Sunday, July 21, 2019

ഭീഷ്മരുടെ ശരീര ത്യാഗം – ഭാഗവതം (9)

ഭക്ത്യാവേശ്യ മനോ യസ്മിന്‍ വാചാ യന്നാമ കീര്‍ത്തയന്‍
ത്യജന്‍ കളേബരം യോഗീ മുച്യതേ കാമകര്‍മ്മഭിഃ (1-9-23)
യുധിഷ്ഠിരന്റെ മനസ്‌ യുദ്ധക്കെടുതികളെക്കുറിച്ച്‌ വ്യാകുലമായിരുന്നു. ധമ്മരാജാവിന്റെ മകന്‌ യുദ്ധസമയത്തെ അധാമ്മികത നിയമാനുസൃതമെങ്കില്‍കൂടി മനോവിഷമമുണ്ടാക്കി. അദ്ദേഹം ഭീഷ്മ പിതാമഹന്റെ സാന്നിദ്ധ്യം തേടി. ഋഷിവര്യരെ, ഇത്‌ ചരിത്രത്തിലെത്തന്നെ ഓര്‍ മ്മിപ്പിക്കപ്പെടേണ്ട ഒരു നിമിഷമാണ്‌. ദേവതകളും യക്ഷകിന്നരന്മാരും മനുഷ്യരും എല്ലാവരും ചേര്‍ന്നു ഏറ്റവും മഹാനായ യോദ്ധാവ്‌ എന്നറിയപ്പെടുന്ന ഭീഷ്മരുടെ കാല്‍ക്കലെത്തി. യുദ്ധത്തില്‍ വീണുപോയ ഭീഷ്മര്‍ ശരശയ്യയില്‍ മരണവും കാത്തുകിടക്കുകയാണ്‌. സ്വഛന്ദമൃത്യുവായ അദ്ദേഹം മരണം ഉത്തരായനത്തിലാവാന്‍ കാത്തുകിടന്നു. ഈയവസരത്തില്‍ പാണ്ഡവര്‍ കൃഷ്ണനോടൊപ്പം അവിടെ ചെന്നു.
യുദ്ധത്തില്‍ കൗരവപക്ഷത്ത്‌ ശത്രുവിന്റെകൂടെ നിന്നെങ്കിലും യുധിഷ്ഠിരനോട്‌ ഭീഷ്മര്‍ക്ക്‌ വാത്സല്യമുണ്ടായിരുന്നു. അദ്ദേഹം യുധിഷ്ഠിരനെ സമാധാനപ്പെടുത്തി. “അല്ലയോ രാജാവേ, എന്തൊക്കെ സംഭവിച്ചുവോ അതെല്ല‍ാം ഭൂമിയിലെ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ആ നിയാമകശക്തിയുടെ പ്രഭാവംകൊണ്ടാണ്‌. എന്തൊരത്ഭുതമെന്ന് നോക്കൂ, ധര്‍മ്മിഷ്ഠനായ നിന്റെ ഭരണം. മഹായോദ്ധാക്കളായ അര്‍ജുനനും ഭീമനും സഹായത്തിന്‌. പോരാഞ്ഞ് ശ്രീകൃഷ്ണഭഗവാന്‍ തന്നെആത്മമിത്രമായി ഉണ്ടായിരുന്നിട്ടുകൂടി അനിഷ്ടങ്ങളും ആപത്തുകളും ഉണ്ടാവുന്നു. അതുകൊണ്ട്‌ ഇതെല്ല‍ാം ആ അദൃശ്യശക്തിയുടെ മാസ്മരീകപ്രഭാവം കൊണ്ടുതന്നെയാണുണ്ടായത്‌ എന്നറിയുക.”
ഭീഷ്മര്‍ തുടര്‍ന്നു: ശ്രീകൃഷ്ണന്‍ ആ പരമാത്മാവുതന്നെയാണ്‌. തന്റെദിവ്യത്വം സ്വയം മായയാല്‍ മറച്ചു് ജീവിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്‌ എല്ലാവരും ഒരുപോലെയത്രെ. എങ്കിലും എത്ര ദയാപരനാണ് അദ്ദേഹം. ഈ അവസാനസമയത്ത്‌ ദേഹത്യാഗത്തിന് മുമ്പ് ഭഗവത് സ്മരണ നല്‍കാനായി സ്വയം പ്രത്യക്ഷനായിരിക്കുന്നു. മരണത്തിനുമുമ്പ് ഏതൊരു യോഗിവര്യന്‍ ഭഗവാനെ മനസ്സില്‍ ധ്യാനിച്ച്‌ ആ നാമം ഉരുരുവിട്ട്‌ ദേഹംവെടിയാന്‍ തയ്യാരാവുന്നുവോ അയാള്‍ കാമത്തിന്റേയും കര്‍മ്മബബന്ധത്തിന്റെയും ബന്ധനത്തില്‍ നിന്നും മോചനം നേടുന്നു. മുനിവര്യരേ, ഭീഷ്മപിതാമഹന്‍ വീണ്ടും മനുഷ്യന്റെ ധര്‍മ്മകര്‍മ്മങ്ങളെപ്പറ്റി യുധിഷ്ഠിരനെ വിശദമായി മനസിലാക്കി. ഭീഷ്മര്‍ പരംപൊരുളിനെ അറിഞ്ഞവരില്‍ അഗ്രഗണ്യനായിരുന്നുവല്ലോ. ദിവ്യമായ മരണമുഹൂര്‍ത്തം സംജാതമായപ്പോള്‍ ഭീഷ്മര്‍ ഇമവിടാതെ കൃഷ്ണനെത്തന്നെനോക്കി ഇടമുറിയാതെ ഭഗവല്‍ കീര്‍ത്തനമാലപിക്കാന്‍ തുടങ്ങി.
” വിടപറഞ്ഞു പോകുന്നു ഈ സമയത്ത്‌ ഞാനെന്റെ മനസിനെ ശ്രീകൃഷ്ണപരമാത്മാവിന്‍റ പക്കല്‍ ഏല്‍പ്പിക്കുന്നു. അവിടുന്ന് പലേ അവതാരങ്ങളെടുത്ത്‌ സ്വന്തം ദിവ്യോദ്ദേശങ്ങളെ നടപ്പിലാക്കുന്നു. എന്റെ ഹൃദയം എന്നെന്നേക്കുമായി ശ്രീകൃഷ്ണനില്‍ അലിഞ്ഞുചേരട്ടെ. അവിടുത്തെ മുഖം യുദ്ധക്കളത്തിലെ പൊടിപറ്റിയ മുടിച്ചുരുള്‍ വീണുമറഞ്ഞിരിക്കുന്നു. അങ്ങ്‌ അര്‍ജുനന്റെ സാരഥിയാകാന്‍ മുന്നോട്ടുവരികയും അയാള്‍ക്ക്‌ ഭഗവദ്ഗീതോപദേശം നല്‍കുകയും ചെയ്തുവല്ലോ. അങ്ങ്‌ പാണ്ഡവരെ പലവിധത്തില്‍ സഹായിക്കുകയും യുദ്ധത്തില്‍ കൊലചെയ്യപ്പെട്ട എല്ലാവര്‍ക്കും ശത്രുമിത്രഭേദമെന്യേ കരുണാകടാക്ഷത്താല്‍ മോക്ഷമേകുകയുംചെയ്തു. അവര്‍ ക്കെല്ല‍ാം ഭഗവല്‍ സമാനമായ രൂപവും സിദ്ധിച്ചു.”
ഭീഷ്മപിതാമഹന്‍ അനന്തമായ പരമാത്മാവില്‍ വിലയംപ്രാപിച്ചു. യുധിഷ്ഠിരനും അനുചരന്മാരും കൃഷ്ണനോടൊപ്പം തലസ്ഥാനനഗരിയിലേക്ക്‌ തിരിച്ചു. യുധിഷ്ഠിരന്‍ രാജാവായി സ്ഥാനമേറ്റു.
sreyas

No comments: