Friday, July 26, 2019

പ്രേമാദര ശിക്ഷണം 14
കുട്ടികൾ ധിക്കാരികളായും വികലമായ പെരുമാറ്റങ്ങൾക്ക് ഉടമകളായും വളരുന്നുണ്ടെങ്കിൽ
അത് മാതാപിതാക്കൾ കൂടുതൽ സ്നേഹം ചൊരിഞ്ഞതുകൊണ്ടോ ലാളിച്ചതു കൊണ്ടോ ആവില്ല.
രക്ഷിതാക്കൾ ധാരാളമായി പകർന്നു നൽകുന്ന സ്നേഹം കുട്ടികളിൽ ആത്മവിശ്വാസമായി, സുരക്ഷിതത്വബോധമായി നിറയുമെന്ന് തിരിച്ചറിയണം. അച്ഛനമ്മമാരുടെ സ്നേഹവായ്പ് ഏതു പ്രശ്നങ്ങളും, പ്രതിസന്ധികളും നേരിടാനുള്ള കരുത്തായി കുട്ടികളിൽ ശേഖരിക്കപ്പെടും.
നിരന്തര സ്‌നേഹാദര വർഷം രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ഉറപ്പാക്കണം. ഒപ്പം ചൊരിയുന്ന പ്രേമാദര വാത്സല്യം കുട്ടികൾ യഥോചിതം സ്വീകരിക്കുന്നുണ്ടോ എന്നും പരിശോധിക്കപ്പെടണം. മാതാപിതാക്കൾ കുട്ടികളോട് ഏറെ സ്നേഹം പുലർത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടാവാം. എന്നാൽ പലപ്പോഴും അത് ലഭ്യമാവുന്നുണ്ടെന്ന് കുട്ടികൾക്ക് തോന്നിക്കോളണമെന്നില്ല. സ്നേഹാദി വികാരങ്ങളുടെ സ്വീകരണ വിഷയത്തിൽ മാതാപിതാക്കളുടെ അറിവു കുറവു കൊണ്ടും, നോട്ടക്കുറവുകൊണ്ടും, അശ്രദ്ധ കൊണ്ടും, മുൻ വിധികൾ കൊണ്ടും കുട്ടികൾ അറിയാതെ ചില അരിപ്പകൾ (filters) സ്വീകരിച്ചു പോയിട്ടുണ്ടാവാം. ഇത് പരിശോധിക്കാതേയും തിരുത്താതേയും മുന്നോട്ടു പോകുമ്പോൾ കുട്ടികൾ പ്രേമവാത്സല്യങ്ങൾക്കുള്ള പ്രബലമായ അന്തർദാഹവുമായി വിഷമിച്ചു കഴിയാനിടവരുന്നു.
സ്നേഹവാത്സല്യം പകർന്നു നൽകാൻ മാതാപിതാക്കൾ ആവേശം കാണിച്ചേക്കാം.
എന്നാൽ അങ്ങിനെ പകരുന്ന സ്നേഹാദരം കുട്ടികൾ സ്വീകരിച്ച് അതിന്റെ സംതൃപതി പ്രകടിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും രക്ഷിതാക്കൾ ജാഗ്രത കാണിക്കണം. പല
അച്ഛനമ്മമാരും ഈ കാര്യത്തിൽ വിഴ്ച്ച വരുത്തുന്നുണ്ടെന്ന് അന്വേഷിച്ചാലറിയാം.
ഓരോരുത്തരും സ്നേഹം സ്വീകരിക്കുന്നതിന്റെ രീതി വ്യത്യസ്തമായിരിക്കും. ചിലരെ സംബന്ധിച്ചേടത്തോളം സ്നേഹമസൃണമായി വാക്കുകൾ പറഞ്ഞു കേട്ടാൽ തൃപ്തിയാകും. ഗാഢമായി ആലിംഗനം ചെയ്ത് ചുംബിക്കുന്നതാവും സ്നേഹവായ്പ്പിന്റെ ലക്ഷണമായി മറ്റു ചില കുട്ടികൾ ഗണിക്കുക. പ്രകടിപ്പിക്കുന്ന പ്രേമാദരം അവരവരുടെ കുട്ടികൾ ഏതു പ്രകാരത്തിലാണ് സ്വീകരിച്ചു വരുന്നത് എന്ന് അച്ഛനമ്മമാർ അന്വേഷിച്ച് മനസ്സിലാക്കിയിരിക്കണം.
ഏതു പ്രകാരത്തിലുള്ള സ്നേഹ പ്രകടനത്തേയും സ്വീകരിക്കാൻ കുട്ടികളെ സജ്ജരാക്കാൻ സാധിക്കുമെന്ന കാര്യവും അനുബന്ധമായി ഗ്രഹിക്കുന്നത് നന്ന്. കുട്ടികളെ ഗർഭത്തിൽ ധരിക്കുന്ന കാലം തൊട്ട് ഇക്കാര്യത്തിൽ മുന്നൊരുക്കമാവാമത്രേ. ( ഇത് സൂചിപ്പിക്കുന്നത് ഗർഭിണികൾക്ക് പ്രയോജനം ചെയ്യും, ഗർഭിണി ആകാൻ പോകുന്നവർക്കും ഉപകാരപ്പെടും.) ഒരു പൂർണ്ണ വ്യക്തി വീട്ടിലുണ്ടെന്ന ധാരണയോടെ വേണം ഗർഭിണിയും കുടുംബത്തിലുള്ളവരും വ്യവഹരിക്കാൻ. നിയുക്ത മാതാപിതാക്കൾ പിറക്കാനിരിക്കുന്ന കുട്ടികളോടുള്ള തങ്ങളുടെ പ്രേമാദരങ്ങൾ പരോക്ഷമായി പ്രകാശിപ്പിച്ചു കൊണ്ടിരിക്കണം. ഈ ശ്രദ്ധയും, കരുതലും സ്നേഹാദര പ്രദാനത്തിന്റെ വിവിധ ഭാഷകൾ മനസ്സിലാക്കാൻ ഗർഭസ്ഥ ശിശുക്കളെ സഹായിക്കും. പിറവിക്കു ശേഷം മാതാപിതാക്കളും മറ്റും പ്രകടിപ്പിക്കുന്ന സ്നേഹാദി വികാരങ്ങൾ സ്വീകരിക്കാൻ അവർ സജ്ജരാവും. ഗർഭം ധരിക്കപ്പെട്ടതായി തിരിച്ചറിയുമ്പോൾ ഭാര്യാ ഭർത്താക്കന്മാർ വാർത്ത എങ്ങിനെ സ്വീകരിക്കുന്നു എന്നത് കുട്ടിയുടെ ജീവന ഔത്സുക്യത്തെ തീരുമാനിക്കുമത്രേ. ചിലരെങ്കിലും വിവരമറിയുമ്പോൾ 'അയ്യോ ഞങ്ങൾ സുസജ്ജരല്ല' (We are not prepared) എന്നു വിലയിരുത്താറുണ്ട്. അത്തരക്കാരുടെ കുട്ടികൾ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്നതാണ് നിരീക്ഷണം. ഭാര്യ ഗർഭിണിയായിരിക്കെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹിക്കുന്ന ശീലം പുലർത്തിയാൽ പിറക്കുന്ന കുട്ടികൾ അച്ഛനെ വെറുക്കാനോ, ഭയപ്പെടാനോ സാധ്യതയുണ്ടത്രേ. ദമ്പതിമാരുടെ ആഹാര വിഹാര പ്രക്രിയകളും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ പങ്കു വഹിക്കുമെന്ന് വൈദ്യശാസ്ത്രം അനുശാസിക്കുന്നുണ്ട്. ഈശ്വര പ്രാർത്ഥനയും, നിർദ്ദിഷ്ട ആരാധനകളും, ദൂരക്കാഴ്ചയും ആസൂത്രണവും ഒക്കെ ഉറപ്പാക്കിക്കൊണ്ട് ഗർഭധാരണം നടക്കുന്നെങ്കിൽ, പിറക്കുന്ന കുട്ടികൾ യജ്ഞ സന്തതികളായിരിക്കുമെന്നാണ് വിലയിരുത്തൽ. (ഇവിടെ പ്രതിപാദിച്ച കാര്യങ്ങൾ ആർക്കും കുറ്റബോധത്തിനും സങ്കടത്തിനും കാരണമാവേണ്ടതില്ല. വന്നു പോയ പിഴവുകൾ പരിഹരിക്കുന്നതിന് മാർഗ്ഗങ്ങളുണ്ടെന്ന് ഓർമ്മിച്ച് അന്വേഷിക്കാൻ തയ്യാറായാൽ മതി.)
പ്രേമാദരങ്ങൾ ചൊരിയുന്ന വിഷയത്തിൽ കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കും പോലുള്ള അബദ്ധം ആർക്കും സംഭവിക്കാതിരിക്കട്ടെ.
ഭാരതീയ സമീപനമനുസരിച്ച് ഗർഭാധാനം മുതൽ കുട്ടിയെ പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്നതിനുള്ള സമ്പ്രദായം ഉപദിഷ്ടമായിട്ടുണ്ട്. 'ഷോഡശ സംസ്കാരങ്ങളിൽ ' ഇവ ഉൾപ്പെടുന്നു. ഓരോ കുട്ടിക്കും തനത് അനുപമതയുണ്ട്. ( Uniqueness) ഒരോ കുട്ടിയും മറ്റൊരു കുട്ടിയിൽ നിന്നും വ്യത്യസ്ത പുലർത്തുന്നു. ഈ അനുപമത നിലനിർത്തിക്കൊണ്ടു തന്നെ, കുട്ടികൾക്ക് ആവിഷ്കൃതരാവാൻ ഗർഭസ്ഥരായിരിക്കുമ്പോൾ തുടങ്ങി ശിക്ഷണങ്ങൾ നൽകേണ്ടതുണ്ട് . ഒരു പുന്തോട്ടത്തിന്റെ നിർമ്മിതിയെ സംബന്ധിച്ചിടത്തോളം നടുന്ന ഓരോ ചെടിയുടെ വിത്തും ഓരോ പ്രകാരത്തിലാണ് വളർന്നു വരിക. പുഷ്പങ്ങളും വ്യത്യസ്തത പുലർത്തും. അപ്പോഴെ പൂന്തോട്ടം ആസ്വാദ്യകരമാവൂ.
അതുപോലെ പിറന്നു വളരുന്ന ഒരോ കുട്ടിയും ഓരോ പ്രകാരത്തിൽ സർഗ്ഗശേഷി ഉള്ളവരാകട്ടെ. പക്ഷേ ആവിഷ്കാരവുമായി ബന്ധപ്പെട്ട് അത് വന്യമായി പോകാതിരിക്കാൻ ചില പരിശീലനങ്ങൾ നൽകണം.
പുരാണങ്ങളിൽ പ്രതിപാദിച്ച പ്രഹ്ലാദന്റെയും , അഭിമന്യുവിന്റേയും ഒക്കെ കഥകൾ ഈ വിഷയത്തിൽ ഉദ്ബോധനം നൽകുന്നവയാണ്. അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിന്റെ ഭാര്യ കയാധു ഗർഭിണിയായി.
സ്വാഭാവികമായും അസുരന് പിറക്കുന്ന കുഞ്ഞ് ഒരു അസുരവിത്തായിരിക്കും. ഹിരണ്യകശിപു തപസ്സ് ചെയ്യാൻ പോയ സമയത്ത് ദേവേന്ദ്രൻ അസുരലോക മാക്രമിച്ച് കീഴടക്കി. ഗർഭിണിയായ കയാധുവിനെ ഗർഭ നാശം വരുത്താനുദ്ദേശിച്ച് കുട്ടി കൊണ്ടു പോകും വഴി നാരദർ കണ്ടു. അദ്ദേഹം ഈ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ നിശ്ചയിച്ച രക്ഷാകർത്താവായി മാറി. കയാധുവിനെ ആശ്രമത്തിൽ കൊണ്ടുപോയി താമസിപ്പിച്ചു. സത്സംഗങ്ങളിലൂടെ ഗർഭസ്ഥ ശിശുവിനെ സംസ്ക്കരിച്ചുദ്ധരിച്ചു. അങ്ങനെ പിറന്ന പുത്രനാണ് പ്രഹ്ളാദൻ. അസുര സന്തതിയെങ്കിലും സർവ്വ ഗുണ സമ്പന്നൻ. ശ്രീമദ് ഭഗവതം ഏഴാം സ്കന്ദത്തിൽ പ്രഹ്ളാദന്റ മഹത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട്.
സംസ്ക്കാര സമ്പന്നരായ പുത്തൻ തലമുറയെ വാർത്തെടുക്കാൻ വൈദീക - പൗരാണിക പാഠങ്ങളുടെ കാതലറിഞ്ഞ് കാലികമായ പരിഷ്ക്കാരങ്ങളോടെ നടപ്പിലാക്കാൻ സമാജത്തിനു സാധിക്കണം.
(തുടരും...)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
26th July ' 19

No comments: