Sunday, September 25, 2022

 🔥നവരാത്രി വ്രതം ഒന്നാം ദിവസം ഇന്ന് 🔥

നവരാത്രിയുടെ ഒന്നാം ദിവസമായ ഇന്ന് (26 .09 .2022    തിങ്കൾ) ബാലസ്വരൂപണീ ഭാവത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്.വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം.

സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്.

ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം

വന്ദേ വാഞ്ഛിതലാഭായ 

ചന്ദ്രാര്‍ധാകൃതശേഖരാം

വൃഷാരൂഢാം ശൂലധരാം 

ശൈലപുത്രീം യശസ്വിനീം 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.... 🙏

 _*ക്ഷേത്രചൈതന്യം നശിക്കതിരിക്കൻ അനുഷ്ഠികെണ്ട കർമ്മങ്ങൾ*_



*ക്ഷേത്ര ചൈതന്യ വർധനയ്ക്ക് തന്ത്രസമുച്ചയത്തിൽ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളിൽ പരമ പ്രധാനമായിട്ടുള്ളതിൽ ആചാര്യന്റെ (തന്ത്രിയുടെയും മേൽശാന്തിയുടെയും) തപശ്ശക്തി കഴിഞ്ഞാൽ രണ്ടാമത്തേതായി പറയുന്നത് വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റു മൂന്നുകാര്യങ്ങൾ. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നത്.*


*ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങൾകൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം, വേദപുഷ്പാജ്ഞലി, വാരമിരിക്കൽ മുതലായ വേദോപാസനകൾകൊണ്ട് ദേവപ്രീതിയും ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കർമ്മികൾക്കുള്ള വെച്ചു നമസ്‌കാരവും, അതുപോലെ തന്നെ ക്ഷേത്രചൈതന്യ വർധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനയും.*


*വേദസംഹിതമുഴുവൻ ഒരു മുറ ദേവസാന്നിദ്ധ്യത്തിൽ ജപിച്ച് ആ നെയ്യ് നിവേദ്യത്തിൽ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നതാണ് മുറജപം. വേദം സംഹിത, പദം, ക്രമം എന്നതുകളിൽ ക്രമ പാഠമായി വേദത്തിലെ പത്തുഋക്ക് മുഖമണ്ഡപത്തിൽ ഇരുന്ന് ഉറക്കെ സ്വരിച്ചുച്ചൊല്ലി ദേവനെ കേൾപ്പിക്കുന്നതാണ് വാരമിരിക്കൽ.*


*പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായ ശേഷം മുറജപം ശുചീന്ദ്രത്തും തുടർന്ന് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം മുതൽ ആറാറുകൊല്ലം കൂടുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ. മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യൻ ഹോമാചാരത്തിൽ അനുജപക്കാരൻ തുടർന്നിരുന്നു വേദം ജപിക്കുകയും ഹോമക്കാരൻ ഋഷിച്ഛന്ദോദേവതകൾ സഹിതം ചൊല്ലി ഋചം പ്രതി (ഓരോഋക്കം) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം) ഒരാൾ പിഴയ്ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂർ ക്ഷേത്രത്തിൽ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതൽ ക്ഷേത്രത്തിന്റെ ഐശ്വര്യം വർധിച്ചിട്ടുണ്ട്.*


*പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗ്രാമക്കാർ ധനു ഒന്ന് മുതൽ ഈശ്വരസേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സർക്കാർ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.*


*അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹൻ ഭട്ടത്തിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും ആയിരം മുറ അഭിഷേകവും നടത്തിയ ശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.  ക്ഷേത്രചൈതന്യം നിലനിർത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.*


*ഭക്തജന സംഘങ്ങളാൽ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും ചൈതന്യ സംവർദ്ധകങ്ങളായ ആചാരങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു.*

*ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലകളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാർ ക്ഷേത്രഭരണ കമ്മറ്റിയിലും ഉത്സവകമ്മറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂർവം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകൾ അന്യമായി കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാ ജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്രസങ്കൽപ്പം തന്നെ കീഴ്‌മേൽ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആചാരത്തിൽ അപചയം സംഭവിച്ചാൽ കലഹവും ആയുർനാശം പോലും സംഭവിക്കുമെന്നതറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങൾ അനുഷ്ഠിക്കുന്നത്.*


*പണ്ടുള്ള ഊരായ്മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാൽ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകൾ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ ആരും മുൻഗാമികളുടെ കർമ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.*🙏

Saturday, September 24, 2022

 അന്നാത്‍ ഭവന്തി ഭൂതാനി:


അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:


അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.


ഹരി  ഓം

 പുല- വാലായ്മ

ഒരുവ്യക്തിയുടെ മരണത്തെത്തുടർന്ന് അവരുടെ ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധിയാണ് പുല . ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു. ഇതിനെ വാലായ്മ എന്നു പറയുന്നു. പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്. 


മിക്ക സമുദായക്കാർക്കിടയിലും പുലയുടെ ആചരണം നിലവിലുണ്ട്. പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും നിഷിദ്ധമായി കരുതപ്പെടുന്നു. 


മരണം സംഭവിച്ചാൽ ഉണ്ടാകുന്ന പുലയുടെ ആചരണവും ,കാലാവധിയും പല സമുദായക്കാർക്കും പല കണക്കിലാണ്. മുനിമാർക്ക് ഒരു ദിവസവും ,ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യനും ശൂദ്രനും പന്ത്രണ്ടും  മറ്റുള്ളവർക്ക് പതിനാറും ദിവസങ്ങളാണ്  പുല.ഇതിന് പ്രാദേശികമായ ആചരണ വ്യത്യാസം ഉണ്ട് . കുടുബ കാരണവരും സാമുദായിക ആചാര്യന്മാരും ഉപദേശിക്കുന്നതും സ്വീകരിച്ച് വരാറുണ്ട്.


ഗുരുനാഥനിൽ നിന്നും മനസ്സിലാക്കിയ ഒരു ശ്ലോകം താഴെ ചേർക്കുന്നു ...


"സന്ധ്യാശുദ്ധിർമുനീനാം തു

ദ്വിജാനാം ദശ ഏവ ച

ഏകാദശ തു ഭൂപാനാം

ദ്വാദശ വൈശ്യശൂദ്രയോ:

മാസാർദ്ധം കുല ഹീനാനാം

ജന്മമൃത്യോശ്ച സർവ്വദാ. "


ഇതുപോലെ ഡോ.കെ.ബാലകൃഷ്ണ വാര്യരുടെ അനുഷ്ഠാന വിജ്ഞാനകോശത്തിൽ എല്ലാവർക്കും 10 ദിവസമാണ് നിർദേശിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത് സർവ്വസമ്മതമല്ല എന്ന് തോന്നുന്നു.


ബ്രാഹ്മണർ, ശില്പികൾ, ഗണകർ മുതലായ സമുദായക്കാർ അച്ഛൻ താവഴിയിലും,


നായർ, ഈഴവർ മുതലായ സമുദായക്കാർ അമ്മത്താവഴിയിലുമാണ് ആശൗചം കൊള്ളുന്നത്. ഇതു കൂടാതെ നേരിട്ട് രക്ത ബന്ധത്തിൽ അച്ഛന്റെയും അമ്മയുടേയും താവഴിയിൽ ആശൗചം ആചരിക്കണം.

(അറിവുള്ളവർ സമുദായ പേര് കമന്റ് ചെയ്താൽ ചേർക്കാവുന്നതാണ്)


ഏഴ്തലമുറ ആശൗചം കൊള്ളണമെന്നാണ് കണക്ക്.


ആശൗചം അറിഞ്ഞ സമയം മുതൽ ആചരിച്ചാൽ മതി.


 ഈ കാലയളവിന്റെ അന്ത്യത്തിൽ പുല മാറാൻ ശുദ്ധികർമങ്ങൾ നടത്തിപ്പോരുന്നു.


അതുപോലെ ഒരു സ്ത്രീ പ്രസവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു. 'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പറയാറുണ്ട്.


ആർത്തവ കാലവും അശുദ്ധി കാലമായി കണക്കാക്കി ആചരിക്കുന്ന പതിവുണ്ട്.

ഗരുഡപുരാണത്തിൽ ഇപ്രകാരം പറയുന്നു.


"ഋതുകാലേ തു നാരീണാം

ത്യജേദ്ദിന ചതുഷ്ടയം

താവന്നാ ലോകയേദ്വക്‌ത്രം

പാപം വപുഷി സംഭവേദ്

സ്നാത്വാ സതൈലം നാരീ തു

ചതുർത്ഥേഹനി ശുദ്ധ്യതി

സപ്താഹാദ് പിതൃദേവാനാം

ഭവേദ്യോഗ്യാ വ്രതാർച്ചനെ "


ആർത്തവ കാല സ്ത്രീ നാല് ദിവസം കഴിഞ്ഞ് തേച്ച് കുളിച്ച് ശുദ്ധമാകുന്നുവെന്നും ഏഴ് ദിവസം കഴിഞ്ഞാൽ പിതൃപൂജയും (ബലി കർമ്മം മുതലായവ) ദേവപൂജയും നടത്താൻ യോഗ്യയാവുന്നു എന്നും പറയുന്നു.


നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളും ആരാധനയും ഉള്ള കാലത്തോളം ഈ ആചരണങ്ങളും പാലിച്ച് പോകേണ്ടതുണ്ട്. സാമാന്യ ജനങ്ങളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.

മേൽ സൂചിപ്പിച്ചതിൽ വല്ല മാറ്റലും ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞാൽ മാറ്റി ചിന്തിക്കാവുന്നതാണ്.


ആചരണങ്ങൾക്ക് ഒരു ഏകീകരണം ഉണ്ടാകുന്നത് നല്ലതെന്ന് തോന്നലാണ് ഇത് എഴുതാൻ കാരണം.


ഡോ.എം.പി ഗിരീഷ് നമ്പ്യാർ

 ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു

1 - ജാഗ്രദാവസ്ഥ അനുഭവിക്കുന്ന  സ്ഥൂലശരീരം

2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന  ലിംഗശരീരമാണ്  പുനർജന്മത്തിനു കാരണം. അതു പോലെ ലിംഗശരീരനാശമാണ്  മോക്ഷത്തിന്നു കാരണം

3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം.

ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും,  മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മജ്ഞാനേന്ദ്രിയങ്ങളുമാണ്.   മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം  വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച്, പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരു സ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ  കുലത്തിൽ, അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത്  മനുഷ്യകുലത്തിലാകാം, അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....      

ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ്. ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും.  അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ,  കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി.  എന്നാൽ ഈ നിഷ്കാമകർമ്മം  സാധാകരണക്കാർക്ക് എളുപ്പമല്ല.  അതുകൊണ്ടാണ്  കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ.  ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം, ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം.... 

ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ  (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ  ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ.  ഉപനിഷത്തുകളെല്ലാം  ആത്മാവിന്റെ ഏകത്വത്തിനാണ്  ഊന്നൽ  നൽകുന്നത്. ഈ  തത്ത്വം ഉൾക്കൊണ്ടാൽ  ഭയവും ഭേദബുദ്ധിയും അകലും. നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും. ഭഗവാനോടുള്ള  നിസ്തുല  പ്രേമമാണ്  ഭക്തിസ്വരൂപം.  സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി. അതിന് "സർവ്വംഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ് ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടി വരും...  ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനംകൊണ്ടതുനശിക്കും.  ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ  കർത്തൃത്വവും ഭോക്തൃത്ത്വവും  ഇല്ലാതായിതീരും അവയില്ലെങ്കിൽ പിന്നെ  ജീവന്റെ നിലനില്പ് എവിടെ? ആ സ്ഥിതിമോക്ഷവും.

 *സൂര്യവംശ ചരിത്രം*


🌞🌞🌞🌞🌞🌞🌞🌞🌞🌞

സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും

ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി.


(1) ശ്രീആദിനാരായണൻ

(2) ബ്രഹ്മദേവൻ

(3) മരീചി

(4) കശ്യപൻ

(5) സൂര്യൻ

(6) വൈവസ്വരമനു

(7) ഇക്ഷാകു

(8) വൃക്ഷി

(9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ

(10) ഇന്ദ്രവാഹൻ

(11) വിശ്വരണി

(12) ചന്ദ്രൻ

(13) യവനാശ്വൻ

(14) ചാപസ്ഥൻ

(15) ബ്രുഹദശ്വൻ

(16) കുവലയാശ്വൻ

(17) ദ്രുഡാശ്വൻ

(18) ഹരിശ്വൻ

(19) നികുംഭൻ

(20) മൃഗണാശ്വൻ

(21) വീണ്ടും മൃഗണാശ്വൻ

(22) കൃതാശ്വൻ

(23) സേനജിത്ത്

(24) യവനാശ്വൻ

(25) മാന്ധാതാ

(26) പുരുകുത്സൻ

(27) ത്രസ്യദസ്യു അഥവാ അനരണ്യൻ

(28) ഹരിശ്വൻ

(29) അരുണൻ

(30) ത്രിബന്ധനൻ

(31)ത്രിശങ്കു അഥവാ സത്യവ്രതൻ

(32) ഹരിശ്ചന്ദ്രൻ

(33) ലോഹിതൻ

(34) അരിദൻ

(35) ചമ്പൻ

(36) സുദയവൻ

(37) വിജയൻ

(38) ഭരുഗൻ

(39) വിരുഗൻ

(40) ബാഹുകൻ

(41) സഗരൻ

(42) അസമജ്ഞൻ

(43) അംശുമാൻ

(44) ദിലീപൻ

(45) ഭഗീരഥൻ

(46) ശ്രുതൻ

(47) നാഭൻ

(48) സിന്ധുദ്വീപൻ

(49) അയുതായുസ്സ്

(50) ഋതുപർണൻ

(51) കല്മാഷപാദൻ എന്ന സുദാസൻ

(52) അസ്മഗൻ

(53) നാരീകവചൻ എന്ന മൂലകൻ

(54)ദശരഥൻ

(55) ജഢപീഢൻ

(56) വിശ്വസഖൻ

(57) ഖട്വാംഗൻ

(58) ദീർഘബാഹു എന്ന ദിലീപൻ

(59) രഘു

(60) അജൻ

(61) ദശരഥൻ

(62) ശ്രീരാമൻ (ആദിനാരായണനാണ് ദശരഥന്റെ പുത്രൻ ശ്രീരാമനായിട്ട് അവതരിച്ചത്)

ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ , ശ്രീരാമൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.

ലോകകണ്ടകനായ രാവണന്റെ ഉപദ്രവം സഹിക്കാനാവാതെ ഭൂമിദേവി ഗോരൂപംപൂണ്ട് ബ്രഹമദേവനോട് സങ്കടം ഉണർത്തിച്ചു. തന്റെ വരംമൂലം രാവണൻ മദോന്മത്തനായതുകൊണ്ട് അദ്ദേഹം ഭൂമീദേവിയേയും ദേവന്മാരേയുംകൂട്ടി ക്ഷീരസാഗരതീരത്തുപൊയി മഹാവിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു സന്തുഷ്ടനായി

പ്രത്യക്ഷപ്പെട്ടു.

"രാവണന് മനുഷ്യനാൽമാത്രമേ മരണം സംഭവിക്കുകയുള്ളൂ" എന്ന് ബ്രഹ്മാവ്‌ ഒരുവരം കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സൂര്യകുലത്തിൽ ഇഷ്വാകുവംശത്തിൽ ജനിച്ച അനരണ്യൻ എന്ന രാജാവിനെ രാവണൻ നിഗ്രഹിച്ഛസമയം ആ രാജാവ്, "നീ എന്നെ നിഗ്രഹിക്കുന്നതുനിമിത്തം എന്റെ വംശത്തിലുണ്ടാകുന്ന

ഒരുരാജസിംഹം നിന്നെ കുലത്തോടുകൂടി നശിപ്പിക്കുന്നതാണ്" എന്ന് ശപിക്കുകയുണ്ടായിട്ടുണ്ട്. അതനുസരിച്ച് ഞാൻ രഘുവംശത്തിൽ ദശരഥന്റെ പുത്രനായി അവതരിക്കുന്നതാണ്. നാരദപർവ്വതന്മാരുടെ ശാപമനുസരിച്ച് ഞാൻ രാജ്യംവിട്ട് കാട്ടിൽ പോകേണ്ടാതായും വരും. മുനിമാരുടെ ശാപം അനുസരിച്ച് മഹാലക്ഷ്മി, രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ സന്താനമായി ജനിക്കുന്നതും, ആ കന്യക ജനകന്റെ സന്താനമായി വളരുന്നതും, ആ ജാനകിയെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതും, രാവണൻ ആ പുത്രിയെ കാംക്ഷിക്കുന്നതും, അതുനിമിത്തം രാവണന് ആപത്തുണ്ടാകുന്നതും ആകുന്നു. രാവണനോടുകൂടി ഉണ്ടാകുന്ന യുദ്ധത്തിൽ എന്നെ സഹായിക്കുവാനായി ദേവന്മാർ ഭൂമിയിൽ വാനരന്മാരായി പിറന്നുകൊള്ളട്ടെ. ദശരഥൻ എന്നെ യുവരാജാവായി അഭിഷേകം ചെയ്‌വാൻ പുറപ്പെടുന്നതിനെ മുടക്കുവാനായി ദുന്ദുഭി എന്ന അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ.

 മുഹൂർത്തങ്ങളിൽ അഭിജിത് .


പ്രത്യേകം കർമ്മങ്ങൾ അനുഷ്ഠിക്കുവാൻ പ്രത്യേകം സമയം നിർദ്ദേശിച്ചതിനെ നാം മുഹൂർത്തം എന്ന് വിളിക്കുന്നു. മുഹൂർത്തങ്ങൾ  മുഹൂർത്ത പദവീകാരൻ പ്രത്യേകം തരംതിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതായത് ഷോഡശ സംസ്കാരാദി മുഹൂർത്തങ്ങൾ, ഗൃഹാരംഭ - ഗൃഹപ്രവേശനാദി മുഹൂർത്തങ്ങൾ കൃഷി ഔഷധസേവ ഇവയ്ക്കുള്ള മുഹൂർത്തങ്ങൾ .....


 എന്നാൽ ഇതിലൊക്കെ സൂചിപ്പിച്ച ശുഭ കാലം പഞ്ചാംഗം നോക്കിയാൽ  വളരെ അല്പമായിരിക്കും. ഉദാഹരണത്തിന് വിവാഹ മുഹൂർത്തം തന്നെ.ഇഷ്ടാ കൃഷ്ണാഷ്ടമീ.... എന്നു തുടങ്ങുന്ന ശ്ലോകത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കാക്കിയാൽ ഒരു വർഷം  അഞ്ചോ പത്തൊ മുഹൂർത്തങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ.


അപ്പോൾ നമ്മൾ  നല്ല സമയം നോക്കി തിരഞ്ഞെടുക്കുന്നു. ഇതിനായി നാം തിരഞ്ഞെടുക്കുന്ന പ്രധാനകാലം ഇപ്പോൾ അഭിജിത്ത് മുഹൂർത്ത കാലമാണ്.


എന്താണ് അഭിജിത്ത് മുഹൂർത്ത കാലം എന്ന് പരിശോധിക്കാം.

 60 നാഴിക ദൈർഘ്യമുള്ള ഒരു ദിവസം 30 മുഹൂർത്തങ്ങൾ നിത്യേന ഉദിക്കുന്നു . പകൽ 15 ഉം രാത്രി 15 ഉം.


അപ്പോൾ ഒരു മുഹൂർത്തത്തിന്റെ ദൈർഘ്യം രണ്ടു നാഴിക അതായത് 48 മിനുട്ട് . "മുഹൂർത്തോനാഡികാദ്വയമിത്യമര: "


 ദിനരാത്രങ്ങളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് മുഹൂർത്ത കാലത്തിനും ഏറ്റക്കുറച്ചിൽ വന്നുചേരും.


15 പകൽ മുഹൂർത്തങ്ങൾ :-


 ആർദ്രോരഗ മിത്രമഘാ വസുജല വിശ്വാഭിജിദ്വിരിഞ്ചേന്ദ്രാ : ഐന്ദ്രാഗ്‌നി മൂലവരുണാര്യമ ഭഗതാര ദിവാ മുഹൂർത്താസ്യു :

( പ്രശ്ന കൗതുകം 1/11)


1.ആർദ്ര = തിരുവാതിര

 2.ഉരഗ = ആയില്യം

 3.മിത്ര = അനിഴം.

4.മഘാ = മകം

 5.വസു = അവിട്ടം

 6.ജലം = പൂരാടം

 7.വിശ്വ =ഉത്രാടം

 8.അഭിജിത്ത് =അഭിജിത്ത്

 9.വിരിഞ്ച : = രോഹിണി

 10.ഇന്ദ്രൻ = തൃക്കേട്ടക

11.ഐന്ദ്രാഗ്നി =വിശാഖം

 12.മൂലം =മൂലം 

13.വരുണൻ =ചതയം 

14.യമ: =ഭരണി

15.ഭഗൻ = ഉത്രം.


രാത്രി 15 മുഹൂർത്തങ്ങൾ :-


 ക്രമശോ നിശാ മുഹൂർത്താ

 രുദ്രോ ഭദ്രാദയോഷ്ടതാരാശ്ച അദിതി ഗുരു വിഷ്ണുഹസ്ത - ബ്രഹ്മസമീരാ ശ്ച കീർത്തിതാ മുനിഭി:


1.രുദ്ര: =തിരുവാതിര 

2.ഭദ്രാ = പൂരുട്ടാതി

3. ഉത്രട്ടാതി 

4.രേവതി

5. അശ്വതി

6. ഭരണി 

7.കാർത്തിക

8. രോഹിണി

9. മകീര്യം

10. അദിതി = പുണർതം

11. ഗുരു = പൂയ്യം

 12. വിഷ്ണു = തിരുവോണം

13. ഹസ്ത = അത്തം

14. ബ്രഹ്മ =രോഹിണി

 15.സമീര : =ചോതി.


പകൽ മുഹൂർത്തങ്ങളിൽ എട്ടാമത്തെ മുഹൂർത്തമായ അഭിജിത്ത് മുഹൂർത്ത കാലമാണ് നാം ഇന്ന് ശുഭമുഹൂർത്തമായി കണക്കാക്കി വരുന്നത് .പൊതുവേ മുഹൂർത്തങ്ങളിൽ അന്നഭ നക്ഷത്രങ്ങളുടെ പേരിലുള്ളവ ശുഭവും മറ്റുള്ളവ അശുഭവുമാണ്.


 അതായത് പകൽ മുഹൂർത്തങ്ങളിൽ അനിഴം, അവിട്ടം, ഉത്രാടം, അഭിജിത്ത് ,രോഹിണി, ചതയം, ഉത്രം ഇങ്ങനെ ഏഴ് മുഹൂർത്തങ്ങൾ ശുഭവും ശേഷം എട്ട് മുഹൂർത്തങ്ങൾ അശുഭവും ആകുന്നു.


 എന്നാൽ ഇതിൽ 14 നാഴികക്ക് ശേഷം വരുന്നഎട്ടാമത്തെ മുഹൂർത്തമായ അഭിജിത്തിന് പ്രത്യേകം ശുഭത്വം കൊടുക്കുന്നു. ( പകൽ 30 നാഴിക ഉള്ള ദിവസം )


ശബ്ദ കൽപ്പദ്രുമത്തിൽ ഇപ്രകാരം പറയുന്നു.

അഭി ജി ക്വിപ് .

ദിവസസ്യാഷ്ടമ മുഹൂർത്തം .

നല്ലകാലം എന്നർത്ഥം.


അപരാഹ്നെ തു സംപ്രാപ്തെ അഭിജിത് രോഹിനോദയെ

യദത്ര ദീയതെ ജന്തോര്‍

 തദക്ഷയമുദാഹൃതം . (മത്സ്യപുരാണം )


തത്തു താരകാത്രയാത്മക ശൃംഗാടകാകൃതി.


ഉത്രാടത്തിന്റെ നാലാം പാദവും (15 നാഴിക ) തിരുവോണത്തിന്റെ ആദ്യ നാല് നാഴികയും ആകെ 19 നാഴികാകാലം അഭിജിത് .


അഭിജിത് നക്ഷത്രത്തിൽ ജനിച്ചാൽ ഫലം ഇപ്രകാരം സൂചിപ്പിക്കുന്നു.


അതി സുലളിതകാന്തി

സമ്മത:സജ്ജനാനാം

നനു ഭവതി വിനീത ശ്ചാരുകീർത്തി സുവേഷ :

ദ്വിജവര സുര ഭക്‌തോ വ്യക്തവാങ്ങ് മാനവ :

സ്യാദഭിജിതി യദി സൂതിർ ഭൂപതി സ്വസ്വവംശെ. (കോഷ്ഠീ പ്രദീപ:)


 അഭിജിത്ത് മുഹൂർത്തത്തിന്റെ പ്രഭാവം കൊണ്ട് ഈ സമയം ശുഭകർമ്മങ്ങൾക്ക് ഏറ്റവും വിശേഷമാണെന്ന് പറയുന്നു.


അഭിജിത്  നാമ മധ്യാഹ്നോ മുഹൂർത്തോ വൈഷ്ണവ : സ്മൃത : ചക്രമാദായ ഭഗവാൻ വിഷ്ണുർ ദോഷാൻവ്യപോഹതി .


അഭിജിത് മുഹൂർത്തയോഗെ 

ഗതവതി മദ്ധ്യം ദിനാധിപതൗ 

ചക്രേണ ചക്രപാണി :

സമസ്ത ദോഷാൻ  നിഷൂദയതി .


വിഷ്ടി വ്യതീപാത മുഖാശ്ച ദോഷാ :

 സർവ്വേ ഗ്രഹോത്പാതസമുദ്ഭവാശ്ച

മദ്ധ്യം ദിനം യാതി സഹസ്ര രശ്മൗ നശ്യന്തിദോഷാസ്ത്വഭിജിത്പ്രഭാവാത് .


പൈശാചീ പശ്ചിമാ സന്ധ്യാ പ്രാതസന്ധ്യാ രൗദ്രികോച്യതെ

രാക്ഷസീ ചാർദ്ധ രാത്രി : സ്യാദ് 

ബ്രാഹ്‌മീ മദ്ധ്യാഹ്‌നമുച്യതെ.


ഈ പ്രമാണങ്ങളിൽ നിന്നൊക്കെ അഭിജിത് മുഹൂർത്തം വളരെ ശുഭം നൽകുന്നു എന്ന് മനസ്സിലാക്കാം.


എന്നാൽ ഈ മധ്യാഹ്ന സമയം മധ്യാഹ്ന സന്ധ്യ എന്ന ദോഷമുള്ളതാണ്  എന്ന് നിത്യ ദോഷപ്രകരണത്തിൽ പരാമർശിച്ചിട്ടുണ്ട്. "സായാഹ്ന സന്ധ്യാദയ " എന്ന് .


മധ്യാഹ്ന സന്ധ്യാകാലം 10 വിനാഴിക ഒഴിവാക്കണം (4 മിനുട്ട്).

മുഹൂർത്ത രത്നം ആചാര സംഗ്രഹം മുതലായവയിൽ മധ്യാഹ്നകാലം വർജിക്കാനാണ് പറഞ്ഞിരിക്കുന്നത്.


മധ്യാഹ്നേ ചാർദ്ധരാത്രേ ച സന്ധ്യയോരുഭയോരപി

ന കുര്യാദ് ശുഭ കർമാണി

 സിദ്ധിം നാപ്‌നോതി വൈ തത: എന്നും


ലാടവൈധൃത  സൂര്യേന്ദു ഗ്രഹസന്ധ്യാ ചതുഷ്ടയം വർജ്യം. (മുഹൂർത്ത രത്നം )


സന്ധ്യാ ചതുഷ്ടയം ഭൂകമ്പം മേഘസ്യ ഗർജ്ജനം വർജ്ജയേത്. (ആചാര സംഗ്രഹം)


മധ്യാഹ്‌നെ ചാർദ്ധരാത്രേ ച

വർജ്യാ ദശ വിനാഡികാ :


ഈ പ്രമാണപ്രകാരം ആദ്യം സൂചിപ്പിച്ച 14 നാഴികയ്ക്ക് ശേഷം 16 നാഴിക വരെ ഉള്ള അഭിജിത് മുഹൂർത്തത്തിന്റെ  14 നാഴിക 55 വിനാഴിക വരെയും പിന്നീട് 15 നാഴിക 5 വിനാഴികക്കു ശേഷം 16 നാഴിക വരെയും അഭിജിത്ത് മുഹൂർത്ത കാലം എന്ന് കണക്കാക്കണം.


പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭിജിത്ത് പോലുള്ള മുഹൂർത്തം ആപൽ ഘട്ടത്തിൽ മാത്രമാണ് സ്വീകരിക്കേണ്ടത് .

അതുപോലെ കാലഹോര ഗോധൂളി  എന്നിവയും മറ്റും ആപൽ ഘട്ടങ്ങളിൽ സ്വീകരിച്ചുവരുന്നു.


 മറ്റ് ഘട്ടങ്ങളിൽ സാമാന്യേന പഞ്ചാംഗ ശുദ്ധി , ലഗ്ന ശുദ്ധി,മാസാദി കാല ശുദ്ധി ,കർത്തൃ ദോഷം എന്നിവ യഥോചിതം കണക്കാക്കിയും വേണം മുഹൂർത്തം തിരഞ്ഞെടുക്കാൻ .


ഡോ. എം പി . ഗിരീഷ് നമ്പ്യാർ

 ' ദൈവമേ

ഇതെന്തൊരത്ഭുതം'


* കല്പണികൾക്ക്  നേതൃത്വം നൽകിയത് പത്മനാഭൻ മൂത്താചാരി


* കരിങ്കൽ ശില്പങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യം - സ്റ്റെല്ല ക്രംറീഷ് 

--------------------------------------------------------------------


പത്തിരുപത് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ വെസ്റ്റ് വ്യൂ ഹൈസ്‌കൂള്‍ അധ്യാപകനായ സുഹൃത്ത് ഇവാന്‍ കൂപ്പറിനൊപ്പമാണ് ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രം കാണാനെത്തുന്നത് .  ഇന്ത്യയിലെ വ്യത്യസ്തങ്ങളായ വാസ്തു ശില്‍പ്പശൈലിയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് കൂപ്പര്‍ തിരുവനന്തപുരത്തെത്തുന്നത്. ക്ഷേത്രം കണ്ട മാത്രയില്‍ തന്നെ അദ്ദേഹം ആശ്ചര്യത്തോടെ ' ദൈവമേ ഇതെന്തൊരത്ഭുതം' എന്ന് പറയുകയുണ്ടായി. സത്യത്തില്‍ അപരിചിതരെ പോലും തന്നിലേക്കാകര്‍ഷിക്കാനുള്ള കഴിവുണ്ട് ഈ മഹാ ദേവാലയത്തിന്.


ക്ഷേത്രം എന്ന് നിര്‍മ്മിച്ചുവെന്നോ കാലപ്പഴക്കം എത്രത്തോളമെന്നോ നിര്‍ണ്ണയിക്കാവുന്ന തെളിവുകള്‍ ഒന്നും തന്നെ  ഇതുവരെ ലഭ്യമായില്ലെങ്കിലും ഇതിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മതിലകം രേഖകളില്‍ ധാരാളമുണ്ട്. 


വെന്തെരിഞ്ഞ ക്ഷേത്രമാണ് 24 വയസ് മാത്രം പ്രായമുള്ള അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ? വെറും പുനര്‍നിര്‍മ്മാണം നടത്തുകയായിരുന്നില്ല അദ്ദേഹം, പുതിയൊരു പത്മനാഭസ്വാമി ക്ഷേത്രം തന്നെ നിര്‍മ്മിക്കുകയായിരുന്നു. ഇതിനായി തൈക്കാട് കേശവന്‍ വിഷ്ണുത്രാതന്‍ നമ്പൂതിരി എന്ന ഒരാളുടെ ഉപദേശവും നിര്‍ദേശവും മാര്‍ത്താണ്ഡവര്‍മ്മ സ്വീകരിച്ചതായി മതിലകം രേഖകളില്‍ കാണാം. ഇക്കാര്യം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തന്റെ 'Pathmanabhaswami Temple'  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം സൂചിപ്പിക്കുന്നു.


On the 27th of the Malayalam month of Kumbom 905 M.E , in March 1730 A.D, the work commenced under the supervision  and guidence of Kesavan Vishnu Thrathan Namboothiri of Thycaud illom in thiruvananthpuram. He was assisted by his son and his Pupil Sankaran and Raman'


ഈ അുത്തിടെ ഡോ.എം.ജെ ശശിഭൂഷണും ആര്‍.പി രാജയും ചേര്‍ന്നെഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ' ചരിത്രം കുറിച്ച പത്മനാഭസ്വാമി ക്ഷേത്രം' എന്ന പുസ്തകത്തിലും ഇക്കാര്യം വിശദമാക്കുന്നത് ഇങ്ങനെ....


'ഇന്നു കാണുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുശില്‍പ്പി കേശവന്‍ വിഷ്ണുത്രാതന്‍ നമ്പൂതിരിയാണ്. ചേര്‍ത്തലയിലെ തൈക്കാട്ട് മനയിലാണ് ഇദ്ദേഹത്തിന്റെ മൂല കൂടുംബം. ക്ഷേത്രനിര്‍മ്മാണ കാലത്ത് വിഷ്ണുത്രാതന്‍ തിരുവനന്തപുരത്തെ തൈക്കാട്ടാണ് താമസിച്ചിരുന്നത്. മകന്‍ ശങ്കരനും ശിഷ്യന്‍ രാമനും അദ്ദേഹത്തെ സഹായിച്ചിരുന്നു.' 

ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി പണിത കോട്ടയുടെ കൈക്കണക്കുകള്‍ തയാറാക്കിയതും വിഷ്ണുത്രാതനാണെന്ന് രേഖകളുണ്ട്. 


നാല്‍പ്പതടിയോളം ആഴത്തില്‍ നിര്‍മ്മിച്ച കരിങ്കല്‍ അധിഷ്ഠാനത്തിന്റെ മുകളിലാണ് ക്ഷേത്രഗോപുരം പണിതുയര്‍ത്തിയിട്ടുള്ളത്.


ഇതിന്റെ അടിത്തറ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇട്ടിരുന്നെങ്കിലും മാർത്താണ്ഡ വർമ്മയുടെ കാലത്താണ് അഞ്ചു നിലകൾ പണിയുന്നത്. അവശേഷിച്ച രണ്ടു നില കാർത്തിക തിരുനാളും പൂർത്തിയാക്കി.


കോട്ടാര്‍ സ്വദേശിയായ പത്മനാഭന്‍ ആചാരിയാണ് ക്ഷേത്രത്തില്‍ ഇന്നു കാണുന്ന കല്‍പ്പണികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് മതിലകത്തു കഥ എന്ന തെക്കന്‍ പാട്ടിനെ ഉദ്ദരിച്ചുകൊണ്ട് 'ചരിത്രം കുറിച്ച പത്മനാഭ സ്വാമി ക്ഷേത്രം' എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്.


ശീവേലിപ്പുര നിർമാണത്തിന്റെ മേൽനോട്ടവും പത്മനാഭൻ  മൂത്താശാരിക്കയിരുന്നെന്ന്  അശ്വതിതിരുനാളിന്റെ തന്നെ മറ്റൊരു കൃതിയായ ' തുളസീഹാരം  തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ' എന്ന പുസ്തകംത്തിൽ പറയുന്നു.

ജീവൻ തുളുമ്പുന്ന ശിൽപ്പങ്ങളാണ് ഇദ്ദേഹത്തിന്റെ കരവിരുതിൽ നിർമ്മിക്കപ്പെട്ടത്.


ശില്‍പ്പവേലയില്‍ ഇദ്ദേഹത്തിനുള്ള കഴിവില്‍ മാര്‍ത്താണ്ഡവര്‍മ്മ അതീവ സന്തോഷവാനായെന്നും  എന്ത് സമ്മാനമാണ് വേണ്ടതെന്നും ചോദിക്കുകയുണ്ടായി.


തനിക്ക് ദേവനെയും ദേവനെ തോഴാന്‍ വരുന്ന തമ്പുരാനെയും ഒരേസമയം വണങ്ങാനുള്ള സൗകര്യം ചെയ്തു തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.


 പൊരുള്‍ മനസ്സിലാക്കിയ രാജാവ് നാടകശാലയിലേക്കുള്ള ചെറിയ ഇടവഴിയിലെ സ്തൂപത്തിൽ  പ്രതിമകള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കി. അങ്ങിനെയാണ് ക്ഷേത്ര ശില്‍പ്പിയുടെയും കുടുംബത്തിന്റെയും സഹായികളുടെയും പ്രതിമകള്‍ ഇവിടെ നിര്‍മ്മിച്ചത്. 

ഇടത് കണ്ണുകൊണ്ട് ദേവനെയും വലത് കണ്ണുകൊണ്ട് രാജാവിനെയും കാണാന്‍ കഴിയുന്ന വിധത്തിലാണ് മുഖ്യശില്‍പ്പിയുടെ പ്രതിമ.


മുടിക്കല്ല്, ആനക്കല്ല്, ആട്ടുകല്ല്, ചിപ്പുകല്ല് എന്നിങ്ങനെ വിവിധ കല്ലുകള്‍കൊണ്ടാണ് ക്ഷേത്രം പണിതിരിക്കുന്നതത്രെ. ഇപ്പോള്‍ കേശവദാസപുരമെന്ന് അറിയപ്പെടുന്ന സ്ഥലത്തായിരുന്നു ക്ഷേത്രനിര്‍മ്മാണം നടത്തിയ തച്ചന്‍മാര്‍ പാര്‍ത്തിരുന്നുത്. കറ്റച്ചക്കോണമെന്നാണ് ഈ സ്ഥലം മുമ്പ് അറിഞ്ഞിരുന്നതെന്നും തെക്കന്‍ പാട്ടില്‍ പറയുന്നു. 1728നും 1815നും ഇടയിലുള്ള 87 വര്‍ഷങ്ങള്‍കൊണ്ടാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായതെന്ന് കരുതുന്നു.


മതിലകം രേഖകളില്‍ അയ്യനടിയാന്‍ ആചാരിയുടെ മകന്‍ നായിനാന്‍ ആചാരിയാണ് കല്‍പ്പണികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കാണുന്നുണ്ട്. മതിലകം രേഖകളില്‍ കാണുന്ന നായിനാന്‍ ആചാരിയും മതിലകത്തു കഥ എന്ന തെക്കന്‍ പാട്ടില്‍ കാണുന്ന പത്മനാഭന്‍ ആചാരിയും ഒരാള്‍ തന്നെയാണെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. പത്മനാഭന്‍ ആചാരി എന്നത് സ്ഥാനപ്പേരാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ പിന്മുറക്കാർ ഇന്നും തിരുവനന്തപുരത്തുണ്ടെന്ന് പറയപ്പെടുന്നു.


കരിങ്കൽ കൊത്തുപണികളുടെ  ഏറ്റവും ശ്രേഷ്ഠമായ പാരമ്പര്യം ഉൾകൊള്ളുന്നതാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശിൽപ്പങ്ങളെന്ന് ലോകപ്രശസ്ത അമേരിക്കൻ കലാ വിമർശകയായ  സ്റ്റെല്ല ക്രംറീഷ്  അഭിപ്രായപ്പെടുന്നു. ഇത്തരം ശിൽപ്പങ്ങൾ ലോകത്ത് തന്നെ അപൂർവമാണെന്നും ഇവർ പറയുന്നു.


എന്തായാലും ഏഴ് ഏക്കറിലധികം  വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പത്മനാഭസ്വാമിക്ഷേത്രം കേരളീയ ദ്രാ വിഡ ശില്പകലകളുടെ  സ്വർഗം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

-----------------------


* അർകൈവ്‌സ് രേഖകൾ 


* Pathmanabhaswami Temple' Aswathi Thirunal Gouri Lakshmi Bhai.


* ചരിത്രം കുറിച്ച പത്മനാഭസ്വാമി ക്ഷേത്രം'-ഡോ.എം.ജെ ശശിഭൂഷണും ആര്‍.പി രാജ.


* തുളസീഹാരം തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്.


ഫോട്ടോ -ഗൂഗിൾ

Saturday, September 17, 2022

 ജനിച്ച ദിവസം നമുക്ക് ഭഗവാൻ തന്ന സുന്ദരവും ദിവ്യവുമായ ശരീരം നമ്മൾ കാമ ക്രോധ മദ മോഹ മാത്സര്യങ്ങളെ കൊണ്ട് വളർത്തി ഏതാണ്ട് ഒരു എഴുപത് വർഷങ്ങൾ കൊണ്ട് 

അനാരോഗ്യമാക്കി ഒന്നിനും കൊള്ളരുതാക്കി ചിലർ നൂറു വയസ്സ് വരെ കഴ്ടപ്പെട്ട് ജീവിക്കുന്നു.

ഭജഗോവിന്ദം ഭാജഗോവിന്ദം

Friday, September 16, 2022

 ഒരു ഭക്തൻ വന്ന് ശേഷാദ്രി സ്വാമിയോട് പറഞ്ഞു എനിക്ക് ബ്രഹ്മോപദേശം ചെയ്യണം.

അവിടെ ഒരു എരുമ ഉണ്ടായിരുന്നു. സ്വാമി ചോദിച്ചു ഇത്  എന്താണ്. ഭക്തൻ പറഞ്ഞു എരുമ.  മൂന്ന് തവണ ആവർത്തിച്ച് ചോദിച്ചു. മൂന്ന് തവണയും എരുമ എന്നു പറഞ്ഞു. സ്വാമി പറഞ്ഞു ഇത് എരുമ അല്ല. ബ്രഹ്മം ആണ്. ഭക്തൻ പറഞ്ഞു ഇത് എരുമ തന്നെ ഉറപ്പാണ്. സ്വാമി പറഞ്ഞു നിൻ്റെ മനസ്സിൽ എരുമ ഉള്ളത് കൊണ്ടാണ് എരുമ എന്ന് പറയുന്നത്. എരുമക്ക് അറിയില്ലല്ലോ എരുമ ആണെന്ന്.

Thursday, September 15, 2022

 *🌹ശ്രീ ദക്ഷിണാമൂര്‍ത്തി സ്തോത്രം🌹*



ആദിശങ്കരാചാര്യവിരചിതം


പ്രപഞ്ചാരംഭംമുതല്‍ ശിവന്‍ ഒരു ആല്‍വൃക്ഷത്തിന്‍റെചുവട്ടില്‍ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാര്‍ക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കല്‍പം. ദക്ഷിണാമൂര്‍ത്തിസങ്കല്‍പം മുഴുവനും ഒരു ചെറിയ ശ്ലോകത്തില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.


വ്യക്തം വടതരോര്‍മൂലേ

വൃദ്ധാ ശ്ശിഷ്യാ: ഗുരുര്‍ യുവാ

ഗുരോസ്തു മൌനം വ്യാഖ്യാനം

ശിഷ്യാസ്തു ച്ച്ഹിന്ന സംശയാ:     


ആല്‍ച്ചുവട്ടില്‍ അതാ ഒരു ഗുരു ഇരുന്നരുളുന്നു. ശിഷ്യന്‍മാരും ഉണ്ട് മുന്‍പില്‍. വൃദ്ധന്‍മാരാണ് ശിഷ്യന്മാര്‍. ഗുരു യുവാവും. മൌനമാണ് ഗുരുവിന്‍റെ ഉപദേശക്രമം. ശിഷ്യന്മാര്‍ക്ക് സംശയമൊട്ടില്ലതാനും. ഗുരുഭാവത്തില്‍ മൂര്‍ത്തിമത്തായിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിയെ ഞാന്‍ നമസ്കരിക്കുന്നു.


ധ്യാനം


ഓം മൗനവ്യാഖ്യാപ്രകടിതപരബ്രഹ്മതത്വം യുവാനം

വര്‍ശിഷ്ഠാംതേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ |

ആചാര്യേംദ്രംകരകലിതചിന്മുദ്രമാനന്ദരൂപം 

സ്വാത്മാരാമമുദിതവദനം ദക്ഷിണാമൂര്‍തിമീഡേ


വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം

സകലമുനിജനാനാം ജ്ഞാനദാതാരമാരാത്

ത്രിഭുവനഗുരുമീശം ദക്ഷിണാമൂര്‍തിദേവം

ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി


ചിത്രംവടതരോര്‍മൂലേ വൃദ്ധാഃശിഷ്യാഃഗുരുര്‍യുവാ

ഗുരോസ്തുമൗനവ്യാഖ്യാനം ശിഷ്യാസ്തുച്ഛിന്നസംശയാഃ


ഓം നമഃ പ്രണവാര്‍ഥായ ശുദ്ധജ്ഞാനൈകമൂര്‍ത്തയേ

നിര്‍മലായപ്രശാന്തായ ദക്ഷിണാമൂര്‍തയേ നമഃ


ഗുരുര്‍ബ്രഹ്മാഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോമഹേശ്വരഃ

ഗുരുസ്സാക്ഷാത്പരംബ്രഹ്മാ തസ്മൈശ്രീഗുരവേ നമഃ


നിധയേസര്‍വവിദ്യാനാം ഭിഷജേഭവരോഗിണാം  

ഗുരവേസര്‍വലോകാനാം ദക്ഷിണാമൂര്‍തയേ നമഃ


ചിദോഘനായമഹേശായ വടമൂലനിവാസിനേ

സച്ചിദാനന്ദരൂപായ ദക്ഷിണാമൂര്‍തയേ നമഃ


ഈശ്വരോഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാഗിനേ

വ്യോമവദ് വ്യാപ്തദേഹായ ദക്ഷിണാമൂര്‍തയേ നമഃ


അംഗുഷ്ഥതര്‍ജനീയോഗമുദ്രാ വ്യാജേനയോഗിനാം

ശൃത്യര്‍ഥംബ്രഹ്മജീവൈക്യം ദര്‍ശയന്യോഗതാശിവഃ


ഓം ശാന്തി: ശാന്തി: ശാന്തി: ||


വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം

പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ


യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം

തസ്മൈശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (1) 


ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍

മായാകല്പിതദേശകാലകലനാ വൈചിത്ര്യചിത്രീകൃതം  

മായാവീവവിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (2)


യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ

സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍

യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (3)


നാനാച്ഛിദ്രഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം

ജ്ഞാനംയസ്യച ചക്ഷുരാദി കരണദ്വാരാബഹിഃ സ്പന്ദതേ

ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (4)


ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിംചശൂന്യം വിദുഃ

സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ 

മായാശക്തി വിലാസകല്പിത മഹാ വ്യാമോഹസംഹാരിണേ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (5)


രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്

സന്മാത്രഃ കരണോപസംഹരണതോ യോ∫ഭൂത്സുഷുപ്തഃ പുമാന്‍

പ്രാഗസ്വാപ്സമിതി പ്രഭോധസമയേ യഃ പ്രത്യഭിജ്ഞായതേ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (6)


ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി

വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ

സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)


വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ

ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ

സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)


ഭൂരംഭാംസ്യനലോ∫നിലോ‌∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍

ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം

നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)


സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ

തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്

സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ

സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)


ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||


(അര്‍ത്ഥവും വ്യാഖ്യാനവും അവലംബം: പ്രൊഫസര്‍  ജി. ബാലകൃഷ്ണന്‍ നായര്‍സാറിന്‍റെ പ്രൌഡാനുഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്നും).


അദ്വൈത വേദാന്ത സാരം സമഗ്രമായി ഉള്‍കൊള്ളുന്ന ഒരു മനോഹര കൃതിയാണ് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ദക്ഷിണാമൂര്‍ത്തി സ്തോത്രം. കൃതിയുടെ മഹത്വം കണക്കിലെടുത്ത് ഇതിനെ ദക്ഷിണാമൂര്‍ത്തി ഉപനിഷത്തെന്നും പറയാറുണ്ട്‌. 


വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം

പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ


യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം

തസ്മൈശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ   (1)


കണ്ണാടിയില്‍ പ്രതിഫലിച്ചു കാണുന്ന നഗരത്തിനു തുല്യമായി ബോധരൂപമായ ആത്മാവില്‍ തന്‍റെ ഉള്ളിലായി പ്രതിഫലിച്ചു കാണുന്ന വിശ്വത്തെ ഉറക്കത്തില്‍ സ്വപ്നത്തിലെന്നപോലെ മായകൊണ്ട്  പുറത്തുണ്ടായതുപോലെ  കണ്ടിട്ട്  ഏതൊരാത്മാവാണോ ജ്ഞാനംനേടി ഉണരുന്നതോടെ രണ്ടില്ലാത്ത തന്നെത്തന്നെ സാക്ഷാത്ക്കരിച്ചനുഭവിക്കാന്‍ കരുത്തനാകുന്നത്  ശ്രീ ഗുരുരൂപം കൈക്കൊണ്ടു വിളങ്ങുന്ന ആ ദക്ഷിണാമൂര്‍തിക്കായിക്കൊണ്ട് എന്‍റെ നമസ്കാരം.


വിശ്വം ദര്‍പ്പണ ദൃശ്യമാന നഗരീ തുല്യം:


ഈ പ്രപഞ്ചം കണ്ണാടിയിലെ പ്രതിഫലിച്ചു കാണുന്ന നഗരം പോലെയാണ്. നഗരം ഉണ്ടന്നുതോന്നല്‍ മാത്രമേയുള്ളൂ. വാസ്തവത്തില്‍ കണ്ണാടി മാത്രമേയുള്ളൂ, നഗരം ഉള്ളതുപോലെ തോന്നുകയും. ബോധദര്‍പ്പണത്തില്‍ മായ പ്രതിഫലിച്ചു കാണിക്കുന്നതാണീ പ്രപഞ്ചം. ബോധം എന്ന സത്യം മാത്രമാണുള്ളത്, പ്രപഞ്ചം മായയുടെ ശക്തിയില്‍ വരയ്ക്കപ്പെടുന്ന ചിത്രം മാത്രം. അഖണ്ധവും അദ്വയവുമായ ബോധത്തിലാണ് പ്രപഞ്ചം, അതുകൊണ്ടാണ് ആത്മാവെന്ന ബോധത്തില്‍ നിജാന്തര്‍ഗതം എന്നു പറഞ്ഞത്. കണ്ണാടിയില്‍ പ്രതിഫലനം കാണുമ്പോള്‍ അത് ബാഹ്യമാണ് എന്നാണല്ലോ നമുക്കുതോന്നുക. അതുപോലെതന്നെ മായയുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് പ്രപഞ്ചം എന്‍റെ പുറത്താണ് എന്നനുഭവപ്പെടുന്നു. ഇതു മനസ്സിലാക്കാന്‍ ഒരു ദൃഷ്ടാന്തം, നമ്മുടെ നിദ്രയിലെ സ്വപ്നം തന്നെ നോക്കിയാല്‍ മതി. സ്വപ്നാവസ്തയില്‍ നിദ്രാശക്തിയുടെ ഒരു ഇന്ദ്രജാലപ്രകടനമാണ് സ്വപ്നപ്രപഞ്ചം. ഈ സ്വപ്നപ്രപഞ്ചം നമ്മുടെ ഉള്ളിലാണെങ്കിലും സ്വപ്നം കാണുന്നത്രയും സമയം ബാഹ്യമായി അനുഭവിക്കുന്നു. സ്വപ്നത്തില്‍ ഒരു പുലി വന്നാല്‍ നാം ഓടുകയും പേടിച്ചു അലറുകയും ചിലപ്പോള്‍ മൂത്രമൊഴിക്കുകയും കിടക്ക നനയുകയുംവരെ ചെയ്യും. അത്രത്തോളം വാസ്തവമായി നാം സ്വപ്നത്തെ അനുഭവിക്കാറുണ്ട്. എങ്കിലും ഉണര്‍ന്നു കഴിയുമ്പോള്‍ എല്ലാം ഇല്ലാത്തതെന്ന് നാമറിയുന്നു. അതുപോലെതന്നെ ജാഗ്രതവസ്തയില്‍ മയാശക്തിയുടെ ഇന്ദ്രജാലപ്രകടനമാണ് ജാഗ്രത് പ്രപഞ്ചം. ബോധത്തില്‍ തീര്‍ക്കുന്ന ഈ ജാഗ്രത് പ്രപഞ്ചവും സ്വപ്നാവസ്തയിലെ സ്വപ്നപ്രപഞ്ചവും ഒരുപോലെ അസത്യമാണ്. സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്നപ്രപഞ്ചവും സ്വപ്നപുലിയും അതിലെ അനുഭവങ്ങളും ഇല്ലാതാകുന്നതുപോലെ നാം ഇപ്പോള്‍ സത്യമെന്നുകരുതുന്ന ജാഗ്രതവസ്തയിലെ പ്രപഞ്ചവും അദ്വയമായ പരമാത്മബോധത്തിലേക്ക്‌ ഉണരുമ്പോള്‍ ഇല്ലാതാകും. സ്വപ്നാവസ്ഥയില്‍ തുടരുന്നിടത്തോളം നമുക്ക് സ്വപ്നലോകം സത്യമായിതോന്നുന്നതുപോലെ ഈ ജാഗ്രതവസ്തയില്‍ തുടരുന്നിടത്തോളം നമുക്ക് ജാഗ്രത് ലോകം സത്യമായിമാത്രമേ തോന്നൂ. ജാഗ്രത്തില്‍നിന്നും നിന്നും ആത്മബോധതിലേക്ക് ഉണരുമ്പോള്‍ മാത്രമേ ഇതിന്‍റെ നശ്വരത ബോധ്യപ്പെടുകയുള്ളൂ. 


എങ്ങനെയാണ് ഉണരുക? ഗുരു-ശാസ്ത്ര-ഉപദേശം കൊണ്ട്, പ്രപഞ്ചത്തിനു പരമകാരണമായ ബോധത്തെക്കുറിച്ച് അറിയുകയും വിചാരം ചെയ്തു ബുദ്ധിയില്‍ വ്യക്തമാക്കുകയും വേണം. എന്നിട്ടു ബുദ്ധിയെ ഭാവാദ്വൈതം പരിശീലിപ്പിച്ചു രാഗദ്വേഷ വിമുക്തമാക്കണം. അങ്ങനെ ബുദ്ധിക്കു സമനില ഉറപ്പുവരുന്നതോടെ ജാഗ്രത്പ്രപഞ്ചത്തെ അനുഭവിക്കുന്ന ഈ കൊച്ചുഞാന്‍ ഉണരുകയും ശാന്തശീതളമായ അഖണ്ഡബോധമായി വികസിക്കുകയും ചെയ്യും. ഇതാണ് അജ്ഞാനനിദ്രയില്‍ നിന്നുമുള്ള പ്രബോധം. തുടര്‍ന്ന് പ്രപഞ്ചമായി കണ്ടതെല്ലാം ഒരു സ്വപ്നത്തിലെന്ന പോലെയും എല്ലാം എന്നില്‍തന്നെ പൊന്തിമറയുന്ന നാമരൂപങ്ങളാണെന്നും അനുഭവിച്ചറിയാന്‍ കഴിയും. ഇതാണ് സത്യസ്ഥിതി.


ആരാണിതനുഭവിപ്പിക്കുന്നത്? ആത്മാവുതന്നെ സ്വയം ഇതനുഭവിപ്പിക്കുന്നു. അനുഭവിക്കുന്നു. സ്വപ്നംപോലെ തന്നെ. സ്വപ്നം കാണുന്നതും ഉണരുന്നതും ഒരേ ഞാന്‍ തന്നെയല്ലേ? ഉറങ്ങാന്‍ കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നും സ്വപ്നത്തില്‍ പ്രവേശിക്കുന്നു. പിന്നെ അവിടെ ഒരു ലോകം തീര്‍ത്തു, അതില്‍ പലപല ആള്‍ക്കാരായി ഞാന്‍ തന്നെ വേഷമിട്ടു, ഞാന്‍ തന്നെ അനുഭവിക്കുന്നു. ഉണര്‍ന്നാല്‍ എല്ലാം തീരും, പിന്നെ ഞാന്‍ മാത്രം. അതുപോലെ തന്നെ ഈ ജാഗ്രത് ലോകത്തിലും ഇപ്പോള്‍ നാം പലതായി കാണുന്നതെല്ലാം ഇതില്‍ നിന്നും ഉണരുന്നതുവരെ മാത്രം. സ്വപ്നത്തേക്കാള്‍ കുറച്ചുകൂടി കടുത്തതാണ് ജാഗ്രത്തിന്‍റെ മറ. അതുകൊണ്ട് പുറമെനിന്നുള്ള ഒരു ഗുരു വന്നു ഉണര്‍ത്തുന്നതുവരെ ഈ ലോകം ഉള്ളതുപോലെ തുടരും. ഉണര്‍ന്നു കഴിഞ്ഞാല്‍ എല്ലാം അഖണ്ഡബോധരൂപമായ ബ്രഹ്മം മാത്രം. സര്‍വ്വം ബ്രഹ്മ മയം! ഇങ്ങനെ പ്രപഞ്ച സ്വപ്നത്തില്‍ നിന്നുണര്‍ത്തുന്ന ഗുരുവിനെയാണിവിടെ ദക്ഷിണാമൂര്‍ത്തിയായി സങ്കല്പ്പിചിരിക്കുന്നത്. 

              

ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍

മായാകല്പിത ദേശകാലകലനാ വൈചിത്ര്യചിത്രീകൃതം  

മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (2)


ജഗത്തിന്‍റെ ഉത്പത്തി രഹസ്യമാണ് ഈ ശ്ലോകത്തില്‍ വിശദമാക്കുന്നത്.


വിത്തിനകത്തു മുള എന്നതുപോലെ ഈ ജഗത്ത്, ആരംഭത്തില്‍ ഒരു ഭേദവുമില്ലാത്തതായിരുന്നു. അനന്തരം മായകൊണ്ട് ഉണ്ടെന്നു തോന്നിച്ചു. ദേശം കാലം തുടങ്ങിയവയുടെ സൃഷ്ടിയിലൂടെ വിചിത്രമാംവണ്ണം ഇങ്ങനെ പ്രകടമാക്കപ്പെട്ടു. ബോധരൂപനായ ഏതൊരാത്മാവാണോ തന്‍റെ വെറും സങ്കല്‍പം കൊണ്ട് ഒരു ഇന്ദ്രജാലക്കാരനെപ്പോലെ അല്ലെങ്കില്‍ ഒരു മഹായോഗിയെപ്പോലെ ഇങ്ങനെ പെരുക്കിക്കാണിക്കുന്നത്‌ ശ്രീ ഗുരുരൂപം കൈകൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.


സര്‍വത്ര ബോധരൂപമായി വിലസുന്ന അദ്വൈതസത്യം സാക്ഷാത്ക്കരിച്ചനുഭവിക്കുക മാത്രമാണ് സംസാരസമുദ്രം കടക്കാനുള്ള ഒരേഒരുമാര്‍ഗ്ഗം എന്നാണിനി വിവരിക്കുന്നത്.


യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ

സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍

യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ    (3)


ഏതൊരു ബോധത്തിന്‍റെ സ്ഫുരണമാണോ സദാ “ഉണ്ട് ഉണ്ട്” എന്നു തോന്നിപ്പിക്കുന്നത്, ഇല്ലാത്ത നശ്വരവസ്തുക്കളെപ്പോലും ഉള്ളതായി കാണി ക്കുന്നത്, ഏതു ബോധരൂപനാണോ “അതു നീ തന്നെ” (തത്ത്വമസി) തുടങ്ങിയ മഹാവാക്യങ്ങളിലൂടെ, അഭയം പ്രാപിക്കുന്നവരെ ഉണര്‍ത്തിവിടുന്നത്, ഏതു മഹാവാക്യാര്‍ത്ഥം സാക്ഷാത്ക്കരിച്ചനുഭവി ക്കുന്നതിലൂടെ ഈ സംസാരചക്രത്തില്‍ നിന്നും മുക്തിലഭിക്കുന്നുവോ, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.


ഈ മഹാവാക്യം സാക്ഷാത്ക്കരിച്ചനുഭവിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?


സംസാരസാഗരത്തില്‍ പൊങ്ങിയും താന്നും ജന്മജന്മാന്തരങ്ങള്‍ പോക്കാതെ രക്ഷപ്പെടാം. ജനന മരണ ചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതാണ് സംസാര സാഗരത്തിലെ പൊങ്ങലും താഴലും ചുഴിയില്പെടലും ഒക്കെ. ജനനമരണങ്ങള്‍ ഇല്ലാത്ത നിത്യമായ ബോധസത്യമാണ് താനെന്ന അനുഭവമാണ് “തത്ത്വമസി” മഹാവാക്യവിചാരം കൊണ്ടുണ്ടാകുന്നത്. ആ നിത്യ ശുദ്ധ മുക്ത ബോധസ്വരൂപമാണ് തനെന്നറിഞ്ഞാല്‍ പിന്നെ ജനനമെവിടെ മരണമെവിടെ? ആ അനുഭവം ഉറപ്പുവരുന്നതോടെ താന്‍ ഇതിനുമുന്‍പും ഒരിക്കലും ജനിച്ചിട്ടില്ലെന്നനുഭവിക്കാറാകും. അതോടെ മരണഭയവും ഇനിയുള്ള ജന്മത്തേക്കുറിച്ചുള്ള ഭയവും എല്ലാം അസ്തമിക്കും. ബോധത്തില്‍ നാമ രൂപങ്ങളുടെ ആവിര്‍ഭാവ-തിരോത്ഭാവ ങ്ങളുടെ അലകള്‍ കൊണ്ടുണ്ടാകുന്ന ഭ്രമാനുഭവമാണ് ജനനമരണങ്ങള്‍.


കടലിലെ നുരയും പതയും കുമിളകളും എല്ലാം അലയൊടുങ്ങി ശാന്തമാകുമ്പോള്‍ ജലം തന്നെയാണ് എന്നു കാണുന്നതുപോലെ. സത്യാനുഭവം ഉണ്ടാകുമ്പോള്‍ ഭ്രമം പൂര്‍ണ്ണമായും മാറിക്കിട്ടും.


നാനാച്ഛിദ്ര ഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം

ജ്ഞാനം യസ്യച ചക്ഷുരാദികരണദ്വാരാബഹിഃ സ്പന്ദതേ

ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ  (4)


അനേകം ദ്വാരങ്ങളുള്ള ഒരു കുടത്തിന്‍റെ ഉള്ളില്‍ കൊളുത്തിവെച്ചി രിക്കുന്ന ഒരു ദീപത്തിന്‍റെ ഓരോ ദ്വാരങ്ങളിലൂടെയും പ്രകാശം പുറത്തേക്കു വരുന്നതുപോലെ, നമ്മുടെ ഉള്ളില്‍ പ്രകാശമാനമായി വിളങ്ങുന്ന ബോധം ദേഹത്തിനുള്ളില്‍ ഇരുന്നുകൊണ്ട് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കൂടെ പുറത്തേക്കു പോകുന്നു. ഞാന്‍ ഉണ്ട് ഉണ്ട് എന്നു സദാ അനുഭവിക്കുന്ന അതേ ബോധം തന്നെയാണ് ഇന്ദ്രിയങ്ങളെ പ്രകാശിപ്പിച്ചു അവയിലൂടെ ഈ പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്നത്. അങ്ങനെയുള്ള ബോധമായി വിളങ്ങുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 


ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിം ചശൂന്യം വിദുഃ

സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി  ഭ്രാംതാഭൃശം വാദിനഃ 

മായാശക്തിവിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ      (5)


അറിവില്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, ജഡന്മാര്‍, ഞാന്‍ ഞാന്‍ എന്നു അഭിമാനിച്ചു സദാ അഹങ്കരിച്ചു വീരവാദം പറഞ്ഞു നടക്കുന്ന അജ്ഞാനികള്‍, ദേഹത്തെയും പ്രാണനെയും ഇന്ദ്രിയമനോബുദ്ധിയെയും  ശൂന്യത്തെയും ആത്മാവായി കാണുന്നു. ഇങ്ങനെ മായകൊണ്ടുണ്ടാകുന്ന മഹാവ്യാമോഹത്തിനെ നശിപ്പിക്കാന്‍ ശക്തിയുള്ള ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.      


രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്

സന്മാത്രഃ കരണോപസംഹരണതോയോ∫ഭൂത്സുഷുപ്തഃ പുമാന്‍

പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ      (6)


മായയുടെമൂടുപടം കൊണ്ട് മറഞ്ഞുപോയതിനാല്‍ രാഹുവിനാല്‍ വിഴുങ്ങപ്പെട്ട സൂര്യനെയും ചന്ദ്രനേയും പോലെ, മറഞ്ഞിരിക്കുന്നവനും ഇന്ദ്രിയങ്ങളെല്ലാം പിന്‍വലിച്ചതു നിമിത്തം ശുദ്ധസത്തയായ ആനന്ദം മാത്രം അനുഭവിക്കുന്നവനുമായ ഏതൊരു പുരുഷനാണോ ഗാഢനിദ്രയില്‍ ആണ്ടിരിക്കുന്നത്, ആരാണോ ആ ഉറക്കത്തില്‍ നിന്നുണര്‍ന്നുവരുമ്പോള്‍ നേരത്തേ ഉണങ്ങിയ ആള്‍ ഞാന്‍തന്നെ എന്നുതിരിച്ചറിയുന്നത്‌, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായി കൊണ്ട് എന്‍റെ നമസ്കാരം.   


നേരത്തേ ഉറങ്ങിയത് ഞാന്‍ തന്നെയാണ് എന്ന തിരിച്ചറിവോടു കൂടിയാണ് ഗാഢനിദ്രയില്‍ ആണ്ടിരുന്ന പുരുഷന്‍ ഉണര്‍ന്നു വരുന്നത്‌.


ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി

വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ

സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)


ബാല്യം കൌമാരം യൌവ്വനം വാര്‍ദ്ധക്യം എന്നീ ദേഹാവസ്ഥകളും, ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകളും മാറിമാറി വരുമ്പോഴും അവയെല്ലാം അറിയുന്ന, മാറ്റമില്ലാതെ നില്‍ക്കുന്ന, അവസ്ഥാമാറ്റങ്ങളെ  യെല്ലാം തുടര്‍ച്ചയായി ഞാന്‍ അനുഭവിക്കുന്നു എന്നബോധമായി പ്രകാശിച്ചുകൊണ്ടേയിരിക്കുന്ന സ്വസ്വരൂപമായ ബോധമാണ് ശ്രീ ദക്ഷിണാമൂര്‍ത്തി. ആത്മാന്വേഷണത്തിനായി ശരണം പ്രാപിക്കുന്നവര്‍ക്ക് മംഗളകരങ്ങളായ ചിഹ്ന്നങ്ങള്‍ കൊണ്ട് സ്വസ്വരൂപത്തെ പ്രകടമാക്കി കൊടുക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 


വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ

ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ

സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)


അഖന്ധബോധസ്വരൂപമായ ബ്രഹ്മത്തിലെ വെറും മാനസിക ഭ്രമമാണ് വിശ്വം. അക്കാരണത്താല്‍ തന്നെ ജഗത്തിനെ നിശ്ചിത ബന്ധങ്ങളില്‍ കൂടി വിലിയിരുത്താനുള്ള ഒരു ശ്രമവും യുക്തിയുക്തമായിരിക്കുകയില്ല. സ്വപ്നത്തിലായാലും ജാഗ്രത്തിലായാലും മായയുടെ വലയത്തില്‍പെട്ടു ഭ്രമിക്കുന്ന മനുഷ്യന്‍ പ്രപഞ്ചത്തെ കാര്യകാരണ ബന്ധത്തോടുകൂടിയതായോ, സ്വസ്വാമി ബന്ധത്തോടുകൂടിയതായോ, പിത്രുപുത്രാദി ബന്ധത്തോടുകൂടിയതായോ ഒക്കെ വേര്‍തിരിച്ചു കാണുന്നു. ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം


ഭൂരംഭാംസ്യനലോ∫നിലോ‌∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍

ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം

നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ

തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)


ഭൂമി, ജലം, അഗ്നി, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, പുരുഷന്‍ ഇവ ദക്ഷിണാമൂര്‍ത്തിയുടെ എട്ടു ശരീരങ്ങളാകുന്നു. അവയെക്കൊണ്ടു തന്നെ യാണ് ജാഗ്രത്തിലെ ഈ പ്രപഞ്ചവും സകലചരാചരങ്ങളും നിറഞ്ഞിരിക്കുന്നത്‌. ആ അഷ്ടമൂര്‍ത്തിയായിരിക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 


സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ

തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്

സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ

സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)


ഫലശ്രുതിയാണ് ഈ ശ്ലോകം. ദക്ഷിണാമൂര്‍ത്ത്യഷ്ടകം അനുസന്ധാനം ചെയ്യുന്നവരുടെ ജീവിതം അറിവുകൊണ്ടും അനുഭവം കൊണ്ടും ധന്യമായിത്തീരും.


ഈ കാണുന്ന ജഗത്തുമുഴുവന്‍ ഒരേ ഒരു ബോധവസ്തു ആണെന്നു ഇത്രയധികം സ്പഷ്ടമായി പറഞ്ഞു തരുന്ന മറ്റേതു സ്തുതിയാണുള്ളത്? അതുകൊണ്ട് ഇതിനെ നല്ലവണ്ണം പഠിക്കുകയും അനുസന്ധാനം ചെയ്തുറപ്പിക്കുകയും വിചാരം ചെയ്തറിയുകയും ചെയ്യുന്നതുകൊണ്ട് സകല ഐശ്വര്യങ്ങളും വന്നുചേരുകയും ഭഗവദ് പ്രസാദം അനുഭവവേദ്യമാകുകയും ചെയ്യും.


ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||


*കടപ്പാട് : ഗുരുപരമ്പരകളോട്*

Friday, September 09, 2022

 വേദാന്ത പരമായി പറഞ്ഞാൽ ഇവിടെ ആരും ജനിക്കുന്നും മരിക്കുന്നും ഇല്ല. 

ത്വം തു രാജൻ മരിഷ്യെമി പശു ബുദ്ധി ഇമാം ജഹി ( ഭാഗവതം)

ജാതവാൻ ഇവ (ശങ്കരാചാര്യർ ).

എല്ലാം ഒരു മായ.

മായയുടെ പിടിയിൽ നിന്നും മനസ്സിനെ ഭഗവാനിൽ

എപ്പോഴും ഉറപ്പിക്കുക.