Friday, December 30, 2022

*സ്വർഗ്ഗവാതിൽ ഏകാദശി* *2023 ജനുവരി 2 തിങ്കളാഴ്ച* 🌻🌿🌼🌻🌿🌼🌻🌿🌼 ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. സ്വർഗ്ഗ വാതിൽ തുറക്കുന്ന ദിവസമാണിതെന്നും, അതിനാൽ അന്ന് മരണമടയുന്നവർക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നും വിശ്വസിക്കുന്നു. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ആയുരാരോഗ്യ സൗഖ്യം ഐശ്വര്യലബ്ധി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. 🦚 തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം ശ്രീരംഗം, തിരുപ്പതി , ഗുരുവായൂർ ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വർഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുക എന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അന്ന് വെളുപ്പിന് 2:30 ന് നിർമ്മാല്യ ദർശനം നടക്കും. രാവിലെ 5:00 മുതൽ 6:15, വരെയും 9:30 മുതൽ 12:30 വരെയും വൈകുന്നേരം 3:00 മുതൽ 6:15 വരെയും രാത്രി 9:15 ന് ശ്രീബലി കഴിഞ്ഞ ശേഷവും ദർശനം ഉണ്ടായിരിക്കും. രാത്രി 8:15 നാണ് ഏകാദശി ശ്രീബലി. ഒരു മാസത്തിൽ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വർഷത്തിൽ 24 ഏകാദശികളുണ്ട്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തിൽ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തിൽ വ്രതവും പ്രാർത്ഥനയും മറ്റു പുണ്യകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്. എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം. ചാന്ദ്ര മാസ കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാം തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി, കൃഷ്ണപക്ഷ ഏകാദശി എന്നിങ്ങനെ പറയും. ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും. 25 എണ്ണവും ആകാം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശിയും ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശിയുമാണ്. മഹാവിഷ്ണു വർഷത്തിൽ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതൽ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തിൽ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയനഏകാദശി. ഇതിനെ പത്മ ഏകാദശി എന്നും പറയും. മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് അഭീഷ്ടസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുപ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങൾ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു. ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവർക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ, പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും കഴിക്കാം. ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം. പകലുറക്കവും പാടില്ല. ഈ പുണ്യദിനത്തിൽ രാത്രിയിലും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനവ്രതം പാലിക്കുന്നതും വളരെ ഉത്തമമാണ്. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ ദിവസം തുളസീതീർത്ഥം മാത്രം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. അതിന് കഴിയ്ക്കാത്തവർക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുൻപ് തുളസീതീർത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് ചിട്ട. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂർത്തത്തിൽ ഒന്നും തന്നെ കഴിക്കാതെ ഇരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് വിഷ്ണു സാന്നിദ്ധ്യം വളരെ കൂടുതലായി ഭൂമിയിൽ അനുഭവപ്പെടും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ്ണഫലസിദ്ധി നൽകും.🙏
🌸നാമജപം മാനവചരിത്രത്തിലെ ഏറ്റവും വിഷാദകരമായ ഒരു സന്ദർഭത്തിൽ കൂടിയാണ് മനുഷ്യർ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അക്രമവും അധർമ്മവും അനീതിയും അരാജകത്വവും പ്രകൃതിക്ഷോഭവും  മാറാരോഗങ്ങളും മാരകരോഗങ്ങളും അശാന്തിയും അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു.  കാമം, ക്രോധം, ലോഭം, മോഹം, അഹംങ്കാരം, എന്നി പഞ്ചവികാരങ്ങൾക്ക് അടിമപ്പെട്ട് മനുഷ്യൻ തമോഗുണ തരംഗങ്ങളിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്നു.  ദ്രവ്യത്തെ ദൈവമായി കാണുന്ന ആധുനിക തലമുറക്ക് മാത പിതാ ഗുരു ദൈവ ഭക്തി കുറഞ്ഞു വരുന്നു.  ഉള്ള് പൊള്ളയായും ഭള്ള് നിറഞ്ഞതും ആയി ഇരിക്കുന്നതിനാൽ മുഷ്ക്കും അഹന്തയും വർദ്ധിക്കുന്നു.  നാല് കാശിന് ഉടമയാൽ  വന്ന വഴി മറക്കുകയും  തനിക്ക് വേണ്ടി  സമൂഹത്തെയും സമുദായത്തെയും തിരസ്ക്കരിക്കുകയും ചെയ്യുന്ന ഇവരെ നോക്കി വിവേകമതികൾ ഓർക്കുന്നത് ശ്രീ ശങ്കരചാര്യരുടെ ഒരു ശ്ലോകമായിരിക്കും അതിൻ്റെ  അർത്ഥം ഇങ്ങനെ.. യൗവനാവസ്ഥയിൽ വിഷയസുഖങ്ങളിൽ ലയിച്ച് വിവേകം നഷ്ട്പ്പെടുത്തി മക്കളെയും ധനത്തെയും ഭാര്യയേയും മാത്രം ചിന്തിച്ച് അവരുടെ കാര്യങ്ങളിൽ മുഴുകിയും ഈശ്വരനിൽ നിന്ന് അകന്ന് ദുരാഭിമാനഗർവ്വങ്ങളിൽ കഴിഞ്ഞുകൂടുന്ന കൂട്ടരാണ് ഇന്ന് ഏറിയപങ്കും. മനസ്സിൽ പകയും വിദ്വേഷവും  ധനാസക്തിയും  മദ്യാസക്തിയും കാമാസക്തിയും നിറഞ്ഞു  പുളിച്ച് നിൽക്കുമ്പോൾ നഷ്ട്പ്പെടുന്നത് കാരുണ്യവും സ്നേഹവും സഹകരണവും ഉൾപ്പെടെയുള്ള മാനവീയ ഗുണങ്ങൾ ആയിരിക്കും ഇന്ന് സമ്പത്ത് കൂടിയപ്പോൾ സാംസ്‌കാരിക സമ്പത്ത് കുറയുകയാണ്. ധനവാൻ എന്ന മൂഢതയിൽ സ്വയം അധഃപതിക്കുകയും കലഹ പ്രിയരാകുകയും ചെയ്യുന്നു.  തന്മൂലം വീടുകളിൽ  സ്വസ്ഥതയും ശാന്തിയും ഐക്യവും ജീവിതമൂല്യങ്ങളും നഷ്ട്പ്പെടുന്നു.  അവയെ വീണ്ടെടുക്കാൻ ഈശ്വരസേവകൊണ്ട് മനസ്സിന് കരുത്ത് സൃഷ്ടിക്കാം . " പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ തിരുനാമ കീർത്തനമിതതിനായ് വരേണമിഹ   കാലിയായ കാലമിതിലതു കൊണ്ട് മോക്ഷഗതി എളുതെന്നു കേൾപ്പു ഹരി നാരായണായ  നമഃ" എന്ന് എഴുത്തച്ഛൻ  ഹരിനാമകീർത്തനത്തിലൂടെ നമ്മെ ഉപദേശിക്കുന്നു. 'ജ' കാരം ജന്മ വിച്യുത്തി 'പ' കാരം പാപനാശനം ജന്മജന്മാന്ത്രങ്ങളിൽ ചെയ്ത പാപത്തെ നശിപ്പിക്കുവാൻ  നാമജപത്തിന് കഴിയും. ഒരു ആൽവൃക്ഷത്തിൽ അനേകം കിളികളിരിക്കുമ്പോൾ ഒരു കല്ല് അറിഞ്ഞാൽ എല്ലാ പക്ഷികളും ഒന്നിച്ച് പറന്നുപോകുമല്ലോ. അതുപോലെ ഒരു നാരായണ മന്ത്രം കൊണ്ട് സർവ്വ പാപവും കെടും പശി കെടും, പാപം തീരും. ഹരി നാമങ്ങളില്ലാതെ പോകുകയോ? നരകങ്ങളിൽ പേടി കുറയുകയോ? നാവുകൂടാതെ ജന്മമതാകയോ?   നമുക്കിന്നിവിനാശമില്ലായ്കയോ? ഇതുകൊണ്ടാണോ നാം നാമം ജപിക്കാത്തതെന്നാണ്  പല കാവ്യം കണ്ണന് നിവേദിച്ച പൂന്താനം ചോദിക്കുന്നത്. ഏഴര കോടിയിലധികം തിരുനാമമുണ്ട്. നല്ല ഒന്നാംതരം  നാക്കും മരണഭീതിയും നമുക്കുണ്ട് . നരകപേടി ഒരു പക്ഷേ  ഇല്ലാത്തതു കൊണ്ടാവാം നാമം ജപിക്കുവാൻ നമ്മെകൊണ്ട് കഴിയാത്തത്. നരൻ എവിടെക്കിടന്ന്  വിലപിക്കുന്നുവോ അവിടമാണ് നരകം. മനുഷ്യനായി മന്നിൽ വന്ന് പിറന്നതിനാൽ മനഃപ്രസാദമില്ലാത്തതും നാമജപന്യൂനതകൊണ്ടാണ്. ഒരു തരത്തിൽ നരകഭീതി നല്ലതു തന്നെയാണ്. തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് നരകഭീതി. ബന്ധുക്കളുണ്ട് ധനമുണ്ട് കുടുംബമെന്നും ചിന്തിച്ചു ജന്മമധുനാ കളയുന്നു കഷ്ടം ! ഇക്കണ്ടതൊന്നുമൊരു ശാശ്വതമല്ല ഹൃത്തേ  ഭക്ത്യാ ഭജിക്ക പുരുഷോത്തമ പാദപത്മം! കലികാലത്തിലെ മനുഷ്യാ!    എന്തെല്ലാം ഭൗതീക സുഖമുണ്ടായാലും മാനസിക സുഖമുണ്ടോ? താപതപ്തമായ മനസ്സോട്കൂടിക്കഴിയുമ്പോൾ  സുഖമനസ്സിനുവേണ്ടി ഭഗവാനെ ഒന്നു വിളിക്കരുതോ?.. പണചെലവില്ലാതെ നേടാൻ കഴിയുന്ന സമ്പത്താണ് നാമജപസമ്പത്ത്.   ഭഗവാൻ്റെ നാമം ജപിക്കണമെങ്കിൽ ആത്മാർത്ഥമായ ഭക്തി വേണം, ഭക്തിയുണ്ടാവാൻ  ചിത്തശുദ്ധി വേണം, ചിത്തശുദ്ധിയുണ്ടാവാൻ കർമ്മവും ചിന്തയും നന്നാകണം, അതിന് നാമം ജപിക്കണം, നാമം ജപിക്കുവാൻ മോഹമുണ്ടാകണം, അതിന് യോഗം വേണം, യോഗമുണ്ടാകാൻ ജന്മജന്മാന്തര ഭാഗ്യം വേണം,  അതിന് സുകൃതം ചെയ്യണം, സുകൃതമുണ്ടാകാൻ  അകൃത്യങ്ങൾ ചെയ്യാതിരിക്കണം, അതിന് സജ്ജന സംസർഗ്ഗം നടത്തണം,  ആരാണ് സജ്ജനം?   സൽക്കർമ്മം ചെയ്യുന്നവരാണ് സജ്ജനം. അതിന് ഭഗവാൻ്റെ അനുഗ്രഹം വേണം, ഭഗവാൻ്റെ അളവറ്റ അനുഗ്രഹം നേടുവാൻ ശ്രേഷ്ഠമായ "നാരയണ" മന്ത്രം ജപിക്കണം. നരനെ നാരായണനാക്കുന്ന  മന്ത്രം തന്നെയാണ് "നാരായണ" മന്ത്രം... 🙏    നാരായണ, നാരായണ, നാരായണ, നാരായണ🌸🙏

Wednesday, December 28, 2022

കൊട്ടാരത്തിലെ കുട്ടിയെ പരിപാലിക്കുന്ന ദാസിയെ പോലെയും ചെളിയിലും വെള്ളത്തിലും ജീവിക്കുന്ന മീനിനെ പോലെയും ജീവിക്കാൻ കഴിയുന്നവർക്ക് ശാന്തിയും സമാധാനവും ഉണ്ടാകും.
കണ്ടുപഴകിയ ഒരു രൂപത്തെ കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കും. കാണാത്ത തത്ത്വത്തെ കുറിച്ച് ധാരണയുണ്ടാകില്ല. നാം ധ്യാനിക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നോ ധ്യാനം ചെയ്തിട്ടും ഒന്നും വെളിവാകുന്നില്ലെന്നോ പറയാറുണ്ട്. അതിനർത്ഥം എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയില്ലാതെയാണ് അനുഷ്ഠിക്കുന്നതെന്നാണ്. എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയോടു കൂടിയാണ് ധ്യാനം സംഭവിക്കുന്നത്. എന്തെങ്കിലും കണ്ടെത്താനോ എന്തെങ്കിലും നാദം കേൾക്കാനോ വേണ്ടിയുള്ള അന്വേഷണം ഇന്ദ്രിയപരമാണ്. ഇന്ദ്രിയങ്ങൾ മാനസികമാണ്. അവ മനസ്സിലാണ് ഏകീകരിക്കുന്നത്. അതിനാൽ കണ്ണുകൾ അടച്ചുകൊണ്ടായാലും കണ്ണുകൾ തുറന്നുകൊണ്ടായാലും മറ്റൊന്നിനെ കാണാനോ മറ്റൊന്നിനെ കേൾക്കാനോ ശ്രമിക്കുമ്പോൾ അതെല്ലാം മാനസികപ്രത്യക്ഷം മാത്രമാണ്. നമ്മുടെ അറിവ് വിഷയമായ ആ മറ്റൊന്ന് എപ്പോഴും അവ്യക്തവും സംശയാസ്പദവും ആയിരിക്കുകയേയുള്ളൂ. ഞാൻ കണ്ട പ്രകാശം എന്താണ്? ഞാൻ കേട്ട നാദം ഏതാണ്? ഞാൻ കണ്ട് രൂപം ഏതാണ്? എന്നിങ്ങനെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ ഒരു ധാരണയും ഉണ്ടാകില്ല. എന്തല്ല സത്യം എന്ന് ബോധിച്ച ശേഷമാണ് ആത്മധ്യാനം തുടങ്ങുന്നത്. അതുവരെ നമുക്ക് വിഷയധ്യാനമോ നാമരൂപാത്മകമായ ദേവതാധ്യാനമോ ആണ് സാധിക്കുക. എന്താണ് ധ്യാനിക്കുന്നത് എന്തിനാണ് ധ്യാനിക്കുന്നത് എന്ന ധാരണ വേണം. എന്നാൽ മാത്രമേ സഗുണമോ നിർഗുണമോ ആയ ധ്യാനം ലക്ഷ്യോന്മുഖം ആകുന്നുള്ളൂ. ധ്യാനത്തിലൂടെ എന്തെങ്കിലും കണ്ടെത്താം എന്നത് മനസ്സിലെ സങ്കല്പം ആണ്. ഏതെങ്കിലും ഒരു രൂപത്തിൽ മനസ്സിനെയും ബുദ്ധിയെയും അടക്കിനിർത്താനുള്ള ധാരണയോടു കൂടിയാണ് നാം സഗുണേശ്വരനെ ധ്യാനിക്കുന്നത്. മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ ഇന്ദ്രിയവിഷയങ്ങളോ സത്യമല്ലെന്ന് വിവേകവിചാരം ചെയ്തു ഉറച്ചു കഴിഞ്ഞാൽ ഭൗതികമായ അന്വേഷണത്തിന് സഹായിച്ച ഉപകരണങ്ങളായ കണ്ണുകൾ അഞ്ചും ഉള്ളടങ്ങുന്നു. ബാക്കിനിൽക്കുന്നത് ആത്മബോധമാണ്. ആ ധാരണയോടുകൂടിയാണ് ആത്മധ്യാനം ചെയ്യുന്നത്. ചിലരുടെ മനസ്സും ബുദ്ധിയും ജന്മ സംസ്ക്കാരവും നാമരൂപാത്മകമായ ധ്യാനത്തിന് സന്നദ്ധമാകില്ല. എന്നാൽ നാമരൂപങ്ങളില്ലാത്ത ആത്മാവിനെ ധ്യാനിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാലോ? യാതൊരു ധാരണയും ഇല്ലെന്നു പറയും. മനസ്സ് സ്വസ്ഥമായിരിക്കുന്നുണ്ടോ എന്നു ചോദിച്ചാലോ? ഇല്ലെന്നു പറയും. അതായത് മനസ്സ് നിലവിൽ ഓരോരോ സങ്കല്പവികല്പങ്ങളിൽപ്പെട്ട് ഇളകിക്കൊണ്ടിരിക്കുകയാണ്. അതിനെ ഏതെങ്കിലും ഒരു വിഷയത്തിലോ ഒരു രൂപത്തിലോ ധാരണചെയ്ത് ഉറപ്പിക്കാനുള്ള അറിവോ ശക്തിയോ ഇല്ല. എന്നിട്ടാണ് ഏതെങ്കിലും ഒരു മന്ത്രത്തിലോ ഏതെങ്കിലും ഒരു ദേവതാരൂപത്തിലോ മനസ്സും ബുദ്ധിയും ഏകാഗ്രതയോടെ നിർത്തി ഉപാസിക്കുന്ന ഭക്തരോട് ഇതൊക്കെ എന്തിന് എന്നു ചോദിക്കുന്നത്. ഭക്തരുടെ ധാരണ എന്താണെന്നും ഇത്തരക്കാരറിയുന്നില്ല തങ്ങൾക്ക് നാമരൂപരഹിതമായി ഉപാസിക്കാനുള്ള ആത്മാവ് എന്താണെന്നും ഇത്തരക്കാർക്ക് ധാരണ ഇല്ല. ഒരു ധാരണയും ഇല്ലാതെ കൗതുകം കൊണ്ട് ചെന്നിരുന്ന ധ്യാനിക്കുന്നവരാണ് തലവേദനിക്കുന്നു മനസ്സ് ഉറച്ചുനിൽക്കുന്നില്ല എന്നൊക്കെ പറയുന്നത്. എവിടെ മനസ്സ് ഉറയ്ക്കുന്നില്ല എന്നു ചോദിച്ചാൽ അവർക്ക് പറയാൻ അറിയില്ല. അപ്പോൾപിന്നെ പറയുന്ന തടസ്സം എന്താണ്? മനസ്സിലെ വിഷയവാസനകൾ അടങ്ങുന്നില്ല എന്നാണ് പറയുന്നത്. ഇപ്പോഴുള്ള വിഷയങ്ങളെ ധ്യാനിക്കുന്ന മനസ്സിന് അതിലും ശ്രേഷ്ഠമായ മറ്റൊന്ന് സിദ്ധിച്ചിട്ടുണ്ടോ? അല്ലാതെങ്ങനെയാണ് മനസ്സ് നിലവിലുള്ള ഈ വിഷയവാസനകളെ വിട്ടു പോകുക? ഏതൊരു പ്രവൃത്തിക്കും ആദ്യം ചെയ്യേണ്ടുന്ന കാര്യം തുടർന്നുള്ള ക്രമം എന്നിങ്ങനെ ഒരു പരിണാമമുണ്ട്. വിഷയവാസനകളുടെ ശക്തിയോടെ വരുന്ന ഒരാൾക്ക് ധ്യാനിക്കണമെന്നു പറഞ്ഞാൽ എന്താണ് ആവശ്യം എന്നാണ് ആദ്യം ചോദിക്കേണ്ടത്. നിങ്ങൾക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വിരക്തിയുണ്ടോ? അവ ദോഷയുക്തമാണെന്ന് കാണുന്നുണ്ടോ? അർത്ഥകാമങ്ങൾ വേണമെന്നില്ലേ? "അതൊക്കെ വേണം, വിഷയങ്ങളിലൊക്കെ സുഖമുണ്ട്. എനിക്ക് സമാധാനം കിട്ടാനാണ് ധ്യാനിക്കുന്നത്" എന്നാണ് ഉത്തരമെങ്കിലോ? അവിടെയാണ് ധ്യാനത്തിനു മുന്നോടിയായി സംഭവിക്കേണ്ടുന്ന ധാരണ വന്നിട്ടില്ല എന്നു വെളിവാകുന്നത്. വിഷയങ്ങൾ നശിക്കുന്നതാണ്. വിഷയങ്ങളെ നിരന്തരം ധ്യാനിച്ചുകഴിയുന്നയാളുടെ ധാരണ അതിൽ സുഖമുണ്ടെന്നാണ്. എന്നാൽ മനസ്സമാധാനം കിട്ടുന്നില്ലെന്നും പറയുന്നു. അതായത് വിഷയങ്ങളിലെ ആശ കളഞ്ഞിട്ടുമില്ല അതിൽ നിന്നുള്ള സ്വാഭാവികമായ ദുഃഖത്തെ കളയുകയും വേണം. ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്! വിഷയധ്യാനം കൊണ്ടാണ് മനസ്സിന് സ്വസ്ഥത നഷ്ടപ്പെടുന്നത് എന്ന വ്യക്തമായ ധാരണയോടുകൂടിയാണ് ഒരാൾ വിഷയവിരക്തിനേടി ഭൗതികതയ്ക്ക് അതീതമായ ഒന്നിനെ ധാരണ ചെയ്ത് ഉറപ്പിക്കുന്നത്. നമ്മുടെ അറിവിൽപ്പെടാത്ത എന്തെങ്കിലും ഒന്ന് കാണുവാനോ കേൾക്കുവാനോ അല്ല ധ്യാനിക്കുന്നത്. എന്താണ് ധ്യാനിക്കുന്നത് എന്ന ധാരണയോടുകൂടിയാണ് ധ്യാനിക്കുന്നത്. കാണാനോ കേൾക്കാനോ ആണെങ്കിൽ കണ്ണുകൾ അഞ്ചും ഉള്ളടക്കി ഉപാസിക്കേണ്ടുന്ന ആവശ്യം വരുമായിരുന്നില്ല! ധാരണ ഇല്ലാത്തതുകൊണ്ടാണ് ധ്യാനം സാധിക്കാത്തത്. ധാരണയില്ലാത്തതുകൊണ്ടാണ് സഗുണോപാസനയെയോ നിർഗുണോപാസനയെയോ എതിർക്കുന്നത്. ജ്ഞാനവൈരാഗ്യങ്ങൾ സിദ്ധിച്ച് ആത്മധ്യാനത്തിൽ ലീനനായിരിക്കുന്നൊരാൾക്ക് മന്ത്രമോ നാമരൂപോപാസനാസമ്പ്രദായമോ ഉപദേശിക്കുന്നത് ധാരണയില്ലാഞ്ഞിട്ടാണ്. അതുപോലെതന്നെ തിരിച്ചും. അതായത് വിഷയവൈരാഗ്യം വന്നിട്ടില്ലാത്ത ഒരാൾക്ക് നിർഗുണോപാസന ഉപദേശിക്കുന്നതും ധാരണ ഇല്ലാത്തതുകൊണ്ടാണ്. അറിവ്, അറിയപ്പെടുന്ന വസ്തു, അറിയുന്നവൻ എന്നീ മൂന്നു പുടങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വേണ്ടതാണ്. ക്ഷേത്രത്തെ അറിയുന്നവനെ അറിഞ്ഞാലേ ക്ഷേത്രത്തെ ശരിയായി അറിയുന്നുള്ളൂ. ഈ ശരീരമാണ് ക്ഷേത്രം. ആത്മാവാണ് ക്ഷേത്രജ്ഞൻ. ക്ഷേത്രധർമ്മത്തെയും ആത്മതത്ത്വത്തെയും അറിയുമ്പോൾ ക്ഷേത്രജ്ഞൻ സ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. ഇന്ദ്രിയദ്വാരങ്ങളിലൂടെ ഈ ശരീരത്തിൽ നിന്ന് പുറത്തേയ്ക്കു പോയി അറിയുന്ന മനസ്സ് വിഷയാകാരമായ ലോകത്തെ സൃഷ്ടിച്ച് അറിയുന്നു. മനസ്സിന് ഇന്ദ്രിയദ്വാരം വഴി അറിയാനുള്ള ലോക വിഷയങ്ങൾ അഞ്ചാണ്. രൂപം, ശബ്ദം, ഗന്ധം, സ്പർശം, രസം എന്നിവയാണ് അവ. ഈ വിഷയങ്ങളിൽ വിരക്തി സിദ്ധിച്ചാലോ? എങ്കിൽ മനസ്സ് ഇളകാതെയാകും. മനസ്സ് ഇളകുമ്പോൾ ഈ അഞ്ചുവിഷയങ്ങളെ ധ്യാനിക്കുന്നു. ധ്യാനിക്കാനിരിക്കുമ്പോൾ ഈ അഞ്ച് വിഷയങ്ങൾ നമ്മുടെ മനസ്സിനെ ഉണർത്തുന്നു. മനസ്സും ഇന്ദ്രിയങ്ങും ചേർന്നാണിരിക്കുന്നത്. എന്നാൽ മനസ്സ് ഇളകുന്നില്ല എങ്കിൽ ഇന്ദ്രിയങ്ങൾ വഴി കണ്ടാലും കേട്ടാലും മണത്താലും സ്പർശിച്ചാലും രുചിച്ചാലും അവ ജഡധർമ്മമായിരിക്കുകയേയുള്ളൂ. മനസ്സ് അടങ്ങുന്നത് വിഷയങ്ങളോടുള്ള വിരക്തികൊണ്ടാണ്. മനസ്സ് ഇളകുന്നത് വിഷയങ്ങളോടുള്ള ആസക്തികൊണ്ടാണ്. രാഗദ്വേഷങ്ങളുള്ള മനസ്സിന് ഈശ്വരധ്യാനമോ മന്ത്രധ്യാനമോ ആത്മധ്യാനമോ സാദ്ധ്യമല്ല. വൈരാഗ്യം സിദ്ധിച്ച മനസ്സും ഇന്ദ്രിയങ്ങളും അടങ്ങിയിരിക്കുന്നു. അവർക്ക് ഇഷ്ട ദേവതയോട് എന്തെങ്കിലും ഭൗതികമായ സുഖത്തിനു വേണ്ടി പ്രാർത്ഥനയോ പരാതികളോ ഇല്ല. അതിനാൽ അവർ ഏകാഗ്രമായി ഇഷ്ടദേവനെ ധ്യാനിക്കുന്നു. അതാണ് ശരിയായ സഗുണോപാസന. വിഷയവിചാരം കൂടാതെയുള്ള ഈശ്വരസ്മരണ. സ്വന്തം പ്രശ്നത്തെ കുറിച്ച് ധാർമ്മികമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ മാത്രമേ നമുക്ക് ഉപാസന ആവശ്യമാണെന്ന് തോന്നുകയുള്ളൂ. വ്യക്തമായ ധാരണയോടു കൂടിയാണ് ഏതൊരു പ്രവൃത്തിയും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മന്ത്രജപവും നാമജപവും രൂപധ്യാനവും ക്ഷേത്രദർശനവും തീർത്ഥാടനവും എല്ലാം സംശയാസ്പദമായിരിക്കാനാണ് സാദ്ധ്യത! സംശയാത്മാവിന് ഒരിക്കലും ധ്യാനവിഷയത്തിൽ ശ്രദ്ധ ഉറയ്ക്കുകയുമില്ല. ധ്യാനവിഷയത്തിൽ ധാരണയുണ്ടെങ്കിലല്ലേ ശ്രദ്ധ ഉറയ്ക്കുകയുള്ളൂ? ധ്യാനിച്ച ശേഷം അല്ല ധ്യാനവിഷയം ശ്രദ്ധയിൽ വരുന്നതെന്നു സാരം. ഓം

Saturday, December 10, 2022

ചിദംബരത്ത് ഭഗവാൻ ശിവൻ നടരാജ മൂർത്തിയായത്? ))🌻* *വൈകുണ്ഡത്തിൽ അനന്തൻ്റെമേൽ ശയിക്കുന്ന ശ്രീഹരിയുടെ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരിയും ആരാധനയും; ദേവി കാരണമാരാഞ്ഞു.* *നാരായണൻ പറഞ്ഞു തുടങ്ങി. ദാരുകവനത്തിൽ കുറെ മഹർഷിമാർക്ക് തങ്ങളാണ് ദേവന്മാർക്ക് യാഗത്തിലൂടെ ഹവിസ്സ് നൽകി അവരെ ശക്തരാക്കുന്നത്. ദൈവങ്ങളല്ല തങ്ങളാണ് സർവ്വശക്തർ, ഋഷിമാർ അഹങ്കരിച്ചു. ഈ മഹർഷിമാരുടെ ശക്തി അവരുടെ പതിവ്രതകളായ പത്നിമാരായിരുന്നു. ഇവരുടെ അഹങ്കാരം നശിപ്പിക്കണം. അതേ സമയം ഋഷിമാരുടെ തപോബലം ലോകനന്മക്കായി മാറ്റുകയും വേണം, ശ്രീപരമേശ്വരൻ നിശ്ചയിച്ചു.* *മഹാദേവൻ എന്നോട് മോഹിനി വേഷത്തിൽ മുനികളുടെ ആശ്രമകവാടങ്ങളിൽ ചെന്ന് അവരുടെ ഏകാഗ്രത നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ആ ആജ്ഞ നിർവ്വഹിച്ചതിന് പിന്നാലെ മഹാദേവൻ പുരുഷസൗന്ദര്യത്തിൻ്റെ മൂർത്തീഭാവമായ ഒരു യുവാവായി, ദിഗംബരനായി, ആശ്രമ പരിസരത്ത് പ്രത്യക്ഷപ്പെട്ടു. ഭഗവാൻ്റെ സൗന്ദര്യത്തിൽ മയങ്ങിയ മുനി പത്നിമാർ അദ്ദേഹത്തെ അനുഗമിച്ചു. ഇതുകണ്ട് ക്ഷോഭിച്ച ഋഷിമാർ യുവാവിനെ നശിപ്പിക്കാൻ തങ്ങളുടെ മന്ത്രശക്തിയാൽ ഒരു പുലിയെ സൃഷ്ടിച്ചു പറഞ്ഞയച്ചു. ഭഗവാൻ പുലിയെ കൊന്ന് അതിൻ്റെ തോൽ വസ്ത്രമാക്കി ധരിച്ചു. പിന്നീട് വന്ന നാഗങ്ങളെ ആഭരണമാക്കിയ ഭഗവാൻ അഗ്നിയേയും മാനിനേയും കൈകളിൽ ധരിച്ചു. ഇപ്പോൾ മുനിമാർ എല്ലാവരും ചേർന്ന് തങ്ങളുടെ മാന്ത്രിക ശക്തിയാൽ മുസലകൻ എന്ന ഒരു ഭൂതത്തെ സൃഷ്ടിച്ച് മഹാദേവനെ എതിരിടാനയച്ചു.* *നിമിഷം കൊണ്ട് ആ ഭൂതത്തെ തോൽപ്പിച്ച ഭഗവാൻ അവനു മുകളിൽ നിന്നു കൊണ്ട്* *ആനന്ദതാണ്ഡവമാടാൻ തുടങ്ങി. ഈ നൃത്തത്തിൻ്റെ അതുല്യ താളഭംഗി കണ്ടപ്പോൾ ഞാൻ മോഹിനി വേഷം മാറി കൃഷ്ണനായി മാറി. എൻ്റെ പുല്ലാങ്കുഴൽ താണ്ഡവത്തിന് യോജിച്ച രീതിയിൽ സപ്തസ്വരങ്ങൾ പുറത്തുവിട്ടു. നന്ദി മൃദംഗം വായിച്ചു. ബ്രഹ്മാവ് വീണ മീട്ടി. താളം മുറുകിയപ്പോൾ അവിടെയെത്തിയ പാർവ്വതി ദേവി ലാസ്യനൃത്തം ചെയ്തു. പ്രപഞ്ചത്തിലെ ഓരോ അണുവും ഈ താളത്തിനൊത്ത് സ്പന്ദിച്ചു. ഒരു നിമിഷം ഭഗവാൻ ചലനമറ്റു നിന്നപ്പോൾ സകല ചരാചരങ്ങളും ചേദനയററു നിന്നു പോയി. ഭഗവാൻ വീണ്ടും ചലിച്ചു തുടങ്ങിയപ്പോൾ പ്രപഞ്ചവും സ്പന്ദിച്ചു തുടങ്ങി.* *വൈകുണ്ഡനാഥൻ്റെ മഹാദേവതാണ്ഡവ വർണ്ണന കേട്ടപ്പോൾ ദേവാദിദേവൻ്റെ താണ്ഡവം തനിക്കും ദർശിക്കണം എന്ന തൻ്റെ ആഗ്രഹം അനന്തൻ ശ്രീഹരിയെ അറിയിച്ചു*. *അതിമഹർഷിക്കും അനസൂയാ ദേവിക്കും പുത്രനായി നീ ജന്മമെടുക്കും. മുനി നിനക്ക് വഴി നിർദ്ദേശിക്കും, വിഷ്ണു അനന്തനെ അനുഗ്രഹിച്ചു*. *സർപ്പരുപത്തിൻ ജനിച്ച പുത്രന് മനുഷ്യ ശരീരവും അഞ്ച്തലയുള്ള നാഗശിരസ്സും നൽകിയ മഹർഷി, മകന് പഞ്ചാക്ഷരി ഉപദേശിച്ച് തില്ലൈ വനത്തിൽ കുടികൊള്ളുന്ന ആദിമൂലനാഥനെ ഭജിക്കുവാൻ നിർദ്ദേശിച്ചു. പതഞ്ജലിയായ അനന്തൻ കമ്മാട്ടി വനത്തിലെത്തി. അവിടെ ആദിമൂലനാഥനെ ധ്യാനിച്ചുകൊണ്ട് വ്യാഘ്രപാദമഹർഷിയുമുണ്ടായിരുന്നു. പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും ആദി മൂലനാഥനെ സേവിച്ചുകൊണ്ട് കഴിഞ്ഞു. രണ്ട് പേരുടെയും ജീവിതലക്ഷ്യം മഹാദേവൻ്റെ താണ്ഡവനൃത്തം കാണുകയെന്നതാണ്.* *ഈ മഹാഭക്തന്മാരുടെ അഭിലാഷം പൂർത്തീകരിക്കാൻ മഹാദേവൻ നടരാജനായി മാറിയ സ്ഥലമാണ് തില്ലൈ എന്നും അറിയപ്പെടുന്ന ചിദംബരം.* *ഭഗവാൻ്റെ നൃത്തം കണ്ട ദേവന്മാർക്കൊരു സംശയം. ദേവനൊ ദേവിയൊ - ആരുടെ നൃത്തമാണ് മികച്ചത്. ഒരു നൃത്ത മത്സര മായാലോ! വിശ്വകർമ്മാവും മയനും ചേർന്ന് തില്ലൈ വനത്തിൽ ചിദ്സഭ എന്ന ഒരു നൃത്ത മണ്ഡപം തീർത്തു. വിധികർത്താവായി തൻ്റെ സഹോദരൻ തന്നെ വേണമെന്ന് ദേവിക്ക് നിർബന്ധം. അങ്ങനെ മഹാവിഷ്ണു തില്ലൈയിലെത്തി. മഹർഷിമാരും മുപ്പത്തിമുക്കോടി ദേവകളും നൃത്തം വീക്ഷിക്കാൻ എത്തിച്ചേർന്നു.* *ശിവശക്തിമാരുടെ നൃത്ത വൈഭവം -* *മികച്ച തൃത്തം ഏതെന്ന് തീരുമാനിക്കാൻ ശ്രീഹരിക്ക് കഴിയുന്നില്ല.* *ഭഗവാൻ വിഷ്ണു ഒരു നിമിഷം കണ്ണുകളടച്ചു. ഒരു കാൽ ആകാശത്തേക്കുയർത്തിയ വിഷ്ണുവിൻ്റെ ത്രിവിക്രമരൂപം മഹാദേവൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു. മഹാദേവൻ്റെ നൃത്തം ലാസ്യത്തിൽ നിന്നും താണ്ഡവത്തിലേക്കും, പിന്നീടത് ഊർദ്ധ്വതാണ്ഡവത്തിലേക്കും വഴിമാറി.* *ഭഗവാൻ്റെ വലതുകാൽ തലക്കുമുകളിൽ* *ഉയർത്തിയിട്ടുള്ള ആ താണ്ഡവത്തിനു മുന്നിൽ ദേവി ഒരു നിമിഷം ശങ്കിച്ചുനിന്നു.* *വാശിയേറിയ നൃത്തം മൂലം രൌദ്രഭാവത്തിലേക്ക് ചുവടു മാറിയ പാർവ്വതി ദേവി, കാളിയായി, തോൽവി സമ്മതിച്ച് ചിദ്സഭയിൽ നിന്നും ഇറങ്ങിപ്പോയി.* *ചിദംബരത്തിൻ്റെ അതിർത്തിയിൽ കാവൽദേവതയായി കാളിസ്വരുപയായി ദേവി നിലകൊള്ളുന്നു...... കടപ്പാട്.*🙏📿

Friday, December 09, 2022

*കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല"* ഒരുഗ്രാമത്തിൽ മൺ പാത്രങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന ഒരു സാധു സ്ത്രീ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനായിരുന്നു അവരുടെ ഇഷ്ടദേവത. എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിച്ചതിനു ശേഷം മാത്രമേ അവർ നിത്യകർമ്മങ്ങൾ ചെയ്യുകയുള്ളൂ. പക്ഷേ ഭഗവാന്റെ ഒരു ചിത്രം പോലും അവിടെ ഉണ്ടായിരുന്നില്ല. ഒരു ശ്രീകൃഷ്ണ വിഗ്രഹം വേണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ദിവസം അവർ മണ്ണുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. സദാ മനസ്സിൽ താലോലിച്ചിരുന്ന ബാലഗോപാലന്റെ വിഗ്രഹം ഉണ്ടാക്കി. പീതാംബരം ധരിച്ച ഒരു കൊച്ചുവിഗ്രഹം. അന്നു മുതൽ ആ അമ്മയുടെ കൂടെ സദാ കണ്ണനുണ്ടാവും. എന്നും അവർ കണ്ണനെ കുളിപ്പിച്ച് മനോധർമ്മം പോലെ അലങ്കരിക്കും. ആ അമ്മ എന്ത് ആഹാരമുണ്ടാക്കിയാലും കണ്ണനു നൽകിയിട്ട് മാത്രമേ കഴിക്കുകയുള്ളൂ. അവർ സദാ കണ്ണനോട് സംസാരിക്കും. കൂടെ കിടത്തി ഉറക്കും.ഇതെല്ലാം കണ്ട് കൗതുകത്തോടെ അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ ആ അമ്മയുടെ അടുത്തെത്തി. അവർ സന്തോഷത്തോടെ ഒത്തൊരുമിച്ച് ഇരുന്ന് നാമം ജപിക്കും. ഭജനകൾ പാടും. ഭഗവാന്റെ കഥകൾ പറയും.ഭഗവാന് നേദിച്ച പഴവും,കൽക്കണ്ടവുമെല്ലാം അവർ ആ കുഞ്ഞുങ്ങൾക്ക് നൽകും. ഇതു കണ്ട് എല്ലാവരും അവരെ പരിഹസിക്കാൻ തുടങ്ങി.ഇത് ഭക്തിയൊന്നുമല്ല. ഈ മൺപ്രതിമ ഇങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് സദാ കൂടെ കൊണ്ടു നടക്കുന്നത്. പ്രതിമ ആഹാരം കഴിക്കുമോ? ഇതെല്ലാം വെറും ഭ്രാന്താണ്. എല്ലാവരുടെയും പരിഹാസങ്ങൾ കേട്ടിട്ടും ആ സാധുസ്ത്രീ ഒന്നും പറയാതെ പുഞ്ചിരിച്ചതേയുള്ളൂ. അവരുടെ നിസ്സംഗഭാവം കണ്ട് ചിലർക്ക് അവരോട് കടുത്ത ദേഷ്യം തോന്നി. അവരെല്ലാം കൂടി മഹാരാജാവിന്റെ അടുത്തു ചെന്ന് ആ സാധു സ്ത്രീയ്ക്കെതിരെ പരാതി ബോധിപ്പിച്ചു. ആ സ്ത്രീ കൊച്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു എന്നും പറഞ്ഞു. മഹാരാജാവ് ഭടന്മാരോട് ആ സ്ത്രീയെ തന്റെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അവരെ രാജഭടന്മാർ വന്നു പിടിച്ചു കൊണ്ടു പോയി രാജാവിനു മുന്നിൽ നിർത്തി. അപ്പോഴും അവർ ആ ശ്രീകൃഷ്ണവിഗ്രഹം എടുക്കാൻ മറന്നില്ല. മഹാരാജാവ് അവളെ വിചാരണ ചെയ്തു. അവൾ വിനയത്തോടെ പറഞ്ഞു."മഹാരാജൻ അടിയൻ തെറ്റൊന്നും ചെയ്തിട്ടില്ല.ഇത് അടിയന്റെ ഉപാസന മൂർത്തിയായ ശ്രീകൃഷ്ണനാണ് എനിക്ക് എല്ലാം എന്റെ കണ്ണനാണ് ." അവരുടെ നിഷ്കളങ്കമായ മറുപടി കേട്ട് രാജാവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. "ഇത് വെറും മൺവിഗ്രഹമല്ലേ? ഇതെങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് അനാവശ്യമായി അണിയിച്ചൊരുക്കുന്നത്?" രാജാവിന്റെ ചോദ്യത്തിന് മറുപടി പറയാതെ ആ സ്ത്രീ പരിസരം വീക്ഷിച്ചു. സദസ്സിലെ പ്രധാന ചുവരിൽ മഹാരാജാവിന്റെ മരിച്ചു പോയ പിതാവിന്റെ ചിത്രം മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനടുത്ത് ചെന്ന് തന്റെ ചളി പുരണ്ട കൈ ആ ചിത്രത്തിന്റെ മുഖത്ത് തേക്കാൻ ഒരുങ്ങി.രാജാവ് പെട്ടെന്ന് കോപിഷ്ഠനായി. "എന്ത്? നിനക്ക് ഇത്ര ധിക്കാരമോ? നമ്മുടെ പിതാവിന്റെ മുഖത്ത് ചളിവാരി തേക്കാൻ ഒരുങ്ങുന്നുവോ? " അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ആ സ്ത്രീ ചോദിച്ചു. "മഹാരാജൻ! ഇത് അങ്ങയുടെ പിതാവല്ലല്ലോ? കേവലം ഒരു ചിത്രമല്ലേ? ഈ ചിത്രത്തിലെ എന്തിനാണ് ഇത്രയേറെ അലങ്കാരങ്ങൾ? " രാജാവിന് അതിന് മറുപടി ഇല്ലായിരുന്നു അവർ തുടർന്നു."ഒരു ചിത്രമാണെങ്കിലും ഇത് കാണുമ്പോൾ അങ്ങേക്ക് പിതാവിനെ ഓർമ്മ വരുന്നു. മരിച്ചു പോയ ഒരു മനുഷ്യനു വേണ്ടി അങ്ങ് ഇത്രയും വിലപ്പെട്ട ഒരു ചിത്രം വരച്ച് പൂജിക്കുന്നു. അങ്ങനെയെങ്കിൽ സർവ്വ പ്രപഞ്ചത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഭഗവത് ചൈതന്യത്തെ ഏതു രൂപത്തിലും, എവിടെ വേണമെങ്കിലും കാണാമല്ലോ. ഒരു വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ്‌, മണ്ണാണ്, ചിത്രtമാണ്, എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യമാണ് എന്നല്ലേ ഓർമ്മിക്കേണ്ടത്? ഇവിടെ കാണുന്നതെല്ലാം ഈശ്വര ചൈതന്യം തന്നെയാണ് എന്നിരിക്കേ ഏതിലാണ് ഈശ്വരനെ കണ്ടു കൂടാത്തത്?!!! ഓരോ മനസ്സിനും ഇണങ്ങുന്ന രൂപത്തിൽ ഏതിൽ വേണമെങ്കിലും ഭഗവാനെ സങ്കൽപ്പിക്കാം. ഭാവഗ്രാഹിയ ഭഗവാൻ നമ്മൾ സങ്കൽപ്പിക്കുന്ന ഭാവത്തിൽ സദാ നമ്മുടെ കൂടെയുണ്ടാകും. അതിന്റെ പ്രത്യക്ഷ തെളിവാണ് അടിയന് ഇപ്പോൾ അങ്ങയുടെ മുന്നിൽ പതറാതെ ധൈര്യത്തോടെ ശാന്തമായി നിൽക്കാൻ കഴിഞ്ഞത്" ഇതെല്ലാം കേട്ട് രാജാവ് അത്ഭുതപ്പെട്ടു പോയി. കുലത്തിലും പാണ്ഡിത്യത്തിലും ധനത്തിലും എത്രയോ ദരിദ്രരയാണെങ്കിലും ഭക്തിയുടെ തലത്തിൽ ഇവർ മഹാറാണി തന്നെ. ഭഗവാനെ അറിയുന്നതിൽ ഇവർ പരമ പണ്ഡിത തന്നെ.മഹാരാജാവ് നിറഞ്ഞ കണ്ണുകളോടെ അവരുടെ കാലിൽ വീണു നമസ്കരിക്കാൻ ഒരുങ്ങി. അവർ രാജാവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു."അരുത്t മഹാരാജൻ ഒരിക്കലും നശ്വരമായ ശരീരത്തെ നമസ്ക്കരിക്കരുത്. ശരീരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അങ്ങ് മഹാരാജാവും അടിയൻ അങ്ങയുടെ പ്രജയുമാണ്. ആത്മീയ തലത്തിൽ നാം രണ്ടും ഒരേ ചൈതന്യമാണ്. അതുകൊണ്ട് അടിയനെ നമസ്കരിക്കാൻ പാടില്ല. അവരെ പരിഹസിച്ച എല്ലാവരും പശ്ചാത്താപത്തോടെ തല കുനിച്ചു. ഈ കഥ എല്ലാവർക്കും വേണ്ടവിധം ഉൾക്കൊള്ളാൻ കഴിയട്ടെ. ഭാഗവതം പറയുന്നു "യേനകേനാപ്യുപായേന മനഃ കൃഷ്ണേ നിവേശയേത്" ഏതു വിധത്തിലായാലും എന്നിൽ മനസ്സെത്തിയാൽ ഞാനയാളുടെയാണ് എന്നാണ് കണ്ണന്റെ മതം. തന്നിലെത്തിയ മനസ്സിനെ കണ്ണൻ ഇല്ലാതെയാക്കും. നമ്മുടെ മനസ്സാകുന്ന വെണ്ണ കണ്ണൻ നാമറിയാതെ കവർന്നെടുക്കും. എങ്കിൽ ശരി ഇതെല്ലാം ആരും കാണാതെ ഒരിടത്ത് അല്ലെങ്കിൽ അവനവന്റെ ഗൃഹത്തിൽ ഇരുന്ന് ചെയ്ത് സ്വയം സന്തോഷിച്ചാൽ പോലെ എന്നൊരു പക്ഷമുണ്ട്. അതുപോരാ, എല്ലാവരെയും കൃഷ്ണാനന്ദത്തിലേക്ക് അടുപ്പിക്കണം. നമ്മൾ കാണാറില്ലേ ഒരു കാക്കയ്ക്ക് രണ്ടു വറ്റു കിട്ടിയാൽ അത് എല്ലാവരെയും വിളിച്ച് വരുത്തും. അതുപോലെ നമ്മുടെ ഭഗവത് പ്രേമവും എല്ലാവർക്കും പകർന്ന് എല്ലാവരെയും ഭഗവാനിലേക്ക് അടുപ്പിക്കണം. സുകൃതികളായവർ പെട്ടന്ന് ഓടിവരും. എല്ലാവരുടെ ഹൃദയത്തിലും കൃഷ്ണപ്രേമം നിറഞ്ഞു തുളുമ്പട്ടെ.... ഹരേ കൃഷ്ണ 🙏