Saturday, July 27, 2019

നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം ഇതാ*

നന്നായി ഉറങ്ങാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. ജീവിതത്തില്‍ നല്ല ഊര്‍ജ്ജം കൈവരിച്ച്‌ മുന്നോട്ടു പോകാന്‍, ജീവിതം വിജയം നേടാന്‍, ഓരോ ദിവസവും നേട്ടങ്ങളുടേതാക്കി തീര്‍ക്കാന്‍ ഉറക്കം വഹിക്കുന്ന പങ്ക് ചെറുതല്ല.

നന്നായി ഉറങ്ങി എണീക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം തഥൈവ. ഉറക്കം തൂങ്ങി ജോലി ചെയ്ത് ചീത്തപ്പേരുണ്ടാക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഒപ്പം വേണ്ടത്ര ശ്രദ്ധ ജോലിയില്‍ പതിപ്പിക്കാന്‍ സാധിക്കാതെ വലിയ അബദ്ധങ്ങള്‍ സംഭവിക്കുന്നവരും നിരവധി. അത്രയും വലിയ പ്രശ്നമാണ് ഉറക്കമില്ലായ്മ.

നല്ല ഉറക്കം കിട്ടാന്‍ വഴിപാടുകള്‍ നടത്തുന്നവരുണ്ട്. ആള്‍ദൈവങ്ങളില്‍ അഭയം പ്രാപിക്കുന്നവരുണ്ട്. മനശാസ്ത്രജ്ഞരുടെ അടുത്തുപോയി മരുന്ന് കഴിച്ച്‌ ഉറങ്ങുന്നവരുമുണ്ട്. ഇതെല്ലാം പരീക്ഷിച്ചും ഉറക്കമില്ലാതെ നടക്കുന്നവരും ധാരാളം. എന്നാല്‍ ഭാരതീയ മനശാസ്ത്രത്തിന്റെ അടിത്തറയായി വിലയിരുത്തപ്പെടുന്ന ചില മന്ത്രങ്ങള്‍ നല്ല ഉറക്കത്തിന് ഉത്തമമാണെന്നാണ് വൈദികരുടെ പക്ഷം.

ശിവസങ്കല്‍പ്പ സൂക്തമെന്നാണ് ഇതറിയപ്പെടുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കും മുൻമ്പ് മനസ്സിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റുന്നതിനും ദുസ്വപ്നങ്ങള്‍ കാണുന്നത് ഒഴിവാക്കുന്നതിനും ഈ മന്ത്രങ്ങള്‍ ഉപകരിക്കുമെന്നാണ് പണ്ഡിതമതം. യജുര്‍വേദത്തിലെ 34-ാം അധ്യായത്തിലെ ഒന്നു മുതല്‍ ആറ് വരെയുള്ള മന്ത്രങ്ങളാണ് ശിവസങ്കല്‍പ്പ സൂക്തമെന്ന് അറിയപ്പെടുന്നത്. ഇതിലെ ആദ്യമന്ത്രത്തെക്കുറിച്ചറിയാം.

എല്ലാ ജോലിയും കഴിഞ്ഞ് അത്താഴത്തിന് ശേഷം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോ ള്‍ ചൊല്ലേണ്ടതാണ് ഈ മന്ത്രം

*ഓം യജ്ജാഗ്രതോ ദൂരമുദൈതി ദൈവം*

*തദു സുപ്തസ്യ തഥൈവൈതി*

*ദുരംഗമം ജ്യോതിഷാം ജ്യോതിരേകം*

*തന്മേ മന: ശിവസങ്കല്‍പ്പമസ്തു*

യാതൊരു സംഗതിയാണോ ഉണര്‍ന്നിരിക്കുമ്ബോള്‍ ദൂരെയുള്ള, അങ്ങകലെയുള്ള ബാഹ്യവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതുതന്നെ ഉറങ്ങുമ്ബോഴും അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള എന്റെ മനസ്സ്, അത് പ്രകാശങ്ങളുടെ പ്രകാശമുള്ളതാണ്. ആ മനസ്സ് ദിവ്യഗുണയുക്തമായ ഇന്ദ്രിയങ്ങളെപ്പോലും തിളക്കമുള്ളതാക്കുന്നതാണ്, പ്രകാശിപ്പിക്കുന്നതാണ്. ആ മനസ്സ് എപ്പോഴും ശുഭ വിചാരങ്ങളുടേതായി തീരട്ടെ.

മനസ്സിന്റെ ഏകാഗ്രത കൈവരിക്കുന്നതിനുപകരിക്കുന്ന മന്ത്രമാണിത്. ദിവസേന ഇത് സ്വാധ്യായം ചെയ്യുന്നതിലൂടെ ഉറങ്ങുന്നതിന് മുൻമ്പ്  മനസ്സ് കലുഷിതാവസ്ഥയില്‍ നിന്ന് മാറി പക്വത കൈവരിക്കും. ശുഭകാര്യങ്ങള്‍ നിറഞ്ഞതായി മാറും. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും 
ചെയ്യും.
ശംഭോമഹേശ്വരാ ശിവശങ്കരാ ശംഭോ 
നമശ്ശിവായ

1 comment:

Sumesh said...

സാര്‍, "യജുര്‍വേദത്തിലെ 34-ാം അധ്യായത്തിലെ ഒന്നു മുതല്‍ ആറ് വരെയുള്ള മന്ത്രങ്ങളാണ് ശിവസങ്കല്‍പ്പ സൂക്തമെന്ന് അറിയപ്പെടുന്നത്. ഇതിലെ ആദ്യമന്ത്രത്തെക്കുറിച്ചറിയാം".അപ്പോള്‍ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ആദ്യത്തെ മന്ത്രം മാത്രമാണെന്ന് ഊഹിക്കുന്നു.അത് മാത്രം ജപിച്ചാല്‍ മതിയോ അതോ മറ്റ് 5 എണ്ണം കൂടി വേണോ? എങ്കില്‍ അതും കൂടി പോസ്റ്റ്‌ ചെയ്യാമോ? എനിക്കിതാവശ്യമുണ്ട്.