Sunday, August 18, 2019

കൃഷ്ണനാമം ജപിയ്‌ക്കേണമെപ്പോഴും,
കൃഷ്ണഗീതകള്‍ കേള്‍ക്കേണമെപ്പോഴും,
കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം,
കൃഷ്ണനെന്നുള്ളിലെന്നും വിളങ്ങണം.
കൃഷ്ണതീര്‍ത്ഥമെന്‍ ദാഹമകറ്റണം,
കൃഷ്ണതുളസിക്കതിരുകള്‍ചൂടണം,
കൃഷ്ണചന്ദനം നെറ്റിയില്‍ചാര്‍ത്തണം,
കൃഷ്ണനൈവേദ്യമല്പംനുകരണം.
കൃഷ്ണഗാഥകള്‍ പാടിത്തെളിയണം,
കൃഷ്ണ പൂജകള്‍ ചെയ്യാന്‍കഴിയണം,
കൃഷ്ണഭക്തരെന്‍ കൂട്ടുകാരാവണം,
കൃഷ്ണപക്ഷവുമുത്സവമാകണം.
കൃഷ്ണചക്രമെന്‍ പാത തെളിയ്ക്കണം,
കൃഷ്ണപത്മമായെന്‍ മനംവിടരണം,
കൃഷ്ണമന്ദിരമെന്‍ ഗൃഹമാകണം,
കൃഷ്ണാ നിന്നെപ്പിരിയാതിരിയ്ക്കണം.
കൃഷ്ണലീലകള്‍ ചുറ്റിലും കാണണം,
കൃഷ്ണാനീചാരെ പിച്ചവെച്ചീടണം,
കൃഷ്ണാ നേര്‍വഴി നീ തന്നെകാട്ടണം,
കൃഷ്ണപാദത്തിലഭയം ലഭിയ്ക്കണം.
കൃഷ്ണഗീതമെനിയ്‌ക്കൊന്നെഴുതണം,
കൃഷ്ണ കാകളിനടനമാടീടണം,
കൃഷ്ണനെ സ്വപ്നം കണ്ടൊന്നുറങ്ങണം,
കൃഷ്ണാ നീതന്നെയെന്നെയുണര്‍ത്തണം.
കൃഷ്ണഗീതയെന്‍ ശ്വാസമായ് തീരണം,
കൃഷ്ണാ നീയെന്നെ രാധയായ്‌ചേര്‍ക്കണം,
കൃഷ്ണനെല്ലാത്തതെല്ലാം മറക്കിലും,
കൃഷ്ണരൂപം മറക്കാതിരിയ്ക്കണം.
കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും
കൃഷ്ണരൂപംമറക്കാതിരിയ്ക്കണം!

No comments: