Wednesday, July 17, 2019

ഭരണി.
നക്ഷത്രക്കാരുടെ സ്വരൂപവും സ്വഭാവവും

ഭരണി നക്ഷത്രക്കാര്‍ക്ക് മേടം ജന്മ രാശിയായതുകൊണ്ട് മേടം രാശിയുടെ അധിപനായ ചൊവ്വയുടെ പട്ടാളസ്വഭാവം മനസ്സിനും പെരുമാറ്റത്തിനും ഉണ്ടായിരിക്കും. നക്ഷത്രാധിപന്‍ ശുക്രനായതുകൊണ്ട് ശരീര പ്രകൃതം സുന്ദരവും, മൃദുലവും ശൃംഗാര പ്രധാനവും ആയിരിക്കും. കാര്യങ്ങള്‍ പട്ടാളചിട്ടയിൽ ചെയ്തുതീര്‍ക്കാനുള്ള നിര്‍ബന്ധബുദ്ധിയും ദൃഢമായ വിശ്വാസവും എടുത്തുചാട്ടവും വികാരപരതയും ഇവരിൽ കാണും. ഇവര്‍ക്ക് നയമായും, വിനയമായും പെരുമാറുക വിഷമമാണ്. സംസാരത്തിൽ ആജ്ഞാശക്തിയും പെരുമാറ്റത്തിൽ അധികാര പ്രൗഢിയും ഗാംഭീര്യവും പ്രതിഫലിക്കും. വലിയ അഭിമാനികളായതുകൊണ്ട് ആരുടെയും മുന്‍പെ തലകുനിക്കുകയോ ആര്‍ക്കും കീഴടങ്ങുകയോ ചെയ്യുകയില്ല. ഇത് അവര്‍ക്ക് മരണതുല്യമാണ്. അങ്ങനത്തെ കാര്യങ്ങളിൽ നിന്നും ഇവര്‍ ദൂരെ മാറിക്കളയുന്നു. മറ്റുള്ളവരുടെ ഉപദേശം കേള്‍ക്കുമെങ്കിലും സ്വന്തം അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കും. ജാതകത്തിൽ ചൊവ്വ ദുര്‍ബ്ബലനായിരുന്നാൽ വിപരീത അഭിപ്രായം പറയുന്നവരോട് അമര്‍ഷം രേഖപെടുത്തും. ചിലപ്പോള്‍ ശകാരിക്കുകയും ചെയ്യും. എല്ലാ കാര്യത്തിലും ഇവര്‍ മടിച്ചു നിൽക്കാതെ പ്രവര്‍ത്തിക്കുകയും മുന്നേറുകയും ചെയ്യും. പ്രവര്‍ത്തനത്തിൽ ഇവര്‍ വലിയ ഉത്‌സാഹം കാണിക്കുന്നതുകൊണ്ട് പല പ്രവര്‍ത്തനങ്ങളിലും പരാജയ പെടേണ്ടി വരും. പക്ഷെ ഇവരുടെ ആദര്‍ശം പ്രവര്‍ത്തനവും ചെയ്യതിരിക്കുന്നതിനെക്കാള്‍ ഭേദമാണ്. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നത് എന്നതുമാണ്. ഇവര്‍ നിരാശരാകാതെ ശുഭാപ്തി വിശ്വാസികളായി പ്രവര്‍ത്തനം തുടരുന്നു.

ഭരണി നക്ഷത്രക്കാര്‍ പൊതുവെ സ്വാര്‍ത്ഥികളും, സങ്കുചിത ഹൃദയരുമാണ്. ഏതു പ്രവര്‍ത്തനത്തിലും തനിക്ക് എന്തുനേട്ടം കിട്ടും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലായ്പ്പോഴും എന്തെങ്കിലും പ്രവര്‍ത്തനത്തിൽ ഏര്‍പെട്ടിരിക്കുന്ന ഇവര്‍ക്ക് മറ്റു പ്രവര്‍ത്തനങ്ങളെ പറ്റി ചിന്തിക്കുക വിഷമമാണ്. മറ്റുള്ളവര്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ നല്ല പോലെ ചെയ്യുമെങ്കിലും മൗലികമായി ഒന്നും ചെയ്യുകയില്ല. ഇവര്‍ക്ക് പുതുതായി ഒന്നും കണ്ടുപിടിക്കാന്‍ കഴിയുകയില്ല. ഉള്ളതിനെ പരിഷ്‌കരിച്ച് അവതരിപ്പിക്കും.

ചൊവ്വയുടെ പ്രഭാവം ഉള്ളതുകാരണം പ്രവര്‍ത്തനങ്ങളിൽ വീണ്ടു വിചാരമില്ലാതെ ഏര്‍പ്പെടുന്നു. വിവാഹം, ബിസിനസ്സ് തുടങ്ങിയ അതിപ്രധാനകാര്യങ്ങള്‍ പോലും ഇവര്‍ ആവേശമായിട്ടാണ് ചെയ്യാറുള്ളത്. പലപ്പോഴും ലക്ഷ്യപ്രാപ്തിക്ക് കൃത്രിമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മടിക്കുകയില്ല. സാധാരണയായി ദീര്‍ഘദര്‍ശിത്വം വേണ്ട പ്രവര്‍ത്തനങ്ങളിൽ ഇവര്‍ ഇടപെടാറില്ല.

ഇടപാടുകളിൽ ഇവര്‍ കണിശക്കാരാണ്. രേഖാമൂലമല്ലെങ്കിൽ തന്നെയും പറയുന്ന വാക്കു കൃത്യമായിപാലിക്കും. കടംവാങ്ങിക്കുന്നതും മറ്റും കൃത്യമായി തന്നെ മടക്കികൊടുക്കും. സാധാരണയായി നല്ല വാക്മികളാണ്. പ്രസംഗപാടവവും, അധ്യാപന വൈദഗ്ദ്യവും ഉണ്ടായിരിക്കും.

ബന്ധുക്കളുമായി അടുക്കാനും, ഇടപഴകാനും, ലയിച്ചുചേരാനും ഭരണിക്കാര്‍ക്ക് വിഷമമാണ്. അതുകൊണ്ട് ബന്ധുക്കളുമായുള്ള ബന്ധം ദൃഢമായിരിക്കുകയില്ല. ഭരണിക്കാര്‍ക്ക് പൊതുവെ ബന്ധുക്കളും കുറവായിരിക്കും. മാത്രമല്ല ഇവര്‍ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളിൽ നിന്ന് ഒറ്റപെടുകയും ചെയ്യും.

വൈകാരിക ഉത്തേജനം മുന്നിട്ടുനിൽക്കും. ഇവര്‍ ഉഭയരാശി ലഗ്നക്കാരായാല്‍ ദ്വിഭാര്യന്മാരും, സ്ത്രീകളോട് വളരെ ആസക്തിയുള്ളവരുമായിരിക്കും.

എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യബുദ്ധി കാണിക്കുന്നതോടൊപ്പം ആജ്ഞാശക്തിയും പ്രദര്‍ശിപ്പിക്കും. മത്സരവും, തടസ്സവും, എതിര്‍പ്പും ഇല്ലാതെ ഇവര്‍ക്ക് ഒരു പ്രവര്‍ത്തനത്തിലും മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. പല കാര്യങ്ങളും കേസുകൊടുത്തു തന്നെ നേടേണ്ടി വരും. സര്‍ക്കാര്‍ ആനുകൂല്യം കുറവായിരിക്കും.

ഭരണി നക്ഷത്രക്കാരെ അനിഷ്ട ചിന്തയും അജ്ഞാതഭയവും സദാ പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കും. ഒന്നിനെപ്പറ്റിയും ഖേദിക്കാത്തവരാണെങ്കിലും നിസ്സാരപരാജയങ്ങളെപ്പറ്റിയും വൈഷമ്യങ്ങളെപ്പറ്റിയും ചിന്തിച്ച് വിഷമിക്കും. ചെറിയ വാക്കുതര്‍ക്കങ്ങള്‍ മതി ഇവരെ വ്യാകുലപെടുത്താന്‍. ഈ വ്യാകുലത അടക്കാന്‍ സാധിക്കാത്തതു കാരണം മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും. മറ്റുള്ളവരുടെ ദു:ഖത്തെ സ്വീകരിക്കുവാനും അവരെ സമാധാനപെടുത്തുവാനുമുള്ള ആശ്വസവാക്കുകള്‍ പറയുവാനും ഇവര്‍ക്ക് അറിയില്ല. അതുപോലെതന്നെ മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തുവിചാരിക്കും എന്ന ചിന്തയും ഇവരെ ശല്യപെടുത്താറോ പ്രവര്‍ത്തനത്തിൽ നിന്നു പിന്‍തിരിപ്പിക്കാറോ ഇല്ല.

ഭരണി നക്ഷത്രക്കാരുടെ ശരീരപ്രകൃതി വളരെ തടിച്ചതോ പൊക്കമുള്ളതോ ആയിരിക്കുകയില്ല. സാധാരണ പൊക്കം കുറഞ്ഞവരും ഇടത്തരം പൊക്കകാരുമയാണ് ഇവര്‍ കാണപെടുന്നത്. അല്പമായ തലമുടി, പ്രസന്നമുഖം, ചൈതന്യമുള്ള കണ്ണുകള്‍, സാമാന്യമായ ആരോഗ്യം ഇവരുടെ വിശേഷതയാണ്. വലിയരോഗങ്ങള്‍ ഒന്നും ബാധിച്ചു കാണാറില്ല. ഭരണിക്ക് മേടം രാശിയുമായി ബന്ധമുള്ളതുകൊണ്ടും മേടം രാശി കാലാപുരുഷന്റെ ശിരസ്സായതുകൊണ്ടും, മേടത്തിൽ പാപഗ്രഹങ്ങള്‍ നിന്നാലും ചൊവ്വ, ശുക്രന്‍ എന്നിവര്‍ രോഗ സ്ഥാനത്തുനിന്നാലും, ശിരോരോഗങ്ങള്‍ ഉണ്ടാകാം. അതുപോലെ വൃശ്ചികത്തിൽ പാപഗ്രഹങ്ങള്‍ നിന്നാൽ മൂത്രാശയരോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ദിനചര്യയിലും, ആഹാരകാര്യങ്ങളിലും, വലിയ നിഷ്ഠയും അടുക്കും ഉണ്ടായിരിക്കുകയില്ല. ലഘുഭക്ഷണം കഴിക്കുന്ന ഇവര്‍ ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കാതെ ജീവിക്കുന്നതിനുമാത്രം ഭക്ഷിക്കുന്നു. ആഹാരകാര്യങ്ങളിൽ വലിയ നിര്‍ബന്ധവും കാണിക്കാറില്ല. ഏതെങ്കിലും ഒരു കാര്യത്തെ പറ്റി കേട്ടാൽ ഉടന്‍ തന്നെ മറ്റുപലര്‍ക്കും തോന്നാത്ത ആശയങ്ങളും അര്‍ത്ഥങ്ങളും ഇവര്‍ക്ക് തോന്നുന്നു. മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും കഴിവുകേടുകളും കണ്ടു പിടിക്കുവാനുള്ള കഴിവുകാരണം ഇവര്‍ നല്ല നിരൂപകരായിരിക്കും.

വേണമെങ്കിലും വേണ്ടെങ്കിലും ഇവര്‍ ചെറുതോ വലുതോ ആയ ഏതെങ്കിലും പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കും. എല്ലാ രംഗത്തും ഉത്തരവാദിത്വത്തോടുകൂടി പ്രവര്‍ത്തിക്കുമെങ്കിലും ഒടുവിൽ ഇവര്‍ മേലധികാരികളുടെയും സ്‌നേഹിതരുടെയും ശത്രുത്വത്തിന് പാത്രമാകുന്നു.

ഇവര്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവു കുറവായിരിക്കും. അതുകൊണ്ട് ആത്മീയമായി ഉയരണമെന്ന് ആഗ്രഹിച്ചാലും ഉയരാന്‍ സാധിക്കുകയില്ല. ഭാര്യയോടും, കുഞ്ഞുങ്ങളോടും വലിയ പ്രതിപത്തികാണിക്കും. ഇവരുടെ സാമ്പത്തിക ജീവിതം തൃപ്തികരമായിരിക്കും. ഉദയരാശിയിൽ ജനിച്ചവര്‍ക്ക് ദ്വിഭാര്യയോഗം ഉണ്ടായിരിക്കും.

ഭരണി നക്ഷത്രക്കാരായ സ്ത്രീകളിലും മുകളിൽ പറഞ്ഞഗുണങ്ങള്‍ തന്നെയുണ്ടായിരിക്കും. അവരിൽ ഭരണശക്തിയും, മേധാവിത്വവും, സ്ത്രീത്വവും, വശീകരണശക്തിയും കൂടുതലായിരിക്കും. വൈരാഗ്യവും, പിടിവാശിയും കൂടുതലായിരിക്കും.

സുഖഭക്ഷണത്തിൽ ഇവര്‍ക്ക് വളരെ താത്പര്യമായിരിക്കും, പച്ചക്കറി സാധനങ്ങള്‍ പഴവര്‍ഗ്ഗങ്ങള്‍, നെയ്യ്, വെണ്ണ, മധുരാഹാരങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്നു. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ ഇവര്‍ ഇഷ്ടപെടുന്നില്ല.

ലഗ്നാധിപനായ ചൊവ്വയും നക്ഷത്രാധിപനായ ശുക്രനും 5-ന്റെ അധിപനായ രവിയും 9-ന്റെ അധിപനായ വ്യാഴനുമാണ് നല്ല ഫലം നൽകുന്ന ഗ്രഹങ്ങള്‍. അതുകൊണ്ട് ഭരണിനക്ഷത്രക്കാരിൽ ഈ ഗ്രഹങ്ങളുടെ പ്രഭാവം അനുസരിച്ചുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കും. ജാതകത്തിൽ ഈ ഗ്രഹങ്ങള്‍ക്ക് നല്ല സ്ഥിതിയും ബലവുമുണ്ടെങ്കിൽ ഈ ഗ്രഹങ്ങളുടെ ദശാപഹാരങ്ങളും നല്ല നക്ഷത്രം വരുന്ന ദിവസങ്ങളും ഹോരകളും നല്ല അനുഭവങ്ങള്‍ നൽകും. പരാജയത്തിന്റെ വക്കിലെത്തുമ്പോള്‍ ഇവര്‍ക്ക് അവിചാരിതമായി കാര്യസിദ്ധിയും വന്നുചേരും. വ്യാഴം 9 ഭവാധിപതിയായതാണ് ഇതിനുകാരണം.

ഭരണി നക്ഷത്രതത്തെപ്പറ്റി കൂടുതൽ കാര്യങ്ങള്‍

ബ്രഹ്മാണ്ഡത്തിൽ ഗ്രഹങ്ങളുടെ സഞ്ചാരപഥമായ 360 ഡിഗ്രി വരുന്ന രാശി ചക്രത്തെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിരിക്കുന്നതിൽ രണ്ടാമത്തെ നക്ഷത്ര മേഖലയാണ് ഭരണിനക്ഷത്രത്തിന്റെ മേഖല. ഇതിന്റെ വ്യാപ്തി 13ഡിഗ്രി 20 മിനിട്ടാണ്. അതായത് രാശി ചക്രത്തെ 13 ഡിഗ്രി 20 മിനിട്ടു മുതൽ 26 ഡിഗ്രി 40 മിനിട്ടു വരെ ഭരണി നക്ഷത്രമേഖലയാണ്. രാശിയുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ മേടം രാശിയിൽ 13 ഡിഗ്രി 20 മിനിട്ടു മുതൽ 26 ഡിഗ്രി 40 മിനിട്ടു വരെ ഭരണി നക്ഷത്രമാണ്. ഈ നക്ഷത്ര മേഖലയിൽ ചന്ദ്രന്‍ പ്രവേശിക്കുന്നതു മുതൽ അതിൽ നിന്നു നിര്‍ഗ്ഗമിക്കുന്നതുവരെയുള്ള സമയത്തെ ഭരണി നക്ഷത്രം എന്നു പറയുന്നു. അതായത് ഒരു കുട്ടിയുടെ ജനനസമയത്ത് ചന്ദ്രന്‍ രാശിചക്രത്തിൽ ഈ മേഖലയിലാണ്. (13 ഡിഗ്രി 20 മിനിട്ടു മുതൽ 26 ഡിഗ്രി 40 മിനിട്ടിനും ഇടയ്ക്ക്) സഞ്ചരിക്കുന്നതെങ്കിൽ ആ കുട്ടി ഭരണി നക്ഷത്രത്തിൽ ജനിച്ചു എന്നു കണക്കാക്കപ്പെടുന്നു.

സ്ഥൂലദൃഷ്ടിക്കു ഭരണി ആകാശപരപ്പിൽ 3 നക്ഷത്രങ്ങള്‍ ചേര്‍ന്നു ത്രികോണാകൃതിയിൽ കാണപ്പെടുന്നു.

ഭരണി നക്ഷത്രത്തിന്റെ അധിപന്‍ ശുക്രനാണ്, മേടരാശിയിലായതുകൊണ്ട് രാശ്യാധിപന്‍ ചൊവ്വയുമാണ്.

സാധരണയായി ഭരണി നക്ഷത്രത്തിൽ ജനിച്ചു എന്നു മൊത്തത്തിൽ പറയുന്നെങ്കിലും കുറച്ചുകൂടി സൂക്ഷമമായി ഭരണി നക്ഷത്രത്തിന്റെ ഇന്ന അപഹാരത്തിൽ ജനിച്ചു എന്നു പറഞ്ഞാൽ ഫലം പറയുക കുറെക്കൂടി സൂക്ഷ്മമായിരിക്കും. ഓരോ ജ്യോതിഷാചാര്യന്‍മാര്‍ ഓരോ നക്ഷത്രത്തിൽ ജനിച്ചവരുടെ സവിശേഷതകളെ ശ്ലോകരൂപത്തിൽ രചിച്ചിട്ടുണ്ട്. ഇവിടെ ആ മഹത്‌വചനങ്ങളുടെ ചുരുക്കം മാത്രം നൽകുന്നു.

1. ഹോരാസാരം : - ഭരണി നക്ഷത്രത്തിൽ ജനിച്ചവന്‍ ശാന്താത്മാവും, ചഞ്ചലചിത്തനും, സ്ത്രീ വിഷയത്തിൽ ആസക്തനും, മൂത്ത സഹോദരന്‍ ഇഷ്ടപ്പെട്ടവനും, ആത്മാഭിമാനമുള്ളവനും, ധൈര്യവാനും, സ്‌നേഹിതരെ സഹായിക്കുന്നവനും, ദീര്‍ഘായുസ്സും ആയിരിക്കും.

2. ബൃഹത്സംഹിത : - തുടങ്ങിയകാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നവനും, സത്യപ്രിയനും, സാധാരണയായി രോഗം ബാധിക്കാത്തവനും, സമര്‍ത്ഥനും, സുഖജീവിതം നയിക്കുന്നവനുമായിരിക്കും, മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുന്നവനും, ചഞ്ചലബുദ്ധിയും, ദയവില്ലാത്തവനും, ധാരാളം ശത്രുക്കള്‍ ഉള്ളവനും, പുത്രന്‍മാരും, ഭൃത്യന്‍മാരും ഉള്ളവനും, മദ്യവും, മാംസവും പ്രിയമുള്ളവനുമായിരിക്കും.

3. ജാതകപാരിജാതം : - മന:സമാധാനമില്ലാത്തവനും, മറ്റുള്ളവരുടെ ഭാര്യമാരെ ഇഷ്ടപെടുന്നവനും, ഉപകാരസ്മരണ ഇല്ലാത്തവനും, ധനികനും ആയിരിക്കും.

4. ദാനങ്ങള്‍ താത്പര്യത്തോടെ ചെയ്യുന്നവനും, മാതാപിതാക്കളോട് സ്‌നേഹമുള്ളവനും, അറിവു സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവനും, ഭാഷയിൽ താത്പര്യവും, പാണ്ഡിത്യവും ഉള്ളവനും, അഭിമാനവും ആഭിജാത്യവും ഉള്ളവനും, ധാരാളം ധനമുള്ളവനും, ഭോജന സുഖമുള്ളവനും, സുഖഭോഗപ്രിയനും, മുന്‍കോപിയും, സുന്ദരനും, ഉന്തിയ മൂക്കുള്ളവനുമായിരിക്കും.

ഭരണിയിൽ ജനിച്ചവര്‍ക്ക് ആദ്യദശ ശുക്രദശയാണ്, 20 വര്‍ഷം തുടര്‍ന്നു രവിദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, ചൊവ്വദശ 7 വര്‍ഷം, രാഹുദശ 18 വര്‍ഷം, വ്യാഴദശ 16 വര്‍ഷം, ശനിദശ 19 വര്‍ഷം, ബുധദശ 17 വര്‍ഷം, കേതുദശ 7വര്‍ഷം

ഭരണി നക്ഷത്രക്കാര്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍

ശരീരഭാഗങ്ങള്‍ : - ശിരസ്സ് മസ്തിഷ്‌കത്തിന്റെ പകുതിഭാഗം, ശിരസ്സിനകത്തുള്ള അവയവങ്ങള്‍, കണ്ണുകള്‍.
രോഗങ്ങള്‍- നെറ്റിയിലും കണ്ണിനു ചുറ്റുമുണ്ടാകുന്ന മുറിവുകള്‍, കാഴ്ചയെ ബാധിക്കുന്ന സിഫിലിസ് രോഗം ( പറങ്കി പുണ്ണ്), ഞരമ്പുരോഗം, അമിതമായി ഭോഗം അനുഭവിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍.

സ്വഭാവം : - സുഖംതേടി അലയുന്ന സ്വഭാവം, സ്ഥിരപരിശ്രമം, ഉത്‌കേകര്‍ഷേഛ, കാര്യസാധ്യത്തിന് എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം, വഞ്ചനയും, ദുശ്ചിന്തയുമില്ലായ്മ.

തൊഴിൽ : - സുഖഭോഗവസ്തുക്കള്‍, വിജ്ഞാനം പകരുന്ന വസ്തുക്കള്‍, സംഗീതം, സംഗീതോപകരണം, പ്രദര്‍ശനം, വെള്ളിപാത്രം, ഏവര്‍സിൽവര്‍, സിൽക്, ആട്ടോമോബൈൽ, വ്യവസായം, സിനിമാതിയേറ്റര്‍, കല്യാണമണ്ഡപം, കശാപ്പുശാല, കാഫി, ചായ, എസ്റ്റേറ്റുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റ്, വക്കീല്‍, ജഡ്ജി, തോൽവ്യവസായം, എന്‍ജിനീയര്‍, കരംപിരിവ്, അധ്യാപകന്‍, കൃഷി തുടങ്ങിയ തൊഴിലിലായിരിക്കും ഭരണിക്കാര്‍ ഏര്‍പ്പെടുന്നത്.

സാരാവലി എന്ന ഗ്രന്ഥത്തിലും ഓരോ നക്ഷത്രപാദത്തിലും ജനിച്ചാലുള്ള സാമാന്യഫലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ കുറിക്കുകയാണ്.

ഭരണി ഒന്നാം പാദത്തിൽ ജനിച്ചാൽ അഭിമാനിയും, ആനയുടെ കണ്ണുകള്‍ പോലെയുള്ള കണ്ണുകള്‍ ഉള്ളവനും, ഭംഗിയുള്ള പിരികവും, വീതിയുള്ള നെറ്റിയുള്ളവനും, തടിച്ച് വളര്‍ച്ചയുള്ള ശരീരത്തോടുകൂടിയവനും.

ഒന്നാം പാദത്തിൽത്തന്നെ ആദ്യ പകുതിയിൽ അധികവും പുരുഷന്‍മാര്‍ ആയിരിക്കും ജനിക്കുക, അയൽപക്കകാരന് സന്താനം കാണുകയില്ല, ഒന്നാം പാദത്തിന്റെ രണ്ടാം പകുതിയിൽ ജനിച്ചവര്‍ ഹ്രസ്വ ശരീരരും, തെക്കു പടിഞ്ഞാറെ തെരുവിൽ ജനനം, തെക്കുഭാഗത്ത് ഒരു വലിയ വൃക്ഷം.

ഭരണി രണ്ടാം പാദത്തിൽ ജനിച്ചാൽ (15 നാഴിക മുതൽ 30 നാഴിക വരെ) സിംഹത്തിന്റെ പോലെ ഒട്ടിയ വയറ്, തുല്യദൈര്‍ഘ്യമില്ലാത്ത കൈകള്‍, സംസാരപ്രിയന്‍, മൃദുവായ ശരീരം, ആദ്യപകുതിയിൽ ജനിച്ചവര്‍ ആദ്യം മെലിഞ്ഞിരിക്കുമെങ്കിലും ക്രമേണ തടിക്കും. രണ്ടാം പകുതിയിൽ മിക്കവാറും സ്ത്രീകളാണ് ജനിക്കുന്നത്. ( നാഡീഗ്രന്ഥങ്ങള്‍)

ഭരണി മൂന്നാം പാദത്തിൽ ജനിച്ചാൽ ( 30 മുതൽ 45 നാ വരെ) ഭാര്യയുടെ പ്രകൃതം അനുകൂലമായിരിക്കുകയില്ല. വീടിനു സമീപം കുളം കാണും. ( നാഡീഗ്രന്ഥങ്ങള്‍)

ഭരണി നാലാംപാദത്തിൽ ജനിച്ചാൽ (45 നാഴിക മുതൽ 60 നാഴിക വരെ) കുരങ്ങിന്റെ മുഖവുമായി സാദൃശ്യം, പ്രസംഗകന്‍, മഞ്ഞനിറം കലര്‍ന്ന ദൃഢമായ ശരീരം, ഉഷ്ണരോഗങ്ങള്‍, മറ്റുള്ളവരെ ഹിംസിക്കുന്ന സ്വഭാവം, അസത്യപ്രിയന്‍, പാപസ്വഭാവി, ഉഗ്രസ്വഭാവി (സാരാവലി)

വീട് തെക്കുപടിഞ്ഞാറെ തെരുവിൽ കിഴക്കോട്ടു മുഖമായിരിക്കും, സ്പഷ്ടമായി സംസാരിക്കും, ഗുഹ്യരോഗങ്ങള്‍.

ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെപറ്റി ഹോരാരത്‌നം എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

സ്ത്രീ സമുദായത്തിൽ ബഹുമാനിക്കപ്പെടുകയും, കലഹപ്രിയയും, ദുഷ്ടചിന്തയും, ഐശ്വര്യം കുറവായവളും, പ്രതാപം നശിച്ചവളും, മലിന വസ്ത്രം ധരിക്കുന്നവളുമായിരിക്കും, പക്ഷെ സ്ത്രീജാതകത്തിൽ ഇതിനു വിപരീതമായ വിവരണമാണ് കൊടുത്തിട്ടുള്ളത്. അത്യന്തം സുഖിനിയും, മനോഹരമായ മുഖത്തോടു കൂടിയവളും, ഹാസ്യപ്രിയയും, മാതൃ പിതൃ പ്രശസ്തയുമായിരിക്കും, (സ്തീജാതകം)
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ 
ഫോണ്‍ : 9497009188
ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

No comments: