈശ്വരന്‍ നമ്മില്‍ത്തന്നെ പ്രകാശിക്കുന്നതാണ്. അനന്തമായ ഒന്ന് എങ്ങനെയാണ് മറ്റൊന്നില്‍ ആവേശിക്കുക! നാം നമ്മിലേതെങ്കിലും ഒരു പ്രപഞ്ചശക്തി ആവേശിക്കുന്നു എന്നു പറയുന്നതും നമ്മില്‍ സുഖദുഃഖങ്ങളുണ്ടാകുന്നു എന്നു പറയുന്നതും ഒരുപോലെ തന്നെ മാനസികമായ ആവേശമാണ്. വിവേകാനന്ദസ്വാമികള്‍ പറയും,  ''പുറത്തുന്ന് അകത്തേയ്ക്ക് ആവേശിക്കുന്ന ഈശ്വരനെ കുറിച്ചല്ല, അകത്തുനിന്ന് പുറത്തേയ്ക്കു പ്രകാശിക്കുന്ന ഈശ്വരനെക്കുറിച്ചാണ് ഭാരതം പറയുന്നത്. ആവേശിക്കലല്ല പ്രകാശിക്കലാണ് അത്.'' നമുക്ക്  മാത്രമായി ഒരീശ്വരനോ നമ്മെ രക്ഷിക്കാന്‍ മാത്രമായി ഒരീശ്വരനോ നമ്മിലേയ്ക്ക് ആവേശിക്കുന്നതായ ഒരു മൂര്‍ത്തിയോ എന്നതല്ല, എല്ലാവരിലും ഒന്നുപോലെ പ്രകാശിക്കുന്നതാണ് ഈശ്വരന്‍.   ആ പ്രകാശത്തെ ഉപാസിക്കുവാനാണ് മതങ്ങളും സാധനാമാര്‍ഗ്ഗങ്ങളും ഉപദേശിക്കുന്നത്.  മാറേണ്ടത് മുന്നിലുള്ള തടസ്സങ്ങളാണ്. പ്രകാശിക്കേണ്ടത് ഉള്ളിലുള്ള ഈശ്വരനാണ്. അതിന് മതം ഏതായാലെന്താണ്? മതം മാറിയിട്ടെന്താണ്? പരിശുദ്ധിയാണ് ആവശ്യം! ''മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.''
ഓം
Krishna Kumar 

No comments: