ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 132
ഈ ജീവിതം ഭഗവാൻ നമുക്ക് തന്ന അനുഗ്രഹമാണ് . ആ അനുഗ്രഹത്തിനെ വൃഥാ കളയരുത്. ദു:ഖിക്കരുത്. ദു:ഖം പൂർണ്ണമായി മാറികിട്ടണമെങ്കിലോ നമ്മുടെ ഉള്ളിലുള്ള പരമാനന്ദമാകുന്ന ആ ഖജനാവ് തുറക്കണം.ആ ആത്മതത്വം അറിയണം. തന്നെത്താൻ അറിയണം.താൻ ആരെന്ന് കണ്ടെത്തണം.അതിനുള്ള വഴിയോ നമ്മള് എന്തൊക്കെ സാധന ചെയ്യുന്നു അതൊക്കെ ചിത്തശുദ്ധിക്ക് സഹായമാകും. നാമം ജപിക്കുന്നുവെങ്കിലും ഭഗവാന്റെ രൂപത്തിനെ ധ്യാനിക്കുന്നുവെങ്കിലും പൂജ ചെയ്യു ണൂ അമ്പലത്തിൽ വരുണൂ സത് ഗ്രന്ഥങ്ങളെ പാരായണം ചെയ്യു ണൂ ഇതൊക്കെ ചിത്തശുദ്ധി .ബേസിക് ആയിട്ട് ആത്മസാക്ഷാത്കാരത്തിന് . നമുക്ക് ഇപ്പോൾ ഈ വേദാന്തം ഒന്നും പിടികിട്ടുന്നില്ലെങ്കിൽ അതിന് കാരണം മനസ്സില് ആവരണം, വിക്ഷേപം ആണ് . മനസ്സിനുള്ള അശുദ്ധിയാണ്. ആ അശുദ്ധി നീങ്ങണമെങ്കിൽ എന്തു വേണം? ധാരാളം നാമം ജപിക്ക, സത്സംഗത്തിലേ ഇരുന്നു കൊണ്ടിരിക്ക. കഴിയണതും ശ്രവണ സംസ്കാരം വളർത്തി എടുക്ക, സത് ഗ്രന്ഥങ്ങളെ പാരായണം ചെയ്യ. സത് ഗ്രന്ഥങ്ങൾ എന്നു പറഞ്ഞാൽ കണ്ട പോലെ ഈ ആടു തിന്നണ പോലെ പുസ്തകങ്ങൾ വായിക്കാൻ പാടില്ല. പുസ്തകം വായിക്കുമ്പോൾ വളരെ ജാഗ്രതയായിട്ടിരിക്കണം . ഈ ഇടെ ഇങ്ങനെ ബുക്ക്സ്റ്റാളിലോ ലൈബ്രറിയിലോ പോവുമ്പോഴാണ് ഇതിന്റെ അപകടം മനസ്സിലാവണത്. വളരെ ജാഗ്രതയായിരിക്കണം . സാക്ഷാത്ക്കാരം സിദ്ധിച്ച ജ്ഞാനികൾ എന്നു നല്ല ഉറപ്പുള്ളവരുടെ ഉപദേശങ്ങളെ വായിക്കാൻ പാടുള്ളൂ. അല്ലാത്തത് വായിച്ചാൽ വെറുതെ കൺഫ്യൂസ് ആകും. അവര് കൺഫ്യൂസ് ആയി ഇരിക്കുന്നവര് നമ്മളെയും കൺഫ്യൂസ് ആക്കി വിടും. നടുവില് കുടുക്കി വിടും. അതു കൊണ്ട് ഗീത യോ ഉപനിഷത്തോ അല്ലെങ്കിൽ ജ്ഞാനികളുടെ സാക്ഷാത്ക്കാരം സിദ്ധിച്ച ജ്ഞാനികളുടെ സത് ഗ്രന്ഥങ്ങളോ വായിച്ച് ചിത്തം ശുദ്ധമാക്കാ. എല്ലാവർക്കും ചെറിയ ഒരു പുസ്തകം ഞാനാരാ എന്ന രമണ മഹർഷിയുടെ പുസ്തകം. അത് മഹർഷിയുടെ സകല ടീച്ചിങ്ങ് , വേദാന്തത്തിന്റെ മുഴുവൻ എസൻസും അതിലുണ്ട്. മഹർഷിക്കുതന്നെ ഉള്ള കാലത്തിൽ അതു നിർബന്ധമായിരുന്നു വളരെ വില ചുരുക്കി വിൽക്കണം എന്ന് .അതുകൊണ്ട് 5 രൂപയേ ആ പുസ്തകത്തിനുള്ളൂ . രമണാശ്രമത്തിൽ എത്രയോ പറഞ്ഞിട്ടാണ് അവര് റീ പ്രിന്റ് ചെയ്തത്. അത് എല്ലാവരും സ്വന്താക്കാ. അത് ദീഷാ പുസ്തകമാണ്. ജ്ഞാനിയുടെ ദീക്ഷാ പുസ്തകമാണ്. സകല രഹസ്യങ്ങളും അതിൽ ഉണ്ട് . അത് നമുക്ക് മനസ്സിലായില്ലെങ്കിലും അവിടെ വയ്ക്കാ ആർക്കെങ്കിലും എപ്പോഴെങ്കിലും ഉപകാരപ്പെടും . ഞാൻ ഒരു സംഭവം പറയാം. കൽക്കട്ടയില് ഒരു സന്യാസിയെ ഒരിക്കല് അറിഞ്ഞു. ആ സന്യാസി എങ്ങിനെ സന്യാസം എടുത്തു എന്നു ചോദിച്ചു വന്നപ്പോൾ വളരെ ആശ്ചര്യമായ ഒരു സംഭവം. അദ്ദേഹം ഗവർമെന്റ് ഓഫീസില് ജോലി നോക്കണ ആളായിരുന്നു. അപ്പൊ ഓഫീസിലേക്ക് പോയി കൊണ്ടിരി ക്കുമ്പോൾ കൽക്കട്ടയിലെ ചെറിയ തെരുവ്, തെരുവിലൂടെ നടന്ന് കൊണ്ടിരിക്കുമ്പോൾ മേലെ നിന്നും ഒരു പുസ്തകം തലയിൽ വന്നു വീണു. നോക്കുമ്പോൾ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരാള് ചീത്ത പറയുകയാണ് മകനെ. ഈ പുസ്തകവും വായിച്ചു കൊണ്ടിരിക്കാണ് പഠിക്കിണില്ല എന്നു പറഞ്ഞ് മകന്റെ കയ്യിൽ നിന്നും പറിച്ചെടുത്തിട്ട് തെരുവിലേക്ക് എറിഞ്ഞതാണ്. എറിഞ്ഞത് ഇദ്ദേഹത്തിന്റെ തലയിൽ വന്നു വീണു.നോക്കിയപ്പോൾ അത് വിവേകാനന്ദ ജ്ഞാന യോഗ പ്രസംഗം ആണ്. ഇദ്ദേഹം ചുവട്ടിൽ നിന്ന് ചോദിച്ചു ത്രേ ഞാൻ എടുത്തോട്ടെ എന്ന്. വേഗം കൊണ്ടു പോ എന്നുപറഞ്ഞുവത്രെ മുകളിൽ ഉള്ള ആള്. അതും കൊണ്ട് പോയ ആള് അന്ന് വൈകുന്നേരം ഓഫീസില് രാജി കത്തും കൊടുത്തിട്ട് പോയി എന്നാണ്. പേടിക്കണ്ട ട്ടൊ ഇത് വായിച്ചിട്ട് നിങ്ങൾ നിങ്ങൾ റെസിഗ്നേഷൻ കൊടുക്കും എന്നൊന്നും വിചാരിക്കണ്ട. അത് വിവേകാനന്ദന്റെ പ്രസംഗം. രമണമഹർഷിയുടെ ഉപദേശങ്ങൾ റെസിഗ്നേഷൻ കൊടുക്കാനോ സംന്യാസം എടുക്കാനോ ഒന്നും നമ്മളെ പ്രേരിപ്പിക്കില്ല . അതു കൊണ്ട് ഭയപ്പെടുകയേ വേണ്ട. നമ്മള് എവിടെ ഇരിക്കുന്നുവോ അവിടെ സത്യത്തിനെ ബോധിപ്പിക്കലാണ്. അല്ലാതെ സംന്യാസം എടുത്തതു കൊണ്ടോ വിട്ടിട്ടു ഓടിപ്പോയതു കൊണ്ടോ ഒന്നും രക്ഷ ഇല്ല. ചിലരുടെ ഒക്കെ പ്രാരബ്ദം. ചിലർക്ക് അങ്ങിനെ നിയതി വച്ചിട്ടുണ്ടാവും. പക്ഷേ എല്ലാവർക്കും അങ്ങനെയൊന്നും വേണം എന്നൊന്നും ഇല്ല. ഈ പുസ്തകം സത്യത്തിനെ ഡയറക്ട് ആയിട്ടു കാണിച്ചു തരും. അത് നമുക്ക് മനസ്സിലായിട്ടില്ലെങ്കിൽ നമുക്കുള്ള വഴി അല്ലാ എന്നുണ്ടെങ്കിൽ വേറെ ആർക്കെങ്കിലും പ്രയോജനപ്പെടും. അതു കൊണ്ട് അത് വാങ്ങി വീട്ടിലങ്കട് എടുത്ത് വക്കാ. എവിടെയെങ്കിലും ഒക്കെ ഉപയോഗപ്പെടട്ടെ. അതുപോലെ മഹർഷിയുടെ വചനാമൃതവും ഉണ്ട്. അപ്പൊ ചിത്തശുദ്ധി അതാണ് നമ്മുടെ വിഷയം. ചിത്തശുദ്ധി ഉണ്ടായാൽ ആത്മ വിചാരം ചെയ്യാൻ പറ്റും. തന്മനശോധനം കാര്യം പ്രയത്നേന മുമുക്ഷണാം വിശുദ്ധേ സത് ചേദ് തസ്മിൻ മുക്തി ഹി കര ഫലായതേ എന്നാണ് . ആചാര്യസ്വാമികൾ വിവേക ചൂഢാമണിയിൽ പറയുന്നു മനസ്സിനെ പ്രയത്നിച്ചു ശുദ്ധമാക്കാ എന്നാണ്. മനസ്സ് ശുദ്ധമായാൽ മുക്തി കയ്യിലുള്ള പഴം പോലെ കിട്ടും എന്നാണ്. ചിത്തശുദ്ധിക്ക് ഇത്തരത്തിലുള്ള ഉപ സാധനകളൊക്കെ നിഷ്കാമമായ കർമ്മാനുഷ്ഠാനം, ദൈവീ സമ്പത്തുകൾ വളർത്താ, സത്സംഗത്തിൽ ഇരിക്കാ. അതു കൊണ്ട് ചിത്തം ശുദ്ധമായി ഹൃദയശുദ്ധി ഉണ്ടായാൽ താൻ ആരാണ്? എന്റെ സ്വരൂപം എന്താണ്? എന്നു വിചാരം ചെയ്യാനുള്ള കരുത്ത് ഉണ്ടാവും . അതിന് ഭഗവാൻ നമ്മളെ അനുഗ്രഹിക്കട്ടെ.
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment