Wednesday, July 17, 2019

ഗുരു അരവിന്ദൻ

കേരളത്തിൽ പ്രൊഫസർ ബാലകൃഷ്ണൻ എന്ന ഒരു വലിയ വേദാന്ത വിദ്വാനുണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു വീടും, ജോലിയും. പതിനൊന്ന് ഉപനഷത്തിന് അദ്ദേഹം ഭാഷ്യമെഴുതിയിരിക്കുന്നു . യോഗാവസിഷ്ഠം, ബൃഹദാരണ്യകോപനിഷത്ത് എന്നിവയ്ക്ക്  മലയാളത്തിൽ ഗംഭീരമായ ഭാഷ്യം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജ്ഞാന സ്ഫൂർത്തിയുണ്ടായ സന്ദർഭം വളരെ വ്യത്യസ്തമായ ഒരു സംഭവമായിരുന്നു. 

വളരെ ബുദ്ധിശാലിയും, യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്നു അദ്ദേഹം. 
യുക്തിവാദവും ,കമ്യൂണിസവും ആയി നടന്നിരുന്ന പ്രൊഫ. ബാലകൃഷ്ണൻ പിന്നീട് തീർത്തും വ്യത്യസ്തനായ തത്ത്വചിന്തകനും, ആത്മീയാചാര്യനും രചയിതാവും ആയതിന് കാരണക്കാരൻ ബാല്യത്തിലേ ജീവിതം കൈവിട്ടു പോയ  ഏഴു വയസ്സ്കാരനായ മകനായിരുന്നു .  

കാലിൽ റ്റെറ്റസ് ബാധിച്ച് തീവ്രമായ വേദന അനുഭവിക്കുന്ന മകൻ അരവിന്ദനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഡോക്ടർ വിധിച്ചത് വെറും നാല്പത്തിയഞ്ച് മിനിറ്റ് മാത്രം നീണ്ടു നിന്നേക്കാവുന്ന ആയുസ്സാണ്. അത്യധികം വേദനയോടെ മകനരികിൽ ചെന്നിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തെ അതിശയിപ്പിച്ചത് തീവ്ര വേദന അനുഭവിക്കുന്ന തന്റെ മകൻ വളരെ പ്രസന്നതയോടെ അദ്ദേഹത്തെ നോക്കി പുഞ്ചിരിക്കുന്നു എന്നതാണ്. മരണ കിടക്കയിൽ കിടന്നു കൊണ്ട് ബാലൻ പിതാവിനെ ഉപദേശിച്ചു. ഒരു നാല്പത് മിനിറ്റ് "ഓം നമഃ ശിവായ " എന്ന വിശിഷ്ട മന്ത്രം ജപിച്ചു കൊള്ളു. അദ്ദേഹം അതനുസരിച്ചു. പ്രസന്നമായി ചിരിച്ചു കൊണ്ട് ബാലൻ ശരീരം വെടിഞ്ഞു. അന്ന് അദ്ദേഹം തീരുമാനിച്ചു എന്തിനാണ് ബുദ്ധിയും ഊർജ്ജവുമെല്ലാം രാഷ്ട്രീയത്തിനും, യുക്തിവാദത്തിനും വേണ്ടി പാഴാക്കുന്നത്. മരണം വരിക്കുന്നെങ്കിൽ അത് മകനെ പോലെ പ്രസന്നതയോടെ ആയിരിക്കണം. ഇതു പോലെ ശരീരം ഉപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഠിച്ചതിനൊന്നും പ്രയോജനമേയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു. സാക്ഷാൽ ശിവൻ തന്നെ ഇത് ഉപദേശിക്കുന്നതിനായി അരവിന്ദന്റെ രൂപത്തിൽ വന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. മകനെ ഗുരുവായി കണ്ടത് കൊണ്ടാവാം അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിനെല്ലാം ശിവാരവിന്ദം എന്നാണ് പേര് വച്ചിരിക്കുന്നത്. 

ആത്മാവിൽ നിന്നന്യമായി ഒന്നും തന്നെയില്ല എന്ന് അദ്ദേഹം അറിഞ്ഞു. ഏകമേവ അദ്വൈതീയം ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശ വാക്യം. ജീവിതത്തിലുടനീളം അത് പാലിക്കുകയും ചെയ്തു. ശരീരം, വ്യാധി ഇതൊന്നും അദ്ദേഹത്തെ മാനസികമായി  ബാധിച്ചതേയില്ല. ഹോസ്പിറ്റൽ മുറിയിലും ബ്രഹ്മാനുഭവം മാത്രം. ഇതാണ് ശരിയായ ജീവിത വിജയം. 

ശിഷ്യൻ പാകപ്പെട്ടവനെങ്കിൽ ഗുരു ഏത് രൂപത്തിലും ഭാവത്തിലും നമുക്ക് മുന്നിൽ വരാം. ഗുരു ഒരു തത്ത്വമാണ്, നിത്യ സത്യം.

From the talks of Sri Nochur Venkataraman

No comments: