Sunday, July 28, 2019

മഹാഭാരതം:-
~~~~~~~~~~~~~
ശ്രീ മഹാഭാരതം വേണ്ടും വിധം അർത്ഥമാക്കേണ്ടത് 'ഭക്ത്യാ യുക്ത്യാ വിഭക്ത്യശ്ച" ആയിരിക്കണമെന്ന് പഴമക്കാർ പറഞ്ഞിരിക്കുന്നു. മഹാഭരത്തിൽ സ്മരിക്കയെങ്കിലും ചെയ്യപ്പെടാത്ത ഒരു വിഷയം പോലും ആര്യവിജ്ഞാനഭണ്ഢാകാരത്തിൽ ഇല്ലതന്നെ.. മന്ത്രബ്രാഹ്മണാരണ്യകോപനിഷത്തുക്കളിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാനമായ സകല പാഠങ്ങളും ഉപാഖ്യാനദി സഹിതം മഹാഭരത്തിൽ അവിടവിടെ കാണാം. ഈ ഗ്രന്ഥം ചില മഹാരാജക്കന്മാരുടെ വെറും ചരിത്രമാണെന്ന് വിചാരിച്ച് ദർശിച്ചാൽ മാഹാപാപം എന്നേ പറയാൻ നിവർത്തിയുള്ളൂ.. മഹാഭാരതം പോലുള്ള പ്രൗഢഗ്രന്ഥങ്ങളിൽ അസംഭവ്യമായ കഥകൾ കണ്ടാൽ അവയെ അർത്ഥവാദരൂപമായി കരുതി അവിടെ നിന്നും വ്യംഗ്യമായി കിട്ടുന്ന തത്ത്വം മനസ്സിലാക്കിക്കൊള്ളണമെന്നുള്ള മഹാന്മാരുടെ ഉപദേശം ആലോചിച്ച് ദർശിക്കുമ്പോൾ മനുഷ്യജീവിതത്തെ നന്നാക്കനുള്ള ഏകധർമ്മോപദേശ ഗ്രന്ഥമാണ് മഹാഭാരതം എന്ന് കാണാം . ഈ മഹാഭാരതം കാമാക്രോധാദിദോഷങ്ങളെ ത്യജിച്ച് ജയം നേടാനുള്ള ഉപായമകയാൽ "ജയ" എന്ന നാമധേയം ഈ ഗ്രന്ഥത്തിന് ലഭിച്ചത്.
ഇങ്ങനെ മനസ്സിലാക്കാനായി ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യാംഗ്യാർത്ഥകൽപന സൂചിപ്പിക്കാം ഇത് ഓർമ്മിച്ചുകൊണ്ട് വായിച്ചാൽ ഭാരതത്തിൻ്റെ ഘടനാസൗന്ദര്യവും ഉപദേശമഹിമയും സുഖമായി മനസ്സിലാക്കാം. ധൃതരാഷ്ട്രർ ( രാഷ്ട്രം ധരിച്ചവൻ ) കണ്ണുകാണാൻ വയ്യായ്ക അവിവേകം.. ലോകത്തെ വഹിച്ചുകൊണ്ട് പോകുന്ന അവിവേകമാണയാൾ. അദ്ദേഹത്തിൻ്റെ മക്കൾ ദുര്യോധനാദികൾ കലി മുതലായവയുടെ അംശഭാവരാകുന്നു. അഥവാ പ്രപഞ്ചപ്രേരകരായ കമാദികളുടെ രൂപീകരണമാകുന്നു ഇവർ. പാണ്ഡവന്മാർ ( പണ്ഡം അദ്ധ്യാത്മവിഷയാ ബുദ്ധിഃ യേഷാം തേ) എന്ന വ്യുത്പത്തിയാൽ സദ്ഗതിക്ക് ഒഴിച്ചു കൂടാത്തതായ പഞ്ചകോശങ്ങൾ ആകുന്നു. "ആത്മാ വൈ പുത്രഃ " എന്ന രീതിയിൽ ധർമ്മപുത്രർ ധർമ്മൻ തന്നെയാകുന്നു. (ധരിക്കുന്നത്). അന്നമയകോശം - ജഡാസ്വരൂപം മറ്റു കോശങ്ങൾക്ക് ആധാരഭൂതം ആകുന്നു. ജഗത് പ്രാണനായ വായുവിൻ്റെ പുത്രൻ ഭീമൻ പ്രാണമയകോശം ജീവസ്വരൂപം,ഇന്ദ്രീയനാഥനായ മനസ്സിൻ്റെ (ഇന്ദ്രൻ്റെ) പുത്രൻ അർജ്ജുനൻ മനോമയകോശം, ഈ മൂന്നും പിണ്ഡാത്മകമായ ഭൗതികവലംബിയാകയാൽ ഇവർ മൂന്നുപേരും പൃഥാ എന്ന പേരുകൂടിയുള്ള കുന്തിയുടെ മക്കളായിരിക്കുന്നു. പൃഥാ -പ്രഥ്വി - കുന്തി പൃഥ്വിത്മകം. മാദ്രി പുത്രന്മാർ നകുലൻ( "നഃ വിജ്ഞാനം കുലം ആശ്രയം) വിജ്ഞാനമയകോശം, സഹദേവൻ ( സ്വയം പ്രകാശമായ ആനന്ദമയകോശം) ഇവർ അശ്വനി പുത്രന്മാർ അശ്വനിദേവന്മാർ രണ്ടുപേരും സൂര്യോദയത്തിന് മുമ്പ് പ്രകാശിക്കുന്നവരും ഒരാൾ അർത്ഥദാതാവും മറ്റേയാൾ ആനന്ദദാതാവും ആകുന്നു.
പരമാത്മാ ജ്ഞാനം (സൂര്യോദയം) ഉണ്ടാകുന്നതിന് ഉദയം ചെയ്യേണ്ടതായ ജ്ഞാനവിജ്ഞാന സ്വരൂപമാണിവർ. കുന്തിക്ക് സൂര്യനിൽ തന്നെ ജനിച്ച മറ്റൊരു പുത്രനാണ് കർണ്ണൻ അഹങ്കാരസ്വരൂപി, അഞ്ചുകോശങ്ങളും പൃഥഗ്ഭാവമായിട്ടുള്ള ബോധം വരാതെ ആകപ്പാടെ ഒന്നായി വെച്ചുകൊണ്ടിരിക്കുന്നു. മമതരൂപിണിയായ ശക്തി തന്നെ കൃഷ്ണാ എന്ന പേരുള്ള പാഞ്ചാലി. ശ്രീകൃഷ്ണഭഗവാൻ സർവ്വവും തന്നിലേക്ക് ആകർഷിക്കുന്ന പരമാത്മാവ്. ... ധർമ്മകർമ്മക്ഷേത്രമായ ഈ ശരീരത്തിൽ ദൈനംദിനം സകല മനുഷ്യരും ഒന്നുപോലെ അനുഭവിച്ച് വരുന്നതുമായ പഞ്ചകോശങ്ങളും കാമക്രോധാദികളും തമ്മിലുള്ള യുദ്ധവർണ്ണനയാണ് മഹാഭാരതത്തിലെ ഇതിവൃത്തം ദോഷം വരാതെ ഏതുവിധം പതിച്ചാലാണ് പഞ്ചകോശങ്ങൾക്ക് സമ്മുന്നതിയുണ്ടാകുക എന്ന് ഉപദേശരൂപേണയും മറ്റും ഗ്രഹിപ്പിക്കുന്നു. ഈ വക ദൃഷ്ട്യാ വേണം ഈ ഗ്രന്ഥത്തെ പരിശീലിക്കുവാൻ, ഈ വിധം ധർമ്മതത്ത്വങ്ങളടങ്ങിയിട്ടുള്ള ഈ ഗ്രഥത്തെ ജ്ഞാനദൃഷ്ടിയോടു കൂടി ശ്രദ്ധിച്ചാലേ വ്യക്തമാകൂ....
rajeev kunnekkatt

No comments: