Monday, November 27, 2023

നാദം ബിന്ദു കല. ശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ പരീക്ഷണം വഴി തെളിയിക്കും. ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും അവയിലൂടെ ലഭിക്കുന്ന പ്രതിചലനങ്ങളും ശരീരത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തിലൂടെ രോഗനിവാരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. കാണുന്ന വസ്തുവിനും കേള്‍ക്കുന്ന ശബ്ദത്തിനും ബന്ധപ്പെടുവാനുള്ള കേന്ദ്രം മനസ്സാണെങ്കില്‍ കാഴ്ചയും കേള്‍വിയും ശബ്ദത്തേയും രൂപത്തേയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ തത്ത്വത്തെ ആസ്പദമാക്കി ഒരു പരീക്ഷണം ആരംഭിക്കേണ്ടതുണ്ട്. മേല്‍ വിവരിച്ച ചിന്താശകലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ മഹനീയ ഗ്രന്ഥങ്ങളായ ശ്രുതികളേയും സ്മൃതികളേയും വിലയിരുത്താവുന്നതാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍ ചതുര്‍വേദങ്ങളെന്ന് പ്രസിദ്ധമായ ഋക് യജുസ്, സാമം, അഥര്‍വം ഇവയാണ്. മനുസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ മഹനീയ ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളില്‍ പെടുന്നു. ചതുര്‍വേദങ്ങള്‍ പ്രപഞ്ചസൃഷ്ടിക്കുപയുക്തമായ നാലു തത്ത്വങ്ങളെയാണ് പ്രകടമാക്കുന്നത്. ദൃശ്യമണ്ഡലം മുതല്‍ അദൃശ്യമണ്ഡലം വരെയും അദൃശ്യം മുതല്‍ ദൃശ്യം വരെയും ലയിക്കുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രപഞ്ചസ്വഭാവം ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ആറ്റം, അണു, സബ്ആറ്റം, ഓര്‍ബിറ്റ് എന്നീ ശാസ്ത്രസാങ്കേതിക പദങ്ങളിലൂടെ ശാസ്ത്രകാരന്മാര്‍ നല്കുന്ന വിവക്ഷ വസ്തുവിന്റെ ഉല്പത്തിസ്ഥാനം കണ്ടെത്തുന്നതിന് ഇതേവരെ സഹായകമായിട്ടില്ല. വസ്തുതലങ്ങളില്‍ കുടുങ്ങികിടക്കുന്ന ശാസ്ത്രത്തിന് സൂക്ഷ്മതലങ്ങളിലേക്കു കടക്കാന്‍ ഇനിയും വെളിച്ചം ആവശ്യമായിട്ടാണിരിക്കുന്നത്. ഭാരതീയ ഗ്രന്ഥങ്ങള്‍ അതിനാവശ്യമായ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്ന് ‘ഐന്‍സ്റ്റീനെ’പ്പോലുള്ള ഭൗതീക ശാസ്ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയൊന്നും ദഹിക്കാത്ത രാഷ്ട്രീയ വിചക്ഷണന്മാരുടെ ഗതികേട് ശാസ്ത്രചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. ദേവന്മാര്‍ സ്തുതിക്കുന്ന സൂക്ഷ്മ ശബ്ദചലനങ്ങളെ ‘ഋക്’ എന്ന് വിവക്ഷിച്ചിട്ടുണ്ട്. ‘ഋച് സ്തുതൗ എന്ന പ്രമാണം മേല്പറഞ്ഞ ന്യായം സ്ഥാപിക്കുന്നു. അവ്യക്തമെന്നും അചഞ്ചലമെന്നും അപ്രമേയമെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിശ്ചലാവസ്ഥയിലെ ആദ്യചലനത്തെ സൃഷ്ടിയുടെ തുടക്കമായി കണക്കാക്കാം. ബിന്ദു എന്ന് (നാദം, ബിന്ദു, കല) ഭാരതീയദര്‍ശനം വിവക്ഷിക്കുന്നത് സൃഷ്ടിയുടെ ഈ ആദ്യചലനത്തെയാണ്. ഇങ്ങനെയുള്ള ഋക്കുകളുടെ അഥവാ ചലനങ്ങളുടെ സംഘാതമാണ് സൃഷ്ടിയ്ക്കു കാരണമാകുന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന ആറ്റമോ ഋക്കോ സൃഷ്ടിക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ അവയെ കൂട്ടിയിണക്കുകയെന്ന രണ്ടാമതൊരു തത്ത്വം ആവശ്യമായി വരുന്നു. കൂട്ടിയിണക്കുന്ന ഈ തത്ത്വത്തെയാണ് യജുര്‍വേദമെന്നറിയുന്നത്. വേദം പുസ്തകമെന്നോ താളിയോലയെന്നോ ധരിച്ചാല്‍ ഈ അറിവ് അജ്ഞാതമാകും. വേദത്തിന് അറിവ് എന്ന യഥാര്‍ത്ഥ അര്‍ത്ഥം മാത്രമാണുള്ളത്. മൂന്നാമത്തെ തത്ത്വം പദാര്‍ത്ഥ സൃഷ്ടിക്കാവശ്യമായ പരിമിതിയാണ്. പരിമിതി സൃഷ്ടിക്കുന്ന മൂന്നാം തത്ത്വത്തെയാണ് ‘സാമ വേദ’മെന്നറിയേണ്ടത്. സ്വാമി സത്യാനന്ദ സരസ്വതി

No comments: