ശ്രീരാമദാസഹനുമാൻ 1*
കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേവാത്മീകികോകിലം
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയെ
രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാഃ പതയേ നമഃ.
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ
*ഏതൊരാൾക്കും ചിന്തിക്കാൻ കൂടി സാധിക്കാത്ത കാര്യങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്യുന്നവനാണ് ശ്രീ ഹനുമാൻ.* സമുദ്രലംഘനം നടത്താൻ തയ്യാറായി പർവ്വതമുകളിൽ നിൽക്കുമ്പോൾ രാവണനാൽ അപഹരിക്കപ്പെട്ട സീതാദേവിയെ ദർശിക്കുന്നതിനുള്ള അതിരുകവിഞ്ഞ ആഗ്രഹം കൊണ്ട് ആ വീരന്റെ ഹൃദയം തുടിച്ചു. കർമ്മസാക്ഷിയായ ഭഗവാൻ ആദിത്യനെ, ത്രിലോക ചക്രവർത്തിയായ ദേവേന്ദ്രനെ, സകലജീവനും പ്രാണ ദാതാവായ പിതാവ് വായുദേവനെ, എല്ലാറ്റിനുമാധാരമായ പിതാമഹൻ ബ്രഹ്മാവിനെ, സർവ്വഭൂതങ്ങളെ കൈകൂപ്പിനിന്ന് ആഞ്ജനേയൻ സാദരം വന്ദിച്ചു.
ഹനുമാന്റെ ചെയ്തികളെല്ലാം കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന വാനരയൂഥത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പവനസുതന്റെ ശരീരം വളരുവാൻ തുടങ്ങി. ആകാശമണ്ഡലത്തിൽ നിൽക്കുന്ന ദേവന്മാർ, സിദ്ധചാരണ ഗന്ധർവ്വാദികൾ, മാമുനീശ്വരന്മാർ എന്നിവർ പരസ്പരം പറയുന്നത് കേട്ടു.
*"മഹാവേഗമുള്ളവനും, മാമലയ്ക്കൊത്തവനുമായ പവനതനയനിതാ മകരമത്സ്യങ്ങൾ അധിവസിക്കുന്ന വാരിധി കടക്കുവാൻ തുടങ്ങുന്നു"*
അതിശക്തനായ ഹനുമാൻ കടൽ ചാടിക്കടക്കുവാൻ തയ്യാറായി നിൽക്കുകയാണ്. നിർന്നിമേഷരായി, അത്ഭുതസ്തബ്ധരായി നിൽക്കുന്ന കപിവരന്മാരോട് മാരുതി ധീരസ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
*"സുഹൃത്തുക്കളേ, ശ്രീരാമചന്ദ്രസ്വാമിയുടെ വായുവേഗമുള്ള ബാണം പോലെ ഞാനിതാ ലങ്കയിലേക്ക് പോകുന്നു. രാക്ഷസചക്രവർത്തി രാവണൻ വാണരുളന്ന ആ സ്ഥലത്ത് ജാനകീദേവിയെ കാണാതെവന്നാൽ ഇതേ ഊക്കിൽ തന്നെ അമരന്മാർ വസിക്കുന്ന സ്ഥലത്തേക്ക് എത്തും. സ്വർഗ്ഗത്തിലും ദേവിയെ കാണാതിരുന്നാൽ ലങ്കയിൽ ചെന്ന് രാവണനെ ബന്ധിച്ച് കൊണ്ടുവന്നേയ്ക്കാം. വേണ്ടിവന്നാൽ ദശഗ്രീവനോടുകൂടി ലങ്കയെത്തന്നെ പുഴക്കി കൊണ്ടുവരാം"*
ഇങ്ങനെ പറഞ്ഞ് അപരിമേയ ശക്തിയോടു കൂടി യാതൊരു സംശയവുമില്ലാതെ ഹനുമാൻ കൊടുങ്കാറ്റുപോലെ മേൽപ്പോട്ടുയർന്നു.
*ശ്രീരാമദേവകാര്യാർത്ഥം ആകാശസഞ്ചാരം ചെയ്യുന്ന വായുപുത്രനിൽ ദേവന്മാർ, ഗന്ധർവ്വന്മാർ എന്നിവർ പൂമഴ പൊഴിച്ചു. സൂര്യദേവൻ തന്റെ ഉഷ്ണകിരണങ്ങളെ ശീതളമാക്കി. വായുഭഗവാൻ പ്രിയപുത്രനെ അനുഗമിച്ചു. മഹർഷീശ്വരന്മാർ ഭക്തിയോടെ സ്തുതിച്ചു. ദേവന്മാരും ഗന്ധർവ്വന്മാരും ഗാനമാലപിച്ചു. യക്ഷകിന്നര ഗന്ധർവ്വന്മാർ ശ്രീ ഹനുമാനെ കുറിച്ചുള്ള കീർത്തനങ്ങൾ മധുരമായി പാടി.*
തുടരും........
©സദ്ഗമയ സത്സംഗവേദി
🕉🕉🕉
190717
No comments:
Post a Comment