ദക്ഷിണാമൂർത്തി സ്തോത്രം-61
പുറമേയ്ക്ക് ചലിക്കുന്ന മനസ്സിനെ അന്തർമുഖമാക്കി സ്വരൂപത്തിൽ കൊണ്ടു വന്ന് ഇരുത്തിയാൽ ഒരു കുളിർമയുണ്ടാകും. ആ കുളിർമ തന്നെ സാ മണികർണ്ണികാ. അതിൽ ബുദ്ധിയൊന്ന് മുങ്ങിയാലുണ്ടല്ലോ മണികർണ്ണികാ സ്നാനത്തിന്റെ ഫലമായി, ഗംഗാ സ്നാനത്തിന്റെ ഫലമായി. ആത്മധ്യാനം തന്നെ ഗംഗാ സ്നാനം. ആത്മധ്യാനം തന്നെ കാശി ക്ഷേത്ര വാസം. ആത്മ പ്രകാശ ദർശനം തന്നെ ദീപാവലി. അതിലും വലിയ ഒരു ദീപത്തിനെ അഥവാ പ്രകാശത്തെ നമ്മളെവിടെ കാണും.
TK സുന്ദരേശ്വരയ്യർ ഒൻമ്പത് വയസ്സു മുതൽക്കെ രമണ ഭഗവാന്റെ കൂടെ നിഴൽ പോലെ നടക്കുന്ന ആളാണ്. വലിയ പണ്ഡിതൻ ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. രണ്ട് രൂപയാണ് ശംബളം. ഭാര്യയും കുട്ടികളും ഒക്കെയുണ്ട്. സ്കൂളിൽ നിന്ന് ചിലപ്പോൾ നേരെ ആശ്രമത്തിലേയ്ക്ക് വരും. വഴിയിൽ ഏതെങ്കിലും ഭിക്ഷക്കാരൻ കൈനീട്ടിയാൽ ആ രണ്ട് രൂപ അതേപടി കൊടുത്തു കളയും. പരമ വിരക്തൻ, മഹാ ഭക്തൻ. ഒരിക്കൽ ദീപാവലിയുടെ തലേന്ന് രാത്രി രമണ ഭഗവാൻ അദ്ദേഹത്തോട് പറഞ്ഞു നാളേയ്ക്ക് ദീപാവലിയല്ലയാ വീട്ട്ക്ക് പോ. അദ്ദേഹം വീട്ടിലേയ്ക്ക് പോയി എന്നാൽ രാത്രി രണ്ടര മണിക്ക് കുളിച്ച് മൂന്ന് മണിയ്ക്ക് തിരിച്ച് ആശ്രമത്തിൽ വന്ന് കഴിഞ്ഞു. കാരണം ദീപാവലിക്ക് തനിക്ക് ഈ ദീപത്തിനെയാണ് കാണേണ്ടത്. ഗുരുവാണ് ദീപം. ഇദ്ദേഹം വന്നപ്പോൾ തന്നെ ഭഗവാൻ എഴുന്നേറ്റിരിക്കുന്നുണ്ട് കട്ടിലിൽ. ആ പ്രസന്നതയിൽ, നിശ്ചലമായ നിശ്ശബ്ദതയിൽ അങ്ങനെ ഇരുന്നു. മൂന്നര മണിക്ക് ഇരുന്നതേ അറിയുള്ളു പ്രജ്ഞ വന്നപ്പോൾ ഏഴ് മണിയായി കഴിഞ്ഞു. ഗംഗാ സ്നാനം ഒക്കെ കഴിഞ്ഞോ എന്ന് ആർക്കാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇത് തന്നെ ഏറ്റവും വലിയ ഗംഗാ സ്നാനം.
ശരീര പ്രജ്ഞ ഇല്ലാത്ത സ്ഥിതി, ആനന്ദ നിർവൃതി ഏർപ്പെടുന്ന ആ അനുഭവം, ശാന്തി. സത്സംഗം തന്നെ ഗംഗ. സത്സംഗത്തിലിരിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു വിശേഷ ദിവസവുമില്ല. എന്നും ആഘോഷമാണ്. സത്സംഗം വിട്ട് പോകുമ്പോൾ സ്വരൂപത്തെ തന്നെ വിട്ട് പിരിയുന്നു. ഒരിക്കൽ TK സുന്ദരേശ്വരയ്യർക്കും ഒരു ചപലതയുണ്ടായി. ഒരിക്കൽ സ്കന്ദാശ്രമത്തിൽ മഹർഷിയുടെ മുന്നിലിരിക്കുമ്പോൾ തോന്നി എത്ര നാളായി ഞാനിങ്ങനെ മഹർഷിയുടെ കൂടെയിരിക്കുന്നു. ഞാനും ആ സ്ഥിതിയിലിരിക്കേണ്ടതല്ലേ. എന്ത് കൊണ്ട് എനിക്കത് സാധിക്കുന്നില്ല. അതു കൊണ്ട് ധ്യാനിച്ച് ആ സ്ഥിതിയിൽ എത്തുന്നത് വരെ ഞാനിനി ഭഗവാനെ കാണില്ല എന്ന് തീരുമാനിച്ചു. ഭഗവാനെ കാണാതിരിക്കുന്നത് വലിയ പ്രയാസം ഉണ്ടാക്കിയെങ്കിലും കുറേ ദിവസം കടിച്ച് പിടിച്ചിരുന്നു. അവസാനം സഹിക്ക വയ്യാതെ കരഞ്ഞ് കൊണ്ട് ഓടി മഹർഷിയുടെ അടുക്കലേയ്ക്ക്. മഹർഷി മലയുടെ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന് നിന്നതും അദ്ദേഹം ഓടി കാൽക്കൽ ചെന്ന് വീണു നമസ്കരിച്ചു. ഭഗവാൻ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭഗവാനേ ഞാനൊരു മടയൻ. അങ്ങയെ പിരിഞ്ഞ് ഒരു നിലനില്പ് എനിക്കുണ്ടെന്ന് വിചാരിച്ചു. സത്സംഗം വിട്ടിട്ട് വേറെ എന്ത് ധ്യാനം, എന്ത് യോഗം. അവിടെ എന്തോ തനിച്ചിരുന്ന് നേടാം എന്ന് കരുതിയത് വിഡ്ഢിത്തം. മഹർഷി പറഞ്ഞു " ഇന്നേക്ക് നൂറ് ദിവസമായി നീ വന്നിട്ട്. ഒന്നും കിട്ടിയില്ല എന്ന് കരുതിയിട്ടല്ലേ വ്രതം എടുത്തത്. നിനക്ക് ഒന്നും കിട്ടിയില്ല എന്നുള്ളത് പോട്ടെ പക്ഷേ ഈ പിരിഞ്ഞിരുന്നത് കൊണ്ട് നഷ്ടപ്പെട്ടത് എന്തെന്ന് അറിഞ്ഞുവല്ലോ അല്ലേ." അത് വലിയൊരു ചോദ്യമാണ്.
ബ്രാഹ്മണർ സന്ധ്യാവന്ദനം ഒക്കെ ചെയ്യാറുണ്ടല്ലോ. മീമാംസാ ശാസ്ത്രകാരൻമാരൊക്കെ പറയുന്നത് ഈ അനുഷ്ഠാനങ്ങൾ കൊണ്ട് എന്ത് കിട്ടും എന്ന് ചോദിച്ചാൽ ഒന്നും കിട്ടില്ല. ചെയ്തിട്ടില്ലെങ്കിലോ ദോഷം വരും എന്നാണ്. എന്താണതിന്റെ അർത്ഥം ചെയ്യുകയാണെങ്കിൽ പുതിയതായി ഒന്നും കിട്ടാനില്ല എന്നത് തന്നെ. You are already full. ചെയ്തില്ലെങ്കിലോ ഉള്ളത് നഷ്ടപ്പെടും അഥവാ ഉള്ളത് മറച്ച് കൊണ്ടേയിരിക്കും. It will get adulterated. നമ്മുടെ സ്വരൂപ പ്രസന്നത മറഞ്ഞ് പോകും.
ഒന്നും കിട്ടാൻ വേണ്ടിയല്ല സത്സംഗം. നമ്മൾ നമ്മുടെ നിജ സ്ഥിതിയിലിരിക്കാനാണ് സത്സംഗം. എന്തെങ്കിലും കിട്ടണം എന്നുള്ള ഫലേച്ഛ വന്നാൽ തന്നെ സത്സംഗം പ്രയോജനപ്പെടില്ല. ആ സ്ഥിതി എത്തിയോ ഈ സ്ഥിതി എത്തിയോ എന്നുള്ള ചിന്ത നമ്മെ തെറ്റായ കാര്യങ്ങളിലേയ്ക്ക് നയിക്കും. ചിലർ ബോർഡ് ഒക്കെ വയ്ക്കുന്നുണ്ടല്ലോ ഇത്ര ദിവസത്തിനകം കുണ്ഡലിനീ ശക്തി ഉണർത്തി കൊടുക്കും എന്നൊക്കെ. സത്സംഗത്തിൽ നാം നമ്മുടെ നിജ സ്വരൂപത്തിലിരിക്കുന്നുവെന്നേയു ള്ളു. അവിടെ നമ്മളോരോരുത്തരും പ്രകാശമാണ്.
Nochurji
Malini dipu
No comments:
Post a Comment